നോവലിലെ-നാടോടിക്കഥയിലെ നീലി ഉപേക്ഷിക്കപ്പെടുന്നത്  പഞ്ചവന്‍ കാട്ടിലാണ്, കള്ളിച്ചെടിയുടെ ചുവട്ടിലാണ്. കള്ളിച്ചെടി ഊഷരമായ ഭൂമിയുടെ കൃഷി സമൃദ്ധമല്ലാത്ത പുറംഭൂമിയില്‍ വളരുന്ന ചെടിയാണ്.  കാര്‍ഷിക നാഗരികതയിലെ നീലിയെ ഉപേക്ഷിക്കാന്‍ ഇതിലും കൃത്യമായ പുറംപോക്ക് സാധ്യമല്ല. ഇനിയത് കള്ളിപ്പാലയാണെന്ന് വന്നാലും മറ്റ് മരങ്ങളുടെ പൊതുജീവിതമല്ല പാലയുടേത്. ആത്മാവുകള്‍ കുടിപാര്‍ക്കുന്ന അപര വൃക്ഷമാണത്.  നീലക്കുയിലിലെ നീലിയുടെ മരണസ്ഥലം ആധുനികതയുടെ പുറംപോക്കായ റയില്‍വേ ട്രാക്കാണ്. റയില്‍ വേ ട്രാക്കില്‍ കിടന്നുറങ്ങവേ വണ്ടികയറി മരിച്ച തൊഴിലാളികളില്‍ നീലിയുടെ അനവധി ആവര്‍ത്തനങ്ങളുണ്ടായിരിക്കും.  

 

 

അടിച്ചു തളിക്കാരി ജാനുവും കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയും ഗുണ്ട ഷാജിയും പോലെ മലയാള സിനിമയില്‍ ആവര്‍ത്തിച്ചു കടന്നുവരുന്ന കഥാപാത്രമാണ് നീലി. ദളിത് ആദിവാസി സ്ത്രീ കഥാപാത്രങ്ങള്‍ മിക്കപ്പോഴും നീലിയാണ്. നീലക്കുയില്‍ തന്നെയാണ് ആദ്യ ഉദാഹരണം. തെക്കന്‍ പാട്ടുകളിലെ കള്ളിയങ്കാട്ട് നീലിയുണ്ട്, പാറുകുട്ടിക്ക് അവളുടെ അമ്മ കാര്‍ത്ത്യായനി അമ്മ പറഞ്ഞുകൊടുക്കുന്ന കഥയില്‍. പഞ്ചവങ്കാട്ട് നീലിയുടെ ഉപാഖ്യാനം വളരെ ഹ്രസ്വമായി സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയിലും കാണാം. നാടോടിക്കഥകളില്‍ നിന്ന് വെള്ളിത്തിരയിലേയ്‌ക്കെത്തുമ്പോള്‍ നീലിയ്ക്ക് എന്താണ് സംഭവിക്കുന്നത്?  

നീലി എന്ന രൂപകം

സി വി രാമന്‍ പിള്ളയുടെം മാര്‍ത്താണ്ഡവര്‍മ്മയിലെ ഉപകഥയില്‍ ചതിക്കപ്പെട്ട പെണ്ണാണ് നീലി. നാഗര്‍കോവിലിനടുത്ത് ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയുടെ സമീപം പറ്റിക്കൂടുന്ന ഒരു പട്ടര്‍ അവളെ സംബന്ധം ചെയ്യുന്നു. അവള്‍ക്ക് ഗര്‍ഭമുണ്ടാകുന്നു. ഗര്‍ഭം ആറാം മാസമായപ്പോള്‍ പ്രസവത്തിന് പത്മനാഭപുരത്ത് പോയി താമസിക്കണമെന്ന് പട്ടര്‍ പറയുന്നു. 'അയാളെ വിശ്വസിച്ച് എല്ലാം അരിച്ചുപെറുക്കി, വിറ്റുകിട്ടിയ മുതലും കൈയിലുണ്ടായിരുന്നതും കൊണ്ട് ഏഴാം മാസത്തില്‍ ഭാണ്ഡവും ചുമന്നു പട്ടരുടെ പിറകെ അവള്‍ തിരിച്ച് വെള്ളിയാഴ്ച നട്ടുച്ച സമയത്തു പഞ്ചവങ്കാട്ടിലെത്തി. ആ കാട്ടിലെ കല്ലുകളില്‍ കേറിനടന്നപ്പോള്‍ അവള്‍ക്കു ക്ഷീണംകൊണ്ട് ഒരടി മുന്‍പോട്ടു വയ്ക്കാന്‍ പാടില്ലാതെ ആയി. വഴിയരുകില്‍ നിന്നിരുന്ന ഒരു കള്ളിച്ചെടിയുടെ ചുവട്ടില്‍ അവളെ ഇരിക്കാന്‍ പറഞ്ഞിട്ട് പട്ടരും അടുത്തിരുന്നു.' അവിടെവച്ച് മയങ്ങിപ്പോയ അവളെ പട്ടര്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പണ്ടവും പണവും ആഭരണങ്ങളും എടുത്തുകൊണ്ടുപോകുന്നു. പിട്ടനീട് യക്ഷിയായി വന്ന് അവള്‍ പ്രതികാരം  ചെയ്യുന്നുണ്ട്.  ഐതിഹ്യങ്ങളും വിശ്വാസങ്ങളും യക്ഷിക്കഥകളും സ്ഥലപുരാണങ്ങളും വീരേതിഹാസങ്ങളും യഥേഷ്ഠം വന്നുനിറയുന്ന സിവിയുടെ ചരിത്രാഖ്യാനത്തില്‍നിന്നുമെല്ലാം പുറത്തേയ്ക്ക് തെറിച്ചുനില്‍ക്കുന്ന അപര ശരീരമാണ് നീലിയുടേത്. യാദൃഛികമായോ അല്ലാതെയോ കീഴാള സ്ത്രീ പ്രതിനിധാനങ്ങളുടെ സന്ദര്‍ഭങ്ങളില്‍ നീലി ഒരു രൂപകമായി ആവര്‍ത്തിക്കുന്നു. അതാകട്ടെ എത്ര ഒതുക്കികെട്ടിയാലും ആഖ്യാനങ്ങളെ അതിലംഘിക്കുന്ന ഉടല്‍ സാന്നിധ്യങ്ങളാണ്.

'നീലി'ക്കുയില്‍

മലയാള സിനിമ സ്വത്വനിര്‍മ്മാണം ആരംഭിക്കുന്നത് 1954ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലൂടെയാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. 'അന്നോളം പുറത്തുവന്ന ഏതൊരു ചിത്രത്തേക്കാളും കേരളീയത പുലര്‍ത്തിയിരുന്നു നീലക്കുയില്‍' എന്നും 'ചിത്രത്തിന്റെ ഓരോ അടിയിലും ത്രസിച്ചുനില്‍ക്കുന്ന കേരളീയ ഗ്രാമാന്തരീക്ഷമുണ്ടായിരുന്നു, നിത്യജീവിതത്തില്‍ നിന്നു പറിച്ചെടുത്ത കഥാപാത്രങ്ങള്‍, അവരുടെ കൊച്ചു നൊമ്പരങ്ങളും ആഹ്ലാദങ്ങളും (വിജയകൃഷ്ണന്‍)' ആയിരുന്നു നീലക്കുയിലിനെ ലക്ഷണമൊത്ത മലയാള സിനിമയാക്കി മാറ്റിയതെന്നും നിരീക്ഷിക്കപ്പെട്ടു. 

'എന്താണ് കേരളീയത?' 'ആരുടെ നിത്യ ജീവിതത്തെയാണ് സിനിമ ആഖ്യാനം ചെയ്തത്?' സവര്‍ണ്ണനായ ശ്രീധരന്‍ മാസ്റ്ററും ദലിത് യുവതിയായ നീലിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഒരു ധാര. ഗര്‍ഭിണിയാകുന്ന നീലിയെ മാസ്റ്റര്‍ കയ്യൊഴിയുകയും സ്വജാതിയില്‍ പെട്ട നളിനിയെ വിവാഹംകഴിക്കുകയും ചെയ്യുന്നു. അനാഥയാകുന്ന നീലി റെയില്‍വെ ട്രാക്കിനടുത്ത് കുഞ്ഞിനെ പ്രസവിക്കുന്നു. പ്രസവത്തോടെ അവള്‍ മരിക്കുന്നു. പോസ്റ്റുമാന്‍ ശങ്കരന്‍ നായരാണ് ആ കുഞ്ഞിനെ എടുത്തുവളര്‍ത്തുന്നത്. നളിനി- ശ്രീധരന്‍ മാസ്റ്റര്‍ ദമ്പതികള്‍ക്ക് മക്കളില്ല. ചലച്ചിത്രത്തിനൊടുവില്‍ മാസ്റ്റര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് സ്വന്തം മകനെ സ്വീകരിക്കുന്നിടത്താണ് ചിത്രത്തിന്റെ ശുഭാന്ത്യം. 

'സാധാരണ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ, സാധാരണ മനുഷ്യാവസ്ഥകളിലൂടെയാണ് ഉറൂബിന്റെ കഥ സഞ്ചരിക്കുന്നത്'  (വിജയകൃഷ്ണന്‍). പ്രധാനമായും റിയലിസ്റ്റ് സങ്കേതത്തിലൂന്നിക്കൊണ്ടുള്ളതായിരുന്നു ചലച്ചിത്രത്തിന്റെ ആഖ്യാനരീതി. ഇത്തരമൊരാഖ്യാനം സ്ത്രീ/ദലിത് ശരീരങ്ങളുടെ പ്രതിനിധാനങ്ങളെ എങ്ങനെ പ്രതിപാദിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ജാതി വ്യവസ്ഥയുടെ ഇരയാണ് നീലി. നീലിയുടെ ഗര്‍ഭവും അനാഥത്വവും ദാരുണമായ മരണവും ആഖ്യാനത്തിന്റെ അതിരുകളില്‍ അമര്‍ന്നുപോകുമ്പോള്‍, ശ്രീധരന്‍ മാസ്റ്ററുടെ സന്താന ഭാഗ്യമില്ലായ്മയിലും മാനസാന്തരത്തിലും കുട്ടിയെ ഏറ്റെടുക്കല്‍ എന്ന നന്‍മയിലും ആഖ്യാനം അഭിരമിക്കുന്നു. അത്തരം മഹത്വവല്‍ക്കരണങ്ങളിലൂടെ കീഴാള സ്ത്രീയുടെ ശാരീരിക, മാനസിക ലോകങ്ങള്‍ ആഖ്യാനഘടനയുടെ പുറത്തുനില്‍ക്കുന്നു. ഇവിടെ 'കേരളീയത'യും 'നിത്യ ജീവിതത്തില്‍നിന്നും പറിച്ചെടുത്ത അനുഭവ'ങ്ങളും ഏതു ജാതി-വര്‍ഗ്ഗ വിഭാഗത്തിന്റെ സാമൂഹ്യ മാനസിക ലോകത്തെയാണ് ആഖ്യാനം ചെയ്യുന്നതെന്ന് വ്യക്തമാകുന്നു. പറഞ്ഞ് ഒഴിവാക്കേണ്ട ഒരു ഉപകഥക്കപ്പുറം ഇവരുടെ ജീവിതത്തിനും പ്രണയത്തിനും ഗര്‍ഭത്തിനും പ്രസവത്തിനും ദാരുണമായ മരണത്തിനും ആഖ്യാനങ്ങളില്‍ ഇടം കിട്ടുന്നില്ല.

അതായത് കേരളീയ ജീവിത്തിന്റെ നേര്‍ക്കാഴ്ചകളായി ആഘോഷിക്കപ്പെട്ടത് പ്രബല ജാതി സമൂഹങ്ങളുടെ ആചാര-അനുഷ്ഠാനങ്ങളും സദാചാര മൂല്യങ്ങളും കുടുംബ-പ്രണയ സന്ദര്‍ഭങ്ങളുമായിരുന്നു. കേരളീയത, സാധാരണ മനുഷ്യാവസ്ഥ, ജീവിതഗന്ധിയായ സിനിമ, സാമൂഹ്യ പ്രതിബദ്ധത, സോഷ്യല്‍ റിയലിസം, പൊതുചരിത്രം, ദേശീയത തുടങ്ങിയ നെടുങ്കന്‍ പദാവലികള്‍ നമ്മുടെ ചരിത്രബോധത്തെ തിരിഞ്ഞുകുത്തുന്നത് ഈ ഘട്ടത്തിലാണ്.

നോവലിലെ-നാടോടിക്കഥയിലെ നീലി ഉപേക്ഷിക്കപ്പെടുന്നത്  പഞ്ചവന്‍ കാട്ടിലാണ്, കള്ളിച്ചെടിയുടെ ചുവട്ടിലാണ്. കള്ളിച്ചെടി ഊഷരമായ ഭൂമിയുടെ കൃഷി സമൃദ്ധമല്ലാത്ത പുറംഭൂമിയില്‍ വളരുന്ന ചെടിയാണ്.  കാര്‍ഷിക നാഗരികതയിലെ നീലിയെ ഉപേക്ഷിക്കാന്‍ ഇതിലും കൃത്യമായ പുറംപോക്ക് സാധ്യമല്ല. ഇനിയത് കള്ളിപ്പാലയാണെന്ന് വന്നാലും മറ്റ് മരങ്ങളുടെ പൊതുജീവിതമല്ല പാലയുടേത്. ആത്മാവുകള്‍ കുടിപാര്‍ക്കുന്ന അപര വൃക്ഷമാണത്.  നീലക്കുയിലിലെ നീലിയുടെ മരണസ്ഥലം ആധുനികതയുടെ പുറംപോക്കായ റയില്‍വേ ട്രാക്കാണ്. റയില്‍ വേ ട്രാക്കില്‍ കിടന്നുറങ്ങവേ വണ്ടികയറി മരിച്ച തൊഴിലാളികളില്‍ നീലിയുടെ അനവധി ആവര്‍ത്തനങ്ങളുണ്ടായിരിക്കും.  

 

 

പിന്നെയും ബാക്കിയാവുന്ന നീലി

ഹരിഹരന്‍ സംവിധാനം ചെയ്ത കേരള വര്‍മ്മ പഴശ്ശി രാജ  (2009) സ്വാതന്ത്ര്യപൂര്‍വ്വ ദേശീയവാദ ചരിത്രത്തിന്റെ ആവിഷ്‌കാരമാണ്. ഒരു പ്രതിവായനയിലൂടെ പഴശ്ശിരാജയുടെ വീരചരിതം നീലിയുടെ തിരോധാനത്തിന്റെ ആഖ്യാനമായിമാറുന്നു. നീലി ഒരു സൂചകമാണ്. മലയാള സിനിമയുടെ ചരിത്രത്തെ മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തെയും നീലി പ്രതിസന്ധിയിലാക്കുന്നതാണ് പഴശ്ശിരാജയിലെ നീലിയുടെ തിരോധാനം.

അമ്പതുകളുടെ ആരംഭത്തില്‍ നീലക്കുയിലില്‍ മലയാളസിനിമ നീലിയെ കണ്ടുമുട്ടുന്നു. ശ്രീധരന്‍ മാസ്റ്ററുടെ കാമുകിയായി. ചലച്ചിത്രം പെരുവഴിയില്‍ ഉപേക്ഷിച്ച ജീവിതമായിരുന്നു നീലിയുടേത്.  ഇരുപത്തിയൊന്നൂം നൂറ്റാണ്ടിന്റെ ആദ്യ ദശകം അവസാനിക്കുന്നത് മറ്റൊരു നീലിയെ പാതിയില്‍ ഉപേക്ഷിച്ചുകൊണ്ടാണ്.

കേരളവര്‍മ്മ പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവിന്റെ കാമുകിയാണ് നീലി. പഴശ്ശിരാജയിലെ നീലി സമാനതകളില്ലാത്തവിധം കരുത്തുറ്റ പോരാളിയാണ്. കമ്പനി പട്ടാളം ചന്തുവിനെ ചതിച്ചുവീഴ്ത്തി തൂക്കിലേറ്റിയപ്പോള്‍ അടിമുടി ഉലഞ്ഞുപോയെങ്കിലും നീലിയുടെ 'സമരം' കമ്പനി സൈന്യത്തെ ശിഥിലമാക്കുന്നു. പഴശ്ശിയുടെ അവസാനത്തെ താവളം മാറ്റത്തിന്റെ ഘട്ടത്തില്‍ മലമ്പനി ബാധിച്ചവരെയും യുദ്ധത്തില്‍ പരിക്കേറ്റവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയെന്ന ശ്രമകരമായ ദൗത്യമാണ് നീലി ഏറ്റെടുക്കുന്നത്. പക്ഷെ, അവിടേക്ക് കമ്പനി പടയുടെ അപ്രതീക്ഷിത ആക്രമണമുണ്ടാകുന്നു. നീലിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു പിന്നീട്. സമരമുഖത്തുവെച്ച് പോരാട്ടത്തിന്റെ  മധ്യത്തില്‍വെച്ച് നീലിയെ കാണാതാകുന്നു. എത്രയാവര്‍ത്തി സിനിമ കണ്ടിട്ടും നീലിക്ക് എന്തു സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷെ, തലയ്ക്കല്‍ ചന്തുവിനേക്കാള്‍, പഴശ്ശിയുടെ പോരാട്ടങ്ങളെക്കാള്‍, കൈതേരി മാക്കത്തേക്കാള്‍ മിഴിവുറ്റ ജീവിതമായിരുന്നു നീലിയുടേത്. എന്നിട്ടും നീലിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ചലച്ചിത്രം പറയാത്തതെന്ത്?  

സിനിമ പുറത്തുവന്ന് ഏറെ നാളുകള്‍ക്ക് ശേഷം സംവിധായകന്റെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു: നീലിയായി അഭിനയിച്ച പത്മ പ്രിയ എന്ന നടി, സിനിമയുടെ ഷൂട്ടിംഗ് ഒരുപാട് നീണ്ടുപോയ ഘട്ടത്തില്‍ പ്രതിഫലം കൂടുതല്‍ ചോദിക്കുകയുണ്ടായി. അതുകൊണ്ട് ആ കഥാപാത്രത്തെ അവിടെവച്ച് കട്ട് ചെയ്തു എന്ന്. പ്രതിഫലം കൂടുതല്‍ ചോദിച്ചത് കൈതേരി മാക്കമോ തലയ്ക്കല്‍ ചന്തുവോ ആയിരുന്നെങ്കിലോ?

കല്‍പ്പിതാഖ്യാനങ്ങളിലും ചരിത്രഗാഥകളിലും 'നീലി'യുടെ സ്വത്വം ഒരേവിധം ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാവാം? ചരിത്രത്തിന്റെ മുഖ്യധാരാപ്രവാഹത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രഭാവമുണ്ടാക്കാനുള്ള നേരിയ സാധ്യതപോലും അവരുടെ രക്തസ്നാതനമായ അനുഭവങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ പറഞ്ഞ് ഒഴിവാക്കേണ്ട ഒരു ഉപകഥക്കപ്പുറം 'നീലി'മാരുടെ ജീവിതത്തിനും മരണത്തിനും ജീവിതാനുഭവങ്ങള്‍ക്കും ആഖ്യാനങ്ങളില്‍ ഇടം ലഭിക്കാതെപോകുന്നു.  തലയ്ക്കല്‍ ചന്തുവിന്റെ വീരമൃത്യുവും നീലിയുടെ രക്തഭരിതമായ ജീവിതസമരവും സിനിമയില്‍ നിന്നും മുറിച്ചുനീക്കപ്പെടുന്നു. അങ്ങനെ നീലിയുടെ ചരിത്രം മരണത്തിനും ജീവിതത്തിനിടയില്‍ അനിശ്ചിതമാക്കപ്പെടുന്നു.

രാജ്യവും അധികാരവും കാംക്ഷിക്കാതെ മരണമുഖത്തേക്ക് പടനിയച്ച നീലിയുടെ സമരവുമായി താരതമ്യം ചെയ്യുമ്പോള്‍ പഴശിയുടെ 'വീരസാഹസിക കഥ' ദുര്‍ബലമായ ആഖ്യാനമായിത്തീരും. പഴശ്ശിയുടെ മരണശേഷവും ബ്രിട്ടീഷുകാരോട് പോരാടിയതാണ് കുറിച്യരുടെ സമര ചരിത്രം എന്നിരിക്കെ പ്രത്യേകിച്ചും. എന്നിട്ടും നീലി ചരിത്രാഖ്യാനത്തിലെ ദുരന്ത പാത്രമായി മാറുന്നു. കേരള വര്‍മ്മ പഴശ്ശിരാജ എന്ന വീര പുരുഷനെ ആടയാഭരണങ്ങളണിയിച്ച് ഇന്ത്യന്‍ ദേശീയതയിലേയ്ക്ക് മുതല്‍ക്കൂട്ടുന്ന യത്നത്തിനിടയില്‍ സുപ്രധാനമായ ചരിത്ര സന്ദര്‍ഭങ്ങളെ ചലച്ചിത്രകാരന്‍ നിര്‍ദ്ദാക്ഷണ്യം ഉപേക്ഷിച്ചു.