Asianet News MalayalamAsianet News Malayalam

ആത്മഹത്യ ചെയ്യാൻ സഹായമൊരുക്കുന്ന ഓൺലൈൻ ​ഗ്രൂപ്പുകൾ, കനത്ത പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കൾ

നിഹിലിന്‍റെ കുടുംബം ഇത്തരം സൂയിസൈഡ് ഫോറം അടച്ചുപൂട്ടാനുള്ള ശ്രമം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

voice against online suicide promoting groups
Author
England, First Published Jun 14, 2021, 3:28 PM IST
  • Facebook
  • Twitter
  • Whatsapp

ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഓൺലൈൻ ​ഗ്രൂപ്പുകൾക്കെതിരെ ശക്തമായി രംഗത്ത് വരികയാണ് ഇംഗ്ലണ്ടിലെ രാഷ്ട്രീയക്കാരടക്കമുള്ളവർ. ഇത്തരം ​ഗ്രൂപ്പുകളിൽ അംഗമായിരിക്കുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തവരുടെ കുടുംബാംഗങ്ങളും പ്രതിഷേധിക്കുന്നവരിൽ ഉൾപ്പെടുന്നു. ആയിരക്കണക്കിന് അംഗങ്ങളുള്ള ഗ്രൂപ്പിൽ എങ്ങനെ എളുപ്പത്തിൽ സ്വന്തം ജീവനില്ലാതെയാക്കാം എന്നടക്കമുള്ള അത്യന്തം അപകടകരമായ നിർദേശങ്ങൾ നൽകുന്നു. ഒപ്പം തന്നെ മരിക്കാനുള്ള വിഷം, സൂയിസൈഡ് കിറ്റ് എന്നിവയെല്ലാം അംഗങ്ങളിലെത്തിക്കുകയോ, എവിടെനിന്നാണ് ഇവ ലഭിക്കുക എന്ന വിവരം നൽകുകയോ ചെയ്യുന്നു.  

മുൻ ഐൻ‌ട്രീ റേസ്‌കോഴ്‌സ് ചെയർമാൻ റോസ് പാറ്റേഴ്സന്റെയും മുൻ ആർമി കേഡറ്റായ 23 -കാരന്റെയുമടക്കം മരണത്തിന് ഇത്തരം ​ഗ്രൂപ്പുകൾ കാരണമായിട്ടുണ്ട് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. ഇത്തരം ഓൺലൈൻ സൈറ്റുകൾ നിർത്തണമെന്ന് യാചിച്ചുകൊണ്ടായിരുന്നു 23 -കാരമനായ ആർമി കേഡറ്റിന്റെ ആത്മഹത്യാക്കുറിപ്പ് പോലും. വരാനിരിക്കുന്ന 'ഓൺലൈൻ ഹാംസ് ബില്ലി'ൽ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഒരു പ്രമുഖ സൈക്യാട്രിസ്റ്റ് കഴിഞ്ഞ രാത്രി സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് ഡെയ്ലി മെയിൽ എഴുതുന്നു. 

ലേബറിന്റെ മുൻ ജസ്റ്റിസ് വക്താവ് റിച്ചാർഡ് ബർഗൺ ഇത്തരം സൈറ്റുകൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. ഇരകളുടെ കുടുംബങ്ങൾ ഫോറങ്ങൾക്ക് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മൂന്ന് ബ്രിട്ടീഷ് പൗരന്മാരാണ് മൂന്ന് ആഴ്ചകളുടെ ഇടവേളകളിൽ ആത്മഹത്യ ചെയ്തത്. ഒരേ ഡീലർമാരുടെ അടുത്ത് നിന്നുമാണ് ഇവർ മരിക്കാനുള്ള രാസപദാർത്ഥം വാങ്ങിയത്. ഇത് ഫോറത്തിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് എന്നാണ് കരുതുന്നത്. ഒരുമിച്ച് മരിക്കാമെന്നും വേണ്ടിവന്നാൽ അപകടമരണമാണ് എന്ന് തോന്നും വിധം കൊല നടത്തിത്തരാമെന്നും അംഗങ്ങൾ പറയുന്നുണ്ട്. 'കാച്ച് ദ ബസ്' തുടങ്ങിയ കോഡുകൾ അംഗങ്ങൾ പരസ്പരം ഉപയോഗിക്കുന്നു. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് നേരെ ഈ സൈറ്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഭീഷണിമെസേജുകളും, മരിച്ചവരാണ് എന്ന് പറഞ്ഞുകൊണ്ട് ഫോൺവിളികളും വരികയുണ്ടായി. നേരത്തെയുള്ള ഒരംഗം ഇത്തരം ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ചെയ്തത് അതിനെ 'ഡെത്ത് കൾട്ട്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണെന്ന് ഡെയ്ലിമെയിൽ എഴുതുന്നു. 

ആർമി കാഡറ്റായിരുന്ന നിഹിൽ എന്ന 23 -കാരൻ ഇംഗ്ലണ്ടിൻറെ സൌത്ത് ഭാഗത്തുനിന്നുള്ള കടയിൽ നിന്നാണ് മരിക്കാനുപയോഗിച്ച വിഷം വാങ്ങിയത്. അവനടങ്ങുന്ന മൂന്നുപേരെയും ഇവിടെ നിന്നും വിഷം വാങ്ങാൻ പ്രോത്സാഹിപ്പിച്ചത് ഫോറത്തിലെ അംഗങ്ങളാണ് എന്നാണ് കരുതപ്പെടുന്നത്. ഒപ്പം എങ്ങനെ മരിക്കാമെന്ന വ്യക്തമായ നിർദേശങ്ങളും ഇവർ നൽകിയിരുന്നതായി കരുതുന്നു. നിഹിലിൻറെ ആത്മഹത്യാ കുറിപ്പിൽ പൊലീസിനോട് ഈ വെബ്സൈറ്റ് അടച്ചുപൂട്ടണമെന്ന് യാചിക്കുന്നുണ്ട്. 

കഴിഞ്ഞ വർഷം ഫെബ്രുവരി എട്ടിന്, കോ ഡർഹാമിലെ ന്യൂട്ടൺ ഐക്ലിഫിലെ ഷോപ്പ് ഫിറ്റർ ജേസൺ തോംസൺ (49) ഇതേ വിഷം കഴിച്ച് മരിച്ചു. ഘട്ടം ഘട്ടമായി ആത്മഹത്യ എങ്ങനെ ചെയ്യാം എന്ന വിവരങ്ങൾ കുറിച്ചിരിക്കുന്ന പ്രിന്റൗട്ടും കണ്ടെത്തി. ഇത് ഇ്തതരം ​ഗ്രൂപ്പുകളിൽ നിന്നും ലഭിച്ചതാണ് എന്ന് പറയപ്പെടുന്നു. കുറച്ച് ദിവസം മുമ്പ്, കുംബ്രിയയിലെ വർക്കിംഗ്ടണിൽ നിന്നുള്ള ലീ എലിയട്ട് (30) ഇതേ സ്ഥാപനത്തിൽ നിന്ന് ഇബേ വഴി വാങ്ങിയ അതേ രാസവസ്തു കഴിച്ച് മരിച്ചു. ഇത് വാങ്ങുന്നയാൾക്ക് പ്രത്യേകം രേഖകളാവശ്യമില്ലെങ്കിലും വിൽപനക്കാരൻ എന്തെങ്കിലും സംശയം തോന്നിയാൽ പൊലീസിനെ അറിയിക്കണമെന്നുണ്ട്. ആത്മഹത്യയെ കുറിച്ചറിഞ്ഞ ശേഷം ഈ പദാർത്ഥം വിൽക്കുന്നത് കട നിർത്തിയിരിക്കുന്നതായും പറയുന്നു. 

മുൻവർഷങ്ങളിലും കേലി ലെവിസ് എന്ന 24 -കാരിയായ ആക്ടിവിസ്റ്റടക്കം ഈ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്ന പലരും ആത്മഹത്യ ചെയ്യുകയുണ്ടായി. ട്വിറ്ററിൽ സ്വന്തമായി പ്രൊഫൈലടക്കമുള്ള ഈ ഗ്രൂപ്പിൽ 17,000 അംഗങ്ങളുണ്ട്. 1.1 മില്ല്യൺ മെസേജുകളെങ്കിലും അവർ പരസ്പരം അയച്ചിട്ടുണ്ട്. അതിൽ പലതിലും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള 'കാച്ച് ദ ബസ്' അടക്കമുള്ള വാക്കുകളുണ്ട് എന്നും ഡെയ്ലി മെയിൽ എഴുതുന്നു. 

ഗ്രൂപ്പിൽ നേരത്തെ അംഗങ്ങളായിരുന്നവർ പറയുന്നത്, പലരും ആത്മഹത്യാചിന്തകളെ തടഞ്ഞുനിർത്താനായിട്ടാണ് ആ ഗ്രൂപ്പിൽ ചെല്ലുന്നത്. എന്നാൽ, മോശം അവസ്ഥയിലുള്ള ആളുകളെ ആത്മഹത്യ ചെയ്യിക്കുന്ന ഉപദേശങ്ങളും നിർദേശങ്ങളും നൽകുകയാണ് ഗ്രൂപ്പ് ചെയ്യുന്നത് എന്നാണ്. നിഹിലിൻറെ കുടുംബം ഇത്തരം സൂയിസൈഡ് ഫോറം അടച്ചുപൂട്ടാനുള്ള ശ്രമം സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഇത്തരം ​ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുന്ന തരത്തിലുള്ള പ്രവർത്തനം നിയമത്തിന്റെ ഭാ​ഗത്തുനിന്നും സർക്കാരിന്റെ ഭാ​ഗത്തുനിന്നും ഉണ്ടാവണം എന്ന ആവശ്യം ശക്തമാവുകയാണ്. 

(ഓർക്കുക, ആത്മഹത്യ ഒരു പ്രശ്നപരിഹാര മാർ​ഗമല്ല. അത്തരം ചിന്തകളുണ്ടാവുകയാണെങ്കിൽ വളരെ അടുപ്പമുള്ളവരോട് തുറന്ന് സംസാരിക്കുക, മാനസികാരോ​ഗ്യ വിദ​ഗ്ദ്ധരുടെ സഹായം തേടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.)

Follow Us:
Download App:
  • android
  • ios