Asianet News MalayalamAsianet News Malayalam

ക്ഷമയുടെ നെല്ലിപ്പലകയെന്ന് കേട്ടിട്ടില്ലേ, എന്നാല്‍ കണ്ടോളൂ, ഇതാണ് ആ നെല്ലിപ്പലക!

നീളത്തിലുള്ള നെല്ലിപ്പലക വട്ടത്തില്‍ ഘടിപ്പിച്ച് വളയമാക്കുന്ന പ്രവൃത്തിക്ക് സാധാരണ രണ്ട് മൂന്ന് ദിവസമെടുക്കും. രണ്ടോ മൂന്നോ പണിക്കാര്‍ വേണ്ടിവരും. അതോടൊപ്പം നല്ല ക്ഷമയും വേണം. നെല്ലിപ്പലക പണിയുമ്പോള്‍ ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വരാറുണ്ടോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു രാമചന്ദ്രന്‍ ആചാരിയുടെ മറുപടി.  

Nelli palaka made up of gooseberry tree wood kept at wells in Kerala for water purification
Author
Irinjalakuda, First Published May 21, 2022, 5:51 PM IST

ക്ഷമയുടെ നെല്ലിപ്പലക എന്ന് കേട്ടിട്ടില്ലേ? ക്ഷമയുടെ അങ്ങേയറ്റം എത്തുന്നതിനെ കുറിച്ചാണ് ആ പ്രയോഗം. ക്ഷമയുടെ കാര്യം അവിടെ നില്‍ക്കട്ടെ, നമുക്ക് നെല്ലിപ്പലകയെക്കുറിച്ച് സംസാരിക്കാം. 

എന്താണീ നെല്ലിപ്പലക? 

നെല്ലിപ്പലക എന്നു പറയുന്നത്, നെല്ലി മരത്തിന്റെ തടി കൊണ്ടു നിര്‍മിക്കുന്ന ഒരു വളയമാണ്. ഈ റിംഗ് കിണറിലാണ് സ്ഥാപിക്കുന്നത്. കിണര്‍ നിര്‍മിക്കുമ്പോള്‍ അതിന്റെ ഏറ്റവുമടിയില്‍ കിണറിന്റെ അതേ ചുറ്റളവിലായിരിക്കും നെല്ലിത്തടി കൊണ്ടുള്ള ഈ വളയം പിടിപ്പിക്കുക. നെല്ലിക്കുറ്റികള്‍ ഉപയോഗിച്ചാണ് ഇത് കിണറ്റിന്റെ അടിത്തട്ടില്‍ ഉറപ്പിക്കുന്നത്. പിന്നീട്, ഇഷ്ടികയോ വെട്ടുകല്ലോ ഓടോ കൊണ്ട് അത് കെട്ടും. 

 

Nelli palaka made up of gooseberry tree wood kept at wells in Kerala for water purification

കിണറ്റില്‍ സ്ഥാപിച്ച നെല്ലിപ്പടി ഇഷ്ടിക കൊണ്ട് കെട്ടുന്നു
 

എന്തിനാണ് കിണറ്റില്‍ നെല്ലിപ്പലക ഇടുന്നത്? 

പ്രധാനമായും രണ്ട് മൂന്ന് ഗുണങ്ങളാണ് ഇതിനുള്ളത്. ഒന്ന്, കിണറിന്റെ അടിത്തട്ടിലെ പടവുകള്‍ ഇടിയാതിരിക്കും. രണ്ട്, പ്രകൃതിദത്തമായ രീതിയില്‍ ജലത്തെ ഇത് ശുദ്ധീകരിക്കുന്നു. മൂന്ന്, ജലത്തിന് പ്രകൃതിദത്തമായ രുചി ലഭിക്കുന്നു. 

നെല്ലിപ്പലകയും ക്ഷമയും തമ്മിലെന്താണ് ബന്ധം? 

അതൊരു പ്രയോഗം മാത്രമാണ്. കിണറ്റിന്റെ അങ്ങേയറ്റത്താണ് ഈ നെല്ലിപ്പലക കാണുക. അതേ പോലെ, ക്ഷമയുടെ അങ്ങേയറ്റത്തെക്കുറിക്കാനാണ് ഈ പ്രയോഗം. ഇനി ക്ഷമിക്കാന്‍ ഒന്നുമില്ലെന്ന അവസ്ഥ. ക്ഷമയുടെ അങ്ങേയറ്റം. 

ഇനി നമുക്ക് നെല്ലിപ്പലക കാണാം: ഇതാണ് നമ്മളീ പറയുന്ന നെല്ലിപ്പലക. 

 

Nelli palaka made up of gooseberry tree wood kept at wells in Kerala for water purification

ബാലന്‍ ആചാരി താന്‍ നിര്‍മിച്ച നെല്ലിപ്പലകയ്‌ക്കൊപ്പം
 

ഇതിനടുത്ത് നില്‍ക്കുന്നത് തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാറളം ഗ്രാമത്തിലുള്ള ബാലന്‍ ആചാരിയാണ്. ഇദ്ദേഹത്തിന് ഇപ്പോള്‍ 92 വയസ്സുണ്ട്. തലമുറകളായി നെല്ലിപ്പലക നിര്‍മിക്കുന്ന കുടുംബത്തിലെ അംഗമാണ് അദ്ദേഹം. നെല്ലിപ്പലക നിര്‍മിക്കുന്നതില്‍ പേരുകേട്ട ആളായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് രാമന്‍ ആചാരി. ബാലന്‍ ആചാരിയുടെ മകന്‍ രാമചന്ദ്രന്‍ ആചാരിയാണ് ഇപ്പോള്‍ നെല്ലിപ്പലക നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.59 വയസ്സുള്ള താന്‍ 12 വയസ്സു മുതല്‍ നെല്ലിപ്പലക നിര്‍മിക്കാന്‍ തുടങ്ങിയതായി അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. രാമചന്ദ്രന്‍ ആചാരിയുടെ മകന്‍ അരുണ്‍ ആചാരിയും അച്ഛന്റെ അതേ വഴിയിലാണ്. 

പണ്ടു കാലങ്ങളില്‍ മിക്കവാറും എല്ലാ കിണറുകള്‍ക്കും നെല്ലിപ്പലക ഇടുമായിരുന്നു. പിന്നെപ്പിന്നെ, പടവുകള്‍ ഇടിയുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമായി ഇതിന്റെ ഉപയോഗം. എങ്കിലും, ഇപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങളിലും നെല്ലിപ്പലക ഉപയോഗിക്കുന്നുണ്ട്. എങ്കിലും നെല്ലിപ്പലക നിര്‍മിക്കുന്നവര്‍ വളരെ കുറവാണ്. അതില്‍ ഏറ്റവും സജീവമായി നില്‍ക്കുന്ന കുടുംബങ്ങളിലൊന്നാണ് ബാലന്‍ ആചാരിയുടേത്. 

എവിടെനിന്നാണിത്രയും നെല്ലി മരങ്ങള്‍?

നെല്ലിമരം ഇപ്പോഴും ലഭ്യമാണെന്ന് രാമചന്ദ്രന്‍ ആചാരി പറയുന്നു. പാലക്കാട് നിന്നാണ് തങ്ങള്‍ സാധാരണയായി നെല്ലിമരം വാങ്ങുന്നത്. അവിടെ നെല്ലിത്തടി വില്‍ക്കുന്ന ആളുകളുണ്ട് അവിടെ. തടി വാങ്ങി കൊണ്ടുവന്ന്, നാട്ടില്‍വെച്ച് അവയെ ആവശ്യത്തിന് മുറിച്ചെടുക്കും. അതിനു ശേഷം, അവയെ വട്ടത്തില്‍ ഘടിപ്പിക്കും. പിന്നീടാണ് അവ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. നെല്ലിപ്പലക കിണറ്റില്‍ ഘടിപ്പിക്കുന്നതിന് ഇവര്‍ക്ക് സ്വന്തം ജോലിക്കാരുണ്ട്. 

 

Nelli palaka made up of gooseberry tree wood kept at wells in Kerala for water purification

നെല്ലിമരത്തിന്റെ തടി മുറിച്ച് പലകയാക്കി മാറ്റുന്നു
 

നെല്ലിപ്പലക ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? 

പലക വെയ്ക്കുന്ന കിണറിന്റെ ചുറ്റളവിന്റെ അതേ അളവായിരിക്കണം നെല്ലിപ്പലക. അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇതിനായി, തങ്ങള്‍ ആദ്യം ആവശ്യക്കാരുടെ കിണര്‍ പോയിക്കാണുമെന്ന് കുടുംബത്തിലെ ഇളമുറക്കാരനായ അരുണ്‍ ആചാരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പടവുകള്‍ ഇടിയുന്ന പ്രശ്‌നമുണ്ടെങ്കില്‍, അതിന്റെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കും. അതിനു ശേഷം, കിണറിന്റെ അടിഭാഗത്തിന്റെ വ്യാസം കണക്കാക്കും. ഇഷ്ടിക, വെട്ടുകല്ല്, ഓട് തുടങ്ങിയവ ഉപയോഗിച്ചാണ് നെല്ലിപ്പലക കെട്ടുക. ഇതില്‍ എന്താണ് ആവശ്യക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചറിഞ്ഞ ശേഷം, അതിനനുസരിച്ചാണ് നെല്ലിപ്പലക ഉണ്ടാക്കുന്നത്. അങ്ങനെ കൃത്യമായ അളവില്‍ നെല്ലിപ്പലക പണിതുകഴിഞ്ഞാല്‍ അവ ആവശ്യക്കാര്‍ക്ക് എത്തിക്കും. 

 

Nelli palaka made up of gooseberry tree wood kept at wells in Kerala for water purification

നെല്ലിപ്പടി കിണറ്റില്‍ പിടിപ്പിക്കുന്നു
 

നീളത്തിലുള്ള നെല്ലിപ്പലക വട്ടത്തില്‍ ഘടിപ്പിച്ച് വളയമാക്കുന്ന പ്രവൃത്തിക്ക് സാധാരണ രണ്ട് മൂന്ന് ദിവസമെടുക്കും. രണ്ടോ മൂന്നോ പണിക്കാര്‍ വേണ്ടിവരും. അതോടൊപ്പം നല്ല ക്ഷമയും വേണം. നെല്ലിപ്പലക പണിയുമ്പോള്‍ ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വരാറുണ്ടോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു രാമചന്ദ്രന്‍ ആചാരിയുടെ മറുപടി.  

 

Nelli palaka made up of gooseberry tree wood kept at wells in Kerala for water purification

നെല്ലിപ്പടി വെച്ച കിണറുകളിലൊന്ന്
 

കേരളത്തിനു പുറത്തുനിന്നും ഓര്‍ഡറുകള്‍

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നെല്ലിപ്പലകയ്ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതായി രാമചന്ദ്രന്‍ ആചാരി പറയുന്നു. ഏറ്റവുമൊടുവില്‍ നെല്ലിപ്പലക പണിതു കൊടുത്തത് തിരുവനന്തപുരത്തേക്കാണ്. അതിനു മുമ്പ്  മാഹിയിലെ ഒരു വീട്ടിലേക്കായിരുന്നു പലക ഉണ്ടാക്കിയത്. കേരളത്തിനു പുറത്തുനിന്നു പോലും തങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

അഞ്ചടി ഉള്ള ഒരു റിംഗിന് ഏഴായിരത്തഞ്ഞൂറ് രൂപയാണ് വില. ഇവ ഘടിപ്പിക്കാനും എത്തിക്കാനുമുള്ള തുകയ്ക്ക് പുറമേയാണിത്. ഓരോ കിണറിന്റെയും ചുറ്റളവിന് അനുസരിച്ച് ഇവയുടെ വലിപ്പവും വിലയും വ്യത്യാസപ്പെടുമെന്ന് രാമചന്ദ്രന്‍ ആചാരി പറഞ്ഞു. 

തൃശൂര്‍ ഇരിങ്ങലക്കുടയക്കടുത്ത് കാറളം വടക്കൂട്ട് വീട്ടില്‍ താമസിക്കുന്ന ബാലന്‍ ആചാരിയുടെ കുടുംബം ഇപ്പോള്‍ പുതിയ നെല്ലിപ്പലകകളുടെ പണിയിലാണ്. ഫോണ്‍: 9744088709, 9747464698.

 

Follow Us:
Download App:
  • android
  • ios