എന്റെ ഉള്ളിലെ 'ഞാന്‍' എന്ന ബിംബത്തെ ഉടച്ചുവാര്‍ത്തത് അവനായിരുന്നു. അവനെ മാത്രമല്ല, എനിക്ക് എന്നെയും എടുത്തു നടക്കാനാവുമെന്നും, എന്നെത്തന്നെ ബഹുമാനിക്കാന്‍ വകയുണ്ടെന്നും അവന്‍ എന്നെ പഠിപ്പിച്ചു.
സ്വന്തം വികാരങ്ങളെ വിശ്വസിക്കാന്‍ കഴിയാത്ത, തീരുമാനങ്ങള്‍ എടുക്കാന്‍ ഭയക്കുന്ന, എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനായി (External Validatioി) ദാഹിക്കുന്ന ഒരു ലോകത്തേക്ക് നാം അവനെ അങ്ങനെ തള്ളിവിടേണ്ടതുണ്ടോ? തന്റെ ആന്തരിക ശബ്ദത്തെക്കാള്‍ മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കാന്‍ കുട്ടി നിര്‍ബന്ധിതനാകുന്ന ഈ അവസ്ഥ, അവന്റെ ആത്മവിശ്വാസത്തിന്റെ വേരറുക്കുന്നു.


യഥാര്‍ത്ഥത്തില്‍ അവനാണ്' എന്നിലെ 'ഞാന്‍' എന്ന വ്യക്തിയെ വളര്‍ത്തിത്തുടങ്ങിയത്. അവന്‍ വന്ന നാളുകളിലാണ് ഞാന്‍ എന്നെത്തന്നെ ശരിയായി കണ്ടുതുടങ്ങിയത്. അവന്‍ കൂരവ് കുറുക്ക് ഇറക്കുന്ന ലാഘവത്തോടെ ജീവിതത്തെ വിഴുങ്ങാനിരുന്ന എന്റെ ഉള്ളിലെ 'ഞാന്‍' എന്ന ബിംബത്തെ ഉടച്ചുവാര്‍ത്തത് അവനായിരുന്നു. അവനെ മാത്രമല്ല, എനിക്ക് എന്നെയും എടുത്തു നടക്കാനാവുമെന്നും, എന്നെത്തന്നെ ബഹുമാനിക്കാന്‍ വകയുണ്ടെന്നും അവന്‍ എന്നെ പഠിപ്പിച്ചു. എന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയ ആ കൊച്ചു നടത്തങ്ങള്‍, പരിമിതികള്‍ നാം തന്നെ തീര്‍ത്ത വേലികളാണെന്നും അവ കടന്നുപോകാനുള്ളതാണെന്നും എനിക്ക് കാണിച്ചുതന്നു.
അവന്‍ വളരുകയാണ്. വിവിധ വഴികളിലൂടെ അവന്‍ തന്റെ നടത്തങ്ങള്‍ തുടരുന്നു. ചിലയിടങ്ങളില്‍ അവന്‍ എന്നെയും കൂട്ടുന്നു, മറ്റു ചിലയിടങ്ങളില്‍ ഒറ്റയ്ക്ക് നടക്കാനും വ്യാപിക്കുവാനും എന്നെ പ്രേരിപ്പിക്കുന്നു.
'മന്നില്‍പ്പരക്കും വെളിച്ചമെന്‍ കണ്ണിനു
നിന്നിളം പുഞ്ചിരിത്തൂമതാനാകണം.
ഓരോ ദളമര്‍മ്മരത്തിലും ഞാന്‍ കേള്‍പ്പ-
തോടിയെത്തും നിന്റെ കാലൊച്ചയാവണം.'
ബാലാമണിയമ്മയുടെ ഈ വരികളിലൂടെ ലോകത്തിന് അമ്മയാകാന്‍ കവിത എന്നെ പ്രേരിപ്പിക്കുമ്പോഴും, എന്റെ ഉള്ളില്‍ ഒരു വിചാരണ നടക്കുകയാണ്. എന്റെ കുട്ടിക്കാലത്തെ ഭീതിയുടെ നിഴലുകള്‍ അറിയാതെ ഞാനും അവന് നല്‍കിയിട്ടുണ്ടോ? എന്നിലെ മുറിവുകളുടെ ബാക്കിപത്രങ്ങള്‍ അവനിലേക്ക് പകര്‍ന്നുപോയിട്ടുണ്ടോ? ചിന്തകള്‍ ഓരോന്നായി മനസ്സില്‍ വിങ്ങുകയാണ്. പരിപൂര്‍ണ്ണത എന്നൊന്ന് രക്ഷാകര്‍ത്തൃത്വത്തില്‍ ഇല്ലെന്ന സത്യം ചുറ്റും നോക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
'അതൊന്നുമില്ല, തോന്നിയതാവും'
ഒരു കുട്ടി തന്റെ കൊച്ചു സങ്കടങ്ങളും സത്യങ്ങളും പങ്കുവെക്കുമ്പോള്‍, 'അതൊന്നുമില്ല, തോന്നിയതാവും' എന്ന് നാം പറയുമ്പോള്‍ മായ്ച്ചു കളയുന്നത് അവന്റെ വൈകാരിക യാഥാര്‍ത്ഥ്യങ്ങളെയാണ്. 'നിനക്ക് തോന്നിയതാണ്' എന്ന നമ്മുടെ വാക്കുകള്‍ അവന്റെ ഉള്ളില്‍ ഒരു നിശശ്ബ്ദമായ ആഭ്യന്തരയുദ്ധം സൃഷ്ടിക്കുന്നു. മനഃശാസ്ത്രം ഇതിനെ ഗ്യാസ്ലൈറ്റിംഗ് (Gaslighting) എന്ന് വിളിക്കുന്നു.
സ്വന്തം വികാരങ്ങളെ വിശ്വസിക്കാന്‍ കഴിയാത്ത, തീരുമാനങ്ങള്‍ എടുക്കാന്‍ ഭയക്കുന്ന, എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനായി (External Validatioി) ദാഹിക്കുന്ന ഒരു ലോകത്തേക്ക് നാം അവനെ അങ്ങനെ തള്ളിവിടേണ്ടതുണ്ടോ? തന്റെ ആന്തരിക ശബ്ദത്തെക്കാള്‍ മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കാന്‍ കുട്ടി നിര്‍ബന്ധിതനാകുന്ന ഈ അവസ്ഥ, അവന്റെ ആത്മവിശ്വാസത്തിന്റെ വേരറുക്കുന്നു.
സ്‌നേഹം ഒരു പ്രതിഫലം
കുട്ടികള്‍ക്ക് നാം നല്‍കുന്ന സ്‌നേഹം വിജയങ്ങള്‍ക്കുള്ള ഒരു 'പ്രതിഫലം' മാത്രമായി അവര്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? കുട്ടി ആരാണ് എന്നതിനേക്കാള്‍, അവന്‍ എന്ത് നേടി എന്നതിനാണ് നാം വില നല്‍കുന്നതെങ്കില്‍, അത് സ്വന്തം അസ്തിത്വത്തെക്കുറിച്ച് അവനില്‍ വലിയ അപകര്‍ഷതാബോധം ഉണ്ടാകും. സ്‌നേഹം എന്നത് അധ്വാനിച്ചു നേടിയെടുക്കേണ്ട ഒന്നാണെന്ന തോന്നല്‍ അവന്റെ സ്വത്വത്തെത്തന്നെ ബാധിച്ചേക്കാം (Conditional Positive Regard).
ഇത് പിന്നീട് ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലേക്കും (Anhedonia), സ്വന്തം വിജയങ്ങളെ സംശയിക്കുന്ന ഇംപോസ്റ്റര്‍ സിന്‍ഡ്രോമിലേക്കും അവനെ നയിക്കാം. വെറുതെ 'ആയിരിക്കുന്നതിലൂടെ' (Being) സംതൃപ്തി കണ്ടെത്താതെ, എപ്പോഴും എന്തെങ്കിലും 'ചെയ്യുന്നതിലൂടെയും ബോധിപ്പിക്കുന്നതിലൂടെയും' (Doing) മാത്രം സ്വന്തം മൂല്യം അളക്കുന്ന ഒരു കെണിയില്‍ അവന്‍ അകപ്പെട്ടുപോയേക്കാം.

ഉത്കണ്ഠകളുടെ പകര്‍ന്നാട്ടം
മാതാപിതാക്കളുടെ ഉത്കണ്ഠകള്‍ പലപ്പോഴും കുട്ടിയുടെ സ്വാതന്ത്ര്യത്തിന് വേലിക്കെട്ടുകള്‍ തീര്‍ക്കാറുണ്ട്. സ്വന്തം ഇഷ്ടങ്ങള്‍ കുട്ടിയുടെ ആഗ്രഹങ്ങളായി വേഷം മാറ്റി അടിച്ചേല്‍പ്പിക്കുന്നത് അവരുടെ വ്യക്തിത്വത്തെ തളര്‍ത്തും. മാതാപിതാക്കളുടെ മൂഡ് മാറ്റങ്ങള്‍ മുന്‍കൂട്ടി വായിച്ചെടുത്ത്, അതിനനുസരിച്ച് മാത്രം സംസാരിക്കാനും പ്രവര്‍ത്തിക്കാനും കുട്ടി നിര്‍ബന്ധിതനാകുമ്പോള്‍ അവന്റെ മസ്തിഷ്‌കം നിരന്തരം ഒരു Hyperarousal അവസ്ഥയിലായിപ്പോകുന്നു.
കലഹങ്ങള്‍ ഒഴിവാക്കാനായി സ്വന്തം ആവശ്യങ്ങള്‍ ബലികഴിക്കുന്ന (Fawn Response) എന്ന രീതിയിലേക്ക് ഇത് കുട്ടിയെ നയിക്കുന്നു. ഫലമോ, സ്വന്തം അവകാശങ്ങള്‍ ഉറപ്പിച്ചു പറയാന്‍ കഴിയാത്ത, അമിതചിന്തയുടെ നിഴലിലായ ഒരാളായി കുട്ടി വളരാന്‍ ഇത് കാരണമാകുന്നു.
കടപ്പാടുകളുടെ ഭാരം
'നീ എനിക്ക് കടപ്പെട്ടിരിക്കുന്നു' എന്ന ബോധ്യം കുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍, അത് അവന്റെ സ്വത്വത്തിന് വലിയൊരു ഭാരമായി മാറുന്നു. കുട്ടിയെ വളര്‍ത്താന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം 'കടപ്പാടായി' തലയില്‍ കെട്ടിവെക്കുന്നത് അവനെ മാനസികമായി തളര്‍ത്തും. ഇത്തരമൊരു സാഹചര്യത്തില്‍, ചുറ്റുമുള്ളവരുടെ സാമ്പത്തിക-വൈകാരികാവസ്ഥകള്‍ക്ക് താനാണ് ഉത്തരവാദി എന്ന് വിശ്വസിക്കാന്‍ കുട്ടി നിര്‍ബന്ധിതനാകുന്നു.
'സ്‌നേഹം നിലനിര്‍ത്താന്‍' മറ്റുള്ളവരുടെ മോശം പെരുമാറ്റങ്ങള്‍ പോലും സഹിക്കണമെന്ന ചിന്താഗതി അവനില്‍ രൂപപ്പെടാന്‍ ഇത് കാരണമാകും. ഈ മനോഭാവം പില്‍ക്കാലത്ത് ചൂഷകരുടെ ദുര്‍ബലനായ ഇരയാക്കി അവനെ മാറ്റിയേക്കാം.
കുറ്റപ്പെടുത്തലുകള്‍, കളിയാക്കലുകള്‍
മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒപ്പം ചേര്‍ന്ന് മാതാപിതാക്കളും കുട്ടിയെ കളിയാക്കുമ്പോള്‍ അത് അവനില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കുന്നു. നാണക്കേട് (Shame) എന്ന തന്ത്രം ഉപയോഗിച്ച് കുട്ടിയെ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, 'ഞാന്‍ ചെയ്തത് തെറ്റാണ്' എന്നതിനേക്കാള്‍ 'ഞാന്‍ മോശമാണ്' എന്ന സന്ദേശമാണ് അവന് ലഭിക്കുന്നത്.
സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ അവനില്‍ Toxic Internalized Shame ആയി മാറുന്നു. ഇത് ആജീവനാന്തം നീണ്ടുനില്‍ക്കുന്ന സ്വയംവിമര്‍ശനത്തിന്റെ കടുത്ത ഭാരമായി മാറും. ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള അടിമത്തം (Perfectionism) കാരണം, ജീവിതത്തില്‍ ഒന്നിനും അവനെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ വരുന്നു.
ഇനിയും ഒരുമിച്ച് വളരാന്‍...
മാതാപിതാക്കളില്‍ നിന്നും ഒരു കുട്ടി അര്‍ഹിക്കുന്നത് നിരുപാധിക സ്‌നേഹത്തിന്റെ സുരക്ഷാകവചവും വ്യക്തിത്വത്തോടുള്ള ബഹുമാനവുമാണ്. കുറ്റബോധത്തിന്റെയോ ഭയത്തിന്റെയോ ഇരുണ്ട നിഴലുകള്‍ക്ക് ആ ലോകത്ത് സ്ഥാനമുണ്ടാകരുത്.
പരിപൂര്‍ണ്ണതയല്ലല്ലോ നമ്മുടെ ലക്ഷ്യം; മറിച്ച്, തെറ്റുകള്‍ സംഭവിക്കാവുന്ന, എന്നാല്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും അറിയാവുന്ന, ആത്മാര്‍ത്ഥതയുള്ള മനുഷ്യനാവുക എന്നതും മനുഷ്യനെ വളര്‍ത്തിയെടുക്കുക എന്നതുമല്ലേ.
മകനിലൂടെയാണ് ഞാന്‍ എന്നിലെ വ്യക്തിയെ വീണ്ടെടുത്തതും വളര്‍ത്തിയെടുത്തതും. എന്റെ വീഴ്ചകളെ അംഗീകരിച്ചുകൊണ്ടും അവനോട് ഹൃദയം തുറന്ന് സംസാരിച്ചുകൊണ്ടും ഞങ്ങള്‍ക്ക് ഒരുമിച്ച് ഇനിയും വളരാം. കാരണം, മാതൃത്വം എന്നത് ഒരു ലക്ഷ്യമല്ല, അത് ഒരു നിരന്തരമായ പരിണാമമാണ്.


