Asianet News MalayalamAsianet News Malayalam

നാവിലും മുഖത്തും ശരീരമാകെയും ടാറ്റൂ;  ശ്രീരാമനാമം പച്ചകുത്തുന്ന രാംനാമികള്‍

തങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അതിന്റെ ഒന്നും ആവശ്യമില്ലെന്ന് പറഞ്ഞ് രാംനാമികള്‍ സ്വന്തമായി ഒരു ഭക്തി പ്രസ്ഥാനം ആരംഭിച്ചു. ശരീരത്തിലും മുഖത്തും 'റാം' എന്ന് പച്ചകുത്തി സ്വന്തം ശരീരത്തില്‍ അവര്‍ രാമനെ കുടിയിരുത്തി.  

Tattooing Ram across the bodiestale of Ramnamik samaj
Author
Čhattísgarh, First Published Jun 12, 2021, 4:36 PM IST
  • Facebook
  • Twitter
  • Whatsapp

ടാറ്റൂ നമുക്കിന്ന് ട്രെന്‍ഡിന്റെ ഭാഗമാണ്. എന്നാല്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പേ ടാറ്റൂ ജീവിതരീതിയാക്കിയവര്‍ ഇന്ത്യയിലുണ്ടായിരുന്നു. മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും രാമനാമം ടാറ്റൂ ചെയ്തവര്‍. ജാതിവിവേചനത്തോടുള്ള പ്രതിഷേധമായിരുന്നു അവര്‍ക്ക് ടാറ്റൂ. ക്ഷേത്രങ്ങളില്‍ കയറാന്‍ പാടില്ലെന്ന് വന്നപ്പോള്‍, ശ്രീരാമനെ സ്വന്തം ദേഹത്ത് പച്ചകുത്തി ശരീരം തന്നെയാണ് എന്റെ ദേവാലയം എന്ന് പ്രഖ്യാപിച്ചവര്‍. 

ഇത് ഛത്തീസ്ഗഢിലെ രാംനാമി സമുദായത്തിന്റെ കഥയാണ്. ടാറ്റൂ അവര്‍ക്ക് പ്രതിഷേധത്തിന്റെ, ജാതി വിരുദ്ധതയുടെ, ഭക്തിയുടെ പ്രതീകമാണ്. രാമനെ ദൈവമായി ആരാധിക്കുന്നവരാണ് അവര്‍. ജാതിവ്യവസ്ഥയില്‍ അധകൃതരായി കഴിഞ്ഞിരുന്ന അവര്‍ക്ക് അന്നത്തെ സവര്‍ണ്ണ സമുദായം ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങള്‍ മാത്രമല്ല, മതഗ്രന്ഥങ്ങള്‍ പോലും തൊടാന്‍ അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അതിന്റെ ഒന്നും ആവശ്യമില്ലെന്ന് പറഞ്ഞ് രാംനാമികള്‍ സ്വന്തമായി ഒരു ഭക്തി പ്രസ്ഥാനം ആരംഭിച്ചു. ശരീരത്തിലും മുഖത്തും 'റാം' എന്ന് പച്ചകുത്തി സ്വന്തം ശരീരത്തില്‍ അവര്‍ രാമനെ കുടിയിരുത്തി.  രാമുപാസക്കുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ച അവര്‍ 19-ാം നൂറ്റാണ്ടിലെ ഹിന്ദു പരിഷ്‌കരണവാദ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.  

 

Image courtesy of Yannick Cormier

 

ദലിത് വിഭാഗക്കാരാണ് രാംനാമിയായിത്തീര്‍ന്നത് എന്ന് വിശ്വസിക്കുന്നു. അതല്ല, പതിനഞ്ചാം നൂറ്റാണ്ടിലെ കവി കബീറിന്റെ ഭക്തി പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് രാംനാമികളെന്നും പറയുന്നു. ശരീരത്തിലുടനീളം 'റാം' എന്ന് പച്ചകുത്തുന്നവരുണ്ട്. കൂടാതെ റാം എന്നെഴുതിയ ഒരു ഷാളും അവര്‍ പുതയ്ക്കുന്നു. മയില്‍ പീലി തലയില്‍ ചൂടുന്നു.  ശരീരം മുഴുവന്‍ പച്ചകുത്തിയവരെ പൂര്‍ണക്ഷിക് എന്നാണ് വിളിക്കുന്നത്.

ടാറ്റൂ പ്രക്രിയ കുറിച്ച് സങ്കീര്‍ണമാണ്. ഇതിനായി ആദ്യം ഒരു വിളക്കില്‍ മണ്ണെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കുന്നു. എന്നിട്ട് അതിന് മുകളില്‍ ഒരു മണ്‍പാത്രം വയ്ക്കുന്നു. തുടര്‍ന്ന് കലത്തിനകത്ത് അടിഞ്ഞുകൂടിയ മഷി ശേഖരിച്ച് പച്ചകുത്താന്‍ ഉപയോഗിക്കുന്നു. അത് കേടാകാതിരിക്കാന്‍ ചിരട്ടകത്താണ് സൂക്ഷിക്കുന്നത്. ശരീരത്തില്‍ പച്ചകുത്താന്‍ മരത്തിന്റെ ചീളുകളാണ് ഉപയോഗിക്കുന്നത്. ഇതിനായി നിയുക്ത ആളുകള്‍ പച്ചകുത്തല്‍ ജോലി നിര്‍വഹിക്കുന്നു. വളരെ വേദനാജനകമാണ് ഈ പ്രക്രിയ.

രാംനാമികള്‍ കണ്‍പോളകളിലും, നാവിലും അടക്കം ശരീരത്തിലെ ഓരോ ഇഞ്ചിലും പച്ചകുത്താറുണ്ട്. ബ്രാഹ്മണര്‍ തങ്ങളെ ശാരീരികമായി ആക്രമിക്കാതിരിക്കാനാണ് രാമന്റെ നാമം ശരീരത്തില്‍ മുഴുവന്‍ പച്ചകുത്തുന്നതെന്നാണ് ഇവരുടെ വിശ്വാസം. അതേസമയം ഇവര്‍ വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നില്ല. പകരം, രാമചരിത മാനസില്‍ നിന്നുള്ള വാക്യങ്ങള്‍ ചൊല്ലിയാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. ജീവിതത്തില്‍ വളരെ ചിട്ടയുള്ളവരാണ് അവര്‍. കുടിയും വലിയും നിഷിദ്ധമാണ്.  എല്ലാവരോടും തുല്യതയോടും ആദരവോടും കൂടി പെരുമാറാനും അവരെ പഠിപ്പിക്കുന്നു. മിക്ക രാംനാമികളും അവരുടെ വീടുകളിലെ ചുമരുകളുടെ ഇരുവശത്തും കറുത്ത നിറത്തില്‍ 'റാം' എന്ന് എഴുതുന്നു.  

 

Image courtesy of Yannick Cormier

 

ഇപ്പോള്‍ അവരുടെ ആചാരങ്ങളിലും മാറ്റം വന്നു. 1970 -കളുടെ മധ്യത്തിലാണ് അവിടത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനും, പലരും നഗരങ്ങളില്‍ ജോലിക്കായി പോവാനും തുടങ്ങിയത്. നഗരങ്ങളില്‍ 'പിന്നോക്കക്കാര്‍' എന്ന് മുദ്രകുത്തപ്പെടുമെന്നും ജോലി നിഷേധിക്കപ്പെടുമെന്നുമുള്ള ഭയത്താല്‍ ഇന്ന് പലരും പച്ചകുത്തലില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇനി പച്ചകുത്തിയാലും അത് പുറമേയ്ക്ക് കാണാന്‍ പറ്റാത്ത രീതിയിലായിരിക്കും. കുട്ടിയ്ക്ക് രണ്ട് വയസ്സാകുമ്പോള്‍ തന്നെ ശരീരത്തില്‍ എവിടെയെങ്കിലും ഒരിടത്ത് അവര്‍ പച്ചകുത്തിയിരിക്കും. പച്ചകുത്തുന്ന പ്രവണത കുറഞ്ഞാലും, ഭക്തിയില്‍ ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അവിടത്തെ പുതിയ തലമുറ പറയുന്നു.

ഛത്തീസ്ഗഢിലെ നാലു ജില്ലകളിലായി ഒരു ലക്ഷത്തോളം രാംനാമികള്‍ താമസിക്കുന്നതായാണ് കണക്ക്. 

Follow Us:
Download App:
  • android
  • ios