ഞങ്ങള്‍ക്കിടയിലുള്ള എല്ലാ വാശിയുടെയും കുറുമ്പിന്റെയും വഴക്കിടലിന്റെയും കെട്ട് പൊട്ടുന്നത് വിവാഹത്തിന്റെ അന്നായിരിക്കുമെന്നു ഉറപ്പുണ്ടായിരുന്നു. അതുതന്നെ നടന്നു.
അത്രയേറെ പ്രിയമായതുകൊണ്ടാണ്, ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആ ശ്രീകുമാരന്‍തമ്പിക്കവിത ഡയറിത്താളിലേക്ക് ചേക്കേറുന്നത്.
'അച്ഛന്റെ ചുംബനം'
വിവാഹിതയായി പോവുന്ന മകളെ കുറിച്ച് ഒരച്ഛന്റെ ചിന്തകളെല്ലാം പേറുന്ന ആ കവിത പിന്നീടെങ്ങനെയോ മറവിയുടെ കോണില്‍ അകപ്പെട്ടുപോയിരുന്നു. യാദൃച്ഛികമായാണ് മാറാലത്തൊങ്ങലുകള്‍ മാറ്റി ആ ഏടുകള്‍ വീണ്ടും മുന്നിലേക്ക് എത്തുന്നത്. അതും വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ. വിവാഹദിവസത്തെ ഞാനും അച്ഛനും എങ്ങനെ നേരിടും എന്ന ആശങ്കയെ പ്രതിരോധിയ്ക്കാന്‍ അക്കവിതയെ കൂട്ടുപിടിച്ചു. ഞങ്ങള്‍ക്കിടയിലുള്ള എല്ലാ വാശിയുടെയും കുറുമ്പിന്റെയും വഴക്കിടലിന്റെയും കെട്ട് പൊട്ടുന്നത് വിവാഹത്തിന്റെ അന്നായിരിക്കുമെന്നു ഉറപ്പുണ്ടായിരുന്നു. അതുതന്നെ നടന്നു. നാടകീയത ലേശമില്ലാതെ, നാണക്കേടില്ലാതെ ഞങ്ങള്‍ കരഞ്ഞു. ഞങ്ങള്‍ ഇത്രയൊക്കെയേ ഉള്ളൂവെന്നു തിരിച്ചറിഞ്ഞു.

ഡോ. സുനിത. കുട്ടിക്കാലത്തെ ഒരു ചിത്രം
………………………
ഓര്‍മ വെയ്ക്കുമ്പോള്‍ ഒരു അതിഥിവേഷമായിരുന്നു അച്ഛന്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വരികയും മാസങ്ങള്‍ക്കുശേഷം തിരികെ അങ്ങോട്ടുതന്നെ പോവുകയും ചെയ്യുന്ന ഒരു വിരുന്നുകാരന്‍.
പലരുടെ കൈകളിലൂടെ എന്നിലേക്കെത്തുന്ന പുത്തനുടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍, സമ്മാനങ്ങള്‍. എല്ലാ പിറന്നാളിനും കൃത്യമായെത്തുന്ന ആശംസാകാര്‍ഡ്. തപാലില്‍ എത്തുന്ന ബാലരമ അമര്‍ച്ചിത്രകഥയും കളിക്കുടുക്കയും. ഇവയെല്ലാമായിരുന്നു കുട്ടിക്കാലത്തെ അച്ഛനടയാളങ്ങള്‍.
വലുതാവുന്തോറും എന്നിലെ അച്ഛനടയാളങ്ങള്‍ക്ക് ആഴമേറി. അതുകൊണ്ടുതന്നെയാവണം അച്ഛന്റെ ഒരു പഴയ സുഹൃത്ത് തീര്‍ത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ വച്ച്, എന്നെ തനിച്ചു കണ്ടിട്ടും 'ആ അച്ഛന്റെ മകളല്ലേ' എന്നെന്നെ സംശയമൊട്ടുമില്ലാതെ അടയാളപ്പെടുത്തിയത്, എന്നെ ആദ്യമായി കാണുകയായിരുന്നിട്ടുകൂടി...
നിറവയറോടെ നിന്ന സമയത്തും 'ഇപ്പോള്‍ കണ്ടാല്‍ ശരിക്ക് അച്ഛന്റെ പോലെയുണ്ട്' എന്നു വീണ്ടും ചിലരുടെ അടയാളപ്പെടുത്തല്‍. ആ വയറിനകത്തു ഉണ്ടായിരുന്നയാള്‍ പിറന്നതും അച്ഛന്റെ കുഞ്ഞുച്ഛായയോടെ തന്നെ.
………………………
അച്ഛന്‍ കുത്തിവയ്ക്കാതെ തന്നെ ഉള്ളിലേക്ക് വേരോടിയ ചിലതുണ്ട്. രാഷ്ട്രീയവും ക്രിക്കറ്റും സിനിമയും പാട്ടും പൊതുവിജ്ഞാനവും നല്ല സൗഹൃദവും പ്രായത്തിന് ചേരാത്ത (?) കുട്ടിക്കളികളും കുറുമ്പും ഉറക്കെ വര്‍ത്തമാനവും കണ്ണടച്ചു വിശ്വസിക്കലും പൊട്ടിത്തെറിക്കലും പൊട്ടിക്കരയലും ചെറിയ പിണങ്ങലും വലിയ ഇണങ്ങലും എല്ലാം...
എന്നാല്‍, എത്രയൊക്കെ ശ്രമിച്ചിട്ടും ഉള്‍ക്കൊള്ളാന്‍ പറ്റാതെ പോയ ചിലതുമുണ്ട്. വര്‍ഷങ്ങളുടെ ലേബലോടു കൂടി ഓര്‍മകള്‍ അടുക്കിവയ്ക്കുന്നത്, ആരെയും സംസാരത്തിലൂടെ അടുപ്പിയ്ക്കുന്നത്, സാമൂഹ്യബന്ധങ്ങള്‍ ഇഴയടുപ്പത്തോടെ കാത്തുവയ്ക്കുന്നത്... അങ്ങനെ ഒരുപാട്...
ജീവിതത്തിലെ സന്ദിഗ്ധഘട്ടങ്ങളിലെല്ലാം തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു തരുമ്പോള്‍ അച്ഛന്‍ മറച്ചുപിടിച്ചിരുന്നത് നിരാശയുടെ, നിര്‍ഭാഗ്യത്തിന്റെ കറയടയാളങ്ങള്‍ പുരണ്ട തന്റെ ചെറുപ്പകാലത്തെ തന്നെയായിരുന്നിരിക്കണം. മക്കളുടെ ജീവിതത്തില്‍ ആ കറകളൊന്നും പുരളാതിരിക്കാന്‍ ഞങ്ങള്‍ക്കൊരു മറയായി നിന്നതും അതുകൊണ്ടായിരിക്കണം.
അച്ഛന്റെ ചിന്തകളെ, ആശയങ്ങളെ, നേരമ്പോക്കിന് ആയിട്ടാണെങ്കിലും, ആക്രമിച്ചു തര്‍ക്കിച്ചു ജയിക്കാന്‍ നോക്കുമ്പോഴും മനസ്സിലൊരു നീറ്റലുണ്ട്, കിടന്നാലൊരു ഉറക്കംവരായ്കയുണ്ട്...
അച്ഛന്‍ തന്ന അടയാളങ്ങളല്ലാതെ മറ്റെന്തുണ്ട് എന്നൊരു മറുചോദ്യമുണ്ട്, ഉള്ളില്‍.
………………………
ഇന്ന് കുഞ്ഞുണ്ണിയുടെ കുസൃതികളെ അച്ഛന്‍, എന്റെ കുട്ടിക്കാലത്തെ കുസൃതികളുമായി ചേര്‍ത്തുവെച്ച് ആസ്വദിക്കുമ്പോള്‍, അച്ഛന്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് അച്ഛന് നഷ്ടമായ ഞങ്ങള്‍, മക്കളുടെ ബാല്യകാലം തന്നെയായിരിക്കണം. അച്ഛന്റെ മനസ്സിലെ ഫോട്ടോഗ്യാലറിയിലെ പഴകിയ ആ ചിത്രങ്ങള്‍ക്ക് അച്ഛന്‍ അവനിലൂടെ നിറം വെയ്പ്പിക്കുക തന്നെയായിരിക്കണം.
ഒപ്പം കുഞ്ഞുണ്ണിയും അതേ അടയാളങ്ങള്‍ പകര്‍ത്തുക തന്നെയാണ്, അമ്മച്ഛനെ അനുകരിക്കുന്നതിലൂടെ... അമ്മച്ഛനൊപ്പം നടക്കുന്നതിലൂടെ...
അടയാളങ്ങള്‍ നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും, തലമുറകള്‍ക്കപ്പുറവും.


