Asianet News MalayalamAsianet News Malayalam

ബഷീറിനെ പ്രണയിച്ച മുതഅല്ലിം

മതപഠനത്തിന് പ്രാധാന്യം നല്‍കുന്ന കലാലയത്തില്‍നിന്നും സാഹിത്യത്തിലേക്കുള്ള വഴിയേ നടന്നതിന്റെ അനുഭവസാക്ഷ്യങ്ങള്‍. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന എഴുത്തുകാരന്‍ അതിനെങ്ങനെ വഴി തുറന്നു എന്നതിന്റെ ഓര്‍മ്മകള്‍. കവിയും ഗാനരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ റഫീഖ് തിരുവള്ളൂര് എഴുതുന്നു

Rafeek thiruvalloor on vaikom Muhammad Basheer
Author
Thiruvananthapuram, First Published Jul 5, 2021, 7:19 PM IST

മതപഠനത്തിന് പ്രാധാന്യം നല്‍കുന്ന കലാലയത്തില്‍നിന്നും സാഹിത്യത്തിലേക്കുള്ള വഴിയേ നടന്നതിന്റെ അനുഭവസാക്ഷ്യങ്ങള്‍. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന എഴുത്തുകാരന്‍ അതിനെങ്ങനെ വഴി തുറന്നു എന്നതിന്റെ ഓര്‍മ്മകള്‍. കവിയും ഗാനരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ റഫീഖ് തിരുവള്ളൂര് എഴുതുന്നു

 

Rafeek thiruvalloor on vaikom Muhammad Basheer
 

1990 മെയ് പത്തിനാണെന്നെ ഉപ്പയും ഉസ്താദ് പി. അഹ്മദ് മൗലവിയും വല്യേക്ക എന്നു ഞാന്‍ വിളിക്കുന്ന മൂത്ത അമ്മാവനും കൂടി ചെമ്മാട്ടെ അന്നത്തെ ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമിയില്‍ കൊണ്ടാക്കുന്നത്. ദാറുല്‍ഹുദ അന്നൊരൊറ്റ കെട്ടിടവും പള്ളിയും വിശാലമായ മാനിപ്പാടവും ചേര്‍ന്ന കാമ്പസാണ്. പടിഞ്ഞാറു ഭാഗത്തായി അന്നു തന്നെ മറ്റൊരു കെട്ടിടം പണിക്കുള്ള കുയ്യാട്ട കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. കോളജ് വളപ്പ് നടന്നു കാണുന്ന വല്യേക്ക അപ്പുറത്ത് പെണ്‍കുട്ടികളുടെ കോളജാണ് വരുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ എന്നോട് പറഞ്ഞു. നീ പേടിക്കണ്ടടാ, നിനക്ക് ബഷീറിന്റെ കഥയിലെ പോലെ ഒരു പനിനീരിന്റെ കമ്പ് മുകളിലേക്ക് എറിഞ്ഞാല്‍ പോരേന്ന്. 

ബഷീര്‍ ആരെന്നും അതെന്തു കഥയെന്നുമറിയാത്ത ചിരിക്കുന്ന മരപ്പാവയാണ് ഞാനന്ന്. ഞാന്‍ ചിരിച്ചു കാണിച്ചിരുന്നിരിക്കണം. വല്യേക്ക പറഞ്ഞ ബഷീര്‍ വൈക്കം മുഹമ്മദ് ബഷീറാണെന്നും മൂപ്പരാണ് മലയാള സാഹിത്യം ഉണ്ടാക്കുന്ന പ്രധാനിയെന്നും ബേപ്പൂരിലെ സുല്‍ത്താനാണിപ്പോള്‍ അദ്ദേഹമെന്നും ഒന്നു രണ്ട് കൊല്ലം കൊണ്ട് തിരിഞ്ഞുവന്നു. ദാറുല്‍ഹുദയിലെ മൂന്നു കൊല്ലം മൂപ്പുള്ള മേല്‍മുറിക്കാരന്‍ ബഹാഉദ്ദീന്റെ കിതാബുകള്‍ക്കും ബുക്കുകള്‍ക്കുമിടയില്‍ നിന്ന് എനിക്കാദ്യമായി ഒരു ബഷീര്‍ സാഹിത്യം കിട്ടി. മാസാന്ത അവധിക്കു നാട്ടിലൊന്നും പോകാതെ ഹോസ്റ്റലില്‍ തന്നെ നിന്ന ഞാന്‍ ഖിസ്മത്ത് കൊണ്ട് അവന്റെ ക്ലാസ് മുറിയില്‍ കേറിയതും ഡെസ്‌കിനുള്ളില്‍ തപ്പിയതുമാണ്. കിട്ടിയ ബുക്ക് -'പാവപ്പെട്ടവരുടെ വേശ്യ'. ലാ ഹൗല വലാ...പേടിച്ചിട്ട് തൊണ്ട വരണ്ടു പോയി എനിക്ക്. 

മതിലുകള്‍

അവധി കഴിഞ്ഞ് എല്ലാരും തിരിച്ചു വന്നപ്പോള്‍ അടുത്ത മാസത്തെ എന്റെ നിയ്യത്ത് മേല്‍പറഞ്ഞ ബഹാഉദ്ദീനുമായുള്ള ലോഹ്യം കൂടലായിരുന്നു. അപ്പോഴാണ് ദാറുല്‍ഹുദാ ലൈബ്രറിയില്‍ മതിലുകള്‍ എന്ന ബഷീര്‍ സാഹിത്യമുണ്ടെന്ന് ബഹാഉദ്ദീന്‍ പറഞ്ഞത്. ഞാനതെടുത്തു വായിച്ചു. റബ്ബേ, വല്യേക്ക പറഞ്ഞതൊക്കെ ഇതിലുണ്ടല്ലോ, പക്ഷേ, ഒരു കൗമാരക്കാരന്‍ എന്ന നിലക്ക് പുസ്തകം വായിക്കുന്നതു കൊണ്ട് ഞാന്‍ മോഹിച്ചതൊന്നും ആ ബുക്ക് തന്നില്ല. അന്നത്തെ അവസാനത്തെ പേജു വരെയുള്ള വായന നമ്മളാഗ്രഹിക്കുന്ന വല്ലതും അതിനകത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്ന് കരുതിയാകുമല്ലോ, അതൊന്നും കിട്ടിയില്ല. അടുപ്പിലെ വെണ്ണീറു മുഴുവന്‍ കോരിയിട്ടും ഒരു കനലിനു തീ കിട്ടിയില്ല എന്നു പറയുന്ന പോലെയായി. വൈ ഷുഡ് ഐ ബി ഫ്രീ; ഹു വാണ്ട്സ് ഫ്രീഡം എന്ന വാക്കുകള്‍ മാത്രം മനസ്സില്‍ പതിഞ്ഞു.

ആനന്ദ് എന്ന സാഹിത്യകാരന്റെ നോവല്‍ 'മരണസര്‍ട്ടിഫിക്കറ്റ്' പോലും നമ്മുടെ മുതഅല്ലിമിന്റെ കയ്യില്‍ വന്നിരുന്നു. അതന്നു വായിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല, എന്നാലും അതു വായിച്ചെന്ന് വരുത്തിയാണ് തന്നയാള്‍ക്ക് തിരികെ കൊടുത്തത്. ഒരു വകക്ക് കൊള്ളില്ലെന്ന് റിവ്യൂവും കൊടുത്തു. ബഷീര്‍ തന്നെയാണെളുപ്പം എന്നുള്ള ഒരു അടുപ്പം ബഷീറിനോടുണ്ടായി. മലയാള സാഹിത്യത്തില്‍ ബഷീര്‍ അല്ലാത്ത എഴുത്തുകാരുണ്ടെന്നും അവരൊക്കെ കടുകട്ടി ഭാഷക്കാരാണെന്നുമൊക്കെ ഒരു വിചാരമെനിക്കുണ്ടായി. 


ഹലാല്‍ വായനയും ഖാദര്‍ മാഷും 

അപ്പോഴാണ് മറ്റൊരു മലയാളി എഴുത്തുകാരനെ കൂടെ കിട്ടുന്നത്. പേരു സക്കറിയ! ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും പോലെ എനിക്കറിയാവുന്ന ഒരു കുഞ്ഞമ്മദ് ഹാജിയെ വച്ച് ഒരു കഥ വരെ ഞാനുമെഴുതി. അഗര്‍ ബത്തി എന്നു പേരുമിട്ടു. 1993-ല്‍ മലയാള ഭാഷ പഠിപ്പിക്കുന്നതിന് നരിക്കുനിക്കാരന്‍ ഖാദര്‍ മാഷ് ദാറുല്‍ഹുദയിലെത്തുന്നു, എന്റെ ഭാഷാപരിചയവും അതിമോഹങ്ങളും വെച്ച് ഞാനദ്ദേഹത്തിന്റെ അരുമ ശിഷ്യനാകുന്നു. ദാറുല്‍ഹുദാ ലൈബ്രറിയുടെ ചുമതലയുള്ള ഉസ്താദ് അപ്പോഴും ഹലാല്‍ ആക്കിയിട്ടില്ലാത്ത പുസ്തകങ്ങള്‍ എനിക്കു കിട്ടുന്നു, ഹലാല്‍ വായനയുടെ വട്ടത്തില്‍ നിന്നും മാഷെന്നെ മോചിപ്പിക്കുന്നു. 

മലയാളം പഠിപ്പിക്കാന്‍ പുതുതായി വന്ന ഖാദര്‍ മാഷായിരുന്നു ഞങ്ങളെ പതുക്കേ പുസ്തകക്കൊതിയന്മാരാക്കിയത്. അപ്പോള്‍ ദാറുല്‍ ഹുദാ ലൈബ്രറിയില്‍ സാഹിത്യ പുസ്തകങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലായിരുന്നു. മാഷ് ഉസ്താദുമാരുടെ കണ്ണില്‍ പെടാതെ ഒളിച്ചു കടത്തിയാണ് പുസ്തകങ്ങള്‍ എത്തിച്ചു കൊണ്ടിരുന്നത്. ബഷീറിലേക്കും മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്കും അങ്ങനെ പലരിലേക്കും ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. അതു വരേ വായിച്ചു പഠിച്ച 'അവരുടെ കുട്ടിക്കാല'വും 'രക്തകണങ്ങ'ളും 'രണാങ്കണങ്ങളു'ം പോലുള്ള സാഹിത്യങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടാതായി.

വായനയുടെ വരാനിരിക്കുന്നൊരു വസന്തത്തിന്റെ ആദ്യത്തെ പൂക്കളായിരുന്നു മാഷിന്റെ പ്രേരണയാല്‍ പൂവിട്ടത്. പിന്നെ കയ്യെഴുത്ത് മാസികകള്‍ ഓരോ ക്ലാസിലും പിറക്കാന്‍ തുടങ്ങി. കവിതക്കും കഥക്കും സര്‍ഗധാര, കഥകള്‍ക്ക് മാത്രമായി കഥക്കുടുക്ക, ചിത്രം വരക്കുന്നവര്‍ക്ക് ചിത്രകല എന്നൊരു മാസിക പോലും കാമ്പസിലുണ്ടായി പിന്നെ.  1994 ആദ്യത്തില്‍ ഖാദര്‍ മാഷ് ദാറുല്‍ ഹുദ വിട്ടു പോകുന്നു, ജൂലൈ മാസം അഞ്ചിനു വൈക്കം മുഹമ്മദ് ബഷീര്‍ മരണപ്പെടുന്നു. വര്‍ത്തമാന പത്രങ്ങളിലൂടെയും  വാരാന്തപതിപ്പുകളിലൂടെയും ഇന്ത്യ റ്റുഡേ, കലാകൌമുദി വാരികകളും മാസികകളും ബഷീര്‍ പതിപ്പുകള്‍ ഇറക്കുന്നു, ബഷീറിനെ ഓര്‍മ്മിച്ച് എഴുതിയ പേരുകളിലൂടെ മലയാളത്തിലെ സാഹിത്യകാരന്മാരുടെ ഒരു നീണ്ട പട്ടിക ഞാനുണ്ടാക്കുന്നു. 

 

Rafeek thiruvalloor on vaikom Muhammad Basheer

ബഷീര്‍

 

ബഷീറിന്റെ മരണം

വീട്ടില്‍ നിന്നും ഉമ്മയും ഉപ്പയും ചേര്‍ന്നെഴുതി അയക്കുന്നതല്ലാത്ത ഒരു കത്ത് ജീവിതത്തിലാദ്യമായി എന്റെ പേരില്‍ ദാറുല്‍ഹുദായിലെത്തിയത് ബഷീര്‍ മരണപ്പെട്ടതിന്റെ പിറ്റേ ആഴ്ചയാണ്. മലയാളത്തിലേക്കും അതിലെ അമ്പതില്‍ ചില്ലാനം അക്ഷരങ്ങളിലേക്കും എന്നെ വായനക്കിരുത്തിയ നേരത്തെ പറഞ്ഞ കാദര്‍ മാഷ് എഴുതിയ കത്ത്; കത്തില്‍ വായിക്കാം: 'ബഷീര്‍ അനന്തമായ അണ്ഡകടാഹത്തിന്റെ നാഥനടുക്കലേക്ക് യാത്രയായി. അല്ലാഹുവിന്റെ ഖജാനയില്‍ ബഷീറിനനുവദിക്കപ്പെട്ട സമയം അവസാനിച്ചിരിക്കുന്നു. ഞാനേറ്റവും ഇഷ്ടപ്പെട്ടിരുന്ന മൂന്നു കഥാകാരന്മാരില്‍ ഒരാള്‍ മരണമടഞ്ഞു. മറ്റു രണ്ടു പേര്‍ പൊന്‍ കുന്നം വര്‍ക്കിയും ടി.പത്മനാഭനുമാണ്. കഴിഞ്ഞ ആഴ്ചയിലെ ചന്ദ്രിക മാധ്യമം മാതൃഭൂമി വാരാന്തപ്പതിപ്പുകളില്‍ ബഷീര്‍ നിറഞ്ഞു നില്‍ക്കുന്നു. കഴിഞ്ഞ ആഴ്ചകളിലെ മാതൃഭൂമി, കലാകൗമുദി വാരികകളും ബഷീറിനെ കുറിച്ചു തന്നെ. കൗമുദി ഞാന്‍ വാങ്ങി. 9 രൂപയാണ് വില. ബഷീറിന്റെ ചില കഥകളൂണ്ട്. പിന്നെ അനുസ്മരണങ്ങള്‍. ഒ.എന്‍.വിയും പൊന്‍ കുന്നം വര്‍ക്കിയും ടി.പത്മനാഭനും എം.ടിയും എഴുതിയ ലേഖനങ്ങള്‍ വളരേ ഇഷ്ടപ്പെട്ടു. വര്‍ക്കി ബഷീറിനെ കുറിച്ചുള്ള സത്യങ്ങളാണു വെളിവാക്കിയത്. ' അവന്‍ നിസ്‌കരിക്കില്ല, പക്ഷേ നിസ്‌കാരത്തെ അവന്‍ ബഹുമാനിക്കും' 'ബഷീറിന്റെ വീട്ടില്‍ പോകുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. ആഗ്രഹ സഫലീകരണത്തിനു മുമ്പ് സുല്‍ത്താന്‍ യാത്രയായി. മയ്യത്ത് കാണാന്‍ കഴിഞ്ഞില്ല. സ്‌കൂളിനു പ്രവൃത്തി ദിവസമായിരുന്നു. അനിയൊരിക്കല്‍ പോകണം. ഇപ്പോള്‍ ആ വീടും ചരിത്രത്തിന്റെ ഭാഗമായല്ലോ.' 

പിറ്റേ കൊല്ലം 1995-ഇലെ ജൂലൈ അഞ്ചിനു കോരിച്ചൊരിയുന്ന മഴയത്ത് ഞാനും ഖാദര്‍ മാഷും ബേപ്പൂരിലെ വീട്ടില്‍ പോയി. ബഷീറിന്റെ കബറിന്‍ പുറത്ത് പോയി. ദുആ ഇരന്നു. ബഷീറിനു മണ്ണറയില്‍ സുഖമായിരിക്കട്ടെ. മഴയും മഞ്ഞും തണുപ്പും കൊണ്ട് ദൈവം ബഷീറിനേയും കുളിപ്പിക്കുന്നുണ്ടാകും, വെളുത്ത വസ്ത്രങ്ങള്‍ അലക്കി ചെളി കളയുന്ന പോലെ ദൈവം ബഷീറിനേയും കഴുകി വെളുപ്പിക്കുന്നുണ്ടാകും. മരിച്ചവര്‍ക്കുള്ള ഇസ്ലാമിലെ പ്രാര്‍ഥന അങ്ങനെ ഒരാവശ്യം ആണല്ലോ ദൈവത്തിന്റെ മുമ്പാകെ വെക്കുന്നത്. 

ജീവിതവുമായുള്ള ഒരു സര്‍ഗാത്മക ബന്ധത്തിലേക്ക് ദാറുല്‍ ഹുദാ ഞങ്ങളെ വളര്‍ത്തുകയായിരുന്നു. ഞങ്ങള്‍ക്ക് വായിക്കണമെന്നുള്ള പുസ്തകങ്ങള്‍ തന്നും, ഞങ്ങള്‍ക്ക് രുചിക്കുന്ന അന്നപാനീയങ്ങള്‍ തന്നും അത് സദാ മിടിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളുടെ തന്നെ വലിയൊരു ശരീരമായി പ്രവര്‍ത്തിച്ചു. ഓരോ കിളിയും ഒരു കിളി മാത്രമല്ല, ജീവനുള്ള ഒരു കൂടു കൂടിയാണെന്ന് ഞങ്ങളുമറിഞ്ഞു. ഖാദര്‍ മാഷിനെ പോലുള്ളവര്‍ ദാറുല്‍ ഹുദാ വിട്ടു പോയിട്ടും  കത്തുകളിലൂടെ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു. അവരുടേ ഓരോ കത്തും മേല്‍ വിലാസക്കാരനു മാത്രമുള്ളതായിരുന്നില്ല. അത് അക്ഷര ബന്ധുക്കളുടെ പൊതു സ്വത്തായി പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഒന്നും ഒരു പദ്ധതിയായിരുന്നില്ല, ആകസ്മികവുമായിരുന്നില്ല, ഒരു ചെടി വളരുന്നതു പോലെയുള്ള സഞ്ചാരങ്ങളായിരുന്നു. വേരുകള്‍ ജലം തേടി അതുള്ള ഇറക്കങ്ങളിലേക്ക് പോയി, ചില്ലകള്‍ വെളിച്ചം തേടി ആകാശത്തിന്റെ ചെരിവുകളിലേക്ക് പോയി. 

ദാറുല്‍ ഹുദക്കാലം എനിക്കു വന്ന കത്തുകളുടെ വലിയ കെട്ട് ഒന്നാകെ വിരിച്ചിട്ട ശേഷം അതില്‍ നിന്നോരോന്നെടുത്തു നോക്കി, നസീര്‍ കടിക്കാടെന്ന കവി സുഹൃത്ത് പറഞ്ഞു. ടാ...നിന്റെ നിര്‍മ്മാണ രഹസ്യങ്ങള്‍ പോലെ തോന്നുന്നു ഇവയെനിക്ക്.

ബഷീര്‍ മരിച്ചു പോയതിന്റെ ശേഷമുള്ള ഏതോ ഒരു മാസം, മേല്‍പറഞ്ഞ ആനുകാലികങ്ങള്‍ വായിച്ചതിന്റെ ജോറില്‍, ബഷീറിനെ കുറിച്ച് ഞാനുമെനിക്കു മാത്രം വായിക്കുന്നതിന് ഒരു ലേഖനമെഴുതി നോട്ട് ബുക്കില്‍ സൂക്ഷിക്കുന്നു. തൊട്ടു മുമ്പേ ഞാന്‍ വായിച്ചിരുന്ന ബാല്യകാല സഖിയാണ് എന്റെ ബഷീര്‍ ലേഖനത്തിലെ പ്രധാന പരാമര്‍ശം. എം.പി പോള്‍ എന്ന കൃസ്ത്യാനിയെ കൊണ്ട് അവതാരികെ എഴുതിച്ചത് ഒട്ടും ശരിയായില്ല, മുസ്ലിമുകള്‍ ആരെങ്കിലും ആയിരുന്നു അപ്പണി ചെയ്യേണ്ടതെന്നും ആ ലേഖനത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നു കൂടിയുണ്ട്. ലേഖനത്തിലെ മറ്റൊരു വിമര്‍ശം, ബാല്യകാല സഖി ജീവിതത്തില്‍ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിയ്ക്കുന്നു എന്ന അവതാരികാകാരന്റെ അഭിപ്രായത്തെ പറ്റിയാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന കണ്ടെത്തലില്‍ പുതുമയൊന്നുമില്ലെന്നും, സുന്നത്ത് കല്യാണം, മാര്‍ക്കം കഴിക്കല്‍ എന്നൊക്കെ മുസ്ലിമുകള്‍ പറയുന്ന സംഗതി മി. പോളിനറിയാത്തതു കൊണ്ടാണെന്നും, എല്ലാ മുസ്ലിമുകളുടെയും ജീവിതത്തില്‍ വക്കില്‍ രക്തം പൊടിയുന്ന അനുഭവമുണ്ടെന്നുമൊക്കെ ആയിട്ടങ്ങനെ കത്തിപ്പിടിക്കുകയാണ് എന്റെ വര്‍ഗീയ വിമര്‍ശം. ഇപ്പോഴത് വായിക്കുമ്പോള്‍ അന്നത്തെ എന്നെ എനിക്കു കാണാം. 

 

Rafeek thiruvalloor on vaikom Muhammad Basheer

പി കുഞ്ഞിരാമന്‍ നായര്‍

 

വേറൊരു പി കുഞ്ഞിരാമന്‍ നായര്‍

വായനയിലേക്കും കവിതയിലേക്കും ഞാന്‍ നാടുകടത്തപ്പെടുന്നതോടെ മാസാന്ത അവധി ദിനങ്ങളില്‍ വീട്ടില്‍ പോകുന്നത് നിര്‍ത്തി കോഴിക്കോട് നിന്ന് അത്ര അകലെയല്ലാത്ത നരിക്കുനിയിലെ മാഷിന്റെ വീട്ടിലെത്തുകയും പുതിയ പുസ്തകങ്ങളുമായി മടങ്ങുകയും ചെയ്യുന്നു. 1994-1996 വര്‍ഷങ്ങളില്‍ മൂഴിക്കലിലെ അടുത്തടുത്ത വീട്ടുകാരായ ഷാജു മാഷും ലത്തീഫ് മാഷും ദാറുല്‍ഹുദയിലെത്തുന്നു. എന്റെ സാഹിത്യ പരിചയം കവിതയെഴുതാനുള്ള അത്യാഗ്രഹമായി തീരുന്നുണ്ട് അതിനിടെ. ബഷീറിലൂടെ, സാധാരണ വാക്കുകള്‍ കോര്‍ത്തുകൊണ്ട് ഉണ്ടാക്കുന്നതു കൂടിയാണ് സാഹിത്യമെന്ന വിചാരം വരികയും, വായനയിലും കവിതയിലും ഒളിച്ചു പാര്‍ക്കാന്‍ തുടങ്ങുകയും വായന ജോറാകുകയും ചെയ്യുന്ന അതേ കാലത്ത് കേരളത്തിലെ സുന്നി പ്രസിദ്ധീകരണങ്ങളില്‍ എന്റെ ലേഖനങ്ങള്‍ സ്ഥിരമായി വന്നു തുടങ്ങുന്നു. ഞാനന്ന് റഫീക്ക് തണ്ടോട്ടിയാണ്.  

കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം എന്ന വലിയ മനുഷ്യനെ പരിചയപ്പെടുന്നതും അതേ സമയത്താണ്. കവിയുടെ കാല്പാടുകള്‍ നല്ല രസത്തില്‍ വായിച്ച് പി.കുഞ്ഞിരാമന്‍ നായരെ കൊണ്ട് നടക്കുന്ന നാളുകള്‍ കൂടെയാണത്. ദാറുല്‍ ഹുദാ പള്ളിയില്‍ ഉച്ച നിസ്‌കാരത്തിനു വന്ന തോളില്‍ ഒരു മുണ്ടിട്ട ഒരു തനി നാടന്‍ കാക്കയെ ഞാന്‍ കാണുന്നുണ്ട്. ഏതോ സഹപാഠിയുടെ രക്ഷിതാവാകും എന്നേ തോന്നിയുള്ളൂ. ഉച്ച നിസ്‌കാരവും ഉച്ചയൂണും കഴിഞ്ഞ് വാരാന്തയിലൂടെ ക്ലാസിലേക്ക് നടക്കുന്ന എന്നെ വൈസ് പ്രിന്‍സിപ്പള്‍ ബഹാ ഉസ്താദിന്റെ (ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി) റൂമില്‍ നിന്നാരോ വിളിക്കുകയാണ്. ചെന്നു സലാം പറഞ്ഞ് ആ മുറിയില്‍ കേറിയപ്പോ നേരത്തെ കണ്ട കാക്ക അവിടെ ഇരിക്കുന്നു. ഉസ്താദ് എന്നോട് പറഞ്ഞു ഇതാണ് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം. 

അതാരെന്ന് മനസ്സിലാക്കാന്‍ എനിക്കൊട്ടും വിഷമമുണ്ടായില്ല. കാരണം മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന കരീം മാഷിന്റെ ഗ്രന്ഥം എനിക്ക് അതിനു മുമ്പേ ഉസ്താദു തന്നെ തന്നിട്ടുണ്ട്. മലയാള സാഹിത്യത്തിലെ മുസ്ലിമുകള്‍ ആരൊക്കെ എന്നൊക്കെ ഞാന്‍ ഉസ്താദിനോട് ചോദിക്കുമായിരുന്നു. അങ്ങനെയാണ് സി.എന്‍ അഹ്മദ് മൗലവിയും മാഷും ചേര്‍ന്നു നടത്തിയ ചരിത്ര പഠനങ്ങളുടെ ഫലമായ ആ ഗ്രന്ഥം ഉസ്താദിന്റെ വീട്ടു ലൈബ്രറിയില്‍ നിന്ന് എനിക്കു കിട്ടുന്നത്. ഉസ്താദിന്റെ മൂത്ത മകന്‍ ഷറഫുദ്ദീന്‍ എന്റെ അടുത്ത കൂട്ടും സഹപാഠിയുമായതിനാല്‍ ഉസ്താദിന്റെ വീട്ടില്‍, ദാറുല്‍ ഹുദയിലെ ഹലാല്‍ വായനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത അമ്മാതിരി പല പുസ്തകങ്ങളുമുണ്ടെന്നും എനിക്ക് മനസ്സിലായി. മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ പല കൃതികളും സാഹിത്യ വിശേഷാല്‍ പ്രതികളും ഷറഫുദ്ദീന്‍ ഉപ്പയറിയാതെ എനിക്കു കൊണ്ടത്തന്നു തുടങ്ങി. അതില്‍ ചിലതിലൊക്കെ പലയിടങ്ങളിലായി ഉസ്താദ് കുറിച്ചിട്ട വരികള്‍ ഉള്‍പ്പടെ ഞാന്‍ വായിക്കുകയുമുണ്ടായി. അതു കൊണ്ട് കരീം മാഷിനെ എനിക്ക് ഒറ്റയടിക്ക് മനസ്സിലായി. 

കേരള മുസ്ലിം പൈതൃകവും അതിന്റെ ശേഷിപ്പുകളും തേടി കേരളം മുഴുവന്‍ സഞ്ചരിക്കുകയും പരമാവധി രേഖകള്‍ സമാഹരിക്കുകയും ചെയ്ത ആളാണ് കരീം മാഷ് എന്ന കാര്യവും ഉസ്താദ് പറഞ്ഞിരുന്നു. മാഷാകട്ടെ എഴുന്നേറ്റ് നിന്ന് എന്റെ തലയില്‍ തടവി കൊണ്ട് നാടും വിശേഷങ്ങളുമൊക്കെ ചോദിക്കുകയാണ്. നോക്കുമ്പോ എന്റെ നാടായ തിരുവള്ളൂര്‍, അടുത്തുള്ള പൈങ്ങോട്ടായി, പിന്നെ വടകരയുടെ കാര്യം പറയാനില്ല, തുടങ്ങി എല്ലാ സ്ഥലങ്ങളെ കുറിച്ചും മാഷിനു മറ്റാര്‍ക്കുമറിയാത്ത പലതുമറിയാം. മാഷെന്നെ ഓമനിക്കുമ്പോള്‍ എനിക്കു കുഞ്ഞിരാമന്‍ നായരെ പിന്നെയും ഓര്‍മ്മ വന്നു, മഹാകവിയെ കണ്ടിട്ടില്ലാത്ത ഞാന്‍ ഫോട്ടോയില്‍ കണ്ട അതേ രൂപവും മട്ടും കരീം മാഷില്‍ കണ്ടു. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എനിക്കു വായിക്കാന്‍ തന്ന കാര്യം ഉസ്താദ് തന്നെ മാഷിനോട് പറഞ്ഞു. അപ്പോ മാഷെന്നോട് എന്റെ കീശയിലുള്ള പെന്നു ചോദിച്ചു, വല്യേക്ക ബഹ്റൈനില്‍ നിന്നയച്ചതായിരുന്നു ലേഖനമൊക്കെ എഴുതിത്തുടങ്ങിയ മരുമകന് ആ പേന. അത് മാഷെടുത്തു. എനിക്കൊന്നും മനസ്സിലായില്ല. 

പിന്നീട് കോഴിക്കോട്ടെ മള്‍ബറിയില്‍ നിന്ന് പുസ്തകങ്ങളും വാങ്ങി മിട്ടായി തെരുവിലൂടെ നടക്കുന്ന ഞാന്‍ വീണ്ടും കരീം മാഷിനെ കണ്ടു. മാഷെന്നെയും കൂട്ടിയായി പിന്നെ നടത്തം. മാനാഞ്ചിറ, സ്റ്റേഡിയം ഗ്രൗണ്ട് വഴി ഡീസി ബുക്സിലേക്കാണു മാഷ്. മാഷ് സംസാരിച്ചു കൊണ്ടേയിരുന്നു. ഡീസീ ബുക്സില്‍ നിന്ന് മാഷ് ബഷീറിന്റെ അപ്പോള്‍ ഇറങ്ങിയ മൂന്നാലു ബുക്കുകള്‍ വാങ്ങി. എനിക്കു പുസ്തകങ്ങള്‍ വേണമോ എന്നു ചോദിച്ചപ്പോള്‍; കിട്ടിയാല്‍ തരക്കേടില്ല എന്ന നിയ്യത്തോടെ ഞാന്‍ വേണ്ടാന്ന് മുഖത്തെഴുതി. ബഷീര്‍ സമ്പൂര്‍ണ കൃതികളിറങ്ങിയിട്ടും, ഷാജു മാഷിന്റെ കയ്യില്‍ ഞാനതു കണ്ടതുമാണ്, പിന്നെന്തിനാണീ മനുഷ്യന്‍, ചരിത്രവും, സാഹിത്യ ചരിത്രവും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഈ മനുഷ്യന്‍ ഇപ്പോള്‍ ബഷീറെഴുതിയ പുസ്തകങ്ങള്‍ വാങ്ങുന്നത്. എനിക്കെന്നെ അടക്കിപ്പിടിക്കാന്‍ പറ്റാത്തതു കൊണ്ട് ഞാനതു ചോദിച്ചു. ബഷീര്‍ നമ്മള്‍ക്ക് തന്ന കണക്ക് വച്ചു നോക്കിയാല്‍ എല്ലാ പുസ്തകങ്ങളും നമ്മള്‍ ഇടക്കിടക്ക് വാങ്ങി അദ്ദേഹത്തിന്റെ മക്കള്‍ക്കെങ്കിലും വല്ലതും കിട്ടാനുള്ള വഴിയുണ്ടാക്കണം, നിനക്കറിയുമോ ബഷീറിന്റെ മകളാണ് നീ അവിടെ കണ്ട മനുഷ്യത്തി, ഷാഹിന എന്നൊക്കെ മാഷു പറഞ്ഞു. ഞാന്‍ റബ്ബനായെന്ന് വിസ്മയപ്പെട്ട് നില്‍ക്കുമ്പോള്‍ മാഷ് നീ ബഷീറിന്റെ എന്തൊക്കെ വായിച്ചിട്ടുണ്ട്, എങ്ങനെയൊക്കെ വായിച്ചിട്ടുണ്ട് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. എനിക്ക് പ്രത്യേകിച്ച് ഒരുത്തരവും പറയാനില്ല. 

ഒരര മണിക്കൂര്‍ ബഷീറിനെ വായിക്കേണ്ട വിധം മാഷെനിക്ക് ചുരുക്കി പറഞ്ഞു തന്നു. ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു ഒന്നുകൂടെ വായിക്കാനും ഞാനിപ്പറഞ്ഞതൊക്കെ നിനക്കതില്‍ നിന്നും കുഴിച്ചെടുക്കാനാകുമെന്നും മാഷ് പറഞ്ഞു. മുസ്ലിങ്ങളെ അവര്‍ വീണ പടുകുഴികളില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ രാവും പകലും കണ്ണിലെണ്ണ പകര്‍ന്ന വക്കം മൗലവി ഉഴുതു മറിച്ച മണ്ണിന്റെ മണം ബഷീറിന്റെ ശ്വാസധാരക്ക് ഉജ്ജീവനമേകി എന്നു തുമ്പമണ്‍ മണ്‍ തോമസ് എഴുതിയത് പറഞ്ഞു. (ഈ വാക്യം മാഷു പറഞ്ഞ പടിയല്ല ഇത്, ഞാന്‍ പിന്നീട് വായിച്ച രൂപമാണിത്). ചെറുപ്പ കാലത്ത് ഞാന്‍ വായിച്ച പുസ്തകങ്ങളിലെ നീചകഥാപാത്രങ്ങളെല്ലാം മുസ്ലിം പേരുള്ളവരായിരുന്നു. കള്ളന്‍മാര്‍, കൊലപാതകികള്‍, ആഭാസന്‍മാര്‍, പിടിച്ചുപറിക്കാര്‍. ഇതു കണ്ട് എനിക്കു വിഷമം തോന്നി. വലുതാകുമ്പോള്‍ ശരിയായ ഇസ്ലാമിനേയും മുസ്ലിംകളേയും കുറിച്ച് എഴുതണമെന്നു തീരുമാനിച്ചതിന്റെ ഫലമായാണ് ഞാനെഴുതിത്തുടങ്ങിയത് എന്നു ബഷീര്‍ തന്നെ എഴുതിയിട്ടുള്ളത് പറഞ്ഞു തന്നു. 

നടന്നും നിന്നും ഞങ്ങള്‍ പുതിയ സ്റ്റാന്‍ഡില്‍ എത്തിക്കഴിഞ്ഞിരുന്നു. രണ്ട് അവല്‍ മില്‍ക്ക് വാങ്ങി ഒന്നെനിക്കു തന്നു, ഒന്നു മാഷുമെടുത്തു. മാഷ് കൊണ്ടോട്ടിക്കുള്ള ബസ്സിനും ഞാന്‍ ചെമ്മാട്ടേക്കുള്ള ബസ്സിനും വെവ്വേറെയായി. അതിനു ശേഷം എന്റെ ബഷീര്‍ വായന മാത്രമല്ല, മൊത്തം വായന തന്നെ മറ്റൊരു രൂപത്തിലാവുകയും വായന ഒരു പ്രവൃത്തി ആയി രൂപാന്തരപ്പെടുകയും ചെയ്തു. എന്റെ കൂടെ പഠിച്ചവര്‍ക്കൊക്കെ ദാറുല്‍ ഹുദ സനദ് കൊടുത്ത സമ്മേളന ദിവസം, എനിക്കതു കിട്ടാതിരുന്ന ദിവസം എന്റെ മുന്‍ കയ്യോടെ കോളജ് മുറ്റത്ത് വൈകുന്നേരമൊരു സാംസ്‌കാരിക സമ്മേളനം നടന്നിരുന്നു. കരീം മാഷും തോപ്പില്‍ മുഹമ്മദ് മീരാനും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും വീരാന്‍ കുട്ടിയും അതില്‍ സംസാരിക്കാനെത്തി. മാപ്പിള പൈതൃകത്തിന്റെ സംരക്ഷണമായിരുന്നു വിഷയം. ആമുഖമായി ഞാനൊരു പ്രബന്ധം എഴുതി വായിച്ചു കൊണ്ടായിരുന്നു അതിന്റെ തുടക്കം. അതിലേക്ക് വിളിച്ചിട്ടും വരാന്‍ പറ്റാതെ പോയ റഹീം മേച്ചേരി ആ പ്രബന്ധം ചോദിച്ചു വാങ്ങി ചന്ദ്രികയുടെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തി. ആ വേദിയില്‍ വെച്ചാണ് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും തോപ്പില്‍ മുഹമ്മദ് മീരാനും ആദ്യമായി തമ്മില്‍ കാണുന്നത്, പിന്നീടവര്‍ തമ്മില്‍ കണ്ടിട്ടുണ്ടാകാനുമിടയില്ല. 

 

Rafeek thiruvalloor on vaikom Muhammad Basheer
എന്‍ എസ് മാധവന്‍

 

എന്‍ എസ് മാധവനും ബഷീറും 

വായനയുടെ തുടര്‍ന്നുള്ള കാലങ്ങളില്‍ പിന്നെയും പിന്നെയും ബഷീറിലേക്ക് തിരിച്ചു പോകുന്നുണ്ടായിരുന്നു. ബഷീര്‍ മൊത്തം മൗലികമാണെന്ന് എപ്പോഴും തോന്നിപ്പിച്ചത് വീണ്ടും വീണ്ടുമുള്ള ഈ ക്ഷണമാണ്. ആയിടക്കാണ് ഡീസീ ബുക്സ് സച്ചിദാനന്ദനെ എഡിറ്ററാക്കി പച്ചക്കുതിര അവതരിപ്പിക്കുന്നത്. പുതുമയുള്ള നിര്‍മിതിയായിരുന്നു മട്ടില്‍ മാത്രമല്ല കെട്ടില്‍ പോലും ആദ്യ ലക്കങ്ങളിലത്. ഒന്നാമത്തെയോ രണ്ടാമത്തെയോ ലക്കത്തില്‍ അതാ കിടക്കുന്നു എന്‍.എസ് മാധവന്റെ ബഷീര്‍ വിരോധം(അന്നങ്ങനെയാണ് തോന്നുക, ക്ഷമിക്കണം). മാധവന്‍ കഥയോ കാര്യമോ കളിയോ ആയിട്ടെന്തെഴുതിയാലും ഒരു വിട്ടുവീഴ്ചയുമില്ലാതെ വായിക്കുകയും അവ എടുത്തു വെക്കുകയും ചെയ്യുന്ന ഞങ്ങള്‍ക്കൊന്നടങ്കം മൂത്ത കലികയറി. മധവന്‍ പേന കൊണ്ട് എഴുതുകയല്ല, ആശാരിമാര്‍ ഉളി കൊണ്ട് മരത്തില്‍ ചെയ്യുന്ന പോലെ എന്തോ ചെത്തിയെടുക്കുകയാണ് ഭാഷയില്‍ എന്നേ എനിക്കെപ്പോഴും തോന്നൂ. മാധവനല്ലാത്ത വല്ല ശ്രീജനോ ശ്രീജിതനോ ബഷീറിലെ തമോഗര്‍ത്തങ്ങള്‍ തിരഞ്ഞാല്‍ സഹിക്കാമായിരുന്നു. ഇത് മാധവനാണ്. സഹിക്കാന്‍ പറ്റുന്നില്ല. 

ഉടനെ ഞങ്ങള്‍ യോഗം ചേര്‍ന്നു. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. മരുഭൂമികള്‍ പൂക്കുമ്പോള്‍ എഴുതിയ എം.എന്‍ വിജയന്‍ മാഷ് ഇപ്പോള്‍ നമ്മുടെ ആളാണല്ലോ, നീ പോയി മാഷിനെ കണ്ട് സംസാരിക്കൂ എന്ന് ശരീഫ്. വി.കെ നാരായണന്‍ കുട്ടി നായരുടെ ഹാജര്‍ വളരെ കുറവാണ് വി.കെ.എന്‍ എഴുതുമ്പോള്‍ എന്നൊക്കെ വി.കെ.എന്‍ മരിച്ചപ്പോള്‍ തന്നെ മാധവന്‍ ബഷീറിനിട്ട് താങ്ങിയിട്ടുണ്ട്, ബഷീറിനോടെന്തോ വിരോധമുണ്ട് മാധവന് എന്നു എന്നേക്കാള്‍ മാധവ ബാധയുള്ള അവന്‍ പറഞ്ഞു. അങ്ങനെ മാഷിനെ കണ്ടു. മാഷ് പറഞ്ഞതു മുഴുവന്‍ പകര്‍ത്തി ആ ലക്കം ചന്ദ്രിക വാരാന്തപ്പതിപ്പിറക്കി. 2004 ജൂലൈ നാലിന്. നാലു പേജുള്ള വാരാന്തപ്പതിപ്പിന്റെ രണ്ടര പേജില്‍ നിറയെ എം.എന്‍ വിജയനുമായി നീണ്ട സംഭാഷണം, ബഷീര്‍ പാര്‍ക്കുന്ന ലോകങ്ങള്‍. ഭാവനയും അനുഭവവും സാഹിത്യത്തിലെ അമ്മയും അച്ഛനും പോലെയാണെന്നും ആരാ നല്ലതെന്ന ചോദ്യം ഉത്തരം അര്‍ഹിക്കുന്നതല്ലെന്നുമൊക്കെ പറഞ്ഞു കൊണ്ട് മാഷ് രോഷം കൊള്ളുമ്പോള്‍ അഭിമുഖകകാരന്‍ നമ്മുടെ മുതഅല്ലിം ചോദിച്ചു, മാഷാണ് ബഷീറിന്റെ യാത്രകളെ വല്ലാതെ പൊലിപ്പിച്ച ഒരാള്‍. 

പൊലിപ്പിക്കുന്നതില്‍ എന്താണു തെറ്റ്, കഥക്ക് ടൈറ്റില്‍ ഇടുന്നത് പോലും പൊലിപ്പിക്കലാണ്. വെണ്ടക്ക അക്ഷരത്തില്‍ എഴുതുക എന്നു പറയുന്നത് പൊലിപ്പിക്കലല്ലേ എന്നൊക്കെ കുറേ ചോദ്യങ്ങള്‍ തിരികെ ചോദിച്ചു കൊണ്ട് മാഷ് പറഞ്ഞു, 1939-ല്‍ ഫിസിക്സ് പഠിച്ച ഒരാള്‍ രാമായണ പഠനമെഴുതുകയുണ്ടായി. അതില്‍ ഒരു അധ്യായം ഹനുമാന്റെ ചാട്ടത്തെ പറ്റി ആയിരുന്നു. ലങ്കയിലേക്കുള്ള ദൂരവും ഹനുമാന്റെ വേഗവുമൊക്കെ ഗണിച്ചിട്ട് ഹനുമാന്‍ കത്തിപ്പോയിരിക്കണെമെന്നൊക്കെയാണ് കണ്ടെത്തല്‍, അല്ലെങ്കില്‍ ലങ്ക അടുത്തെവിടെയോ ആയിരുന്നു. അന്തരീക്ഷ മര്‍ദ്ദം കാരണം ഇത്ര ഇത്ര സമയം കൊണ്ട് ഇത്ര ഇത്ര ദൂരം ചാടുന്ന ശരീരം കത്തിപ്പോകും. സമയവും ദൂരവും വച്ചിട്ട് അളക്കുകയാണ്. പക്ഷേ ഇപ്പോഴും ആളുകള്‍ രാമായണം വായിക്കുന്നു, എന്‍.ബി.എസ്സില്‍ ആകെ വിറ്റുപോകുന്ന ബുക്ക് അതു മാത്രമാണ്(ചിരി). എനിക്കും, ഞങ്ങള്‍ക്കൊന്നാകെ വലിയ സമാധാനമായി. ജിഹാദില്‍ ജയിച്ചു വരുന്ന ഒരാളെ പോലെയാണന്ന് കൊടുങ്ങല്ലൂരില്‍ നിന്നും മടങ്ങിയത്.

 

Rafeek thiruvalloor on vaikom Muhammad Basheer

റഫീഖ് തിരുവള്ളൂര്
 

മതപരമായ വായനകള്‍ 

ബഷീര്‍ വായന ഇപ്പോഴും സജീവമാണ്, മുതഅല്ലിമിന്റെ കാര്യത്തില്‍ മാത്രമല്ല, പല തലങ്ങളില്‍. എം.ടിയുടെ പേരിലുള്ള ജാതിയുടെ വാല്‍, എന്‍.പി മുഹമ്മദും കെ.ടി മുഹമ്മദും മുസ്ലിം കാര്‍ഡ് കളിക്കാതിരുന്നതിനാല്‍ കിട്ടാതെ പോയ മാധ്യമ പ്രീതി, ഗള്‍ഫ് പണത്തെ മുന്‍നിര്‍ത്തി കോഴിക്കോട് ഭാഗങ്ങളില്‍ നടക്കുന്ന സെക്കുലര്‍ നാടകങ്ങള്‍ എന്നിങ്ങനെ കുറഞ്ഞ വരികളില്‍ പല ഉള്ളടക്കങ്ങള്‍ നിറച്ച പലതരം ലോജിക്കുകളാല്‍ നടത്തുന്ന അപവായനകള്‍ ധാരാളം. ബഷീര്‍ എന്ന മനുഷ്യനോട് ഏറ്റുമുട്ടുന്ന ഐഡന്റിറ്റിയാണ് ബഷീര്‍ എന്ന മുസ്ലിം എന്ന നിഗമനത്തില്‍ അവതരിക്കപ്പെടുന്ന വാദങ്ങള്‍, എതിര്‍വാദങ്ങള്‍. മനുഷ്യന്റെ, എഴുത്തുകാരന്റെ പല ഐഡന്റിറ്റികള്‍ സംഘര്‍ഷത്തിലല്ല, പരസ്പര പൂരണമാണവ ചെയ്യുന്നത്. ബഷീര്‍ നേരത്തേ തിരിച്ചറിഞ്ഞ കാര്യമാണിത്. കുശിനിക്കാരന്‍, കൈനോട്ടക്കാരന്‍, മാന്ത്രികന്‍, ഖലാസിപ്പണിക്കാരന്‍ എന്നീ അറിയാവുന്ന പണികളില്‍ ഒന്നു മാത്രമാണ് എഴുത്തെന്ന് ബഷീര്‍. ഇവയിലെല്ലാം മനുഷ്യത്വത്തിന്റെ പാകമായിരുന്നു ബഷീറിന്റെ ശ്രദ്ധ. ഈ മാനവികബോധം ബഷീറിനു നല്‍കിയതില്‍ അദ്ദേഹത്തിന്റെ മത വിശ്വാസത്തിനും പങ്കു കാണുമെന്ന നിരീക്ഷണത്തെ മൗലികമായിത്തന്നെ കാണണം, അതിനെ മതമൗലിക വാദമായി കാണുന്നതിലാണ് കുഴപ്പം. നല്ല മനുഷ്യനാകുന്നതിന് മുസ്ലിമാകുക തടസ്സമാണെന്ന് ഫലത്തില്‍ നിരീക്ഷിക്കുന്നതാണതിലേറെ വലിയ പാതകം. ഒപ്പം, ബഷീറിനെ ബഷീറാക്കിയത് അദ്ദേഹത്തിലെ മുസ്ലിമാണെന്ന തരത്തിലേക്ക് പോകുന്ന വാദങ്ങളെ തീവ്ര വാദമായിത്തന്നെ കാണണം, കാരണം, ബഷീറല്ലാത്തവരുടെ കാര്യത്തില്‍ പിന്നെ ഇസ്ലാമിനെന്തു പറ്റി എന്നു ഉറക്കെ ചോദിക്കപ്പെടുകയും വേണം. 

ബഷീറിലെ സഹജമായ നിഷ്‌കളങ്കതയേയും, സ്നേഹകാരുണ്യ ലാഘവത്വങ്ങളേയും അദ്ദേഹത്തിനു തന്നെ വിട്ടു കൊടുക്കുന്നതാണ് ഭംഗി. ഉദ്ധാരണ ശേഷി (വേദവാക്യങ്ങള്‍ ഉദ്ധരിച്ചു പറയാനുള്ള അപാരമായ ഓര്‍മ്മശക്തി) അമിതമായ അനേകം മത പണ്ഠിതരേക്കാള്‍ എഴുത്തിലും ജീവിതത്തിലും ഇസ്ലാമിനെ ആവിഷ്‌കരിക്കാന്‍ ബഷീറിനായിട്ടുണ്ട് എന്നതു വേറെ കാര്യം. ജീവിതത്തിന്റെ മൗലികമായ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ചോദനകളിലും തൊടുമ്പോഴാണ് സ്നേഹം സ്നേഹവും എഴുത്ത് എഴുത്തും പ്രണയം പ്രണയവും ജീവിതം ജീവിതവുമാകുന്നത് എന്ന അറിവിന്റെ ചുരുക്ക രൂപമായി ബഷീര്‍ ഇപ്പോഴും, ആ മുതഅല്ലിം തൊപ്പിയും വെള്ളക്കുപ്പാടവും അഴിച്ചു കഴിഞ്ഞിട്ടും എന്നിലുണ്ട്. പ്രണയിനിക്ക്, മലമൂത്ര വിസര്‍ജ്ജനത്തിന് എങ്ങനെ കക്കൂസുകള്‍ നിര്‍മ്മിക്കാം എന്ന് പഠിപ്പിക്കുന്ന നായകനെ ഭാവന ചെയ്യാന്‍ ബഷീറിനെ കഴിയൂ എന്ന ആദരവുമുണ്ട്. ഇബ്രാഹിം ബേവിഞ്ച ഈ ദിശയില്‍ നടത്തിയിട്ടുള്ള ബഷീര്‍ വായനകള്‍ ആ മുതഅല്ലിമിനു കൂട്ടുണ്ട്.

ബഷീറിനെ കുറിച്ച് സംസാരിക്കേണ്ടി വന്ന ഒരു സദസ്സില്‍ സഹജമായ, തോന്നലിലൂന്നാനുള്ള ഇഷ്ടം കൊണ്ട് ബഷീര്‍ ഒരു സഹാബിയാണെന്ന് ഞാനങ്ങു പറഞ്ഞു. ഒന്നു പൊലിപ്പിച്ചതാണ്. മുഹമ്മദ് നബിയെ കാണുകയും സഹവസിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത അനുചരന്‍മാരെ കുറിച്ച് പറയുന്നതിനുള്ള അറബി വാക്കാണത്. സഖാവ് എന്നര്‍ത്ഥം. മതതത്വപരമായ സാങ്കേതികത മാറ്റിവച്ചുകൊണ്ടതിനെ സ്വീകരിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടും കുറച്ചു പേര്‍ മസിലു പിടുത്തം വിട്ടില്ല. രസിച്ചെടുക്കേണ്ടത് ഉരസി എടുക്കാനാണല്ലോ പലര്‍ക്കുമിഷ്ടം. നബി പക്ഷേ, തന്റെ സഖാക്കള്‍ നക്ഷത്രങ്ങളെ പോലെയാണെന്നും, അവരെ പിന്തുടര്‍ന്നു പോയാല്‍ ശരിയായ വഴിയിലെത്തുമെന്നും പറഞ്ഞത് വച്ചു ബഷീറും സഹാബിയാകില്ലേ, ബഷീറിനെ പിന്തുടര്‍ന്നു പോയിട്ട് വഴികേടിലാകാനുള്ള സാധ്യത നമ്മുടെ മതനേതൃസ്ഥാനീയരെ പിന്തുടര്‍ന്നു പോയാലുള്ളതിനേക്കാളും എത്രയോ കുറവാണ്. ഇത്രയൊക്കെ പറഞ്ഞു നോക്കിയിട്ടും നമ്മുടെ മുതഅല്ലിമിനെ അവര്‍ ശരിവെക്കുന്നില്ല. ഇന്ന് ബഷീര്‍ മരിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷം. ബഷീറിനെ പക്ഷേ, വരുന്ന കാലം ശരിവെക്കുമായിരിക്കും.

Follow Us:
Download App:
  • android
  • ios