ആമസോണിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 23-കാരനായ മനോജ് ടുമു മെറ്റയിൽ ചേർന്നു. മികച്ച റെസ്യൂമെയും പ്രൊഫഷണൽ എക്സ്പീരിയൻസും കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് മനോജ് പറയുന്നു.

ലോകത്ത് അതിവേ​ഗം വികസിച്ചു കൊണ്ടിരിക്കുകയാണ് ടെക് തൊഴിൽ വിപണി. മേഖലയിലെ വികസനക്കുതിപ്പിനൊപ്പമെത്താൻ മത്സരിക്കുകയാണ് മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, മെറ്റ തുടങ്ങിയ ടെക് ഭീമന്മാർ. ഇതിനായി അത്രയും പ്ര​ഗത്ഭരായ ജീവനക്കാരെ എത്ര വലിയ വില കൊടുത്തും റിക്രൂട്ട് ചെയ്യാനും മത്സരിക്കുകയാണ് ഇവർ. ഇത്തരത്തിൽ ഏറ്റവും പുതുതായി മെറ്റ നിയമിച്ച 23കാരനെക്കുറിച്ചാണ് ടെക് ലോകത്തെ ച‌‌ർച്ചകൾ.

ഇന്ത്യൻ-അമേരിക്കൻ മെഷീൻ ലേണിംഗ് എഞ്ചിനീയർ മനോജ് ടുമു ആണ് ഈ താരം. വെറും 23 വയസുകാരനായ മനോജ് ഈയടുത്താണ് ആമസോണിലെ മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മെറ്റയിൽ ചേർന്നത്. ആമസോണിൽ 3.36 കോടി രൂപയായിരുന്നു മനോജിന്റെ വാ‌ർഷിക വരുമാനം. എന്നാൽഷ മെറ്റയിൽ നിന്നുള്ള ഓഫ‌ർ 400,000 ഡോളറിൽ കൂടുതലാണെന്നാണ് റിപ്പോ‌ർട്ടുകൾ.

ബിസിനസ് ഇൻസൈഡറിനായി മനോജ് നൽകിയ ലേഖനവും ഏറെ ച‌ർച്ചയാകുന്നുണ്ട്. മികച്ച റെസ്യൂമെയും, പ്രൊഫഷണൽ എക്സ്പീരിയൻസും കരിയർ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന യുവാക്കൾക്ക് ഏറെ ​ഗുണകരമാകുമെന്ന് മനോജ് പറയുന്നു. കോളജ് പഠനകാലത്തെ ഇന്റേൺഷിപ്പുകളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി. പ്രായോഗിക അനുഭവം അറിവ് വർദ്ധിപ്പിക്കുകയും ഉദ്യോ​ഗാ‌ർത്ഥിയുടെ പ്രൊഫൈൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോലിക്ക് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ സമീപനവും മനോജ് വിവരിച്ചു. റഫറലുകളെ ആശ്രയിക്കുന്നതിനുപകരം, കമ്പനി വെബ്‌സൈറ്റുകളിലൂടെയും ലിങ്ക്ഡ്ഇൻ വഴിയും നേരിട്ടാണ് അപേക്ഷ സമ‌ർപ്പിക്കുന്നത്. റെസ്യൂമെകൾ ശ്രദ്ധാപൂ‌ർവ്വം തയ്യാറാക്കണമെന്ന് മനോജ് വീണ്ടും ഓ‌ർമിപ്പിക്കുന്നു.

അഭിമുഖങ്ങളിൽ വിജയിക്കാൻ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടത് നിർണായകമാണെന്ന് മനോജ് പറയുന്നു. അഭിമുഖങ്ങളിൽ പറയുന്ന ഉത്തരങ്ങൾ അതത് കമ്പനിയുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കണമെന്ന് മനോജ് പറഞ്ഞു. ഒരു സ്ക്രീനിംഗ് കോൾ, ആറ് ആഴ്ചയ്ക്കുള്ളിൽ നാല് മുതൽ ആറ് വരെ റൗണ്ട് കോഡിംഗ്, മെഷീൻ ലേണിംഗ്, ബിഹേവിയറൽ അസസ്മെനറ് തുടങ്ങിയവയാണ് മെറ്റയിലെ അഭിമുഖ പ്രക്രിയയിൽ ഉണ്ടായിരുന്നതെന്നും മനോജ് കൂട്ടിച്ചേ‌ർത്തു.