ആ നിശ്ചലതയെ കീറിമുറിച്ച് ഒരു ചിറകടിയൊച്ച കേള്‍ക്കാം. ആ കിളിപ്പറക്കലില്‍ കാണാം സാലിം അലിയെ. ആ കണ്ണുകളില്‍ കൂട് കൂട് കെട്ടിയ അനുകമ്പയുടെ പ്രകൃതിയെ. ആ കനിവിനെ ആര്‍ദ്രമാക്കുന്ന അരുവികളെ തൊട്ടു നോക്കാം. ആദിമമായ തണുപ്പിന്റെ പച്ചപ്പാര്‍ന്ന കരുണയെ ഉള്ളില്‍ നിറയ്ക്കാം. കനങ്ങള്‍ അഴിച്ചുകളഞ്ഞ് അപ്പൂപ്പന്‍ താടി പോലെ ചിറകുകളില്ലാതെ പറക്കാം. 

 

 

തട്ടേക്കാട് എന്ന വാക്കില്‍ പക്ഷികള്‍ ചിറകടിക്കുന്നുണ്ട്. സാലിം അലിയെന്ന പ്രകൃതി സ്നേഹിയായ സൂഫിയുടെ മുഖവും ഒപ്പം ഓര്‍മ്മ വരും. ഒരു കുരുവിയുടെ പതനത്തില്‍ നിന്ന് ജീവിതം മാറ്റി നട്ട വലിയ മരം. ആ മരക്കൊമ്പുകളില്‍ പലതരം പക്ഷികളും പൂമ്പാറ്റകളും കൂടൊരുക്കി. പെരിയാറിന്റെ കരകളില്‍ കിളികള്‍, അയാളുടെ മെലിഞ്ഞ രൂപത്തിനായി കാത്തിരുന്നു. 

കിളികളുടെ കൂവലുകള്‍ക്കൊപ്പമാണ് തട്ടേക്കാട് കണ്ടു തുടങ്ങുക. ആ കൂവലുകള്‍ എങ്ങനെയാണ് തട്ടോക്കാടിന്റെ ഹൃദയം രേഖപ്പടുത്തുന്നുണ്ടാവുക എന്ന് ഓര്‍ത്തിട്ടുണ്ട്. നേര്യമംഗലത്തിന് താഴെ 10 കിലോമീറ്റര്‍ മാത്രം അകലെയാണ് തട്ടേക്കാട്. തൊട്ടു ചേര്‍ന്നാണ് പൂയംകുട്ടി മഴക്കാടുകള്‍. പലതരം വെള്ളമൊഴുക്കുകള്‍ ചെന്ന് ചേരുന്നയിടം. 

തട്ടേക്കാട്ടിലെ കാട്ടിലൂടെ നടക്കുമ്പോള്‍ കിളിയായി പറന്നുപോകുമ്പോലെതോന്നും. മരങ്ങള്‍ക്ക് മുകളിലൂടെ ചിറകടിച്ച് പറന്ന്, പക്ഷിക്കണ്ണിലൂടെ താഴെ കാട് കാണാം. പച്ചയാല്‍ ആരോ വരച്ച ജലച്ചായ ചിത്രം പോലെ, താഴെ കാടും പുഴയും കാട്ടരുവികളും തെളിഞ്ഞു വരും. 

 

 

അവിടങ്ങളിലാകെ സാലിം അലിയുടെ ബൈനോക്കുലര്‍ നോട്ടങ്ങള്‍ പാറി നടന്നിട്ടുണ്ട്. കാട്ടിലെ ഭയങ്ങളെ പ്രകൃതി ജീവിതത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് മറികടന്നയാള്‍. പച്ചപ്പിനെ, അവിടുത്തെ ജീവനുകളെ സ്നേഹിച്ചു തുടങ്ങുമ്പോള്‍ ഒരാള്‍ സൂഫിയായി മാറും. ഓരോ അന്വേഷണങ്ങളും പ്രകൃതിയുടെ പൊരുളറിയാനുള്ള അറിവുയാത്രകളാവും. 

ആ യാത്രകള്‍ക്ക് ഇടമായ കാടുകളാണ് തട്ടേക്കാടും പൂയംകുട്ടിയും നേര്യമംഗലവും ഉള്‍പ്പെടുന്ന പെരിയാര്‍ തടങ്ങളിലുള്ളത്. മാക്കാച്ചിക്കാട, മലബാര്‍ കോഴി, മുങ്ങാങ്കോഴി, നീലക്കോഴി, വെള്ളിമൂങ്ങ, വേഴാമ്പല്‍, കോഴിവേഴാമ്പല്‍, തീക്കാക്ക, ചേരക്കോഴി തുടങ്ങി നിരവധി പക്ഷി വര്‍ഗ്ഗങ്ങള്‍ അവിടെ പാറി നടക്കും. സാലിം അലിയുടെയും ഇന്ദുചൂഡന്റെയും പുസ്തകങ്ങളില്‍ സദാ പറന്നു നടക്കുന്നവ.

 

 

തട്ടേക്കാടിനപ്പുറമാണ് കുട്ടമ്പുഴയ്ക്കടുത്ത പൂയംകുട്ടി വനം. നിത്യഹരിതമായ മഴക്കാട്. അപൂര്‍വ്വമായ സസ്യജാലങ്ങളും മരങ്ങളും ജീവികളും അവിടുണ്ട്. മറ്റെങ്ങുമില്ലാത്ത വന്മരങ്ങള്‍ ഉള്‍ക്കാടുകളിലെ പ്രത്യേകതയാണ്. വംശനാശ ഭീഷണി നേരിടുന്ന ചെറുകൂരി മരങ്ങള്‍ പൂയംകുട്ടി വനത്തിലുണ്ട്. ഔഷധഗുണമുള്ള മരം കൂടിയാണത്. അതുപോലെ എത്ര തരം മരങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിപ്പടര്‍പ്പുകള്‍, ചൂരല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികള്‍..വലിയ കൂരി, കാരാഞ്ഞിലി, കുളവെട്ടി/പൊരിയന്‍, വെള്ളക്കുന്തിരിക്കം, ഉണ്ട പ്പൈന്‍, വെള്ളച്ചേര്... അങ്ങനെ ഒത്തിരിയുണ്ട് ഇല്ലാതാവുന്ന ചെടിവര്‍ഗ്ഗങ്ങള്‍.

ഇന്ദുചൂഡന്റെ 'പുല്ലു തൊട്ട് പൂനാര വരെ' എന്ന പുസ്തകത്തിലെ പക്ഷികളുടെ പലതരം ചിത്രങ്ങള്‍ നോക്കി മരക്കൊമ്പുകളില്‍ കണ്ണുനട്ട് നടന്ന ദിനങ്ങള്‍ ഓര്‍മ്മ വരുന്നു. വീടിനടുത്തുള്ള ടി.ബി കുടിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ക്കിടെയില്‍ കൈ ചുരുട്ടി നടന്നിട്ടുണ്ട്. കൈകള്‍ക്കിടയിലെ വട്ടത്തില്‍ പലതരം വര്‍ണ്ണത്തിലുള്ള കിളികള്‍ പറന്നു നടന്നു. അതുവരെ കാണാതിരുന്ന പല പക്ഷികളുടെയും പ്രത്യേകതകള്‍ അത്ഭുതപ്പെടുത്തി. മഞ്ഞനിറത്തിലുള്ള ദേശാടന പക്ഷികള്‍, പച്ചനിറത്തിലുള്ള കുഞ്ഞന്‍ തത്തകള്‍, കരിയിലംകാടകള്‍,കാക്കത്തമ്പുരാട്ടി,വണ്ണാത്തിപുള്ള്,സൂചീമുഖികള്‍ .. അങ്ങനെ നിരവധി പക്ഷികള്‍ മുന്നില്‍ വന്ന് പോസ് ചെയ്തു നിന്നു. അവയെല്ലാം ഉള്ളിലെ ക്യാമറയില്‍ പതിച്ചുവച്ചു. ഒരിക്കലും പറന്നുപോവാതെ ഇപ്പോഴും അതവിടെ കൂടുകൂട്ടിയിരിക്കുന്നു.പക്ഷിനിരീക്ഷണ പുസ്തകങ്ങളില്‍ ഇടമില്ലാതിരുന്ന പക്ഷിയായിരുന്നു കാക്ക. കാക്കകളുടെ വ്യത്യസ്ഥതകളും പഠിച്ചത് അന്നാണ്.വെറും കറുപ്പല്ലായിരുന്നു കാക്കകള്‍ക്ക്. സൂക്ഷിച്ചു നോക്കിയാല്‍ പലതരം വര്‍ണ്ണങ്ങള്‍ ആ തൂവലുകളില്‍ മിന്നി മറയുന്നത് കാണാം.

 

 

നേര്യമംഗലത്തു നിന്നും കാട്ടിലൂടെ ഇഞ്ചത്തൊട്ടി കടന്ന് തട്ടേക്കാടിന് ഒരു കാട്ടുവഴി ഉണ്ടായിരുന്നു. ഇപ്പോള്‍ ആ വഴിയില്ല. ആ വഴിയേ നടന്നാല്‍ ശിലായുഗ കാലത്തെ മുനിയറകള്‍ കാണാം. 1924-ലെ വെള്ളപ്പൊക്കത്തില്‍ ഇല്ലാതായ ആലുവ-മൂന്നാര്‍ രാജപാത കാണാം. കാടിന്റെ പലതരം കാഴ്ചകള്‍ക്കൊപ്പം പക്ഷികളുടെ ചിറകടിയൊച്ചകളും സസ്യ വൈവിദ്ധ്യങ്ങളും കാണാം. നേര്യമംഗലം കാട്ടില്‍ നിന്ന് വിഭിന്നമായ ജൈവാവസ്ഥയാണ് തട്ടേക്കാടിലെ കാടുകള്‍ക്ക്. 

പൂയംകുട്ടിയിലെത്തുമ്പോള്‍ കൂടുതല്‍ വന്യമായ അവസ്ഥയിലാവും. അടുത്തടുത്ത വടവൃക്ഷങ്ങളും പ്രാചീന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന പന്നല്‍ ചെടികളും മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത മണ്ണുമൊക്കെ പൂയംകുട്ടിയിലെ കാടിനെ വേറിട്ടതാക്കുന്നു. ആ കാട്ടിലായിരുന്നു പണ്ട് വൈദ്യുതി നിലയം നിര്‍മ്മിക്കാന്‍ ശ്രമിച്ചതും വലിയ പരിസ്ഥിതി സമരങ്ങള്‍ക്ക് ഇടയാക്കിയതും. വലിയ ചെറുത്തുനില്‍പ്പിനൊടുവിലാണ് പൂയംകുട്ടി പദ്ധതി വേണ്ടെന്ന് വച്ചത്. ഈ വനമേഖലയുള്‍പ്പെടുന്ന പ്രദേശങ്ങളായിരുന്നു ഏറ്റവും മഴ ലഭിച്ചിരുന്നത്. ഇതിന് കാരണമാവട്ടെ പൂയംകുട്ടി മഴക്കാടുകളുടെ കനിവും. അതൊക്കെ മറന്നു പോകുമ്പോള്‍ മഴയുടെ താളക്രമങ്ങളും തെറ്റുന്നു.

മനുഷ്യനെ കാണുമ്പോള്‍ കൂടുതല്‍ അസ്വസ്ഥരാവുന്ന ആനകള്‍ ഇക്കാട്ടിലുണ്ടെന്ന് കേട്ടിട്ടുണ്ട്. ആനകള്‍ മാത്രമാവില്ല, വള്ളിച്ചെടികള്‍ പോലും വിറയ്ക്കും. വിശാലമായി കിടക്കുന്ന കൊടുംകാടിന്റെ രഹസ്യ ലോകങ്ങളില്‍ എന്തൊക്കെയുണ്ടാവും എന്ന് ഓര്‍ത്തിട്ടുണ്ട്. ഉരുളന്തണ്ണിയും പിണ്ടിമേടും കുരുന്തന്മേടും ക്ണാച്ചേരിയും കടന്ന് കാടിന് നടുവില്‍ നൂറ്റാണ്ടുകളെ ഓര്‍ത്ത് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളെ സ്നേഹത്തോടെ സങ്കല്‍പ്പിക്കാം.  കാട് കടക്കാനുള്ള കാലിന്റെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കാം. അകക്കാടിന്റെ ഹൃദയത്തിലെ പച്ചപ്പ് നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പേരറിയാത്ത മരങ്ങളെയും ചെടികളെയും കിളികളെയും പുഴുക്കളെയും ധ്യാനിക്കാം. 

ആ നിശ്ചലതയെ കീറിമുറിച്ച് ഒരു ചിറകടിയൊച്ച കേള്‍ക്കാം. ആ കിളിപ്പറക്കലില്‍ കാണാം സാലിം അലിയെ. ആ കണ്ണുകളില്‍ കൂട് കൂട് കെട്ടിയ അനുകമ്പയുടെ പ്രകൃതിയെ. ആ കനിവിനെ ആര്‍ദ്രമാക്കുന്ന അരുവികളെ തൊട്ടു നോക്കാം. ആദിമമായ തണുപ്പിന്റെ പച്ചപ്പാര്‍ന്ന കരുണയെ ഉള്ളില്‍ നിറയ്ക്കാം. കനങ്ങള്‍ അഴിച്ചുകളഞ്ഞ് അപ്പൂപ്പന്‍ താടി പോലെ ചിറകുകളില്ലാതെ പറക്കാം. 

അപ്പോള്‍ ഒരു ബൈനോക്കുലര്‍ നോട്ടം തേടി വരും. തീര്‍ച്ച!.