Asianet News MalayalamAsianet News Malayalam

ഈ പബ്ബിന്റെ ചുമരിൽ നിറയെ പണമാണ്, മൂല്യം ഏഴുകോടിലധികം!

എന്നാൽ, അവിടെ കാണുന്ന ഓരോ നോട്ടുകളും, ഒരു കറുത്ത മാർക്കർ ഉപയോഗിച്ച് പ്രശസ്തർ ഉൾപ്പെടെ പലരും ഒപ്പിട്ടിട്ടുള്ളതാണ്. അത് ഒറ്റ നോട്ടത്തിൽ തന്നെ അവിടത്തുകാർക്ക് തിരിച്ചറിയാൻ സാധിക്കും.

pub decorated with dollars
Author
Florida, First Published Jun 13, 2021, 10:39 AM IST

ലോകത്ത് പലയിടത്തും വിചിത്രവും രസകരവുമായ പലതും കാണും. കൗതുകം പകരുന്ന അത്തരം കാഴ്ചകൾ ആളുകളെ എപ്പോഴും ആകർഷിക്കും. ഇത് അങ്ങനെയൊരിടത്തെ കുറിച്ചാണ്. ഫ്ലോറിഡയിലുള്ള ഈ പബ്ബിന്റെ പ്രത്യേകത അവിടുത്തെ ചുമരിൽ നിറയെ പണമാണ് എന്നുള്ളതാണ്. ആ പബ്ബിലെ വിശേഷങ്ങൾ അറിയാം.

ഫ്ലോറിഡയിലെ പെൻസകോളയിലെ ഒരു പ്രശസ്തമായ റെസ്റ്റോറന്റാണ് മക്ഗ്യൂയറിന്റെ ഐറിഷ് പബ്ബ്. 1977 -ൽ ആരംഭിച്ച ഇത് 1982 -ലാണ് ഇപ്പോൾ നിൽക്കുന്ന കെട്ടിടത്തിലേക്ക് മാറുന്നത്. കെട്ടിടത്തിന്റെ ചുമരുകളിൽ നിറയെ പ്രശസ്ത വ്യക്തികളുടെ ഛായാചിത്രങ്ങളും കാണാം. എന്നാൽ, അവിടത്തെ ഏറ്റവും വലിയ പ്രത്യേകത അതൊന്നുമല്ല. അതിന്റെ ഉത്തരത്തിൽ തൂക്കിയിട്ടിരിക്കുന്ന പ്രശസ്തർ ഒപ്പിട്ടിട്ടുള്ള ആയിരക്കണക്കിന് ഡോളറുകളാണ്. അവയുടെ മൊത്തം മൂല്യം ഏഴ് കോടിയിലധികം വരും. അവിടെ എവിടെ തിരിഞ്ഞു നോക്കിയാലും ഡോളറുകൾ പതിച്ച് വച്ചിരിക്കുന്നത് കാണാം.

1977 -ൽ മാർട്ടിൻ മക്ഗ്യൂയറും ഭാര്യ മോളിയും ആരംഭിച്ചതാണ് ഈ പബ്ബ്. മോളി ഓർഡറുകൾ സ്വീകരിക്കുമ്പോൾ, അദ്ദേഹം ബാർ കൈകാര്യം ചെയ്തു. അവൾക്ക് ആദ്യമായി $1 ടിപ്പായി ലഭിച്ചപ്പോൾ, അതിന്റെ ഓർമ്മക്കായി അവൾ അതിൽ തീയതി എഴുതി ബാറിന്റെ പുറക് വശത്തെ ചുമരിൽ ഒട്ടിച്ച് വച്ചു. എന്നാൽ, അതൊരു തുടക്കമായിരിക്കുമെന്ന് ആരും കരുതിയില്ല. പിന്നീട് അത് വർഷങ്ങൾ നീണ്ട ഒരു പാരമ്പര്യമായി തീർന്നു. ആദ്യബിൽ‌ ബാറിന്റെ പുറകിൽ ഒട്ടിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ ആളുകൾ‌ അത് അനുകരിക്കാൻ തുടങ്ങി. അന്നുമുതൽ‌ അവിടെ വരുന്ന ആളുകൾ ആ പതിവ് തെറ്റിക്കാറില്ല.  

ഏകദേശം 15,000 ചതുരശ്രയടി വിസ്‌തീർണമുള്ള ആ ചുവരിന്റെ ഓരോ ഇഞ്ചിലും ഡോളർ ബില്ലുകൾ പതിച്ചു വച്ചിരിക്കുന്നു. "ഞങ്ങൾ എല്ലാ വർഷവും ഇതിന്റെ മൂല്യം കണക്കാക്കുകയും അതിനുള്ള നികുതി അടക്കുകയും ചെയ്യുന്നു. ഞങ്ങൾ അതിനെ ഒരു സ്വത്തായിട്ടാണ്  കണക്കാക്കുന്നത്" മക്ഗ്യൂയർ പറഞ്ഞു. എന്നാൽ, ഇതിലൊരു അപകടമുള്ളത് അവിടെ വരുന്നവർക്ക് ആ പണം മോഷ്ടിക്കാനുള്ള പ്രവണത ഉണ്ടാകുന്നു എന്നതാണ്.  ഇത്രയധികം പണം കണ്ടാൽ ആർക്കും ഒന്ന് എടുക്കാൻ തോന്നും. എല്ലാ വർഷവും മക്ഗ്യൂയറിന്റെ ഐറിഷ് പബ്ബിൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരിക്കൽ 5,000 ഡോളർ മോഷ്ടിച്ച ഒരു ജീവനക്കാരന് വലിയ പിഴ ചുമത്തുകയും വിചാരണക്ക് വിധേയമാക്കുകയും ചെയ്തു. കൂടാതെ മറ്റു പലരും അവിടത്തെ പണം മോഷ്ടിച്ച് മറ്റ് പല ബില്ലുകൾ അടക്കാൻ ശ്രമിച്ചിട്ടുണ്ട്.  

എന്നാൽ, അവിടെ കാണുന്ന ഓരോ നോട്ടുകളും, ഒരു കറുത്ത മാർക്കർ ഉപയോഗിച്ച് പ്രശസ്തർ ഉൾപ്പെടെ പലരും ഒപ്പിട്ടിട്ടുള്ളതാണ്. അത് ഒറ്റ നോട്ടത്തിൽ തന്നെ അവിടത്തുകാർക്ക് തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ട് തന്നെ അവ പട്ടണത്തിലെവിടെയും ചെലവഴിക്കാൻ പ്രയാസമാണ്. "ഐറിഷ് പബ്ബ് ഒരു പ്രാദേശിക ലാൻഡ്‌മാർക്കാണ്. അവിടത്തെ ഈ പാരമ്പര്യം വളരെ പ്രസിദ്ധമാണ്. അതിനാൽ ആരെങ്കിലും എവിടെയെങ്കിലും ഈ പണവുമായി വന്നാൽ അപ്പോൾ തന്നെ കൈയോടെ പിടിക്കപ്പെടും. ഇത് മക്ഗ്യൂയറിൽ നിന്നുള്ള പണമാണെന്ന് മനസ്സിലാക്കുകയും, മാനേജരെ അറിയിക്കുകയും ചെയ്യും” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഫ്ലോറിഡയിലെ ഡെസ്റ്റിനിൽ ഇതേപോലെ മറ്റൊരു മക്ഗ്യൂയറിന്റെ ഐറിഷ് പബ്ബ് ഉണ്ട്. 2017 -ലെ ഒരു റിപ്പോർട്ട് അനുസരിച്ച് അവിടെ 1.7 ദശലക്ഷം ഡോളർ വിലമതിക്കുന്ന നോട്ടുകളാണ് ചുവരിൽ തൂക്കിയിട്ടിട്ടുള്ളത്.  

Follow Us:
Download App:
  • android
  • ios