കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങളായിരിക്കും ഇനിയുള്ള കാലത്ത് അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാവു എന്നാണ് യു എന്‍ അടക്കം പറയുന്നത്. ഇന്ത്യ അടക്കമുള്ള 11 രാജ്യങ്ങളായിരിക്കും ഇതിന്റെ ഏറ്റവും വലിയ ദുരന്തം സഹിക്കേണ്ടി വരികയെന്നാണ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ യു എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംയുക്ത റിപ്പോര്‍ട്ടില്‍ പറഞ്ഞത്.  

ആദ്യം കാലാവസ്ഥാ വ്യതിയാനം മൂലം ആ നാട് നിരന്തരം വരണ്ടുണങ്ങാന്‍ തുടങ്ങി. കൃഷിയിടങ്ങള്‍ അതിവേഗം തരിശായി. നാട് പതിയെ മരുഭൂമിയാവാന്‍ തുടങ്ങി. അതോടെ, ആദ്യം ചെമ്മരിയാടുകള്‍ ചത്തു, പിന്നെ ആടുകള്‍. അവസാനം ഒട്ടകങ്ങളും. 

ഇത് ഹെയ്‌ബോ എന്ന സോമാലിയന്‍ ഗ്രാമത്തിന്റെ കഥയാണ്. പതിറ്റാണ്ടുകളായി കാലികളെ മേച്ച് ജീവിച്ചിരുന്ന ഇവിടത്തെ മനുഷ്യരും കര്‍ഷകരും ഉള്ളതെല്ലാം ഉപേക്ഷിച്ച് ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് അഭയാര്‍ത്ഥികളായി പോവുകയാണ്.പതിനായിരക്കണക്കിനാളുകളാണ്, നഗരങ്ങള്‍ക്കു പുറത്തുള്ള വരണ്ട ഇടങ്ങളില്‍ ജീവിതം വെച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ കഥ ഒരു ഗ്രാമത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല. സോമാലിയന്‍ ഗ്രാമപ്രദേശങ്ങളാകെ മരുഭൂമിയാവുകയാണ്. 

സോമാലിയയുടെ മലഞ്ചെരിവുകളില്‍ ആടിനെ മേച്ചു കഴിഞ്ഞിരുന്ന ഇടയന്‍മാരും കര്‍ഷകരും ഒരു ഗതിയുമില്ലാതെ, നഗരപ്രാന്തങ്ങളില്‍ ദാരിദ്ര്യം തിന്നു കഴിയുകയാണിപ്പോള്‍. താല്‍ക്കാലിക ടെന്റ് കെട്ടി കഴിയുന്ന കുട്ടികളും സ്ത്രീകളുമടക്കമുള്ള മനുഷ്യര്‍ ജോലിയോ കൂലിയോ ഇല്ലാതെ നരകിക്കുകയാണെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

''ഇങ്ങനെയൊന്നുമായിരുന്നില്ല ഇവിടെ. വരള്‍ച്ച ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അതു കഴിയുമ്പോള്‍ മഴ വരുമായിരുന്നു. ഇപ്പോഴും മഴ വല്ലപ്പോഴുമുണ്ട്. പക്ഷേ, അതിതീവ്രമഴയാണ് പെയ്യുന്നത്. വലിയ പ്രളയങ്ങളില്‍ എല്ലാം നശിക്കുന്നു. വരള്‍ച്ചയാണെങ്കില്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരുന്നു. എല്ലാം കരിഞ്ഞുണങ്ങി. വളര്‍ത്തുമൃഗങ്ങള്‍ ചത്തു. കൃഷി നടക്കാതായി. അതു കൊണ്ട് എല്ലാവരും നഗരങ്ങളിലേക്ക് പോവുകയാണ്.''-പതിറ്റാണ്ടുകളായി കാലി മേയ്ച്ചു ജീവിച്ച യുറുബ് അബ്ദി ജമ എന്ന സ്ത്രീ എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

തലമുറകളായി ആടുമാടുകളെ മേച്ച് ജീവിക്കുന്നവരാണ് ഈ ജനത. എത്രയോ വരള്‍ച്ചകളും പ്രളയങ്ങളും കണ്ടവര്‍. പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പുതിയ സാഹചര്യങ്ങള്‍ നേരിടാന്‍ അവര്‍ക്കാവുന്നില്ല. അതാണ്, സര്‍വ്വതും ഉപേക്ഷിച്ച്, ജമ അടക്കമുള്ളവര്‍ നഗരങ്ങളിലേക്ക് ഭാഗ്യാന്വേഷികളായി പോവുന്നത്. ഹര്‍ഗിസാ നഗരത്തിനു പുറത്തുള്ള ഉണങ്ങി വരണ്ട സമതലങ്ങളിലൊന്നിലാണ് ജമയും എട്ട് മക്കളും ഭര്‍ത്താവും താല്‍ക്കാലിക ടെന്റ് ഉണ്ടാക്കി ജീവിക്കുന്നത്. ''നഗരത്തില്‍ ജോലി കിട്ടണെമങ്കില്‍ വിദ്യാഭ്യാസം വേണം. ഇവിടെ കാലി വളര്‍ത്തലോ കൃഷിയോ ഒന്നും പറ്റില്ലല്ലോ. അതിനൊന്നും കഴിയാത്തവര്‍ നരകിക്കുകയാണ് ഇവിടെ.''-ജമ പറയുന്നു. 

ജമ പറയുന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. ജമ അടക്കമുള്ളവര്‍ കാലാവസ്ഥാ അഭയാര്‍ത്ഥികളാണ്. പുതിയ കാലത്തിന്റെ ഞെട്ടിക്കുന്ന പ്രതിഭാസമാണ് അത്. യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും കാരണമാണ് പണ്ടൊക്കെ ആളുകള്‍ അഭയാര്‍ത്ഥികള്‍ ആയിരുന്നത് എങ്കില്‍, കാലാവസ്ഥാ മാറ്റമാണ് ഇപ്പോള്‍ അതിനു കാരണമാവുന്നത്. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യ ഇരകളിലാന്നാണ് സോമാലിയ. 2016 മുതല്‍ പ്രളയവും വരള്‍ച്ചയും മാറിമാറി പരീക്ഷിക്കുകയാണ് ഈ നാടിനെ. 30 ലക്ഷം പേരാണ് സ്വന്തം വീടും നാടും ഉപേക്ഷിച്ച് ഇവിടെ അഭയാര്‍ത്ഥികളായതെന്നാണ് ഐക്യരാഷട്രസഭാ മനുഷ്യാവകാശ ഏജന്‍സിയുടെ കണക്ക്. ഇങ്ങനെ ഗ്രാമങ്ങള്‍ ഉപേക്ഷിച്ചു വരുന്നവരെല്ലാം ചെന്നെത്തുന്നത് നഗരങ്ങളിലേക്കാണ്്. എന്നാല്‍, സാമ്പത്തിക തകര്‍ച്ച നേരിടുന്ന സോമാലിയയിലെ നഗരങ്ങളില്‍ ജോലിയോ വരുമാനമോ ഇല്ലാതെ വലയുകയാണ് ഈ മനുഷ്യര്‍.

സോമാലിയയിലെ കര്‍ഷകര്‍ വരള്‍ച്ചകള്‍ക്കെല്ലാം പേരിട്ടു വിളിച്ചിരുന്നു. ''എന്നാലിപ്പോള്‍ പഴയതുപോലെയല്ല. പേരിട്ടുവിളിക്കാന്‍ സാവകാശം നല്‍കാത്ത വിധം നിരന്തര വരള്‍ച്ചകളാണ് ഉണ്ടാവുന്നത്.''-സോമാലിയന്‍ പരിസ്ഥിതി മന്ത്രി ശുക്‌റി ഹാജി ഇസ്മായില്‍ പറയുന്നു. 

തന്റെ കുട്ടിക്കാലത്ത് നാടെങ്ങും മരങ്ങളും ചെടികളും ഫലവൃക്ഷങ്ങളും പക്ഷിമൃഗാദികളും സുലഭമായിരുന്നതായി മന്ത്രി ഓര്‍ക്കുന്നു. ''എന്നാല്‍ ഇപ്പോള്‍ അതുപോലല്ല. ഗ്രാമങ്ങള്‍ മരുഭൂമിയായിക്കൊണ്ടിരിക്കുകയാണ്. സേമാലിയ അക്ഷരാര്‍ത്ഥത്തില്‍ അറിഞ്ഞനുഭവിക്കുകയാണ് കാലാവസ്ഥാ വ്യതിയാനം എന്ന വാക്ക്. അത് നടക്കാന്‍ പോവുന്ന കാര്യമല്ല. ഇവിടെ ഇപ്പോഴേ ആ ദുരന്തമാണ്. ഞങ്ങളത് അനുഭവിക്കുകയാണ്. ''-മന്ത്രി പറയുന്നു. 

കാലാവസ്ഥാ വ്യതിയാനം കാരണം അഭയാര്‍ത്ഥികളാവുന്നവരെ മറ്റ് പ്രദേശങ്ങളിലേക്ക് പുനരധിവസിപ്പിക്കണം എന്നൊക്കെയാണെങ്കിലും ഇപ്പോഴേ ദാരിദ്ര്യത്തില്‍ കഴിയുന്ന സോമാലിയ അതിനുള്ള അവസ്ഥയിലേ അല്ല. അതിനാല്‍, ഇവിടെനിന്നും അഭയാര്‍ത്ഥി പ്രവാഹം തുടരുക തന്നെയാണ്. 

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങളായിരിക്കും ഇനിയുള്ള കാലത്ത് അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാവു എന്നാണ് യു എന്‍ അടക്കം പറയുന്നത്. ഇന്ത്യ അടക്കമുള്ള 11 രാജ്യങ്ങളായിരിക്കും ഇതിന്റെ ഏറ്റവും വലിയ ദുരന്തം സഹിക്കേണ്ടി വരികയെന്നാണ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ യു എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംയുക്ത റിപ്പോര്‍ട്ടില്‍ പറഞ്ഞത്.