Asianet News MalayalamAsianet News Malayalam

പട്ടിയിറച്ചി നിരോധിക്കണോ, ദക്ഷിണ കൊറിയയിലെ  ചൂടുള്ള തെരഞ്ഞെടുപ്പു വിഷയം!


പട്ടിയിറച്ചി നിരോധിക്കണോ? ഇതാണ് ദക്ഷിണ കൊറിയയില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഈ വിഷയത്തില്‍ ദക്ഷിണ കൊറിയ രണ്ടായി തിരിഞ്ഞത്. 
 

South Korea divides over dogmeat
Author
Seoul, First Published Sep 27, 2021, 6:45 PM IST

പട്ടിയിറച്ചി നിരോധിക്കണോ? ഇതാണ് ദക്ഷിണ കൊറിയയില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഈ വിഷയത്തില്‍ ദക്ഷിണ കൊറിയ രണ്ടായി തിരിഞ്ഞത്. 
മൃഗസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഈ വിഷയം ചര്‍ച്ചയിലേക്ക് ആദ്യം കൊണ്ടുവന്നത്. പിന്നീട് മാധ്യമങ്ങള്‍ ഇൗ വിഷയം ഏറ്റെടുത്തു. പിന്നാലെ ഈ വിഷയത്തില്‍ ജനാഭിപ്രായം അറിയാനുള്ള സര്‍വേകളും നടന്നു. അതിനിടെയാണ്, ഇന്ന് നിലവിലെ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഈ വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചത്. പട്ടിയിറച്ചി നിരോധിക്കേണ്ട കാലമായി എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 

അവിടത്തുകാര്‍ പട്ടിയിറച്ചി മാത്രം ആഗ്രഹിച്ചു കഴിയുകയാണ് എന്നല്ലേ ഇതു കണ്ടാല്‍ തോന്നുക? എന്നാല്‍, അതു തെറ്റാണ്. പണ്ടൊക്കെ ജനപ്രിയ ഭക്ഷണമായിരുന്നുവെങ്കിലും ഇപ്പോഴത് വളരെ കുറച്ചു േപര്‍ മാത്രമേ കഴിക്കാറുള്ളൂ. പ്രായമുള്ളവരാണ് അവരില്‍ കൂടുതല്‍. ചില റസ്‌റ്റോറന്റുകളില്‍ അത്തരക്കാര്‍ക്കു വേണ്ടി പട്ടിയിറച്ചി വിളമ്പാറുണ്ട്. ചില പ്രത്യേക മാര്‍ക്കറ്റുകളില്‍ പട്ടിയിറച്ചി വാങ്ങാനും കിട്ടും. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം നിര്‍ബന്ധമുള്ള വിഷയമാണ് ഇതെന്ന് അര്‍ത്ഥം. അതിനാല്‍ തന്നെയാണ് ഇതിനെതിരെ എതിര്‍പ്പുയര്‍ന്നതും. കൂടുതല്‍ ആളുകള്‍ പട്ടിയിറച്ചിക്ക് എതിരായതിനാലാണ്, രാഷ്ട്രീയക്കാര്‍ കണ്ണുംപൂട്ടി നിരോധന ആവശ്യം ഉന്നയിക്കുന്നത്. 

പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിനിടയ്ക്കാണ് പ്രസിഡന്റ് മൂണ്‍ തന്റെ അഭിപ്രായം പറഞ്ഞത്. തെരുവു പട്ടികളുടെ രജിസ്‌ട്രേഷനെക്കുറിച്ചും അവയെ പരിചരിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പറയുന്നതിനിടെയാണ്, പട്ടിയിറച്ചി നിരോധിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത്.  പട്ടിയിറച്ചി നിരോധനം സൂക്ഷിച്ച് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.  കുറച്ചു നാളുകളായി സജീവമായി നില്‍ക്കുന്ന പട്ടിയിറച്ചി നിരോധന ചര്‍ച്ചകള്‍ക്ക് ഇതു ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

പ്രസിഡന്റ തെരഞ്ഞടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ, സ്ഥാനമോഹികള്‍ പലരും ഈ ചര്‍ച്ചയില്‍ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. പട്ടിയിറച്ചി നിരോധിക്കുമെന്ന വാഗ്ദാനവും പലരും മുന്നോട്ടുവെക്കുന്നുണ്ട്. 

ഏറ്റവും ജനസംഖ്യയുള്ള ഗയോന്‍ഗി പ്രവിശ്യയിലെ ഗവര്‍ണര്‍ ലീ ജാ മ്യുംഗ് നിലവില്‍ പട്ടിയിറച്ചി നിരോധനത്തിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനമോഹികളില്‍ മുന്നിലുള്ള ഇദ്ദേഹം നിലവിലെ പ്രസിഡന്റ് മൂണിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. എന്നാല്‍, എതിരാളിയാവാന്‍ സാദ്ധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാവ് യൂന്‍ സ്യൂക് യൂള്‍ ഇതിനെതിരാണ്. പട്ടിയിറച്ചി കഴിക്കണോ വേണ്ടയോ എന്ന കാര്യം അവരവരുടെ തീരുമാനത്തിനു വിടുന്നതാണ് നല്ലതെന്നും നിരോധനം ഒന്നിനും പരിഹാരമല്ല എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 

അതിനിടെ, മൃഗക്ഷേമ സംഘടനയായ അവെയര്‍ ഇതിനെ സംബന്ധിച്ച് നടത്തിയ സര്‍വേ ഫലം പുറത്തുവന്നു. 78 ശതമാനം ആളുകള്‍ പട്ടിയിറച്ചി നിരോധിക്കണമെന്ന അഭിപ്രായക്കാരാണ് എന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പ് സര്‍വേ സ്ഥാപനമായ റിയല്‍മീറ്റര്‍ നടത്തിയ സര്‍വേയില്‍ ജനങ്ങള്‍ പട്ടിയിറച്ചിയുടെ പേരില്‍ ചേരിതിരിഞ്ഞതായി കണ്ടെത്തി. പട്ടിയിറച്ചിയുടെ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് 59 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായാണ് സര്‍വേ വ്യക്തമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios