Asianet News MalayalamAsianet News Malayalam

മത്സരിക്കണ്ടെന്ന് കോൺ​ഗ്രസ് പറഞ്ഞിട്ടില്ല; പാലാരിവട്ടം കേസിന് പിന്നിൽ പി രാജീവെന്ന് ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം കേസിന് പിന്നിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം പി. രാജീവ് ആണെന്ന വെളിപ്പെടുത്തലുമായി ഇബ്രാഹിം കുഞ്ഞ്. തന്നെ ബലിയാടാക്കാനും വേട്ടയാടാനും ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ടെന്നും അ​ദ്ദേഹം പറയുന്നു. ആരോ​ഗ്യപ്രശ്നങ്ങളുള്ളത് കൊണ്ടാണ് ഇത്തവണ മത്സരിക്കാത്തത്. അല്ലാതെ മത്സരിക്കേണ്ടെന്ന് കോൺ​ഗ്രസിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി അഭിലാഷ് ജി നായരുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം

interview with ebrahim kunju
Author
Trivandrum, First Published Mar 22, 2021, 3:45 PM IST

വോട്ട് മറിച്ചു നൽകാൻ എൽഡിഫ് അങ്ങയോട് ആവശ്യപ്പെട്ടു എന്നാണോ? 
എൽഡിഎഫ് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ചില ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിന് വഴങ്ങാത്തത് കൊണ്ടാണോ കേസ്?
തീർച്ചയായിട്ടും

ഇപ്പോൾ കളമശ്ശേരിയിൽ മത്സരിക്കുന്ന എൽഡി എഫ് സ്ഥാനാർത്ഥിക്കിതിൽ എന്തെങ്കിലും പങ്കുണ്ടോ? 
അദ്ദേഹമാണല്ലോ ഇതിന്റെ കിം​ഗ്പിൻ. 

അന്ന് ലോക്സഭയിലേക്ക് മത്സരിച്ചതും അദ്ദേഹമായിരുന്നു? 
തീർച്ചയായിട്ടും. 

കളമശ്ശേരി മണ്ഡലം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോട് കൂടി പി രാജീവാണ് ഇതിന്റെ പിന്നിൽ എന്നാണോ അങ്ങ് കൃത്യമായി ഉദ്ദേശിക്കുന്നത്?

തീർച്ചയായിട്ടും. സ്വാഭാവികമായിട്ടും ഞാനൊരു ദൗത്യവുമായി മുന്നിട്ടിറങ്ങുമ്പോൾ എന്റെ കൂടെ നിൽക്കുന്ന ആളുകളുണ്ട്. നേതാക്കളുണ്ടാകും. എന്നോട് യോജിക്കുന്ന കുറച്ച് പാർട്ടിയുടെ ആളുകളുണ്ടാകും. അവരൊക്കെ എന്നെ സഹായിക്കും. അതേ പോലെ അദ്ദേഹത്തെയും ഒരു ചെറിയ സംഘം സഹായിക്കുന്നുണ്ട്. സിപിഎം മുഴുവനായിട്ട് അങ്ങനെ എനിക്കെതിരെ ​ഗൂഢാലോചന നടത്തുന്നു എന്ന് ഞാനൊരിക്കലും പറയില്ല. 

അങ്ങനെയെങ്കിൽ പിന്നെ പി രാജീവിനൊപ്പം നിൽക്കുന്നത് ആരാണ്? 

ഞാനങ്ങനെ വ്യക്തിപരമായി ആരുടെയും പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഇത് സിപിഎമ്മിലുള്ളവർക്കും അറിയാം. മറ്റുള്ളവർക്കും അറിയാം. എന്നെ ബലിയാടാക്കാൻ എന്നെ വേട്ടയാടാൻ  ഒരാസൂത്രിതമായ പദ്ധതി ഉണ്ടായിട്ടുണ്ട്. അതൊരു ഉദ്യോ​ഗസ്ഥന് മാത്രം ചെയ്യാൻ പറ്റുന്ന പണിയല്ല. 

പക്ഷേ അങ്ങ് പറയുന്നത് പോലെ ആണെങ്കിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം കളമശ്ശേരിയിൽ മത്സരിക്കുന്ന  പി രാജീവിന് അതിൽ പങ്കുണ്ടെന്ന് അങ്ങ് പറയുന്നുണ്ട്. പി രാജീവ് മാത്രം വിചാരിച്ചാൽ ഇത് നടക്കുമോ? അതോ സിപിഎമ്മിന്റെ നേതൃനിരയിലുള്ള മന്ത്രിമാരടക്കം, മുഖ്യമന്ത്രിയടക്കമുള്ളവരുടെ അറിവോട് കൂടിയാണോ? 

അത് നടന്ന നാൾവഴി പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകും. നമുക്കിത് ഇത്തരത്തിലുള്ള ​ഗൂഢാലോചനയൊന്നും ഒരു പിടിയില്ലാത്ത സാധാരണ രാഷ്ട്രീയക്കാരൻ. അതിന്റെ നാൾവഴി പരിശോധിക്കുമ്പോൾ ഈ പാലത്തിന്റെ ടെണ്ടർ ലെറ്റർ കൊടുക്കുന്നു, അത് സ്വീകരിക്കുന്നില്ല. പിന്നെയും ലെറ്റർ  കൊടുക്കുന്നു. സ്വീകരിക്കുന്നില്ല. പിന്നെ അടച്ചിട്ട് തരണമെന്ന് പറയുന്നു, സ്വീകരിക്കുന്നില്ല. പിന്നെ ​ഗവൺമെന്റ് തന്നെ ഇതടക്കുന്നു. 

അങ്ങ് തന്നെ പറഞ്ഞു, ആരോ​ഗ്യപ്രശ്നമുള്ളത് കൊണ്ട് മത്സരരം​ഗത്തില്ല എന്ന് പാർട്ടിയോടും പറഞ്ഞിരുന്നുവെന്ന്. പക്ഷേ അതോടൊപ്പം പറയുന്നുണ്ട്, പാലാരിവട്ടം പാലം അടക്കമുള്ള കേസുകൾ ചർച്ചയാകാതിരിക്കാനായി കോൺ​ഗ്രസും അതാ​ഗ്രഹിച്ചിരുന്നു,  ഇബ്രാഹിം കുഞ്ഞ് ഇത്തവണ മത്സരിക്കേണ്ടതില്ല. അത്തരമൊരു സന്ദേശം ലീ​ഗ് നേതൃത്വത്തിന് കോൺ​ഗ്രസിൽ നിന്ന് പോയിരുന്നു എന്ന് പറയുന്നുണ്ട്. അതെത്രത്തോളം ശരിയാണ്? 

അത് ശരിയല്ല.  അത് ഒരു കാഷ്വൽ ഡിസ്കഷനിലൊക്കെ ഇതങ്ങനെ ആകുമോ എന്നൊക്കെ സംസാരിച്ചിട്ടുണ്ടാകാം, ഒരു രീതിയിലും കോൺ​ഗ്രസ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീ​ഗിനോട് അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. ഇന്ന് മുതലാണ് കേസുകളുടെ ഡിക്ലറേഷൻ ന്യൂസ് പേപ്പറിൽ വരാൻ പോകുന്നത്. കേസില്ലാത്ത ആരാ ഉള്ളത്? ഞാൻ ആളുകളുടെ പേര് പറയുന്നില്ല. ഞാൻ പറഞ്ഞ് അവരെ വിഷമിപ്പിക്കുന്നില്ല. നമ്മുടെ ഏറ്റവും ടോപ്പിലുള്ള ആളുകൾ മുതൽ താഴെത്തട്ടിൽ ഉള്ള ആളുകൾ വരെ ഭരണപക്ഷത്തും പ്രതിപക്ഷത്തും ചുരുങ്ങിയത് ഒരു 45 പേരെങ്കിലും കേസുള്ളവരുണ്ട്. അക്കൂട്ടത്തിൽ എന്റെ കേസ് കൂടി വരുന്നതിൽ എന്താണ് കുഴപ്പമുള്ളത്?

Follow Us:
Download App:
  • android
  • ios