Asianet News MalayalamAsianet News Malayalam

ഈ നാടാകെ ഒരു പക്ഷിയുടെ ചിത്രങ്ങളാണ്, അതിനൊരു വല്ലാത്ത കാരണമുണ്ട്!

വംശനാശത്തിന്റെ മുനമ്പില്‍നിന്നും ഒരു പക്ഷി ഉയിര്‍ത്തെഴുന്നേറ്റ കഥ. അമ്പിളി പി എഴുതുന്നു
 

Toki bird modern phoenix of Japan
Author
Tokyo, First Published Jul 2, 2022, 12:41 PM IST

ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫിനീക്‌സ് പക്ഷി ഐതിഹ്യങ്ങളിലെ  പ്രതീകമാണ്. പുനര്‍ജനിയുടേയും തോല്‍വിക്കെതിരായ നിരന്തര പോരാട്ടത്തിന്റേയും പ്രതീകം. ആധുനിക കാലത്തുമുണ്ട് ഒരു ഫിനീക്‌സ് പക്ഷി.

വംശനാശത്തിന്റെ മുനമ്പില്‍നിന്നും തൂവലുകള്‍ വിടര്‍ത്തി ജീവിതത്തിലേക്ക് പറന്നുയര്‍ന്ന ജപ്പാനിലെ ടോക്കി എന്ന ക്രസ്റ്റഡ് ഐബിസ്. ടോക്കിയുടെ കഥ ടോക്കിയുടെ മാത്രം അതിജീവനകഥയല്ല. ഒരു രാജ്യം ഒരു പക്ഷിക്ക് വേണ്ടി നിലകൊണ്ട കഥയാണ്. ഒരു രാജ്യത്തിന്റെ കൃഷിയിലും പരിസ്ഥിതിയിലുമുണ്ടായ മാറ്റത്തിന്റെ കഥയാണ്.

വെളുപ്പും പിങ്കും ഇടകലര്‍ന്ന തൂവലും ചുവപ്പന്‍ മുഖവുമുള്ള ഈ കാട്ടുപക്ഷികള്‍ നെല്‍ച്ചെടികളെ നശിപ്പിക്കുന്നതിനാല്‍ 1603 മുതല്‍ 1868 വരെ ഇവയെ വേട്ടയാടാന്‍ അനുവാദമുണ്ടായിരുന്നു ജപ്പാനില്‍. ടോക്കിയുടെ മാംസത്തിന് ഔഷധഗുണമുണ്ടെന്ന് കൂടി പ്രചരിക്കപ്പെട്ടതോടെ ഇവ കൂട്ടത്തോടെ കൊല്ലപ്പെട്ടു, ഇവയുടെ തൂവലുകള്‍ തൊപ്പികളില്‍ അലങ്കാരമായി ഇടം പിടിച്ചു. തോക്കുകള്‍ കൂടി വന്നതോടെ കാട്ടുടോക്കികള്‍ പതിയെ പതിയെ ജപ്പാനിലെ വയലുകളില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. 1930കളുടെ തുടക്കത്തില്‍ ജപ്പാനില്‍ ഏതാനും ഡസന്‍ ടോക്കികള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. സാഡോ എന്ന ദ്വീപിലും നോട്ടോ എന്ന ഉപദ്വീപിലും മാത്രമായി ഈ പക്ഷിക്കൂട്ടം ചുരുങ്ങി..

യുദ്ധാനന്തര ജപ്പാന്‍

യുദ്ധാനന്തര ജപ്പാനിലെ കാര്‍ഷികമേഖല വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാസവളങ്ങളും കീടനാശിനികളുമാണ് ജപ്പാന്റെ വയലുകളില്‍ വിപ്ലവം തീര്‍ത്തത്. കാര്‍ഷികമേഖലയിലെ മുന്നേറ്റം പക്ഷെ ആവാസവ്യവസ്ഥയെ അപ്പോഴേക്കും തളര്‍ത്തിയിരുന്നു.  ചതുപ്പിലും തണ്ണീര്‍ത്തടങ്ങളിലും ജീവിക്കുന്ന ഞണ്ടുകളും തവളകളും കുഞ്ഞുപ്രാണികളുമെല്ലാം രാസകീടനാശിനി പ്രയോഗത്തില്‍ പാടെ നശിച്ചു. ഭക്ഷ്യശൃംഖലയുടെ അടുത്ത കണ്ണിയായ  ടോക്കി പക്ഷികളായിരുന്നു അടുത്ത ഇര. 1981 ആയപ്പോഴേക്കും ജപ്പാനില്‍ അവശേഷിച്ചത് വെറും അഞ്ച് ടോക്കി പക്ഷികള്‍ മാത്രം.

സംരക്ഷണത്തിനായി നെട്ടോട്ടം

ടോക്കി പക്ഷികളുടെ വംശനാശത്തെ കുറിച്ച് അപ്പോഴേക്കം ജപ്പാന് ബോധ്യമായിത്തുടങ്ങിയിരുന്നു. ഈ അഞ്ച് കാട്ടുപക്ഷികളേയും ഉദ്യോഗസ്ഥര്‍ സാഡോ ദ്വീപില്‍ സംരക്ഷണതടവിലാക്കി. പക്ഷെ സാഡോ ദ്വീപില്‍ സംരക്ഷണ തടവിലാക്കിയ പക്ഷികള്‍ ഇണ ചേരുന്നതില്‍ പരാജയപ്പെട്ടു. അതേസമയം ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ ഏഴ് കാട്ടുടോക്കി പക്ഷികളെ കണ്ടെത്തി എന്ന പ്രത്യാശയുടെ വാര്‍ത്തയെത്തി. ടോക്കിയുടെ നിലനില്‍പ്പിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ അവിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.

1998-ല്‍ ചൈനീസ് പ്രസിഡന്റായിരുന്ന ജിയാംഗ് സെമിന്റെ ആദ്യ ജാപ്പനീസ് സന്ദര്‍ശനത്തില്‍  അദ്ദേഹം ജപ്പാന് സമ്മാനിച്ചത് ഒരു ജോഡി ടോക്കി പക്ഷികളെയാണ്. മാസങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞ് ടോക്കി പക്ഷി പുതുതായി ജനിച്ചു. കാലംപോകെ പോകെ ചൈനയില്‍ നിന്നടക്കം കൂടുതല്‍ ടോക്കികള്‍ സാഡോ ദ്വീപിലേക്ക് എത്തി.

വീണ്ടും വെല്ലുവിളി

പ്രതിസന്ധി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. സാഡോയില്‍ എത്തിയ ടോക്കിപക്ഷികള്‍ക്ക് രാസവളങ്ങളുടേയും കീടനാശിനികളുടേയും മരണക്കെണിയില്‍ നിന്ന് മോചനം ഉണ്ടായിരുന്നില്ല. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദനവും ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പനയും ആയിരുന്നു  ജപ്പാനിലെ സാധാരണ കര്‍ഷകന്റെ മോട്ടോ. പക്ഷിയെ സംരക്ഷിക്കാന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളൊന്നും കര്‍ഷകന് മുന്നില്‍ ആദ്യം വിലപ്പോയില്ല. രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം കുറയ്ക്കലും നെല്‍വയലുകളെ നദികളുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ ചാലുകളുണ്ടാക്കി തണ്ണീര്‍ത്തടം നിലനിര്‍ത്തണം എന്നൊക്കെയുള്ള നിര്‍ദേശങ്ങളുടെ വിശാലത ആദ്യഘട്ടത്തില്‍ കര്‍ഷകര്‍ പാടേ തള്ളിക്കളഞ്ഞു.

ടോക്കി സൗഹൃദ മാര്‍ക്കറ്റിംഗ് തന്ത്രം

രാസവള, കീടനാശിനികളുടെ ഉപയോഗമില്ലാതെ  കൃഷി ചെയ്‌തെടുത്ത അരിക്ക് ടോക്കി സൗഹൃദ അരിയെന്ന് പുത്തന്‍ പേര്. ഈ ജൈവകൃഷിക്ക് വിസമ്മതിച്ച കര്‍ഷകരുടെ അരി സംഭരിക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ കൂടി വന്നതോടെ  കര്‍ഷകര്‍ മാറി ചിന്തിച്ചു. 

സാഡോ ദ്വീപ് പതിയെ പതിയെ ടോക്കി സൗഹൃദമാവുകയായിരുന്നു.   രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ ജപ്പാനിലെ കാട്ടുടോക്കി പക്ഷികളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ഞൂറായി ഉയര്‍ന്നു.

പുത്തന്‍ കാഴ്ച

അതിലോലമായ പിങ്ക് തൂവലും വളഞ്ഞ കൊക്കുമുള്ള ടോക്കി പക്ഷികള്‍  രാജ്യത്തിന്റെ തന്നെ പര്യായമായി മാറി. ജാപ്പനീസ് ക്രസ്റ്റഡ് ഐബിസ് എന്ന പേരിലുള്ള ഈ പക്ഷികളുടെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ജപ്പാനില്‍ എവിടെയും കാണാം. ടീ ഷര്‍ട്ടുകള്‍ മുതല്‍ പാല്‍കവറുകളില്‍ വരെ ടോക്കിയാണ്. കാരണം ഈ പക്ഷിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാഡോ ദ്വീപിന്റെ വലിയ മുന്നേറ്റത്തിന്റെ കഥയാണ്. കൃഷിക്കും പരിസ്ഥിതിക്കും പുതുസമീപനം നല്‍കിയ ഒരു ജനതയുടെ കഥയാണ്. ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഫിനീക്‌സ് പക്ഷി തന്നെയാണ് ജപ്പാനിലെ ഈ ടോക്കി പക്ഷികള്‍.
 

Follow Us:
Download App:
  • android
  • ios