ഒരേസമയം തന്നെ അതിവൈകാരികതയിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന കഥകളിലും ചരിത്രത്തിന്റെ സാന്നിധ്യം കാണാം.
ഉറൂബ് എന്ന അറബിവാക്കിന്റെ അർത്ഥം 'യൗവനം നശിക്കാത്തവൻ' എന്നാണ്. പി.സി കുട്ടികൃഷ്ണന്‍ എന്ന എഴുത്തുകാരനെ സാഹിത്യത്തിന് പരിചയം ഉറൂബായിട്ടാണ്. 'നിത്യയൗവനമുള്ള ഒരാൾ' എത്ര മനോഹരമായ വാക്കാണല്ലേ ഉറൂബ്. ഉറൂബ് സാഹിത്യവും അങ്ങനെ തന്നെ ആയിരുന്നു. വർഷങ്ങൾക്കിപ്പുറവും നിറയൗവ്വനമുള്ള എഴുത്തുകൾ.
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം എന്ന ഗ്രാമത്തിലാണ് എഴുത്തുകാരന്റെ ജനനം. ഇടശ്ശേരി ഗോവിന്ദൻ നായരുമായി ഉറ്റചങ്ങാത്തം. അങ്ങനെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കവിതയുടെ ലോകത്തേക്ക് വരുന്നു. മാതൃഭൂമിയിലാണ് ആദ്യത്തെ കഥയും ആദ്യ കവിതയും പ്രസിദ്ധീകരിച്ച് വരുന്നത്. അതോടെ സാഹിത്യലോകത്ത് അറിയപ്പെടുന്ന ആളായിത്തുടങ്ങി.
വിവാഹം കഴിച്ചതാവട്ടെ ഇടശ്ശേരിയുടെ ഭാര്യാസഹോദരി ദേവകിയമ്മയെ ആണ്. ഉറൂബ് എന്ന തൂലികാനാമം പിറന്നത് തികച്ചും യാദൃച്ഛികമായിട്ടാവണം. 1952 -ൽ അദ്ദേഹം ആകാശവാണിയിൽ ജോലി നോക്കവേയാണ് മാതൃഭൂമിയില്‍ സഹപ്രവര്‍ത്തകനും സംഗീതസംവിധായകനുമായ കെ രാഘവനെ കുറിച്ച് ഒരു ലേഖനം എഴുതുന്നത്. എന്നാൽ, ആ ജോലിയിലിരിക്കെ എഴുതണമെങ്കിൽ പ്രത്യേകം അനുമതി വേണം. അതോടെയാണ് 'ഉറൂബ്' എന്ന തൂലികാനാമം അദ്ദേഹം സ്വീകരിക്കുന്നത്.
രാച്ചിയമ്മ, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും തുടങ്ങി അദ്ദേഹത്തിന്റെ പല കൃതികളും ഇന്നും തേടിപ്പിടിച്ച് വായിക്കുന്നവരേറെയാണ്. വായിച്ചവർ തന്നെ വീണ്ടും വായിക്കുന്ന കൃതികൾ കൂടിയാണ് ആ തൂലികയിൽ പിറന്നവയിലേറെയും. കവിതയെഴുതിയെങ്കിലും കഥകളും നോവലുകളുമായിരുന്നു പിന്നീടദ്ദേഹം എഴുതാൻ തിരഞ്ഞെടുത്തത്. ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്താൻ മറക്കാത്ത കൃതികളായിരുന്നു മിക്കതും.
ഒരേസമയം തന്നെ അതിവൈകാരികതയിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന കഥകളിലും ചരിത്രത്തിന്റെ സാന്നിധ്യം കാണാം. സുന്ദരികളും സുന്ദരന്മാരും തന്നെ ഉദാഹരണം. ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, കമ്യൂണിസത്തിന്റെ ചുവയ്വയ്പ്പുകൾ, സ്വാതന്ത്ര്യസമരം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയെല്ലാം കാണാമെങ്കിലും ഒരു ചരിത്രനോവലായിരുന്നില്ല അത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഉറൂബ് രചിച്ച കൃതികളിലെ സ്ത്രീകളുടെ കരുത്ത് എക്കാലവും സാഹിത്യലോകത്തെ അതിശയിപ്പിച്ചിരുന്നു- അത് അവരുടെ സ്വത്വത്തിലൂന്നിയതായിരുന്നു. 'ഉമ്മാച്ചു'വിൽ അത് അങ്ങേയറ്റം തെളിഞ്ഞുകാണാം. യഥാർത്ഥത്തിലുള്ള മനുഷ്യവികാരങ്ങളെ അടക്കിപ്പിടിച്ച് മറ്റൊരു ജീവിതം ജീവിക്കുന്ന ഒരു സ്ത്രീയുടെ മനോവ്യാപാരങ്ങളെയാണ് ഈ നോവലിൽ കാണാനാവുന്നത്.
രാച്ചിയമ്മയും ധാത്രിയും ഒക്കെയും വളരെ വ്യത്യസ്തരായ, ഉൾക്കരുത്തുകൊണ്ട് ജീവിക്കുന്ന, പിടിവിട്ട് പോകുന്ന മനസിനെ പിടിവിടാതെ ചേർത്ത് പിടിക്കാൻ ശ്രമിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ തന്നെ. രാച്ചിയമ്മയെ പോലൊരു കഥാപാത്രം മലയാള സാഹിത്യലോകത്തിന് എക്കാലവും എടുത്തുപറയാനുള്ളതാണ്.
പി.സി കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് മാത്രമല്ല, ആ രചനകൾക്കും എന്നും യൗവ്വനം തന്നെ. ഇന്ന് ജൂലൈ 10 -ന് അദ്ദേഹത്തിന്റെ 46 -ാം ചരമദിനം.
