Asianet News MalayalamAsianet News Malayalam

കേള്‍ക്കാതെ പോയ ബാങ്കുവിളി

ഏറ്റവും നീളമേറിയ നോമ്പ്. റഫീസ് മാറഞ്ചേരി എഴുതുന്നു 

ramadan notes by rafees maranchery
Author
Thiruvananthapuram, First Published Apr 15, 2021, 5:16 PM IST

അന്ന്, പക്ഷെ വിളികളൊന്നും കേട്ടില്ല. എങ്കിലും ഉമ്മ ഇടക്കിടെ അവരുടെ മുറിയില്‍ പോയി നോക്കും. പ്രാര്‍ത്ഥിക്കാന്‍ വയ്യെങ്കിലും ചൂണ്ടു വിരലില്‍ മണിമാല തൂക്കിയിട്ട് തള്ള വിരലുകള്‍ കൊണ്ട് അതിലെ മണികള്‍ എണ്ണം പിടിച്ച് സൂക്തങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലുന്നുണ്ടാവും. അല്ലെങ്കില്‍ പണ്ടെങ്ങോ മനഃപാഠമാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ ഓര്‍ത്തെടുത്ത് ചൊല്ലുകയാവും. അതുമല്ലെങ്കില്‍ കൈകള്‍ ജനല്‍ കമ്പിയില്‍ മുറുക്കി പിടിച്ച് പുറത്തേക്ക് നോക്കി നില്പുണ്ടാവും.

 

ramadan notes by rafees maranchery

 

നിരവധി കാലങ്ങളിലൂടെയുള്ള പലായനങ്ങള്‍ക്കൊടുവില്‍ ചാന്ദ്രമാസക്കലണ്ടറില്‍ ആ വര്‍ഷത്തെ നോമ്പുകാലം കുറിക്കപ്പെട്ടത് കഠിന വേനലിന്റെ അറ്റത്തായാണ്. നാലുമക്കളും കാലിന് വൈകല്യമുള്ള അവിവാഹിതയായ ഭര്‍തൃസഹോദരിയുമടങ്ങുന്ന കുടുംബത്തെ നയിച്ച് നോമ്പിനൊപ്പം ഉമ്മയും ഓടിത്തളര്‍ന്നു.

ഭര്‍തൃ സഹോദരിയുടെ ഒരു കാലിന്റെ വൈകല്യത്തിനൊപ്പം മറു കാലിന്റെ ബലവും കുറേശ്ശെ കവര്‍ന്നെടുത്താണ് ആയുസ്സ് താളുകള്‍ മറിച്ചത്. അത് കൊണ്ട് തന്നെ ഉറക്കത്തിനൊപ്പം ഊണും ഇരിപ്പും കിടപ്പു മുറിയില്‍ തന്നെ. 

'ഉമ്മോ...'

എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി അവര്‍ നാത്തൂനെ നീട്ടി വിളിക്കും.

'ദാ വരുന്നു വല്യത്താ..' 

തൊടിയിലോ വീട്ടിലെ മറ്റിടങ്ങളിലോ ആയാല്‍ പോലും ഉമ്മ ആ വിളി കേള്‍ക്കും. കേള്‍വി ശക്തി കുറഞ്ഞതായതിനാല്‍ വലിയ ശബ്ദത്തില്‍ തന്നെയാവുമത്.

അന്ന്, പക്ഷെ വിളികളൊന്നും കേട്ടില്ല. എങ്കിലും ഉമ്മ ഇടക്കിടെ അവരുടെ മുറിയില്‍ പോയി നോക്കും. പ്രാര്‍ത്ഥിക്കാന്‍ വയ്യെങ്കിലും ചൂണ്ടു വിരലില്‍ മണിമാല തൂക്കിയിട്ട് തള്ള വിരലുകള്‍ കൊണ്ട് അതിലെ മണികള്‍ എണ്ണം പിടിച്ച് സൂക്തങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലുന്നുണ്ടാവും. അല്ലെങ്കില്‍ പണ്ടെങ്ങോ മനഃപാഠമാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ ഓര്‍ത്തെടുത്ത് ചൊല്ലുകയാവും. അതുമല്ലെങ്കില്‍ കൈകള്‍ ജനല്‍ കമ്പിയില്‍ മുറുക്കി പിടിച്ച് പുറത്തേക്ക് നോക്കി നില്പുണ്ടാവും.

എന്നും ഒരേ കാഴ്ച്ചയാണെന്നാലും ചില ആജ്ഞകള്‍ ഉമ്മയോട് പുറപ്പെടുവിക്കാന്‍ അവസരം നല്‍കി ഇടക്കൊരു തേങ്ങയോ, ഉണങ്ങിയ കൊതുമ്പോ തെങ്ങുകള്‍ പൊഴിച്ചിടും.

'ഉമ്മോ ഒരു തേങ്ങ വീണ് കിടക്കുന്ന്ണ്ട് ട്ടാ.. '

'ഉമ്മോ ആ കൊതുമ്പ് എടുത്ത് വിറക് പൊരയില്‍ കൊണ്ടിട്ടോട്ടാ..'

അങ്ങിനെ ആ മുറിയിലിരുന്നും ചില കാര്യങ്ങളൊക്കെ അവര്‍ നിയന്ത്രിക്കും.

ആ നിയന്ത്രണങ്ങളില്‍ അടുക്കളയുമുണ്ട്.

'നാളെ ഇച്ചിരി ഇറച്ചി വാങ്ങിപ്പിച്ചോട്ടാ ഉമ്മോ.. ആദ്യത്തെ നോമ്പല്ലേ... പിന്നെ നോമ്പ് തുറക്കുന്ന സമയത്ത് ചക്കര മത്തന്‍ കൂടി ഉണ്ടായ്‌ക്കോട്ടെ.. ഈ ചൂടത്ത് നല്ലതാ..'

നാത്തൂന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം പഴം പൊരിയു ഉള്ളിവടയും തരിക്കഞ്ഞിയും വേണമെന്ന മക്കളുടെ ആവശ്യങ്ങളും ഏറ്റെടുത്ത് ഉച്ചക്ക് തന്നെ അടുക്കളയില്‍ കയറി ഉമ്മ. നോമ്പ് മുറിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ടെങ്കിലും 'ആയോ, ആയോ' എന്ന് ചോദിച്ച് ഇടക്കിടെ ഞങ്ങളും അടുക്കള സന്ദര്‍ശിച്ചു.

ചെറിയ ഉള്ളി വെളിച്ചെണ്ണയില്‍ സ്വര്‍ണ്ണ നിറത്തില്‍ വറുത്തു കോരി തരിക്കഞ്ഞിയിലേക്ക് പകരുമ്പോഴുള്ള മനം മയക്കുന്ന ഗന്ധം വീടാകെ നിറഞ്ഞു.

'ഇജ്ജ് ആ ഫാത്തിമത്താട്ന്ന് കുറച്ചു ഐസും വെള്ളം വാങ്ങീട്ട് വാ.. നാരങ്ങ കലക്കാം.. ആ തൂക്കുപത്രം എടുത്തോ..'

നോമ്പ് തുറയ്ക്ക് മുമ്പുള്ള അവസാന മണിക്കൂറിലെ അടുക്കളയിലേക്കുള്ള എത്തിനോട്ടത്തിന് ഒരു പണി കിട്ടി.

ഇബ്രാഹിം മുസ്ല്യാര്‍ കയ്യിലൊരു ടോര്‍ച്ചുമായി പള്ളിയിലേക്ക് നടന്നു പോകുന്നത് ഞങ്ങള്‍ക്കൊപ്പം അയല്‍ വീട്ടിലെ കുട്ടികളും ആകാംക്ഷയോടെ ശ്രദ്ധിക്കുന്നുണ്ട്. നോമ്പ് കാലത്ത് ക്‌ളോക്കിലെ സമയ സൂചിയേക്കാള്‍ സാകൂതം വീക്ഷിക്കുക കാഴ്ച്ചകളെയാവും. ഓരോ ചലനങ്ങളിലും നോമ്പ് തുറയിലേക്ക് നീങ്ങുന്ന കാരണങ്ങളെ കണ്ടെത്തും.

മൈക്ക് ഓണ്‍ ചെയ്ത് ഇബ്രാഹിം മുസ്ല്യാര്‍ ഒന്നു മുരടനയ്ക്കും. അദ്ദേഹമത് ശബ്ദം തെളിയാന്‍ ചെയ്യുന്നതാണെങ്കിലും ഞങ്ങള്‍ക്ക് അതൊരു സിഗ്‌നലാണ്. കാരയ്ക്കയെടുത്ത് കയ്യില്‍ പിടിക്കും. വ്രത പൂര്‍ത്തീകരണത്തിന് ഇനി നിമിഷങ്ങള്‍ ബാക്കി.

'വല്യത്താ, ഇതാ നോമ്പ് തുറക്കാനുള്ളത്.. വെള്ളം ഇനിയും വേണേല്‍ ചോദിക്ക് ട്ടാ..'-എന്നു ഉച്ചത്തില്‍ പറഞ്ഞു കട്ടിലിനരികിലെ കുഞ്ഞു പ്ലാസ്റ്റിക് മേശയ്ക്ക് മുകളില്‍ വിഭവങ്ങളെല്ലാം വിളമ്പിയ പാത്രവും പാനീയങ്ങള്‍ നിറച്ച ഗ്ലാസ്സുകളും വെച്ചു ഉമ്മ മടങ്ങി. 

നിശബ്ദതയ്ക്ക് മുകളില്‍ ആനന്ദത്തിന്റെ പെരുമ്പറ കൊട്ടി ബാങ്ക് വിളി മുഴങ്ങി. നോമ്പിനെ മുറിച്ച് കാരയ്ക്കയും ഉള്ളം തണുപ്പിച്ച് നാരങ്ങാ വെള്ളവും  പ്രഥമ സ്ഥാനം കയ്യടക്കി.

ടേബിളില്‍ നിരത്തി വെച്ച വിഭവങ്ങളില്‍ നിന്ന് പലതും ഞങ്ങള്‍ മത്സരിച്ച് എടുത്തുകൊണ്ടിരുന്നു.

'തുറന്ന പാടേ എണ്ണയില്‍ പൊരിച്ചത് അധികം കഴിക്കേണ്ടട്ടാ..' എന്നു പറഞ്ഞു ഞങ്ങള്‍ അവഗണിച്ച തണ്ണി മത്തനില്‍ ഉമ്മ ശ്രദ്ധ കേന്ദ്രീകരിച്ചു.

'ഇനി പള്ളിയില്‍ പോയിട്ട് പോരിന്‍, ഞാന്‍ അമ്മായിയെ ഒന്നു നോക്കട്ടെ..' എന്നു പറഞ്ഞു ഉമ്മ നാത്തൂന്റെ മുറിയിലേക്ക് പോയി.

ബാങ്ക് വിളിച്ചതും വീട്ടിലെ മറ്റെല്ലാവരും ആദ്യ നോമ്പിനെ സന്തോഷ പൂര്‍വ്വം അവസാനിപ്പിച്ചതും അറിയാതെ അവരപ്പോഴും സൂക്തങ്ങള്‍ ഉരുവിട്ട് പുണ്യം തേടിക്കൊണ്ടിരിക്കുകയായിരുന്നു.

ശബ്ദം കേള്‍ക്കാനാവാത്ത അവര്‍ക്ക് കാരക്കയുടെ കുരു കളഞ്ഞു ചീളുകളായി പകുത്തു നല്‍കി കുറ്റബോധത്തോടെ ഉമ്മ. 

ഒരു അശ്രദ്ധയില്‍ പിറന്ന ആ ദേശത്തെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ നോമ്പ് അവസാനിക്കപ്പെടുമ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പിന്നീടുള്ള നോമ്പുകള്‍ പൂര്‍ത്തീകരിക്കും വേളയില്‍ ഇബ്രാഹിം മുസ്ല്യാരുടെ ശബ്ദത്തിനൊപ്പം  ഉമ്മയുടെ ശബ്ദവും വീട്ടില്‍ മുഴങ്ങി. ഹൃദയങ്ങള്‍ പരസ്പരം ചേര്‍ന്നിരുന്നപ്പോള്‍ അവഗണനയുടെ ദൈര്‍ഘ്യം കുറഞ്ഞു. ചുണ്ടുകള്‍ പറയാത്തത് ഹൃദയത്തില്‍ നോക്കിയറിയുമ്പോഴാണല്ലോ കര്‍മ്മങ്ങള്‍ പരിശുദ്ധമായി തീരുന്നത്!

Follow Us:
Download App:
  • android
  • ios