ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഏതാനും വര്‍ഷം മുമ്പ് ഒരുത്സവ വേളയില്‍ പോകാനിടയായി. രാത്രിയായിട്ടും നല്ല ചൂട്. പെട്ടെന്ന് ഒന്നാന്തരം മഴ പെയ്തു. ഞങ്ങളും ഒപ്പം ഒരു ബറ്റാലിയന്‍ ആനകളും ചെറിയ പന്തലിലേക്ക് ഓടി കയറി. മഴയും ഇടിമിന്നലും കൂടുന്നതിനനുസരിച്ച് ചുറ്റും നിന്ന ആനകള്‍ അസ്വസ്ഥരായി. ശരിക്കും ഞാന്‍ ഭയപ്പെട്ടു. നിറയെ ചെറിയ കുട്ടികളുള്ള ആ സന്ദര്‍ഭത്തില്‍ ആ‍ര്‍ക്കും അപകടമുണ്ടാകാതെ പോയത് ഭാഗ്യം കൊണ്ടു മാത്രം. മറ്റുള്ളവരുടെ സുരക്ഷക്കും സ്വസ്ഥതക്കും യാതൊരു പരിഗണനയും നല്‍കാതെ ഉത്സവ ചട്ടമ്പികള്‍ നിയന്ത്രിക്കുന്ന തോന്ന്യാസമാണ് നമ്മള്‍ക്ക് ക്ഷേത്രോത്സവങ്ങളിലും, പള്ളി പെരുന്നാളുകളിലും , ഉറൂസുകളിലും മറ്റും പലപ്പോഴും കാണാനാകുന്നത്. ഇത് പൊതുനിരത്തിലേക്കും നീളുന്നതോടെ നമ്മുടെ നിസ്സഹായാവസ്ഥ പൂ‍ണ്ണമാകും. റോഡി‍ല്‍ ആനകളും, പുരുഷാരവും, തീവെട്ടിയും, ഉത്സവ ചട്ടമ്പികളുടെ അക്രോശവും, അതിനിടയില്‍ പല അത്യാവശങ്ങള്‍ക്കും പോകാനാകാതെ നിസ്സഹായാരായി തങ്ങളുടെ വാഹനങ്ങളില്‍ തലകുമ്പിട്ടിരിക്കുന്ന പൊതുജനവും. കാവാടിയാട്ടവും ചന്ദനക്കുടവും കാലമൃത്യു പുല്‍കിയ ദിവ്യന്മാരുടെ നഗരികാണിക്കല്‍...അങ്ങനെ എന്തെല്ലാം ഇനം.

അത്യുഷ്ണകാലത്ത് ഇടുങ്ങിയ ഉത്സവ പറമ്പുകളിള്‍ ആനയും, പൊങ്കാലയും, വെടികെട്ടും, ഇരുട്ടും എങ്ങനെ ഒത്തു പോകും. എന്തെങ്കിലും സുരക്ഷാ ചട്ടങ്ങളോ നടപടികളോ എടുത്താല്‍ തന്നെ അതൊന്നും തന്നെ നടപ്പാക്കാന്‍ 'ഭാരവാഹികള്‍' സമ്മതിക്കാറില്ല. കൊല്ലത്തെ പരവുരിലെ വെടികെട്ടിന് അനുമതി നിഷേധിച്ച ജില്ലാ ഭരണാധികാരികളുടെ മതം നോക്കി വിരട്ടി എന്ന് പറയപ്പെടുന്നു. അത് വെറും പറച്ചിലെന്ന് പറയുന്നുവെങ്കില്‍ ഞാന്‍ സമ്മതിക്കില്ല. പല പോലീസ് ഉദ്യോഗസ്ഥരും പറയുന്ന ഒരു കാര്യമുണ്ട്. നിയമം നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ നെയിം പ്ലേറ്റ് നോക്കി പ്രശനത്തെ വര്‍ഗ്ഗീയവത്കരിക്കുക ഇപ്പോള്‍ പതിവാണെന്നാണ് അവര്‍ പറയുന്നത്. എതു നിയമത്തെയും തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് വളച്ചൊടിക്കലാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നിയമനിര്‍മ്മാണ സഭകളിലെ ജനപ്രതിനിധികള്‍ ചെയ്യുന്നത്.

മറ്റൊരു സംഭവം പറയാം. തിരുവനന്തപുരത്ത് നിന്ന് ഓസ്‍ട്രേലിയലേക്ക് കുടിയേറിയ ഒരു പത്രപ്രവര്‍ത്തകന്‍ അവിടെ ഒരു ഭക്തി പരിപാടി സംഘടിപ്പിച്ചു. സ്വാഭാവികമായി തിരുവനന്തപുരത്തെ 'തീക്കളി' മഹോത്സവമായ ആറ്റുകാല്‍ പൊങ്കാലക്ക് അവിടെ ഒരു എഡിഷന്‍ ഏര്‍പ്പാടാക്കി. വലിയ ചട്ടങ്ങളും നിയന്ത്രണവും ഉള്ള രാജ്യമാണെങ്കിലും അവിടെയും ഒരു ജനാധിപത്യ സംവിധാനമാണ്. ധാരാളം ഇന്ത്യാക്കാര്‍ ഉള്ള രാജ്യമായതിനാലും ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതിനാലും അവര്‍ പൊങ്കാലക്ക് അനുമതി നല്‍കി; വളെരെയേറെ കരുതല്‍ നടപടിക്ക് ശേഷം മാത്രം. ഓരോ പൊങ്കാല അടുപ്പും ഓസ്‍ട്രേലിയിലെ പോലിസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. പുറമേ ഫയര്‍ എന്‍ജിനുകളടക്കം വന്‍ അഗ്നി ശമന സംവിധാനങ്ങളും വളരെ കുറച്ചു പേരുടെ പൊങ്കാലക്ക് കാവലായി നിന്നു.

നമ്മുടെ നാട്ടിലാണെങ്കിലോ ? സത്യം പറഞ്ഞാല്‍ എത്ര ആശങ്കാജനകമാണ് കുംഭ ചൂടു കാലത്ത് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല. ലക്ഷകണക്കിന് സ്‌ത്രീകള്‍ ഒരുമിച്ച് അടുപ്പ് കത്തിക്കുന്നത്, ഒരു തിരുവനന്തപുരത്തുകാരനായ ഞാന്‍ ചങ്കിടിപ്പോടെയാണ് കാണുന്നത്. ‍ജില്ലാ ഭരണകൂടവും, പോലീസുമൊക്കെ എത്ര വിയര്‍പ്പൊഴുക്കുന്നുണ്ടാകും; പക്ഷേ എന്തു ഉറപ്പ് ? തിരോന്തരത്തുകാരുടെ ഭാഗ്യവും ആറ്റുകാള്‍ അമ്മച്ചിയുടെ കാരുണ്യവും കൊണ്ട് ദുരന്തം ഒന്നും സംഭവിക്കുന്നില്ലെന്ന് മാത്രം. താന്‍ പാതി ദൈവം പാതി എന്നാണല്ലോ പ്രമാണം. അതായത് നമ്മള്‍ ചെയ്യേണ്ടത് ചെയ്താല്‍ മാത്രമേ ദൈവവും സഹായിക്കു. ഉത്തേരന്ത്യയിലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് വേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണത്തെ മുഖാമുഖം കണ്ട അനുഭവത്തില്‍ നിന്ന് പറയട്ടെ –തികച്ചും ദൈന്യവും, നിസ്സഹായവുമാണ് ആ അവസ്ഥ. മനുഷ്യജീവന് വലിയ വില കല്‍പ്പിക്കാത്ത ഒരു സമൂഹത്തില്‍, തിക്കിലും തിരക്കിലും ഉണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് നാം പഠിക്കുക പതിവല്ല. 

കൊല്ലത്തെ പോരുവഴി മലനട വെടിക്കെട്ട് അപകടങ്ങളില്‍ നിന്ന് നാം എന്ത് പഠിച്ചു. വെടിക്കെട്ട് കണ്ട് മതിമറന്ന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലും തൃശൂര്‍ ഉത്രാളിക്കാവ്വിലും (ആവര്‍ത്തിച്ച്) തീവണ്ടി തട്ടി എത്ര പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. അധികാരികളെയല്ല ഭക്തിയുടെ പേരില്‍ ഭ്രാന്ത് കാണിക്കുന്ന നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടത്. പരവ്വൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ അനുമതിയില്ലാതെ മത്സര കമ്പം നടത്താന്‍ ലക്ഷങ്ങള്‍ കൊടുത്ത് നോട്ടിസില്‍ പേര് വരുത്തിയവരെയടക്കം ബന്ധപ്പെട്ടവരെയെല്ലാം കര്‍ശന നിയമനടപടിക്ക് വിധേയമാക്കണം. നിയമാനുസൃതമല്ല വെടിക്കെട്ട് നടന്നതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ അധികാരകളെയും അനുവദിക്കരുത്. തടയാത്തതിന് അവരും ഉത്തരം പറയണം. ജില്ലാ പോലീസ് മേധാവിയെ അറസ്റ്റ് ചെയ്യേണ്ടതല്ലേ? അങ്ങനെ ചെയ്താല്‍ ഇനി മതനേതാക്കന്‍മാരും രാഷ്‌ടീയക്കാരും സമ്മര്‍ദ്ദം ചെലുത്തിയാല്‍, തങ്ങള്‍ക്ക് നടപടിയുണ്ടാകുമെന്ന് പറഞ്ഞ് പോലീസിന് ഒഴിയാമല്ലോ. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ പക്ഷേ അവനെ ഊര് വിലക്കും. തൃശുര്‍ ഒല്ലുരിലെ പള്ളിയിലെ വെടിക്കെട്ടില്‍ പൊറുതി മുട്ടിയ അയല്‍വാസി പരാതി നല്‍കിയതിന് കിട്ടിയ പ്രതിഫലം മക്കളുടെ കല്യാണം വിലക്ക്. ബന്ധപ്പെട്ട വൈദികരെ എന്തുകൊണ്ട് നിയമനടപടിക്ക് വിധേയമാക്കുന്നില്ല.

പരവൂരിലെ വെടികെട്ട് നിയനന്ത്രിരിക്കാന്‍ ശ്രമിച്ച പ്രകാശന് നിരന്തര അവഹേളനവും. 1952ല്‍ ശബരിമലയിലുണ്ടായ കരിമരുന്ന് അപകടത്തില്‍ 68 പേര്‍ മരിച്ചതിന് ശേഷമുണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് അപകടമാണ് കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായത്. ആദ്യമായി മരണസംഖ്യ നൂറു കവിഞ്ഞിരിക്കുന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ മരണ സംഖ്യ 110 ആയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഏറ്റവും വലിയ ദുരന്തം. ആന, വെടിക്കെട്ട്, മൈക്കിലൂടെയുള്ള അലര്‍ച്ച, റോഡ് കൈയടിക്കുയുള്ള ഘോഷയാത്ര എന്നിവ ഉത്സവ വേദികളില്‍ കര്‍ശനമായി നിയന്തിച്ചേ തീരൂ .ഉഷ്ണകാലത്ത്, അസുര വാദ്യങ്ങള്‍ മൈക്കിലൂടെ, തീവെട്ടിയുടെ തീക്ഷണതയില്‍, ആനയുടെ സാനിധ്യത്തില്‍, വെടിക്കെട്ടിന്‍റെ അലര്‍ച്ചയില്‍, നാടാകെ പൊടിയുയര്‍ത്തി ആഘേഷിക്കുന്നവനെ ഭ്രാന്തന്‍മാരെന്നല്ലാതെ മിത ഭാഷയില്‍എന്ത് വിളിക്കാനാകും.ചുമ്മാതാണോ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്.