Aijaz Ahmad : ആധുനിക കാലത്ത് നടന്ന അക്കാദമിക് സംവാദങ്ങളുടെ ഒരറ്റത്ത് പലപ്പോഴും അദ്ദേഹത്തിന്റെ താര്‍ക്കികയുക്തി പ്രസരിപ്പിച്ച വിമര്‍ശനങ്ങളുണ്ടായിരുന്നു. മാര്‍ക്‌സ്‌സിസ്റ്റ് സൈദ്ധാന്തികരുമായുള്ള ഴാക് ദെരിദയുടെ സംവാദങ്ങളുടെ കേന്ദ്രസ്ഥാനത്തുതന്നെ ഐജാസ് അഹമ്മദിന്റെ നിരീക്ഷണങ്ങളോടും വിമര്‍ശനങ്ങളോടുമുള്ള മറുപടികള്‍ പ്രത്യക്ഷപ്പെട്ടത് അവഗണിക്കാനാവാത്ത വിധം സൈദ്ധാന്തികലോകത്ത് അവ ഉയര്‍ന്നുകേട്ടത് കൊണ്ട് തന്നെയായിരുന്നു.  

ഇസ്‌ലാമിക മതമൗലികവാദത്തിന്റെ വേരുകളിലേക്ക് സഞ്ചരിക്കുന്ന പഠനത്തിലും മുതലാളിത്തവുമായി ചേര്‍ത്തുകെട്ടിയ ചൈനീസ് കമ്യൂണിസ്റ്റ് ഭരണമാതൃകയെക്കുറിച്ചുള്ള നിരീക്ഷണത്തിലും ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തെ അതിന്റ സവിശേഷതകളിലൂടെ വിശകലനം ചെയ്യുന്ന പഠനങ്ങളിലുമെല്ലാം അദ്ദേഹം ഇതേ കാഴ്ചപ്പാട് പുലര്‍ത്തി. മുല്ലപ്പൂ വിപ്ലവത്തെയും ഇന്ത്യയില്‍ സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെയും സോഷ്യല്‍ ഡെമോക്രസിയും മാര്‍ക്‌സിസവും തമ്മിലുള്ള താത്വിക സംവാദങ്ങളെയും എന്‍ ജി ഒ രാഷ്ട്രീയത്തെയും സ്വത്വവാദ രാഷ്ട്രീയത്തിന്റെ ഉള്ളടരുകളെയും ഉത്തരാധുനിക ദര്‍ശനങ്ങളുടെ ബഹുമുഖ പ്രതിസന്ധികളെയും മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിലൂടെ അദ്ദേഹം സൂക്ഷ്മതലത്തില്‍ വിലയിരുത്തി. 

'മാനുഷികമായതൊന്നും എനിക്ക് അന്യമല്ല' ('Nothing Human is Alien to Me'). ഇന്ന് വിടപറഞ്ഞ, ലോകത്തെ എണ്ണം പറഞ്ഞ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ഐജാസ് അഹമ്മദിന്റെ (Aijaz Ahmad) ഒരു അഭിമുഖ സമാഹാരത്തിന്റെ തലക്കെട്ടാണ് ഇത്. വിജയ് പ്രഷാദ്, ഐജാസ് അഹമ്മദുമായി നടത്തിയ ആ ദീര്‍ഘാഭിമുഖം 2020-ല്‍ ലെഫ്റ്റ് വേഡാണ് പ്രസിദ്ധീകരിച്ചത്. മാര്‍ക്‌സിസത്തിന്റെ കണ്ണുകള്‍ കൊണ്ട് ലോകത്തെ ആഴത്തില്‍ നോക്കിക്കണ്ട ഐജാസ് അഹമ്മദ് എന്ന ചിന്തകന്റെ ജീവിതത്തിന് കൃത്യമായ ഒരടിക്കുറിപ്പാണ് ആ തലക്കെട്ട്. മനുഷ്യരുമായി ബന്ധപ്പെട്ട ഒരു മാര്‍ക്‌സിസ്റ്റ് നിലപാടിന്റെ സുദൃഢപ്രഖ്യാപനം എന്നതിനപ്പുറം, 81 ദീര്‍ഘവര്‍ഷങ്ങള്‍ കൊണ്ട് ഈ ലോകവുമായി ആ മനുഷ്യന്‍ നടത്തിയ ജീവത്തായ സംവാദങ്ങളുടെ ടാഗ്‌ലൈന്‍ കൂടിയാണ് തലക്കെട്ടിലെ ആ വാചകം. 

മിര്‍സാ ഗാലിബിന്റെ ഗസലുകള്‍ മുതല്‍ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വരെയും ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ രാഷ്ട്രീയം മുതല്‍ അഫ്ഗാനിസ്താനിലും ഇറാഖിലുമടക്കം അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ അധിനിവേശങ്ങള്‍ വരെയും വര്‍ഗീയവാദവും ആഗോളവല്‍ക്കരണവും തമ്മിലുള്ള ദൃശ്യവും അദൃശ്യവുമായ ഇഴയടുപ്പങ്ങള്‍ മുതല്‍ നവനാസിസത്തിന്റെ പുത്തന്‍രൂപഭേദങ്ങളെക്കുറിച്ചുളള നിരീക്ഷണങ്ങള്‍ വരെയും ഇന്ത്യന്‍ മുസ്‌ലിംകള്‍ മുതല്‍ ചൈനയിലെ പുത്തന്‍ അധികാര വര്‍ഗം വരെയും മാധ്യമമുതലാളിത്തം മുതല്‍ ചരിത്രത്തെയും സംസ്‌കാരത്തെയും പൊളിച്ചടുക്കുന്ന സാങ്കേതിക വിപ്ലവം വരെയും വ്യത്യസ്തവും അതേ സമയം പരസ്പര ബന്ധിതവുമായ അനേകം വഴികളെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വ്യക്തതയോടെ ചേര്‍ത്തു വെച്ച ആ ധൈഷണിക പ്രതിഭാസം മാനുഷികമായ ഒന്നിലും നിന്ന് വേറിട്ടു നിന്നിട്ടേയില്ല. ആധുനിക കാലത്ത് നടന്ന അക്കാദമിക് സംവാദങ്ങളുടെ ഒരറ്റത്ത് പലപ്പോഴും അദ്ദേഹത്തിന്റെ താര്‍ക്കികയുക്തി പ്രസരിപ്പിച്ച വിമര്‍ശനങ്ങളുണ്ടായിരുന്നു. മാര്‍ക്‌സ്‌സിസ്റ്റ് സൈദ്ധാന്തികരുമായുള്ള ഴാക് ദെരിദയുടെ സംവാദങ്ങളുടെ കേന്ദ്രസ്ഥാനത്തുതന്നെ ഐജാസ് അഹമ്മദിന്റെ നിരീക്ഷണങ്ങളോടും വിമര്‍ശനങ്ങളോടുമുള്ള മറുപടികള്‍ പ്രത്യക്ഷപ്പെട്ടത് അവഗണിക്കാനാവാത്ത വിധം സൈദ്ധാന്തികലോകത്ത് അവ ഉയര്‍ന്നുകേട്ടത് കൊണ്ട് തന്നെയായിരുന്നു.

പുതിയ കാലത്തിന്റെ സൈദ്ധാന്തിക വ്യവഹരങ്ങളുമായി മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്ന് കൊണ്ട് അദ്ദേഹം നിരന്തരം കലഹിച്ചു. സമകാലികമായ കടലിളക്കങ്ങളെ തൃപ്തികരമായി വിശകലനം ചെയ്യാന്‍ ആഗോളതലത്തില്‍ നടന്ന സൈദ്ധാന്തിക സംവാദങ്ങളിലെ മുഖ്യപങ്കാളികളിലൊരാളായി മാറി. എന്നാല്‍, സൈദ്ധാന്തികന്റെ ചാരുകസേരയിലിരുന്നുള്ള നിരന്തരസംവാദങ്ങളിലായിരുന്നില്ല ഐജാസ് അഹമ്മദിന്റെ പൊറുതി. തികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ആ മനുഷ്യന്‍. സോവിയറ്റ്് യൂനിയന്റെ തകര്‍ച്ച, അമേരിക്കന്‍ കേന്ദ്രീകൃതമായി വളര്‍ന്ന ലോകക്രമം പടര്‍ത്തിയ തിരയിളക്കങ്ങള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണാനന്തരം ഭീകരതയ്‌ക്കെതിരെ എന്ന പേരില്‍ നടന്ന യുദ്ധങ്ങള്‍, വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ച, ഫാഷിസത്തിന്റെയും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെയും പുത്തന്‍ രൂപങ്ങള്‍, സാങ്കേതിക വളര്‍ച്ചയ്‌ക്കൊപ്പം സംഭവിച്ച അപമാനവീകരണം, ആഗോളവല്‍ക്കരണവും നിയോലിബറല്‍ പരിഷ്‌കാരങ്ങളും സൃഷ്ടിച്ച സാമ്പത്തിക അസമത്വങ്ങള്‍ എന്നിങ്ങനെ ലോകത്തിന്റെ പരിണാമങ്ങളെ മനുഷ്യപക്ഷത്തുനിന്നും ആശങ്കയോടെ അതിസൂക്ഷ്മതലത്തില്‍ നോക്കിക്കാണുകയും പ്രതിലോമരാഷ്ട്രീയത്തിന് എതിരെ മണ്ണിലിറങ്ങി പൊരുതുകയും ചെയ്ത പോരാളി കൂടിയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു

...........................................................

1971-ല്‍ അദ്ദേഹം എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ഗസല്‍സ് ഓഫ് ഗാലിബ് (Ghazals of Ghalib) എന്ന പ്രശസ്തമായ പുസ്തകം എടുക്കുക. 1797-1869 കാലത്ത് ജീവിച്ച മഹാനായ ഉര്‍ദുകവി മിര്‍സാ ഗാലിബിന്റെ കവിതകളെ ലോകത്തിന് ആഴത്തില്‍ പരിചയപ്പെടുത്തുന്ന പുസ്തകം ആണത്. തികച്ചും വൈയക്തികമായ കാല്‍പ്പനിക- ആത്മീയ പരിസരത്ത് പ്രതിഷ്ഠിക്കപ്പെട്ട ഗാലിബിനെ രാഷ്ട്രീയമായി വായിക്കുകയായിരുന്നു ആ പുസ്തകത്തില്‍ ഐജാസ്. ഇതിനായി ഗാലിബിന്റെ 37 കവിതകള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു. പദാനുപദ തര്‍ജുമ ആയിരുന്നില്ല, ഗാലിബ് ജീവിച്ച കാലത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയമായ ഇടത്ത് സ്ഥാപിക്കുന്ന വിവര്‍ത്തനങ്ങളായിരുന്നു അവ. അവിടെതീര്‍ന്നില്ല, ഈ കവിതകളെ കാവ്യമീമാംസയില്‍ ആഴത്തില്‍ അറിവുള്ള ഏഴ് പ്രമുഖ ഇംഗ്ലീഷ് കവികള്‍ക്ക് നല്‍കി. ഗാലിബ് കവിതകളെ അവര്‍ കവിതയിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും പഠനങ്ങളിലൂടെയും അടയാളപ്പെടുത്തി. ഇവയെയെല്ലാം ചേര്‍ത്തുവെക്കുന്ന ഉജ്വലമായ ഒരു പഠനക്കുറിപ്പും ചേര്‍ന്നപ്പോള്‍ ആ പുസ്തകമായി. ബ്രിട്ടീഷ് കൊളോണിയലിസം അരികിലേക്ക് വകഞ്ഞുമാറ്റിയ മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് സാക്ഷിയായ ഒരു കവി എന്ന നിലയിലാണ് അദ്ദേഹം ഗാലിബിനെ സമീപിച്ചത്. ഗാലിബ് കവിതകളുടെ പോസ്റ്റ് കൊളോണിയല്‍ വായനയായിരുന്നു, പുസ്തകത്തിന് ഐജാസ് അഹമ്മദ് എഴുതിയ അവതാരിക. 

പറഞ്ഞുവന്നത്, രാഷ്ട്രീയമായ, മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിലൂന്നിയ ഐജാസ് അഹമ്മദിന്റെ വായനകളുടെ കാര്യമാണ്. ജീവിതത്തിലുടനീളം എല്ലാ വൈജ്ഞാനിക മേഖലകളെയും ഇതേ മട്ടിലാണ് അദ്ദേഹം സമീപിച്ചത്. ഇസ്‌ലാമിക മതമൗലികവാദത്തിന്റെ വേരുകളിലേക്ക് സഞ്ചരിക്കുന്ന പഠനത്തിലും മുതലാളിത്തവുമായി ചേര്‍ത്തുകെട്ടിയ ചൈനീസ് കമ്യൂണിസ്റ്റ് ഭരണമാതൃകയെക്കുറിച്ചുള്ള നിരീക്ഷണത്തിലും ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തെ അതിന്റ സവിശേഷതകളിലൂടെ വിശകലനം ചെയ്യുന്ന പഠനങ്ങളിലുമെല്ലാം അദ്ദേഹം ഇതേ കാഴ്ചപ്പാട് പുലര്‍ത്തി. മുല്ലപ്പൂ വിപ്ലവത്തെയും ഇന്ത്യയില്‍ സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെയും സോഷ്യല്‍ ഡെമോക്രസിയും മാര്‍ക്‌സിസവും തമ്മിലുള്ള താത്വിക സംവാദങ്ങളെയും എന്‍ ജി ഒ രാഷ്ട്രീയത്തെയും സ്വത്വവാദ രാഷ്ട്രീയത്തിന്റെ ഉള്ളടരുകളെയും ഉത്തരാധുനിക ദര്‍ശനങ്ങളുടെ ബഹുമുഖ പ്രതിസന്ധികളെയും മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിലൂടെ അദ്ദേഹം സൂക്ഷ്മതലത്തില്‍ വിലയിരുത്തി. 

സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ഇടതുപക്ഷം അപ്രസക്തമാവുന്നതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം നടത്തുന്ന നിരീക്ഷണം ഇതാണ്: ''ഇന്ത്യയിലെ ഇടതുപക്ഷവുമായി ബന്ധപ്പെട്ട് മൂന്നു കാര്യങ്ങള്‍ ഞാന്‍ അടിവരയിടുക തന്നെ ചെയ്യും. ഒന്ന് അനന്യമായ രാഷ്ട്രീയ അനുഭവ സമ്പത്തും ആഴമേറിയ സംഘാടകത്വവും ഇടതുപക്ഷത്തിന് സ്വന്തമാണ്. ഇടതപക്ഷം പിന്‍വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടയിടങ്ങളിലെ ശൂന്യത നികത്തുവാന്‍ അവിടേയുമിവിടെയും ചിതറിക്കിടക്കുന്ന എന്‍ ജി ഒകള്‍ക്കോ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത് അസ്ഥാനത്താണെന്ന് അര്‍ത്ഥം.രണ്ട് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും പാവപ്പെട്ടവരുടേയും പക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന അവിരുദ്ധവും യുക്തിഭദ്രവുമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് കാത്തുസൂക്ഷിക്കുന്ന ഒരേയൊരു ഇന്ത്യന്‍ പ്രസ്ഥാനം ഇടതുപക്ഷമാണ്.മൂന്ന് ഇന്ത്യയിലെ ബൗദ്ധികവും സാംസ്‌കാരികവും കലാപരവുമായ മേഖലകളില്‍ മറ്റാര്‍ക്കും സ്വപ്നം പോലും കാണാനാകാത്തത്ര വിധത്തില്‍ വിപുലവും അനിതരസാധാരണവുമായ സാന്നിധ്യമാണ് ഇടതുപക്ഷം.അടിസ്ഥാന വിഭവങ്ങളെല്ലാം അതേപടി നിലനില്ക്കുന്നുണ്ട് എന്നര്‍ത്ഥം.അതേ സമയം അപാരമായ സാഹസികതയോടെ മാത്രമേ അടിസ്ഥാനപരമായ ഒരു പുനര്‍നിര്‍മാണത്തിന് ഇനി ഉദ്യമിക്കുവാന്‍ സാധിക്കുകയുള്ളൂ.'' ഇതാണ് ജീവിതകാലം മുഴുവന്‍ അദ്ദേഹം സ്വീകരിച്ച നിലപാട്. 

കെ. എസ് രഞ്ജിത്ത് മാര്‍ക്‌സിസ്റ്റ് സംവാദത്തില്‍ നടത്തിയ അഭിമുഖത്തില്‍, ചൈനീസ് വികസന മാതൃകയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി കൂടി കാണുക: ''ചൈനയുടെ നേട്ടങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. പക്ഷേ അതിനെ അതിശയോക്തിവല്‍ക്കരിക്കരുത്. ലോകത്തിന്റെ നിര്‍മാണകേന്ദ്രമായി ചൈന മാറി എന്നതു ശരിയാണ്. പക്ഷേ നിര്‍മാണ മേഖലയിലെ മൂലധനമധികവും വൈദേശികമാണ്. കുറഞ്ഞ നിരക്കില്‍ സാങ്കേതിക മികവുള്ള, അച്ചടക്കവുമുള്ള തൊഴിലാളികളെ ലഭിക്കും എന്നതുകൊണ്ടാണ് ഈ വിദേശമൂലധനം അവിടേക്ക് എത്തിച്ചേര്‍ന്നത്.''

രാഷ്ട്രീയം സാഹിത്യം, സംസ്‌കാരം, സാമ്പത്തികശാസ്ത്രം, ചരിത്രം, കല എന്നിങ്ങനെ പല ധാരകളില്‍ സഞ്ചരിച്ച സൈദ്ധാന്തികനായിരുന്നു അദ്ദേഹം. 'സമകാലിക സൈദ്ധാന്തിക സംവാദങ്ങളിലെ ഏറ്റവും സുപ്രധാനമായ സ്വരങ്ങളിലൊന്ന്' എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആധുനിക ചരിത്രം, രാഷ്ട്രീയം, സംസ്‌കാരപഠനം എന്നീ മേഖലകളില്‍ ലോകത്തേറ്റവും ആധികാരികമായ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം, ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പ്രമുഖ സര്‍വകലാശാലകളിലും ഉന്നത അക്കാദമിക് സ്ഥാപനങ്ങളിലും അധ്യാപകനായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ യു സി ഇര്‍വിന്‍ സ്‌കൂള്‍ ഓഫ് ഹ്യൂമാനിറ്റീസിലെ താരതമ്യ പഠന വിഭാഗത്തില്‍ ചാന്‍സലേഴ്‌സ് പ്രൊഫസറായി അദ്ദേഹത്തെ സ്വാഗതം ചെയ്ത് സര്‍വകലാശാലാ ഡീന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ 
അക്കാദമിക് ലോകത്ത് അദ്ദേഹം എത്തിപ്പെട്ട ഉയരങ്ങളെ സുതാര്യതയോടെ അടയാളപ്പെടുത്തുന്നുണ്ട്. ഏറ്റവും ഉന്നതനിലയിലുള്ള പണ്ഡിതര്‍ക്കും ഗവേഷകര്‍ക്കും മാത്രമായുള്ള തസ്തികയിലേക്ക് അദ്ദേഹത്തെ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന ആ കുറിപ്പ് ചിന്തകന്‍, അക്കാദമിക്, എഴുത്തുകാരന്‍, സൈദ്ധാന്തികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഔന്നത്യം ഉയര്‍ത്തിക്കാണിക്കുന്നു. 

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന് പാക്കിസ്താനിലേക്ക് കുടിയേറിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍േറത്. മതവര്‍ഗീയതയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് 1970-കളില്‍ അദ്ദേഹം പാക്കിസ്താനില്‍നിന്നും അമേരിക്കയിലേക്ക് പോയി. അവിടെനിന്നും എണ്‍പതുകളില്‍ ഇന്ത്യയിലേക്ക് മടങ്ങിവന്ന അദ്ദേഹം ഇന്ത്യയെ ആഴത്തില്‍ സ്‌നേഹിച്ചിരുന്നു. ഇന്ത്യയിലെത്തിയ അദ്ദേഹം പിന്നീട് ന്യൂഡല്‍ഹിയിലെ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ പ്രൊഫെസറിയല്‍ ഫെലോ ആയി പ്രവര്‍ത്തിച്ചു. ജെ.എന്‍. യു, ജാമിയ സര്‍വകലാശാലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാര്‍ നേതൃത്വം നല്‍കുന്ന ചെന്നെയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ പഠിപ്പിക്കുന്ന സമയത്താണ് വിസ പ്രശ്‌നം അടക്കമുള്ള വിഷയങ്ങളാല്‍ അദ്ദേഹം അമേരിക്കയിലേക്ക് വീണ്ടും പറിച്ചുനട്ടത്. ജീവിതസാഹ്‌നത്തില്‍ ഇന്ത്യയില്‍ ജീവിക്കണം എന്നാണ് ആഗ്രഹിച്ചതെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ അത് നടന്നില്ല. അമേരിക്കയില്‍ സ്ഥിരവാസം തുടര്‍ന്ന ആ ധിഷണയുടെ വെളിച്ചം കാലിഫോര്‍ണിയയിലെ ഒരാശുപത്രിയിലാണ് ഇന്നലെ കെട്ടുപോയത്.