വിഷു, തിരുവോണം തുടങ്ങിയ കേരളീയ ഉത്സവങ്ങളെക്കുറിച്ച് ഏറ്റവുമധികം എഴുതിയിട്ടുള്ള കവിയാണ് വൈലോപ്പിള്ളി. 1959-61 കാലത്ത് അദ്ദേഹമെഴുതിയ കവിതകളുടെ സമാഹാരമാണ് 'കയ്പവല്ലരി'. ഒരുപക്ഷേ പ്രത്യക്ഷ രാഷ്‌ട്രീയത്തെക്കുറിച്ച് അദ്ദേഹമെഴുതിയ പ്രധാന കവിതകളില്‍ വലിയ പങ്ക് ഈ സമാഹാരത്തിലാണ്. കേരള ചരിത്രത്തിലെ ഒരു വലിയ പ്രതിസന്ധിഘട്ടമായിരുന്നല്ലോ വിമോചന സമരം. ജനാധിപത്യത്തിലൂടെ ആദ്യമായി അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രിസഭയുടെ പതനത്തിനു വഴിവച്ച അക്കാലത്ത് എഴുതിയ 'അഭിവാദനം' എന്ന കവിത നമ്മുടെ രാഷ്‌ട്രീയ കവിതകളില്‍ ഏറെ ഉന്നതസ്ഥാനം അലങ്കരിക്കുന്നു. ഭരണത്തിലിരിക്കുന്ന കാലത്തല്ല, ആ ഭരണകര്‍ത്താവ് ചവിട്ടിപ്പുറത്താക്കപ്പെട്ടപ്പോഴാണ് വൈലോപ്പിള്ളി ഈ കവിത എഴുതിയത് എന്നതുതന്നെ അദ്ദേഹത്തിന്‍റെ മഹത്വം വ്യക്തമാക്കുന്നു. മഹാബലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തിയ 'മിത്ത്' പുനര്‍ജനിക്കുന്നതായി സങ്കല്‍പിച്ചുകൊണ്ടാണ് ഈ കവിത രൂപപ്പെടുത്തിയിരിക്കുന്നത്. ഭരണത്തിലിരിക്കുമ്പോള്‍ ചിലര്‍ പാടി 'മാനവരെല്ലാമൊന്നുപോലെയായ്'.
പക്ഷെ കവി പറയുന്നു, അതു ഞങ്ങളല്ല, ഞങ്ങളെപ്പോഴും 'നന്മകള്‍ മറുപുറം കാണും ഒരു സുവര്‍ണ പ്രതിപക്ഷം' ആണെന്ന്. ഇതാണ് കവിയുടെ, ദാര്‍ശനികന്‍റെ രാഷ്‌ട്രീയം.

വൈലോപ്പിള്ളിയുടെ 'വിഷുക്കണി' എന്ന കവിത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. അതിന്റെ അവസാന വരികള്‍ പലയിടത്തും ആവര്‍ത്തിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എഴുതിയ കാലത്തേക്കാള്‍ പ്രസക്തമാണ് ആ വരികള്‍ എന്നറിയാന്‍ ഒരിക്കല്‍ക്കൂടി ഉദ്ധരിക്കട്ടെ.

'ഒന്നുതാനിനിമോഹം, കന്നിവെള്ളരിക്കപോല്‍
നിന്നുടെ മടിത്തട്ടില്‍ തങ്കമീ മണിക്കുട്ടന്‍.
ഏതുധൂസരസങ്കല്‍പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും'

ഈ വിഷുക്കാലം കേരളം കണ്ടിട്ടുള്ളതില്‍വച്ചേറ്റവും കടുത്ത വരള്‍ച്ചയുടെ, ഗ്രീഷ്മത്തിന്‍റെ കാലമാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമൊക്കെ ഇന്ന് കുറേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന കേവല ആശങ്കകളല്ലെന്ന് സമൂഹത്തിനാകെ ബോധ്യപ്പെട്ടിരിക്കുന്ന ഒരുകാലം. ഗ്രാമങ്ങളാകെ ചുട്ടുപഴുത്തിരിക്കന്നു. നഗരങ്ങള്‍ (വികസനത്തിന്റെ ഫലമായി) മുമ്പേ അങ്ങനെത്തന്നെയാണ്. കേരളത്തിന്റെ മനോഹര പ്രകൃതി സംരക്ഷിക്കുന്ന നദികളെ ജലസമൃദ്ധമാക്കുന്ന, മഴ കൊണ്ട് സമ്പന്നമാക്കുന്ന, ജൈവവൈവിധ്യം കൊണ്ട് ആരോഗ്യപൂര്‍ണമാക്കുന്ന പശ്ചിമഘട്ട മലനിരകള്‍ മുതല്‍ താഴെ തീരപ്രദേശംവരെയുള്ള കേരളം ഇന്ന് സര്‍വ്വ നാശത്തിലാണ്. കേരളത്തിന്‍റെ 'ജലഗോപുരമെന്നു' പശ്ചിമഘട്ടത്തെ വിശേഷിപ്പിച്ച മാധവ് ഗാഡ്ഗില്ലിനെയും കൂട്ടരെയും വധശിക്ഷയ്‌ക്കു വരെ വിധേയരാക്കണമെന്ന് വാദിക്കുന്നവരാണ് നമ്മുടെ ഭരണകര്‍ത്താക്കളില് ‍(ഭരണപ്രതിപക്ഷ കക്ഷികള്‍ എല്ലാം) വലിയൊരു പങ്കും. മലകള്‍ തുരന്നും കുന്നുകളിടിച്ചും ജലാശയങ്ങളും ചതുപ്പുകളും പാടങ്ങളും നികത്തിയും പുഴകളെ കേവലം ചെളിക്കുണ്ടുകളാക്കിയും കണ്ടല്‍ നിലങ്ങള്‍ വെട്ടി വെളുപ്പിച്ചും വന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചും 'വികസനം കൊണ്ടുവരും' എന്ന് ആക്രോശിക്കുന്ന നേതാക്കളെ നാം ചുറ്റും കാണുന്നു. ഊണിനൊപ്പം അല്‍പ്പം 'അച്ചാര്‍' എന്ന രീതിയില്‍ ഇടയ്‌ക്ക് പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, ജൈവമാലിന്യ സംസ്കരണം എന്നൊക്കെ പുലമ്പുന്നത് ഒട്ടും തന്നെ ആത്മാര്‍ഥതയില്ലാതെയാണ്. കാരണം ഇന്ന് പരിസ്ഥി സംരക്ഷണമെന്നത് ഒരു ഉപവിഭവമല്ല, മറിച്ച് ജീവിതത്തിന്റെ സമസ്ത മേഖലകളെയും സമഗ്രമായിക്കാണുന്ന ഒരു പ്രത്യയ ശാസ്‌ത്രം തന്നെയാണ്. കുടിവെള്ളം പതിനഞ്ചും ഇരുപതും രൂപക്കു കുപ്പിയില്‍ വില്കുന്നതിനെതിരെ ഒരക്ഷരം മിണ്ടാത്തവര്‍, ജലാശയങ്ങളെല്ലാം മലിനമാക്കിയും നികത്തിയും നശിപ്പിക്കുന്നതിനെ വികസനമായികാണുന്നവര്‍, വരും തലമുറകളുടെ ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ മറ്റൊരു മാര്‍ഗവുമില്ലതെയാണ് ഇങ്ങനെ വെള്ളം വിലക്കു വാങ്ങി കുടിക്കുന്നത്. എന്നാല്‍ ജനത്തിന്റെ സംരക്ഷണത്തിനുത്തരവാദിത്തപ്പെട്ട രാഷ്‌ട്രിയ ഭരണ നേതൃത്വങ്ങള്‍ ഇതിനു കൂട്ടു നില്‍ക്കുന്നതു വന്‍ കാപട്യമാണ്. 

കണിക്കൊന്ന വിഷുവിന്റെ ഒരു പ്രധാന വിഭവമാണ്. പ്രകൃതിയിലെ ചൂട് ഉന്നതിയിലെത്തുമ്പോഴാണ്‌ കൊന്ന മരം കേരളത്തെ പൊന്നാട ചാര്‍ത്തിക്കുന്നത്. പക്ഷെ ഇപ്പോള്‍ ജനുവരി മുതല്‍ തന്നെ കൊന്നകള്‍ പൂത്തുലയാന്‍ തുടങ്ങുന്നു. എന്തുകൊണ്ട് ? ഉത്തരം വ്യക്തം, മേടത്തിലെ ചൂട് മകരത്തില്‍ തന്നെ തുടങ്ങുന്നു. ഇതു മണ്ണിലും മനുഷ്യ മനസ്സിലും വരെ ഉണ്ടാക്കുന്ന വരള്‍ച്ച എത്ര ഭീതിതമാണ്?

മറ്റെല്ലാ ചൂടിനുമപ്പുറം നാളിപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. വൈലോപിള്ളിയുടെ ആത്മഹാരത്തിലെ മറ്റൊരു കവിത 'ഞങ്ങളുടെ കൊടി' ഇവിടെ പ്രസക്തമാണ്‌. കേരളത്തിലെ ഒരു തെരഞ്ഞെടുപ്പ് കാലത്തെയാണ് ഈ കവിത ഒര്‍മിപ്പിക്കുന്നത്.

''കണ്ടു ഞാന്‍ നാള്‍ വഴിക്കോണില്‍ പലമുഖം-
തണ്ടുകളാര്‍ന്നു പറക്കും പതാകകള്‍.
പുത്തനാം പോരില്‍ തെരഞ്ഞെടുപ്പില്‍,തമ്മില്‍ 
മുട്ടിടും ചേരികള്‍ തന്‍ കൊടികൂറകള്‍"
ഇതുകണ്ട കവി "ഇത്തിരി ചിന്തിച്ചു നിന്നാവഴിവക്കില്‍.''
ഒരു പൂ പറിച്ച് കൈയുയര്‍ത്തിപ്പറയുന്നു... ഇതഭിമാനം പറഞ്ഞു ഞാന്‍, 
'കാണുക, തൂലികയേന്തുന്ന ഞങ്ങള്‍ തന്‍ ആ ക്കൊടി...'

അത് കവി മാത്രമല്ല, മുഴുവന്‍ ജനങ്ങളും പറയേണ്ട വരികളാണിവ...

"ഈ തിരഞ്ഞെടുപ്പില്‍ ആരും ജയിക്കട്ടെ,

ഞങ്ങളുടെ മണ്ണും വെള്ളവും വാനവും പുഴയും ജൈവ സമ്പത്തും വിഷമില്ലാതെ സംരക്ഷിപ്പിക്കുന്ന ഒരു കൊടിയാണ് നാം പിടിക്കേണ്ടത്‌ - ആ കൊടി ആരാണ് നമ്മുടെ മുന്നില്‍ ഉയര്‍ത്തുക... നാം തന്നെ.