കോണ്‍ക്രീറ്റും പ്ലാസ്റ്റിക്കും വികസനത്തിന്റെ അടയാളങ്ങള്‍ ആകുന്ന കാലത്തെയാണ് ഭയക്കേണ്ടത്. സുഖം എന്ന വികാരത്തെ മനുഷ്യന്റേതു മാത്രമാക്കി മാറ്റുമ്പോഴുള്ള അപകടം നാം അറിയാതെ പോകുന്നു. അപ്പോള്‍ തനതായ മണ്ണിന്റെ നിഷ്‌കളങ്കത ഇല്ലാതാക്കുന്നു. ഇവിടെയാണ് ഗൃഹാതുരമായ പഴയകാലത്തെ അയവിറക്കുന്നതിലെ പൊള്ളത്തരം മനസ്സിലാകുന്നത്. 

 

 

പച്ച എന്നത് കേവലമൊരു നിറമോ വാക്കോ സാമുദായികമായ കൊടിയടയാളമോ അല്ല. ഭൂമി സംസാരിക്കുന്ന ഭാഷയുടെ പേരാണ് അത്. നിറങ്ങള്‍ മനുഷ്യകേന്ദ്രീകൃതമാകുന്ന കാലത്ത് ലോകം കൂടുതല്‍ ആഗ്രഹിക്കുന്ന ജൈവികമായ ആകുലത. ഓരോ ഇലയും ഇളംപച്ചയില്‍ തളിര്‍ത്ത് കരിമ്പച്ചയായി മഞ്ഞയും ചോപ്പുമായി കൊഴിഞ്ഞുവീഴുമ്പോള്‍ മാത്രമേ നേരത്തെ ശേഷിച്ചിരുന്ന പച്ച എന്ന നനവിന്റെ ആര്‍ദ്രതയുടെ, ഉപമകളില്ലാത്ത ആനന്ദത്തിന്റെ കാലം അറിയാന്‍ കഴിയൂ.

കവിതകളിലോ പ്രസംഗങ്ങളിലോ ആവര്‍ത്തിച്ചുവരുന്ന ജീവന്റെ-അല്ലെങ്കില്‍ ജീവിതത്തിന്റെ സ്ഥായിയായ നിലനില്‍പ്പ്- അതാണ് ഹരിത രാഷ്ട്രീയത്തിന്റെ ഉള്ള്. ഭൂമിയടങ്ങുന്ന പ്രപഞ്ചമുണ്ടായകാലത്തേക്ക് നിഷ്‌കളങ്കമായ കണ്ണുകളോടെ തിരിഞ്ഞുനോക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ജീവനുണ്ടാകുന്ന കാലത്ത് ആല്‍ഗകളായി ജലത്തില്‍ ആദ്യം ഉരുവം ചെയ്ത പ്രകൃതമാണത്. അതുകൊണ്ടു തന്നെ മഞ്ഞച്ച് നരച്ച് നാഗരികതയുടെ പറമ്പുകള്‍ വിസ്തൃതമാകുന്ന കാലത്ത് ഇളംപച്ചയിലേക്കുള്ള തിരിച്ചുപോക്കിനെ മനുഷ്യവിരുദ്ധമെന്ന് മുദ്രകുത്താനും സാധ്യതയേറെയാണ്.

മനുഷ്യന്‍ മാത്രം ഭൂമിയിലെ ഏക ജീവിയാകുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നമാണത്. പണ്ടൊക്കെ ഹൈറേഞ്ചിലെ തണുപ്പിനെക്കുറിച്ച് വാചാലരാകുന്ന നാം തന്നെയാണ് ഒന്നാം പ്രതി. ലോകം പ്രകൃതിയെ അംഗീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ നാം അതിനെ തള്ളിക്കളയുന്നു. ഇടുക്കി ജൈവികമായ അപൂര്‍വ്വതയുടെ തിരുശേഷിപ്പുകള്‍ ആവോളമുള്ള സ്ഥലമാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തെ നനയിച്ചു നിര്‍ത്തുന്ന ജലപ്രവാഹങ്ങള്‍ ഉണ്ടാകുന്നതും.

കോണ്‍ക്രീറ്റും പ്ലാസ്റ്റിക്കും വികസനത്തിന്റെ അടയാളങ്ങള്‍ ആകുന്ന കാലത്തെയാണ് ഭയക്കേണ്ടത്. സുഖം എന്ന വികാരത്തെ മനുഷ്യന്റേതു മാത്രമാക്കി മാറ്റുമ്പോഴുള്ള അപകടം നാം അറിയാതെ പോകുന്നു. അപ്പോള്‍ തനതായ മണ്ണിന്റെ നിഷ്‌കളങ്കത ഇല്ലാതാക്കുന്നു. ഇവിടെയാണ് ഗൃഹാതുരമായ പഴയകാലത്തെ അയവിറക്കുന്നതിലെ പൊള്ളത്തരം മനസ്സിലാകുന്നത്. 

 

 

ഏത് മലമുകളിലും കൃത്രിമ നിര്‍മ്മിതികള്‍ ചമച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ അണുജീവികള്‍ മുതല്‍ ഭീമാകാരമായ ജന്തുജാതികള്‍ വരെ അന്യമാകുന്നത് നാം അറിയുന്നില്ല. മനുഷ്യനെന്ന സ്വാര്‍ത്ഥതയ്ക്കപ്പുറം, ജീവനുള്ളതും അല്ലാത്തതുമായ പലതും കടന്നുവരുന്നിടത്തേ സമത്വം ഉണ്ടാവൂ എന്ന് തോന്നുന്നു. കേവലം മനുഷ്യനെ മറന്നുകൊണ്ടുള്ള പ്രകൃതി തീവ്രവാദം അല്ല അത്. മനുഷ്യനും ഉള്‍ക്കൊള്ളുന്ന പുതിയ പരിസ്ഥിതി വിചാരങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങുക.. എന്നതല്ല ശരി പ്രകൃതിയെ കൂടെ കൂട്ടുക എന്നതാണ് ശരി.

വികസനം ആന്തരികമായ ജൈവികതയില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അത് സ്‌നേഹം, കരുണ തുടങ്ങിയ വികാരങ്ങള്‍കൊണ്ട് നിര്‍മ്മിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാകും. ഇതാണ് പച്ചയുടെ ഭാഷ അറിയേണ്ടതിന്റെ ആവശ്യം. വിശ്വപ്രകൃതി നാംതന്നെയെന്ന് അറിയുമ്പോഴാണ് അറിവ് പൂര്‍ണ്ണമാകുക. അപ്പോള്‍ ഇലകള്‍ നുള്ളുകയല്ല വേണ്ടത്, മുളപ്പിക്കുകയാണ്.