Asianet News MalayalamAsianet News Malayalam

പുല്ലാങ്കുഴലിലെ നിലവിളികള്‍!

പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍

pacha ecological notes by Akbar part 4
Author
Neriamangalam, First Published Jun 23, 2021, 4:58 PM IST

പുല്ലാങ്കുഴലില്‍ നിന്നുയരുന്ന സ്വരങ്ങളിലെ മാധുര്യത്തെക്കുറിച്ചൊക്കെ നാം വായിട്ടടിക്കും. കാട്ടിനുള്ളില്‍ കാറ്റില്‍ ചൂളം വിളിച്ച് പാടുന്ന ഈറ്റക്കാടിനെ ആരോര്‍ക്കാന്‍? നാം ചുണ്ടു ചേര്‍ക്കുമ്പോള്‍ ഉതിരുന്ന ഗീതം കാടിന്റെ നിലവിളിയാണെന്ന് എത്ര പേര്‍ക്കറിയാം?.

 

pacha ecological notes by Akbar part 4

 

ഈറ്റക്കാടുകള്‍ കാണാന്‍ പോണം. മലകള്‍ക്കിടയിലെ ചെരിവുകളെയാകെ കരിമ്പച്ച കൊണ്ട് നിറച്ച് ഈറ്റത്തുറുകള്‍ കാണണം. അതിനിടയിലെ മണ്ണിന്റെ പശിമ. കിളുന്ത് ഈറ്റയിലകള്‍ തിന്നാനെത്തിയ ആനക്കൂട്ടങ്ങളുടെ അവശേഷിപ്പുകള്‍. ആനപ്പിണ്ടങ്ങളില്‍ മുളച്ചു വരുന്ന ചാര നിറമുള്ള കുഞ്ഞുകൂണുകള്‍. 

നേര്യമംഗലം കാടുകള്‍ ഈറ്റകള്‍ക്ക് ഏറെ പ്രസിദ്ധമാണ്. ആവറുകുട്ടി, മാമലക്കണ്ടം, പിണവൂര്‍കുടി എന്നീ സ്ഥലങ്ങള്‍ പണ്ടു മുതലേ ഈറ്റക്കാടുകളാണ്. ഈറ്റകള്‍ വളര്‍ന്ന് വലിയൊരു ഭാഗം കാടായി മാറും. അവിടെയാവട്ടെ ഈറ്റകളില്‍ പടര്‍ന്ന് കയറി പലതരം വള്ളിച്ചെടികളുമുണ്ടാവും. ആകാശത്തെ മറച്ച് ഈറ്റയിലകള്‍ നിവര്‍ത്തി വലിയ അഹങ്കാരത്തോടെയാണ് നില്‍പ്പ്. കുത്തനെയുള്ള മലഞ്ചെരിവുകളെ ഇടിഞ്ഞുവീഴാതെ കൂട്ടിപ്പിടിക്കുക ഈറ്റയുടെയും ഇല്ലികളുടെയും വേരുകളാണെന്ന് പണ്ട് ചോതിപാപ്പന്‍ പറഞ്ഞു തന്നിട്ടുണ്ട്. കാടുമായി ബന്ധപ്പെട്ട് ജീവിച്ച ഒരാളായിരുന്നു ചോതിപാപ്പന്‍.
    
ആവറുകുട്ടിയിലെ ഈറ്റക്കാടുകള്‍ക്കിടയിലാണ് കൂന്ത്രപ്പുഴ എന്ന കാട്ടരുവി. തെളിഞ്ഞൊഴുകുന്ന വെള്ളത്തില്‍ പലയിനം മത്സ്യങ്ങളുണ്ട്. ഇന്നും അവിടെ അത്തരം മീനുകളുണ്ടാവാം. താഴെയുള്ള പെരിയാറില്‍ അതൊക്കെ ഇല്ലാതായെങ്കിലും! ബാംബൂ കോര്‍പ്പറേഷനും, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിക്കുമായി അവിടുന്നാണ് ഈറ്റവെട്ടി ലോറികളിലേറ്റി പോയിരുന്നത്. ഒരുകാലത്ത് നേര്യമംഗലത്തെ നിയന്ത്രിച്ചിരുന്നത് ഈറ്റപ്പണിക്കാരുടെ മലയിറക്കങ്ങളാണ്.

ഈറ്റകള്‍ക്കിടയില്‍ കാറ്റടിക്കുമ്പോള്‍ ഉയരുന്ന ഹുങ്കാരം. അതിനിടയില്‍ നിന്ന് പറന്ന് പോവുന്ന പക്ഷികള്‍, പ്രാണികള്‍. കരിമ്പച്ചയും ഒട്ടും മിനുസമല്ലാത്തതുമായ ഈറ്റയിലയുടെ പരുക്കന്‍ സ്പര്‍ശം. കാറ്റിലെ ഹുങ്കാരമാവും പിന്നീട് പുല്ലാങ്കുഴലിലെ പാട്ടാവുന്നതെന്ന് ഓര്‍ത്തിരുന്നിട്ടുണ്ട്. 

ആനകള്‍ മുതല്‍ പലതരം ജീവികളുടെ വാസസ്ഥലങ്ങളാണ് ഈറ്റക്കാടുകള്‍. ഈറ്റക്കാടുകള്‍ ലോറിയേറി പോയി കടലാസുകളായി തിരിച്ചു വരുന്നതിനെക്കുറിച്ച് നേരത്തെ കവിത എഴുതിയിട്ടുണ്ട്.. അതിനായി മാത്രം ഈറ്റ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. പുല്ലുവര്‍ഗ്ഗത്തിലെ വലിയവനായ ഈറ്റയുടെ കൂട്ടങ്ങള്‍ക്കിടയിലെ തണുപ്പിന് പ്രകൃതിയുടെ മണമാണ്. ഈറ്റവെട്ട് നിന്നപ്പോള്‍ ചിലപ്പോള്‍ അവയൊക്കെ സന്തോഷിച്ചിട്ടുണ്ടാവും. ഇപ്പോള്‍ ഈറ്റകള്‍ വെട്ടാതായതോടെ വലിയ ഈറ്റത്തുറുകള്‍ പാതയോരങ്ങളില്‍ തഴച്ചു വളരുന്നുണ്ട്.

കടുംപച്ച നിറമുള്ള ഈറ്റയില കൊണ്ടായിരുന്നു പഴയകാലത്ത് വീടുകളുടെ മേല്‍ക്കൂര നിര്‍മ്മാണം.അത് മേയാനും പ്രത്യേക ആളുകളുണ്ടായിരുന്നു. പണ്ട് പാര്‍ട്ടി സമരങ്ങളില്‍ കൊടി വാഹകാരായതും ഈ ഈറ്റകള്‍ തന്നെ.പനമ്പും കൊട്ടയും മുറവുമെല്ലാം ഈറ്റയില്‍ നിന്നായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ പ്ലാസ്റ്റിക്കിന്റെ ഉപകരണങ്ങള്‍ക്കിടെ അവയൊന്നും കാണാറില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടെ ഈറ്റയില മേഞ്ഞ വീടുകളും കാണാതായി. കാടിനുള്ളിലെ തോട്ടുവക്കുകള്‍, ചതുപ്പുകള്‍. വെള്ളമുള്ള ഇടങ്ങളിലൊക്കെ ഈറ്റ മുളയ്ക്കും. ഇല്ലി(മുള) കൂട്ടങ്ങളും ഇവിടങ്ങളില്‍ കാണാം. പലതരം ജീവികളുടെ സസ്യങ്ങളുടെ വീടുകളാണ് ഒരോ ഈറ്റത്തുറുവും. മഴ പെയ്യുമ്പോള്‍ ഈറ്റയിലകള്‍ ചേര്‍ത്ത്കുടയാവുന്നതും ഓര്‍മ്മയിലുണ്ട്.

പാലം കടന്ന് പോവുന്ന ഈറ്റ ലോറികളും പണിക്കാരും ഇന്നില്ല. പക്ഷേ മാമലകള്‍ക്കപ്പുറം ആകാശത്തേക്ക് വളരുന്ന ഈറ്റത്തലപ്പുകള്‍ വാക്കത്തി വായ്ത്തലകള്‍ സ്വപ്നം കണ്ട് ഞെട്ടുന്നുണ്ടാവും. ഈറ്റയുടെ കിളുന്ത് ഇലകള്‍ക്കുള്ള രുചി തേടി അങ്ങകലെ നിന്നും പോലും ആനകള്‍ എത്തും. ആനകളെ കാത്ത് ഈറ്റക്കാട് ആടിയുലഞ്ഞു നില്‍ക്കും. ഓരോ ഈറ്റത്തുറുവിലും കൂടുകൂട്ടുന്ന പേരറിയാത്ത പക്ഷികള്‍, പ്രാണികള്‍, വര്‍ണ്ണങ്ങളാര്‍ന്ന എട്ടുകാലിയകള്‍, ഈറ്റകള്‍ക്ക് താഴെയുള്ള തണുപ്പിനെ ആസ്വദിക്കുന്ന പാമ്പുകള്‍, വള്ളിപ്പടര്‍പ്പുകളില്‍ കാറ്റ് തൊട്ട് ഇലകള്‍ക്കിടയിലൂടെ കടന്ന് പോവുന്ന കാറ്റിന്റെ കുസൃതികള്‍.

ആവറുകുട്ടിയിലെ ഈറ്റക്കാടിനോട് ചേര്‍ന്ന കൂന്ത്രപ്പുഴയിലെ മീനുകള്‍ക്കുമുണ്ടായിരുന്നു പ്രത്യേകത. കാടിനിടയിലെ വിശുദ്ധ ജലത്തിലെ മീനുകളുടെ സൗന്ദര്യം ഒരു അക്വേറിയ മത്സ്യങ്ങള്‍ക്കുമുണ്ടാവില്ല. അത്രയ്ക്ക് കൂസലില്ലാതെയാണവയുടെ ഒഴുകി നീന്തല്‍. മെഴുക്കുമാലിക്ക് മോളിലുള്ള ചതുപ്പുകളില്‍ ഈറ്റകളും പീതാളുകളും നിറഞ്ഞ മണ്ണില്‍ നിന്ന് എത്ര നീരുറവകളാണ് ഉണ്ടായി വന്നിരുന്നത്. ഇപ്പോള്‍ അവയൊക്കെ അവിടെയുണ്ടാവുമോ? കാടിനുള്ളില്‍ നിന്ന് ആനകള്‍ പുറത്തേക്ക് വരുന്നത് ഇവയൊക്കെ ഇല്ലാതായതുകൊണ്ടാവും?

പുല്ലാങ്കുഴലില്‍ നിന്നുയരുന്ന സ്വരങ്ങളിലെ മാധുര്യത്തെക്കുറിച്ചൊക്കെ നാം വായിട്ടടിക്കും. കാട്ടിനുള്ളില്‍ കാറ്റില്‍ ചൂളം വിളിച്ച് പാടുന്ന ഈറ്റക്കാടിനെ ആരോര്‍ക്കാന്‍? നാം ചുണ്ടു ചേര്‍ക്കുമ്പോള്‍ ഉതിരുന്ന ഗീതം കാടിന്റെ നിലവിളിയാണെന്ന് എത്ര പേര്‍ക്കറിയാം?. കാട്ടിലെ സംഗീതങ്ങളാണ് ഈറ്റത്തുറുകളും ഇല്ലിക്കൂട്ടങ്ങളും. അവയ്ക്കിടയിലൂടെ പായുന്നതാണ് പച്ചപ്പിന്റെ പാട്ടുകള്‍.ആ പാട്ടിലുണ്ട് ഈറ്റയിലയുടെ പരുക്കന്‍ ശ്വാസം. അത് മുഖത്ത് തട്ടുമ്പോള്‍ കാടിനെ ഓര്‍ക്കാം. ഏറ്റവും വിശുദ്ധമായി തന്നെ! കാട്ടിലെ ഈറ്റയിലകള്‍ അപ്പോള്‍ ഉറക്കെ പാടി തുടങ്ങും... ആ പാട്ടില്‍ കാട്ടിലെ മരങ്ങളും ജീവികളും നൃത്തം തുടങ്ങും. ആ നൃത്തത്തിലൂടെ ഒരു ഉറവ ഒഴുക്ക് തുടങ്ങും . ആ ഉറവയില്‍ നിന്ന് പല അരുവികള്‍ ഒഴുകി പുഴയായി കടലിലേക്ക് നീന്തി തുടങ്ങും. കാടിന്റെ പാട്ടിനായി കടല്‍ കാതോര്‍ക്കും.

Follow Us:
Download App:
  • android
  • ios