Asianet News MalayalamAsianet News Malayalam

കുട്ടികളെ ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കണം, അടിമുടി മറച്ച് മറഞ്ഞിരുന്ന് അമ്മമാർ!

എന്നാല്‍, കുട്ടികള്‍ തനിച്ചുള്ള ഫോട്ടോ എടുക്കണം എന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ അതിനും ഒരു വഴി കണ്ടു. കുട്ടികളെ അമ്മയുടെയോ നാനിമാരുടെയോ കൂടെത്തന്നെ ഇരുത്തി. 

why this mother hides in pictures
Author
Thiruvananthapuram, First Published Jun 20, 2021, 2:27 PM IST

ഇത്തരം ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? വളരെ വളരെ പഴയ കാലത്ത് പകർത്തിയിരിക്കുന്ന ഫോട്ടോകളാണിവ. ഇങ്ങനെ മുഖവും ദേഹവും മറച്ചിരിക്കുന്ന അമ്മമാരുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നതിന് തന്നെ ഒരു പേരുണ്ട്. 'ഹിഡൻ മദർ ഫോട്ടോ​ഗ്രഫി'. എന്താണിത് സംഭവം? എന്തിനാണ് ഈ അമ്മമാർ ഇങ്ങനെ മൊത്തം മൂടിക്കെട്ടിയിരിക്കുന്നത്? വിക്ടോറിയന്‍ കാലത്തെയാണ് കുട്ടികളെയും എടുത്തിരിക്കുന്ന ചിത്രങ്ങളില്‍ അമ്മമാര്‍ മുഖവും ദേഹവുമെല്ലാം മൂടിയിരിക്കുന്നത് കാണാവുന്നത്. ചിലപ്പോള്‍ വലിയ പുതപ്പൊക്കെ എടുത്താണ് ഇങ്ങനെ അടിമുടി മൂടിയിരിക്കുന്നത്. 

why this mother hides in pictures

1820 -ല്‍ ഫോട്ടോഗ്രഫി കണ്ടുപിടിച്ചപ്പോള്‍ മണിക്കൂറുകളോളം ആവശ്യമായി വരുമായിരുന്നു ഒരു ചിത്രം പകര്‍ത്താന്‍. എന്നാല്‍, പിന്നീട് കാലക്രമേണ ഇത് മാറി. 1840 -കളുടെ തുടക്കത്തില്‍ ഇത് കുറച്ച് മിനുട്ടുകള്‍ മാത്രം മതി എന്ന അവസ്ഥയിലേക്കെത്തി. വിക്ടോറിയന്‍ കാലഘട്ടത്തിലാകട്ടെ 30 സെക്കന്‍റ് മാത്രം മതി ഒരു ചിത്രം പകര്‍ത്താനെന്ന നിലയിലേക്കുമെത്തി. അതായത്, അരമിനിറ്റ് അനങ്ങാതെ നിന്നാല്‍ നല്ല ഫോട്ടോ കിട്ടും. 

why this mother hides in pictures

എന്നാല്‍, അന്നത്തെ കാലത്തെ കുട്ടികള്‍ ഇന്നത്തെ കുട്ടികളെ പോലെ തന്നെ. അവരെയുണ്ടോ അനങ്ങാതെ കിട്ടുന്നു. മാത്രവുമല്ല, ഇന്നത്തെ അത്ര എളുപ്പമല്ലല്ലോ അന്നത്തെ ഫോട്ടോയെടുപ്പ്. കുട്ടികളെയും കൊണ്ട് സ്റ്റുഡിയോയില്‍ ചെന്ന് ഫോട്ടോ എടുക്കുക എന്നത് വലിയ ബുദ്ധിമുട്ടായി. ഫോട്ടോ എടുക്കുന്നയാളും ആകെ വലഞ്ഞു. കുട്ടികള്‍ കരയുകയോ, ബഹളം വയ്ക്കുകയോ ഒക്കെ ചെയ്തുകൊണ്ടിരുന്നു. മാതാപിതാക്കള്‍ക്ക് മാത്രമാണ് അവരെ ഇത്തിരിനേരം അടക്കിയിരുത്താന്‍ പറ്റിയത്. അതുകൊണ്ട് തന്നെ പലരും കുടുംബഫോട്ടോയാണ് എടുത്തുകൊണ്ടിരുന്നത്. 

why this mother hides in pictures

എന്നാല്‍, കുട്ടികള്‍ തനിച്ചുള്ള ഫോട്ടോ എടുക്കണം എന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ അതിനും ഒരു വഴി കണ്ടു. കുട്ടികളെ അമ്മയുടെയോ നാനിമാരുടെയോ കൂടെത്തന്നെ ഇരുത്തി. എന്നാല്‍, ചിത്രം ശരിയായി കിട്ടാനായി അവർ സ്വയം ആകെയങ്ങ് മൂടിക്കളഞ്ഞു. അത് ചിലപ്പോള്‍ കര്‍ട്ടന്‍ കൊണ്ടാവാം. പുതപ്പ് കൊണ്ടാവാം. ചിലരാവട്ടെ കസേരയ്ക്കും മറ്റും പിന്നില്‍ ഇങ്ങനെ മൂടി മറഞ്ഞിരുന്നു. ചിലപ്പോള്‍ ഇങ്ങനെ മൂടി കസേരയിലിരുന്ന് കുട്ടികളെ മടിയിലിരുത്തി. എന്നാല്‍, കളര്‍ഫുളായ വസ്ത്രം ധരിച്ച പല അമ്മമാരും ഫോട്ടോയില്‍ ഏറെക്കുറെ പതിഞ്ഞു. ചിലരുടെ കുട്ടികളെ പിടിച്ചിരിക്കുന്ന കൈകള്‍ ചിത്രങ്ങളില്‍ വ്യക്തമായി.

എന്നാലും കുട്ടികളെ നേരെ നോക്കിക്കാനും ചിരിപ്പിക്കാനുമെല്ലാം സ്റ്റുഡിയോക്കാരുടെ കയ്യിലുമുണ്ടായിരുന്നു ചില പൊടിക്കൈകള്‍. അവര്‍, കുരങ്ങനെയും പക്ഷികളെയുമെല്ലാം കൂട്ടിലടച്ചു കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു. ഏതായാലും ഇങ്ങനെ അമ്മമാര്‍ മറഞ്ഞിരുന്നു പകര്‍ത്തിയ ഫോട്ടോയ്ക്ക് ഭാവിയില്‍ മറ്റൊരു പേരുമുണ്ടായി, 'ഹിഡന്‍ മദര്‍ ഫോട്ടോഗ്രഫി'. ചരിത്രം തെരഞ്ഞുപോകുമ്പോൾ ഇങ്ങനെ എന്തെല്ലാം രസകരമായ കാര്യങ്ങളാണ് അല്ലേ? 
 

Follow Us:
Download App:
  • android
  • ios