ഓരോ കാലത്തും സ്റ്റാറ്റസ് സിംബൽ ഓരോന്നായിരിക്കും. അത് പലപ്പോഴും അന്നത്തെ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. കൂടാതെ സാംസ്കാരികവും സാമ്പത്തികവുമായ ഘടകങ്ങളും അതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ന്യൂയോർക്ക് സിറ്റി പോലുള്ള ചെലവേറിയ നഗരത്തിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടാകുന്നത് ഒരു സ്റ്റാറ്റസ് സിംബലായി കണക്കാക്കപ്പെടുന്നു. അതേസമയം, ഭൂമി സ്വന്തമാക്കാൻ പ്രയാസമുള്ള ഒരിടമായ സിംഗപ്പൂരിൽ, ഒരു വീട് സ്വന്തമാക്കുന്നത് ഒരാളുടെ ഉന്നത പദവിയെ സൂചിപ്പിക്കുന്നു. കൂടാതെ കാലങ്ങളായി സ്വകാര്യ വിമാനങ്ങൾ, യാർഡുകൾ, റോളക്സുകൾ എന്നിവ ലോകമെമ്പാടുമുള്ള വരേണ്യവർഗത്തിന്റെ സിംബലായി കണക്കാക്കുന്നു. അതുപോലെ, പല രാജ്യത്തെയും ആളുകൾ സ്റ്റാറ്റസ് സിംബലായി കണക്കാക്കുന്ന ചിലതാണ് ചുവടെ.  

ന്യൂയോർക്കിലെ അമ്മമാർക്ക്, കുട്ടികളെ വളർത്തുന്നത് ചെലവേറിയ ഒരേർപ്പാടാണ്. അതുകൊണ്ട് തന്നെ രണ്ടിൽ കൂടുതൽ കുട്ടികളുള്ള വലിയ കുടുംബത്തെ ഒരു സ്റ്റാറ്റസ് സിംബലായി കണക്കാക്കുന്നു. 2015 -ലെ "പ്രൈമേറ്റ്സ് ഓഫ് പാർക്ക് അവന്യൂ" എന്ന പുസ്തകത്തിൽ പിഎച്ച്ഡി ഹോൾഡർ മാർട്ടിനാണ് ഇക്കാര്യം പറഞ്ഞത്. മാർട്ടിൻ പറയുന്നതനുസരിച്ച്, കുട്ടികൾ സ്റ്റാറ്റസ് ചിഹ്നങ്ങളല്ല, മറിച്ച് അമ്മമാർക്ക് പരസ്പരം മേനി നടിക്കാനും അവരുടെ സ്വന്തം ഐഡന്റിറ്റികൾ ഉണ്ടാക്കാനുമുള്ള അവസരമാണ്. അപ്പർ ഈസ്റ്റ് ഭാഗത്തുള്ള അമ്മമാർ, കുട്ടികളുടെ ഇനീഷ്യലുകൾ കൊത്തിവച്ചിരിക്കുന്ന ചെറിയ പതക്കങ്ങൾ കഴുത്തിൽ ധരിക്കുന്നു, ഓരോ വിരലിലും ഓരോ കുട്ടിയുടെ പേരുകൾ കൊത്തിയ മോതിരങ്ങൾ ഇടുന്നു.  

അതുപോലെ തന്നെ സിംഗപ്പൂരിൽ ഒരു വീട് സ്വന്തമാക്കുന്നത് സ്റ്റാറ്റസ് സിംബലാണെന്ന് ബിസിനസ് ഇൻസൈഡറിന്റെ കാറ്റി വാറൻ റിപ്പോർട്ട് ചെയ്തു. ആളൊഴിഞ്ഞ, ആഡംബര ‌പ്രദേശങ്ങളായ ഓർച്ചാർഡ് റോഡ്, ഹോളണ്ട് വില്ലേജ് എന്നിവിടങ്ങളിൽ കോടീശ്വരന്മാർ വീടുകൾ സ്വന്തമാക്കാൻ ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നു. “സിംഗപ്പൂരിൽ ഒരു തുണ്ട് ഭൂമി സ്വന്തമാക്കുക എന്നത് തീർച്ചയായും ഒരു പദവിയാണ്.   കാരണം അവിടത്തെ ഏറ്റവും വിലപ്പെട്ട വിഭവമാണ് ഭൂമി” കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് ഇൻ‌കോർപ്പറേറ്റിലെ സിംഗപ്പൂരിന്റെ സീനിയർ ഡയറക്ടറും ഗവേഷണ മേധാവിയുമായ ക്രിസ്റ്റിൻ ലി പറഞ്ഞു. "കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, ഭൂമിയുടെ വില ഗണ്യമായി കൂടിയിട്ടുണ്ട്. ഇത് പഴയ തലമുറകൾക്ക് ഭൂമിയിൽ നിന്ന് പണം നേടുന്നതിന് സഹായകമായി. ഇങ്ങനെ വാങ്ങുന്ന വീടുകളിൽ ഏറ്റവും വിലമതിക്കുന്നത് "ഗുഡ് ക്ലാസ് ബംഗ്ലാവുകൾ" ആണ്. അവയ്ക്ക് കുറഞ്ഞത് 15,000 ചതുരശ്ര അടി സ്ഥലമുണ്ട്, ലീ പറഞ്ഞു. 2,700 വീടുകൾ മാത്രമാണ് അവിടെ ആകെ ഉള്ളത്. സിംഗപ്പൂരിലെ ഏറ്റവും സമ്പന്നരായ അഞ്ച് ശതമാനം ആളുകൾക്ക് മാത്രമേ അത് താങ്ങാനാകൂ. അവർക്ക് ഒരു ചതുരശ്രയടിക്ക് കുറഞ്ഞത് 1,190 ഡോളർ ചിലവാകും, ലീ റിപ്പോർട്ട് ചെയ്തു.

വീടുകൾ വാങ്ങുന്നതിനായി ഇന്ത്യൻ വരേണ്യവർഗം ലണ്ടനിലെ റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് ഒഴുകുന്നുണ്ടെന്ന് സുദേഷ്ന സെൻ 2011 -ൽ ദി ഇക്കണോമിക് ടൈംസിന് വേണ്ടി റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്നത് ലണ്ടനിലെ വെസ്റ്റ് എൻഡിലെ സമ്പന്ന പ്രദേശമായ മെയ്ഫെയറാണ്. മെയ്ഫെയറിൽ ഒരു വീട് സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലാണ്. 2015 -ന് മുമ്പ്, ഇന്ത്യയിൽ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് 400,000 ഡോളർ മാത്രമേ രാജ്യത്ത് നിന്ന് പുറത്ത് കൊണ്ടുപോകാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ആ വർഷം റിസർവ് ബാങ്ക് അത് ഒരു മില്യൺ ഡോളറായി ഉയർത്തി. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പുണ്ടാക്കി.

 

ആഡംബര കാറുകൾ പലയിടത്തും ഒരു പരമ്പരാഗത സ്റ്റാറ്റസ് സിംബലാണ്. പക്ഷേ, റഷ്യയിൽ അവ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. റഷ്യക്കാർ ആഡംബര കാറുകളെ പ്രൈം സ്റ്റാറ്റസ് ചിഹ്നങ്ങളായി കാണുന്നു. മറ്റെല്ലാ കാര്യത്തിലും പിശുക്കു പിടിച്ചാലും, ഇതിന് എത്ര പണം ചെലവാക്കാനും അവർ തയ്യാറാണെന്ന് അസോസിയേറ്റഡ് പ്രസ്സിലെ ജെയിംസ് എല്ലിംഗ്വർത്ത് റിപ്പോർട്ട് ചെയ്തു. "ഒരു വാടക വീട്ടിൽ താമസിച്ചാലും, മിതമായി ജീവിച്ചാലും, അയാൾ ഓടിച്ചു നടക്കുന്നത് ചിലപ്പോൾ ഒരു ഔഡി ആയിരിക്കും" മോസ്കോയിലെ ഒരു പ്രധാന കാർ ഡീലറായ റോൾഫിന്റെ സിഇഒ ടാറ്റിയാന ലുക്കാവെറ്റ്സ്കായ പറഞ്ഞു. "കാരണം ഏത് വണ്ടിയാണ് ഓടിക്കുന്നതെന്ന് എല്ലാവരും ശ്രദ്ധിക്കുന്നു. പക്ഷേ, എങ്ങനെ ജീവിക്കുന്നുവെന്ന് ആരും കാണുന്നില്ല" അദ്ദേഹം പറഞ്ഞു.

യൂറോപ്പിലെ പ്രശസ്തമായ നാനി സ്കൂളായ നോർലാന്റ് കോളേജിൽ പഠിച്ചിറങ്ങുന്ന നാനിമാരെ ലോകമെമ്പാടുമുള്ള ഉന്നത കുടുംബങ്ങൾ ജോലിക്കെടുക്കുന്നു. അവരെ ജോലിക്ക് എടുക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലായി കണക്കാക്കപ്പെടുന്നു. യുകെയിൽ അവ പ്രത്യേകിച്ചും ജനപ്രിയമാണ്. യുകെയിലെ വരേണ്യവർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്ന ശിശുപരിപാലകരാണ് നോർലാന്റ് നാനിമാർ. ആ ബിരുദധാരികൾക്ക്  ലണ്ടനിൽ 36,493 മുതൽ 58,552 ഡോളർ വരെയും ലണ്ടന് പുറത്ത് 48,793 മുതൽ 84,343 ഡോളർ വരെയും വരുമാനം ലഭിക്കുന്നുവെന്ന് ബിസിനസ് ഇൻസൈഡർ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തവിട്ടുനിറത്തിലുള്ള വസ്ത്രവും, തവിട്ട് നിറത്തിലുള്ള ഷൂകൾ, ഇരുണ്ട ടീഷർട്ടുകൾ ധരിക്കുന്ന നോർലാൻഡ് നാനിയെ എളുപ്പത്തിൽ നമുക്ക് തിരിച്ചറിയാം.  

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും മിഡിൽ ഈസ്റ്റേനിലും ഫാൽക്കൺറി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പണ്ടുകാലത്ത് നാടോടികൾ വേട്ടയാടുന്നതിന് കഴുകന്മാർ ഉപയോഗിച്ചിരുന്നുവെന്ന് ഹാരിസൺ ജേക്കബ്സ് ബിസിനസ് ഇൻസൈഡറിന് റിപ്പോർട്ട് ചെയ്തു. യുഎഇയിൽ, കഴുകന്മാരെ സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലാണ്. ഒരു പക്ഷിക്ക് 60,000 ഡോളർ വരെ വിലവരും. കൂടാതെ, അവയ്ക്കായുള്ള ദേശീയ മത്സരത്തിൽ വിജയിച്ചാൽ ഏഴ് മില്യൺ ഡോളർ വരെ സമ്മാനങ്ങൾ നേടാൻ കഴിയും. ഫാൻസി യൂറോപ്യൻ സ്‌പോർട്‌സ് കാറുകൾക്ക് സമാനമായ ഒരു സ്റ്റാറ്റസ് സിംബലായി വിലയേറിയ പക്ഷികൾ മാറിയിരിക്കുന്നു, ജേക്കബ്സ് പറഞ്ഞു. കൂടാതെ അവയ്ക്ക് ഫസ്റ്റ് ക്ലാസ് ചികിത്സ പോലും ലഭിക്കുന്നു. സ്വന്തമായി പാസ്‌പോർട്ട് ഉള്ള വളർത്തുമൃഗങ്ങളുമുണ്ട്.  

അതുപോലെ ചെറുപ്പക്കാരായ, ധനികരായ ആളുകൾ സിംഹങ്ങൾ, ചീറ്റകൾ, മറ്റ് മൃഗങ്ങൾ എന്നിവയെ സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലായി കരുതുന്നു. ഈ ചെറുപ്പക്കാരിൽ ചിലപ്പോൾ മൃഗങ്ങളോടൊപ്പം പോസ് ചെയ്യുകയും ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുകയും ചെയ്യുന്നു. ഈ രീതിയിൽ, അവർ തങ്ങളുടെ സമ്പത്ത് മാത്രമല്ല, അവരുടെ ധൈര്യവും പ്രകടമാക്കുന്നു.