Asianet News MalayalamAsianet News Malayalam

എന്തുകൊണ്ടാണ് നാം ലൈം​ഗികതയെ കുറിച്ച് സംസാരിക്കാത്തത്? സെക്സ് കോച്ച് പല്ലവി പറയുന്നു

ലോകമെമ്പാടുമുള്ള നിരവധി കുട്ടികൾ സ്കൂളിൽ ലൈംഗികതയെക്കുറിച്ച് പഠിക്കുന്നു. ബെൽജിയത്തിൽ, ഏഴുവയസ്സുള്ള കുട്ടികൾ മുതൽ  ലൈംഗികതയെക്കുറിച്ച് പഠിക്കുന്നു. എന്നാൽ, ഇന്ത്യയിൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമല്ല ലൈംഗികത. 

sex coach Pallavi Barnwal tells about sex education
Author
Delhi, First Published Jul 13, 2021, 4:07 PM IST

നമ്മൾ എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും, ഇന്നും മാറ്റമില്ലാതെ തുടരുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ലൈംഗികതയെ കുറിച്ചുള്ള നമ്മുടെ ചില സങ്കല്പങ്ങൾ. ഇന്നും പരസ്യമായി അതിനെ കുറിച്ച് സംസാരിക്കാനോ, കുട്ടികളിൽ അവബോധം സൃഷ്ടിക്കാനോ മുതിർന്നവർ മടിക്കുന്നു. അതുകൊണ്ട് തന്നെ സുഹൃത്തുക്കളെയും, ഓൺലൈൻ സൈറ്റുകളെയും ആശ്രയിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കുന്നത്. സ്കൂളുകളിൽ പോലും വേണ്ടരീതിയിലുളള ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നില്ല. പലർക്കും മക്കളോട് അതിനെ കുറിച്ച് സംസാരിക്കണമെന്നുണ്ടാവും, പക്ഷേ എങ്ങനെ തുടങ്ങുമെന്നറിയാതെ ഉഴറുകയാണ് അവർ. എന്നാൽ അങ്ങനെ വിഷമിക്കുന്ന മാതാപിതാക്കളെ സഹായിക്കുകയാണ് ഇന്ത്യക്കാരിയായ പ്രശസ്ത സെക്സ് കോച്ച് പല്ലവി ബാൺവാൾ.

ഉണ്ടായിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പല്ലവി ലൈംഗികതയെ ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഇതിനായി അവൾ വർക്ക് ഷോപ്പുകൾ നടത്തുന്നു, ഫേസ്ബുക്ക് ലൈവ് സെഷനുകൾ നടത്തുന്നു, പുസ്തകങ്ങളും എഴുതുന്നു. ഇതിനെല്ലാം പുറമെ ലൈംഗികതയെ കുറിച്ച് ആളുകൾക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്ന വ്യക്തിഗത കൗൺസിലിംഗുകളും നടത്തുന്നു. നിരവധി ട്രോളുകളും വിമർശനങ്ങളും അവൾക്ക് ഇതിന്റെ പേരിൽ ലഭിക്കുന്നുണ്ടെങ്കിലും, ലൈംഗികത എല്ലാവർക്കും അവകാശപ്പെട്ട ഒന്നാണെന്നും, അതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നും തെളിയിക്കാൻ അവൾ ഇന്നും പ്രയത്നിക്കുന്നു.  

തിരിഞ്ഞുനോക്കുമ്പോൾ, തന്റെ യാഥാസ്ഥിതിക കുടുംബമാണ് ഒരു ലൈംഗിക പരിശീലകയാക്കി തന്നെ മാറ്റിയതെന്ന് പല്ലവി പറയുന്നു. "എന്നെ ആദ്യം സ്വാധീനിച്ചത് എന്റെ മാതാപിതാക്കളുടെ ബന്ധം തന്നെയായിരുന്നു. എന്റെ മാതാപിതാക്കളുടെ വിവാഹത്തെക്കുറിച്ച് പല അടക്കം പറച്ചിലുകളും നടന്നിരുന്നു. എനിക്ക് ഏകദേശം എട്ട് വയസ്സുള്ളപ്പോഴാണ് അതിനെ കുറിച്ച് ഞാൻ കൂടുതലായി അറിയാൻ തുടങ്ങി. പാർട്ടികളിൽ, ഞാൻ തനിച്ചിരിക്കുമ്പോൾ ബന്ധുക്കളുടെ ഒരു പട എന്നെ ചോദ്യം ചെയ്യും. നിന്റെ മാതാപിതാക്കൾ ഇപ്പോഴും ഒരു മുറിയിലാണോ കഴിയുന്നത്?  നീ അവർ തല്ല് കൂടുന്നത് കേൾക്കാറുണ്ടോ? നീ എപ്പോഴെങ്കിലും ഒരാൾ വീട്ടിൽ വരാറുള്ളത് കാണാറുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങൾ കൊണ്ട് അവർ എന്നെ വീർപ്പ്മുട്ടിക്കുമായിരുന്നു" പല്ലവി  ബിബിസിയോട് പറഞ്ഞു.

"എന്നാൽ വർഷങ്ങൾ കഴിഞ്ഞ് എന്റെ വിവാഹമോചനത്തിനുശേഷം അമ്മ ആ കഥ എന്നോട് തുറന്ന് പറഞ്ഞു. എന്റെ മാതാപിതാക്കളുടെ വിവാഹത്തിന്റെ ആദ്യനാളുകളിൽ, ഞാനും സഹോദരനും ജനിക്കുന്നതിനുമുമ്പ്, ഒരു പുരുഷനോട് എന്റെ അമ്മയ്ക്ക് അടുപ്പം തോന്നിയിരുന്നു. ഒരിക്കൽ അയാളുമായി അമ്മ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ പിന്നീട് അമ്മയ്ക്ക് വല്ലാത്ത കുറ്റബോധമുണ്ടായി. തുടർന്ന് ആ ബന്ധം ഇരുവരും അവസാനിപ്പിച്ചു. എന്നാൽ നമ്മുടെ സമൂഹങ്ങളിൽ ഇത്തരം കാര്യങ്ങളൊന്നും രഹസ്യമാക്കി വയ്ക്കാൻ സാധിക്കില്ലല്ലോ? കാലക്രമേണ, കിംവദന്തികൾ എന്റെ അച്ഛന്റെ ചെവിയിലും എത്തി. എന്നാൽ അമ്മയോട് ഇതേക്കുറിച്ച് ചോദിക്കാൻ എന്റെ അച്ഛന് 10 വർഷമെടുത്തു. അതിനിടയിൽ ഞങ്ങൾ ജനിച്ചു. അച്ഛൻ ചോദിച്ചപ്പോൾ അമ്മ എല്ലാം തുറന്ന് പറഞ്ഞു. എന്നാൽ അമ്മ പറഞ്ഞവസാനിച്ചപ്പോൾ മുറിയിൽ പെട്ടെന്ന് നിശബ്ദത പടർന്നു. അച്ഛൻ തൽക്ഷണം പിൻവാങ്ങി. വർഷങ്ങളായി സംശയിച്ചിരുന്ന ആ കഥ എന്റെ അമ്മ സ്ഥിരീകരിച്ചപ്പോൾ അവർ തമ്മിലുള്ള വിശ്വാസം അതോടെ തകർന്നു. അവരുടെ ബന്ധം അതിവേഗം ഉലഞ്ഞു. ലൈംഗികതയെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും സംസാരിക്കാനുള്ള നമ്മുടെ കഴിവില്ലായ്മ കുടുംബങ്ങളെ തകർക്കും എന്ന് ഞാൻ അപ്പോൾ മനസ്സിലാക്കി" പല്ലവി പറഞ്ഞു.

ബീഹാറിലാണ് പല്ലവി ജനിച്ചത്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ളതും വലുതുമായ പ്രദേശങ്ങളിൽ ഒന്നാണിത്. ഒരുപാട് കുടുംബങ്ങളെപ്പോലെ, അവളുടെ കുടുംബത്തിലും ലൈംഗികത പരസ്യമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായിരുന്നില്ല. അവളുടെ മാതാപിതാക്കൾ പരസ്യമായി കൈ പിടിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്തില്ല. ലൈംഗികതയെ കുറിച്ച് അവൾക്ക് എന്തെങ്കിലും ഒരു ധാരണയുണ്ടാകുന്നത് 14 -ാമത്തെ വയസ്സിലാണ്. ഒരു ദിവസം ഉച്ചതിരിഞ്ഞ് അവൾ അച്ഛന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾക്കിടെ പരതുകയായിരുന്നു. അക്കൂട്ടത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുളള ശാരീരിക ബന്ധത്തെ പ്രതിപാദിപ്പിക്കുന്ന നിരവധി ചെറുകഥകൾ അടങ്ങിയ ഒരു പുസ്തകം അവൾ കണ്ടു. അവൾ അത് വായിച്ചു. എന്നാൽ അത് വായിച്ച അവളുടെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഉയർന്ന് വന്നു. പക്ഷേ ആരോട് സംസാരിക്കാൻ? അപ്പോഴാണ് ലൈംഗികത എന്നൊന്ന് ഉണ്ടെന്ന് പോലും അവൾക്ക് മനസ്സിലാകുന്നത്.  

ലോകമെമ്പാടുമുള്ള നിരവധി കുട്ടികൾ സ്കൂളിൽ ലൈംഗികതയെക്കുറിച്ച് പഠിക്കുന്നു. ബെൽജിയത്തിൽ, ഏഴുവയസ്സുള്ള കുട്ടികൾ മുതൽ  ലൈംഗികതയെക്കുറിച്ച് പഠിക്കുന്നു. എന്നാൽ, ഇന്ത്യയിൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമല്ല ലൈംഗികത. ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ, ഗ്രാമീണ ഇന്ത്യയിലെ പകുതിയിലധികം പെൺകുട്ടികൾക്കും ആർത്തവത്തെക്കുറിച്ചോ അതിന്റെ കാരണത്തെ കുറിച്ചോ അറിയില്ല. "എന്റെ കന്യകാത്വം നഷ്ടപ്പെടുമ്പോൾ എനിക്ക് 25 വയസ്സായിരുന്നു. എന്നിട്ടും പക്ഷെ ലൈംഗികതയെ കുറിച്ച് എനിക്ക് കാര്യമായ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. രണ്ടുവർഷത്തിനുശേഷവും, എന്റെ വിവാഹസമയത്ത് ഞാൻ ഒരു കന്യകയാണെന്ന് എന്റെ അന്നത്തെ ഭർത്താവിനോട് പറയാൻ അമ്മ എന്നെ നിർബന്ധിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല. ഞങ്ങൾ പരസ്പരം കഷ്ടിച്ച് മാത്രമേ സംസാരിച്ചുള്ളൂ. ഒരിക്കലും ഞങ്ങൾ തമ്മിൽ അടുത്തില്ല. ഞാൻ തെറ്റായ വ്യക്തിയെയാണ് വിവാഹം കഴിച്ചതെന്ന് നേരത്തെ തന്നെ എനിക്ക് വ്യക്തമായിരുന്നു. അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഞാൻ ഭയപ്പെടുന്ന ഒരു സംഭവമായി മാറി. ഞാനും ഭർത്താവും അഞ്ചുവർഷം ഒരുമിച്ചുണ്ടായിരുന്നു. ഒടുവിൽ ഞങ്ങൾ പിരിഞ്ഞു" പല്ലവി പറഞ്ഞു.

പിന്നീട് ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിൽ താമസിച്ച അവൾ നിരവധി ലൈംഗിക ബന്ധങ്ങളിൽ അകപ്പെട്ടു. പ്രായമായ പുരുഷന്മാരുമായും വിവാഹിതരായ പുരുഷന്മാരുമായും അവൾ കിടക്ക പങ്കിട്ടു. തുടർന്ന് വിവാഹിതരായ അവളുടെ സുഹൃത്തുക്കൾ ഉപദേശത്തിനായി അവളുടെയടുക്കൽ വരാൻ തുടങ്ങി. അവളുടെ ഈ സ്വാതന്ത്ര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അവളുടെ അമ്മയും അവൾക്കും മകനും ഒപ്പം ദില്ലിയിലേക്ക് മാറി. "എനിക്ക് ചുറ്റും ലൈംഗികതയെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ച് ധാരാളം ഫെമിനിസ്റ്റ് ചർച്ചകൾ നടന്നു. ഞാൻ ലൈംഗികതയെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ സാധിക്കുന്ന ഒരു ഇടം സൃഷ്ടിക്കാൻ ഉറച്ചു.

ഒരു ലൈംഗിക, ന്യൂറോ-ഭാഷാ പ്രോഗ്രാമിംഗ് പരിശീലകയാകാൻ ഞാൻ പഠിക്കുകയും, ഒരു ഇൻസ്റ്റാഗ്രാം പേജ് ആരംഭിക്കുകയും ചെയ്‌തു. സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഞാൻ എന്റെ സ്വന്തം ലൈംഗിക അനുഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പോസ്റ്റുചെയ്തു. അത് ഫലം കണ്ടു. ലൈംഗിക ഫാന്റസികൾ, സ്വയംഭോഗത്തെ ചുറ്റിപ്പറ്റിയുള്ള കളങ്കം, ലൈംഗികതയില്ലാത്ത വിവാഹങ്ങൾ, ദുരുപയോഗം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഉപദേശം തേടി ആളുകൾ എന്നെ ബന്ധപ്പെട്ടു. രണ്ട് വർഷം മുമ്പ്, മാതാപിതാക്കൾ കുട്ടികളോട് ലൈംഗികതയെയും സമ്മതത്തെയും കുറിച്ച് സംസാരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു ടെഡ് പ്രസംഗം ഞാൻ നടത്തി. ആ പ്രസംഗത്തിനുശേഷം എനിക്ക് ഒരു ദിവസം 30 -ലധികം ചോദ്യങ്ങളും പരിശീലനത്തിനുള്ള അഭ്യർത്ഥനകളും ലഭിക്കുന്നു" അവൾ പറയുന്നു. ഇന്ന് ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരു വെബ്സൈറ്റും അവൾ ആരംഭിച്ചിട്ടുണ്ട്. ലൈംഗികത മനുഷ്യജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും, ഇതിനെ കുറിച്ച് പരസ്പരം സംസാരിക്കാൻ മടിക്കുന്നതാണ് പല ദാമ്പത്യ ബന്ധങ്ങളെയും തകർക്കുന്നതെന്നും പല്ലവി പറയുന്നു.  

(കടപ്പാട്: ബിബിസി)
 

Follow Us:
Download App:
  • android
  • ios