Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്ത്, സ്‌പ്രിംക്ലര്‍, ലൈഫ് മിഷന്‍, ശബരിമല; മറുപടിയുമായി പിണറായി വിജയന്‍- പൂര്‍ണ അഭിമുഖം

തെരഞ്ഞെടുപ്പ് വരുന്നു. ആദ്യലാപ്പിൽ മുന്നിലോടി, സ്ഥാനാർത്ഥി നിർണയം ആദ്യം പൂർത്തിയാക്കി, പ്രചാരണം തുടങ്ങി മുന്നിലാണ് ഇടതുമുന്നണി. സ്വന്തം മണ്ഡലത്തിൽ നിന്ന് തുടങ്ങി കേരളപര്യടനത്തിലാണ് പിണറായി. ആ യാത്രയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസിന് പിണറായി നൽകുന്ന പ്രത്യേക അഭിമുഖം.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar
Author
Thrissur, First Published Mar 21, 2021, 1:52 AM IST

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. അഭിപ്രായ സര്‍വെകള്‍  എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടേം പൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. ചില കാര്യങ്ങളില്‍ അതില്‍ക്കൂടുതലായി വ്യക്തത വരുത്താന്‍ നമുക്ക് ആഗ്രഹമുണ്ട്. എല്ലാം ചോദിക്കാം. 

മുഖ്യമന്ത്രി പിണറായി വിജയനുമായി സിന്ധു സൂര്യകുമാര്‍ നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം വായിക്കാം.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

ചോദ്യം: 2016 ലെ തെരഞ്ഞെടുപ്പിന് മുൻപ്, സി എം ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, ധർമ്മടത്ത് ചിറക്കുനി പാർട്ടി ഓഫീസിൽ വന്ന് ഞങ്ങള്‍ ഒരു അഭിമുഖം എടുത്തിരുന്നു. അന്ന് പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകുമോ എന്നൊക്കെയുളള ചർച്ചകള്‍ നടക്കുന്ന സമയമാണ്. ഇപ്പോൾ സി എം രണ്ടാമത്തെ ടേമിലേക്ക് തുടർഭരണം എന്ന വലിയ വികാരവുമായി പോകുമ്പോള്‍ ഒരു വ്യക്തിയെന്ന നിലയിൽ, ഒരു നേതാവ് എന്ന നിലയില്‍ സിഎമ്മിന്‍റെ മനസില്‍ എന്താണ് ?

ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നോക്കിയാല്‍, ജനങ്ങള്‍ ഒരു പ്രത്യേക വികാരത്തിലാണ് കാര്യങ്ങൾ കാണുന്നത്. സാധാരണ തെരഞ്ഞെടുപ്പ് ആരംഭിച്ച് ഒരു ഘട്ടം കഴിഞ്ഞാലാണ് രംഗമൊന്ന് ചൂടായി വരിക. എന്നാല്‍ ഇവിടെ കാണുന്നത്, ആരംഭത്തിൽ തന്നെ ജനങ്ങള്‍ വലിയ ആവേശത്തിലാണ്. ഇപ്പോള്‍ പങ്കെടുത്ത പരിപാടികളിലൊക്കെ വലിയ ജനാവലിയാണ് കാണുന്നത്. നേരത്തെയുള്ള തെരഞ്ഞെടുപ്പുകളില്‍ അത്രത്തോളം ആളുകൾ അവസാനഘട്ടത്തിൽ പോലും ചിലയിടത്ത് ഉണ്ടാകലില്ല. ആദ്യ ഘട്ടത്തില്‍ തന്നെ വന്‍ ജനാവലി കാണുകയാണ്. ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നവരും അല്ലാത്തവരും ഇടത് മുന്നണിയെ സ്നേഹിക്കുന്നൊരു പ്രത്യേക സ്ഥിതിവിശേഷം വന്നിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് ഈ ഒരു വന്‍ കൂട്ടായ്മ വരുന്നത് എന്നാണ് തോന്നുന്നത്.

ഇപ്പോള്‍ സിഎമ്മിനെ സഖാവ് എന്ന് വിളിക്കുന്നതിനെക്കാള്‍ കൂടുതല്‍ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത് സി എമ്മിന് അറിയില്ലേ ?, അത് കേള്‍ക്കുമ്പോള്‍ എന്താണ് തോന്നിയത് ?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

അതൊക്കെ ആളുകളുടെ ഇത്തരം ഘട്ടങ്ങളില്‍ ആവേശം കൂടുമ്പോഴുള്ള ചില വിശേഷണങ്ങള്‍ എന്നായേ നമ്മള്‍ കാണേണ്ടതുള്ളു. ആ നിലക്ക് എടുത്താല്‍ മതി.

സിഎം പറഞ്ഞതുപോലെ ആളുകള്‍ ആവേശത്തില്‍ വരുന്നു എന്ന് പറയുമ്പോള്‍ അല്ലെങ്കില്‍ ഇടതുമുന്നണി പ്രവര്‍ത്തകരല്ലാത്ത ആളുകള്‍ കൂടി പിന്തുണക്കുന്നു എന്ന് പറയുമ്പോള്‍ ഈ മഹാമാരികളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ കൂടെ നിന്നുവെന്ന് തോന്നുന്നതുകൊണ്ട് ഈ സര്‍ക്കാര്‍ മതി എന്ന് വിചാരിക്കുന്നത് കൊണ്ടായിരിക്കുമോ അവര്‍ വരുന്നുണ്ടാവുക ?

ഇവിടെ നാടിന്‍റെ വികസനത്തിനും പുരോഗമനത്തിനും വേണ്ടി സ്വീകരിച്ച്നടപടികളുണ്ട്. അതോടൊപ്പം ജനക്ഷേമത്തിന് വേണ്ടി സ്വീകരിച്ച നടപടികളുണ്ട്. ഇതിന്‍റെ കൂടെതന്നെ നമ്മുടെ നാടിന് ഈ കാലയളവില്‍ നേരിടേണ്ടി വന്ന ദുരന്തങ്ങളുണ്ട്. വലിയ ഇടവേളകളില്ലാതെയാണ് നമുക്ക് ദുരന്തങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോള്‍, ഓഖി, നിപ്പ, നൂറ്റാണ്ടിലെ മഹാപ്രളയം, തൊട്ടുപിന്നാലെ അതിരൂക്ഷമായ കാലവര്‍ഷക്കെടുതി, അതോട് ചേര്‍ന്നു തന്നെ ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊവിഡ്. ഇത്രയും ദുരന്തങ്ങള്‍ ഒരു ഇടവേളയില്ലാതെ നേരിടുന്ന അവസ്ഥയാണ് നമുക്കുണ്ടായിട്ടുള്ളത്.

ഇത് നാടിനെ തകര്‍ക്കത്തക്കതാണ്. അത്തരം ദുരന്തങ്ങളുണ്ടായിട്ടും നാടിന്‍റെ വികസന പ്രക്രിയ സ്തംഭിച്ചില്ല. ഏറ്റവും പ്രധാനം ഇത്തരമൊരു ദുരന്തം ഉണ്ടായാൽ ക്ഷാമവും പട്ടിണിയും ജനങ്ങള്‍ക്കുള്ള ദുരിതവും വളരെ വലുതായിരിക്കും. എന്നാൽ അത് വരാതിരിക്കാന്‍ ഒരു സർക്കാരിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതിന്‍റെ പരമാവധി ചെയ്തുവെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. ഇതെല്ലാം കൂടി ചേര്‍ന്നതാണ് ഈ പറയുന്ന ജനങ്ങളുടെ വികാരം.

സിഎമ്മെ, ഇപ്പോ ഇന്നലെ വന്ന പ്രകടനപത്രികയില്‍, ഞാനൊരു സ്ത്രീ ആയതുകൊണ്ട് കൂടിയായിരിക്കും, ഈ വീട്ടമ്മമാർക്കുള്ള പെൻഷൻ എന്നത് വലിയൊരു സാമൂഹിക സുരക്ഷാ പദ്ധതിയായി ഫീല്‍ ചെയ്തു. പക്ഷെ ഇത്രയധികം ആളുകള്‍ക്ക് പെന്‍ഷന്‍ കൊടുക്കാനുള്ള പൈസ എവിടെ നിന്നാണ് ?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനിരിക്കുകയാണ്. പക്ഷേ പരിശോധിച്ചാല്‍ വലിയ കുഴപ്പം വരില്ല. നമ്മുടെ നാട്ടിൽ പെൻഷന് സാധാരണ ഗതിയിൽ അർഹതയുണ്ടാകുന്നത്, ഈ പെന്‍ഷന്‍റെ വരുമാനപരിധിയൊക്കെ വരുമല്ലോ. അതില്‍ നല്ലൊരു വിഭാഗം മറ്റ് പെൻഷനുകള്‍ വാങ്ങുന്നവരായിരിക്കും. പിന്നെ ഒരു ചെറിയ വിഭാഗമാണ് പെന്‍ഷന്‍ ഇല്ലാത്തവരായി ഉണ്ടാവുക. അവര്‍കൂടി ഇതിന്‍റെ ഭാഗമായിപെടുന്നു എന്നതാണ് കാണേണ്ടത്. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്ന ഒരു നിര്‍ദേശം തന്നെയാണിത്. പക്ഷെ അതിന്‍റെ മറ്റ് വിശദാംശങ്ങള്‍ ഇനി തയാറാക്കേണ്ടതായിട്ടുണ്ട്.

അതിന്‍റെ വേറൊരു വശം ചോദിക്കുകയാണെങ്കില്‍ ഇപ്പോള്‍ നമ്മള്‍ തമിഴ്നാട്ടിലേക്ക് നോക്കുമ്പോ അവിടെ ഒരുപാട് സൗജന്യങ്ങള്‍ ആളുകള്‍ക്ക് കൊടുക്കുന്നു എന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. ആ രീതിയിലേക്ക് നമ്മളും മാറുകയാണോ ? സൗജന്യ കിറ്റ്, ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും പെന്‍ഷന്‍ അങ്ങനെയൊക്കെ പറഞ്ഞ് നമ്മള്‍ കൂടുതല്‍ കൂടുതല്‍  സൗജന്യങ്ങളിലേക്കാണോ കൊണ്ടുപോകുന്നത് ?

അര്‍ഹതയുള്ള ആളുകള്‍ക്ക് സൗജന്യങ്ങള്‍ ലഭിക്കുക എന്നത് ഒരു ആവശ്യമാണ് ഇന്നത്തെക്കാലത്ത്. നമ്മുടെ കേരളത്തില്‍ ഈ ദുരന്തങ്ങള്‍ വന്നപ്പോള്‍ പട്ടിണി ഇല്ലാതിരുന്നത് നാം ആ സമയത്ത് ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സാമൂഹിക അടുക്കള തുടങ്ങിയതുകൊണ്ടാണ്. കമ്മ്യൂണിറ്റി കിച്ചനിലൂടെ നമ്മള്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണമെത്തിച്ചു. അല്ലാത്തവര്‍ക്ക് കൊടുക്കുന്നില്ല.

പക്ഷെ കിറ്റ്, ഇപ്പോള്‍ എനിക്ക് റേഷന്‍ കാര്‍ഡുണ്ട്. എനിക്കുവരെ കിറ്റ് കിട്ടുന്നുണ്ട്. അപ്പോ വരുമാനമുള്ള ആളുകള്‍ക്ക് എന്തിനാണ് കിറ്റ് ?

അല്ല കിറ്റിന്റെ പ്രശ്നം വന്നത് എന്താണെന്ന് വെച്ചാല്‍, ഇതൊരു മഹാമാരിയാണ്. മഹാമാരി നടക്കുമ്പോള്‍ അപൂര്‍വം ചിലരെ ഒഴിവാക്കി നിര്‍ത്തുക എന്ന് പറയുന്നതിലൊരു അനൗചിത്യമുണ്ട്. കാരണം നാടാകെ ഈ ദുരന്തം അനുഭവിക്കുന്നു.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

കുറച്ചുപേര്‍ നമ്മുടെ നാട്ടില്‍ വരുമാനമുള്ളവരും സാമ്പത്തികശേഷിയുള്ളവരുമാണ്. അവരെ ഒഴിവാക്കി നിര്‍ത്താന്‍ പുറപ്പെട്ടാല്‍ ആ കൂട്ടത്തില്‍ മറ്റ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമ്പോള്‍, ഇപ്പോ എപിഎല്‍ വിഭാഗം, ആ വിഭാഗത്തില്‍ ബിപിഎല്‍ സ്റ്റേച്ചര്‍ ഉള്ളവരുണ്ട്. അപ്പോ കുറെ ആളുകള്‍ക്ക് കിട്ടാതെ വരും. അങ്ങനെയുള്ളവര്‍ ഒഴിവായി പോകുന്നത് ശരിയല്ല. അപ്പോള്‍ പിന്നെ എല്ലാവര്‍ക്കും എന്ന നിലപാട് എടുത്തതാണ്. ആ സമയത്ത് ഒരു അഭ്യര്‍ത്ഥന നടത്തി, വേണ്ടാ എന്നുള്ളവര്‍ക്ക് അത് സ്വീകരിക്കാതിരിക്കാം എന്നത്. പക്ഷെ ഇത് നല്ല മനസോടെ ആളുകള്‍ സ്വീകരിക്കുകയാണ് ചെയ്തത്.

സി എമ്മെ പൊളിറ്റിക്സിലേക്ക് വരികയാണെങ്കില്‍ ഇത്തവണ തലമുറ മാറ്റം എന്ന് പറയുന്നില്ല, കഴിഞ്ഞ തവണയും ഒരുപാട് പുതുമുഖങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ മുതിർന്ന ഒരുപാട് പേര്‍ മാറിനിന്ന് പുതിയൊരു ടീമാണ് വരുന്നത്. സിഎം കഴിഞ്ഞദിവസം പറയുന്നത് കേട്ടു, ഇത്തവണ ഇളവ് അനുവദിക്കേണ്ട എന്ന് ഞങ്ങള്‍ തീരുമാനമെടുക്കുകയായിരുന്നു, സിപിഎമ്മിന് മാത്രമെ അത് പറ്റുള്ളൂ എന്ന്. അടുത്തതവണ വരുമ്പോള്‍ സിഎമ്മിന് അത് ബാധകമാവില്ലേ ?

അതെ ഞാന്‍ ബാധകമായിരുന്ന ആളാണ് നേരത്തെ. ഞാൻ രണ്ട് തവണ മത്സരിച്ച് എഴുപതു തൊട്ടുള്ള ടേമും പിന്നെ 77ലെ ടേമും. ആ രണ്ട് ടേം കഴിഞ്ഞപ്പോ ഒഴിഞ്ഞ ആളാണ് ഞാന്‍. അതിനുശേഷവും വന്നിട്ട് ഞാന്‍ ഒഴിഞ്ഞിട്ടുണ്ട്. അപ്പോള്‍, ആര്‍ക്കായാലും ബാധകമായിട്ടുള്ള കാര്യമാണ്. അതിനകത്ത് വലിയ പുതുമയൊന്നും ഇല്ല.

അപ്പോ ഈ തുടര്‍ഭരണം എന്ന സാധ്യതവെച്ചുകൊണ്ട് സംസാരിച്ച് പോവാണെങ്കില്‍ ഈ അഞ്ച് വര്‍ഷത്തിനിടയില്‍ സിഎമ്മിന്‍റെ സ്ഥാനത്തേക്ക് എത്തുന്ന ഒരാളെ കൊണ്ടുവന്ന് മാറുക എന്നാണോ ഉദ്ദേശിക്കുന്നത്. അങ്ങനെ എന്തെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

അങ്ങനത്തെ ഒരു ആലോചനയും ഞാന്‍ നടത്തിയിട്ടില്ല. അത് ഞാനായിട്ട് ആലോചിക്കേണ്ടതല്ല. പാർട്ടിയായിട്ട് ആലോചിക്കേണ്ട കാര്യമാണ്. അത്തരം കാര്യങ്ങളൊക്കെ ഞങ്ങള്‍ക്ക് വളരെ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണ്. പാര്‍ട്ടിക്ക് അതിനുള്ള ശേഷിയുണ്ട്. അതിനുമാത്രം ആളുകളുണ്ട്. കൂടുതല്‍ മികവുറ്റ ധാരാളം ആളുകള്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അതിലൊന്നും ഒരു പ്രശ്നവും വരില്ല.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

പക്ഷെ കുറച്ചുപേരെ തെരഞ്ഞെുപിടിച്ച് വെട്ടാന്‍ വേണ്ടി ചെയ്ത പരിപാടിയാണ് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇക്കാര്യത്തില്‍ വന്നുകേട്ടിരുന്നു.  കാരണം സിഎമ്മിന്‍റെ ഒരു വിന്നിംഗ് ടീം എന്നുള്ള നിലയില്‍ വന്നിരുന്ന മുതിര്‍ന്ന ആളുകള്‍ പലരും ഇല്ലാതെ വന്നപ്പോള്‍ ?

അത് ദോഷൈകകൃക്കുകള്‍ പറയുന്നതാണ്. ഇപ്പോള്‍ ഈ മത്സരരംഗത്തില്ലാത്തവരെല്ലാം പ്രഗത്ഭരായ ആളുകള്‍ തന്നെയാണ്. അതിലൊരു സംശയവുമില്ല. പക്ഷെ പൊതുവില്‍ ഒരു തത്വമെടുത്തു. ആ തത്വം നടപ്പാക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ പിന്നെ എല്ലാവര്‍ക്കും ബാധകമായി. അതിന്‍റെ അര്‍ത്ഥം അവരേതെങ്കിലും തരത്തില്‍ ഒതുങ്ങിപ്പോയി എന്നതല്ല. അവര്‍ പാര്‍ട്ടില്‍ സജീവമാണ്. ഇനി കൂടുതല്‍ തിളക്കത്തോടെ പിന്നീടൊരു കാലത്ത് ഇതേരംഗത്തുതന്നെ വന്നുവെന്നും വരും. ഈ രംഗമാകെ ഒഴിഞ്ഞു എന്ന് കണക്കാക്കേണ്ടതില്ല.

സിഎമ്മെ ഈ പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറയും. പക്ഷെ ഈ ജനവികാരം മനസിലാക്കുന്നതില്‍ ഇടക്കെങ്കിലും പരാജയപ്പെട്ടിട്ടുണ്ട്. ഈ കുറ്റ്യാടിയിൽ എന്താണ് അങ്ങനെ വരാന്‍ കാര്യം?

കുറ്റ്യാടിയിലേത് ഒരു മുന്നണി സംവിധാനം വരുമ്പോഴുണ്ടാകുന്ന ചില വികാരങ്ങളാണ്. മുന്നണി സംവിധാനത്തില്‍ പുതിയൊരു പാർട്ടി വരുമ്പോൾ ആ പാര്‍ട്ടിക്ക് സീറ്റ് നൽകേണ്ടതായിട്ടുണ്ട്. അത്തരം ഘട്ടത്തില്‍ ചിലപ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. അത് നേരത്തെയും ചെലപ്പോ ഉണ്ടായിട്ടുണ്ടാവും.

പക്ഷെ ജോസ് കെ മാണിക്ക് സി എം ഒരു അമിത പ്രാധാന്യം കൊടുത്തിട്ടുണ്ടോ ?, പുറമെ നിന്ന് കാണുമ്പോള്‍ അങ്ങനെ തോന്നാം ?

അങ്ങനെ കാണാനെ കഴിയില്ല. ജോസ് കെ മാണി എന്ന് പറയുന്നത്, കേരളാ കോണ്‍ഗ്രസ് എം അവർ സാധാരണഗതിയില്‍ നല്ല തോതില്‍ ജനസ്വാധീനം ഉള്ള പാർട്ടി തന്നെയാണ്. അവർക്ക് ചെലപ്പോ സ്വാധീനം ഇല്ലാത്ത ചില ഇടങ്ങളിലും സീറ്റുകൾ കൊടുക്കേണ്ടതായിട്ട് വരും മുന്നണി സംവിധാനമാകുമ്പോള്‍. അങ്ങനെ വന്നപ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി എന്നുള്ളതാണ്. അപ്പോ അവര്‍ വളരെ വിശാലമനസ്കതയോടെ അതിനകത്ത് ഒരു നിലപാട് സ്വീകരിച്ചു. അവിടുത്തെ പ്രശ്നങ്ങളൊക്കെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു ഇത്തവണ ഏതായാലും ഒഴിവാകുകയാണ്. നിങ്ങള്‍ തന്നെ മത്സരിക്കൂ. അതാണുണ്ടായത്.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

സിഎമ്മിനെ പോലെ അനുഭവ സമ്പന്നനായി ഒരു രാഷ്ട്രീയ നേതാവിന് സില്ലി ആണെന്ന് തോന്നും, എന്നാലും ഞാനൊന്ന് ചോദിച്ചോട്ടെ, ഈ കെ എം മാണിക്കെതിരെ ഇത്രയും പ്രതിഷേധം നടത്തി, ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ചു, ആ പാര്‍ട്ടിക്ക് വേണ്ടി ഇപ്പോള്‍ വോട്ടു ചോദിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ട് തോന്നില്ലെ ?

ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്. ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം അംഗീകരിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് എം വരികയായിരുന്നു. യുഡിഎഫിന്‍റെ ഏറ്റവും പ്രബലമായ ഒരു വിഭാഗമായിരുന്നു കേരളാ കോണ്‍ഗ്രസ് എം. അവര്‍ ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫിനൊപ്പം അണിചേരാന്‍ തീരുമാനിക്കുകയാണുണ്ടായത്.

അങ്ങനെ വന്നപ്പോള്‍ അത് സ്വാഗതം ചെയ്യുന്ന നിലയാണ് ഞങ്ങളെടുത്തത്. ഇനി അവർ തന്നെ പറഞ്ഞിട്ടുണ്ട്, എൽഡിഎഫിന്റെ നയത്തിന്‍റെ കൂടെയാണ് അവരെന്ന്. എല്‍ഡിഎഫിന് വേണ്ടിയാണ് അവര്‍ നിലക്കൊള്ളുന്നത്. ആ നിലയ്ക്ക് ഞങ്ങള്‍ക്ക് യാതൊരു പ്രയാസവുമില്ല. എല്‍ഡിഎഫിനുവേണ്ടി ഓരോ സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിക്കുന്നതിനുവേണ്ടി വോട്ടു ചോദിക്കുന്നു.

സി എം പലതവണ സഭാ തര്‍ക്കം തീര്‍ക്കാനായിട്ട് ശ്രമം നടത്തി. ന്യൂനപക്ഷങ്ങളുടെ പ്രശ്നം പഠിക്കാന്‍ ജെ ബി കോശി കമ്മീഷനെ വെച്ചു. ന്യൂനപക്ഷങ്ങളുടെ ഇടയില്‍ അവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സിഎം ഇടപെടുന്നു, അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്നൊരു തോന്നല്‍ അവര്‍ക്ക് വരുത്താന്‍ സര്‍ക്കാരിന് പറ്റിയിട്ടുണ്ടെന്ന് പറയാം. പക്ഷെ അതേ തോന്നല്‍ എന്തുകൊണ്ടാണ് ഈ മുന്നോക്ക സമുദായങ്ങള്‍ക്ക് വരാത്തത്. ഇപ്പോ ഈ എൻഎസ്എസിന് പിണക്കം മാറുന്നില്ലല്ലോ ?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

എൻഎസ്എസിന്റെ പ്രശ്നം, അടിസ്ഥാനപരമായി അവർക്ക് ചില നിലപാടുകളുണ്ട്. ആ നിലപാട് സമദൂര നിലയാണ് എപ്പോഴും അവര്‍ പറഞ്ഞിട്ടുള്ളത്. ആ വിഭാഗത്തിന് ആകെ ഞങ്ങളോട് എതിര് എന്ന് പറയാന്‍ പറ്റില്ല. അങ്ങനെയൊരു കണക്കുകൂട്ടല്‍ വേണ്ട. പിന്നെ എൻഎസ്എസ് നേതൃത്വത്തിന് അവര്‍ പ്രധാനമായി കാണുന്ന ചില പ്രശ്നങ്ങള്‍ പറയുന്നുണ്ടാവും. അതില്‍ ഞങ്ങള്‍ക്ക് സാധാരണ അവര്‍ പറയുന്നതില്‍ ശരിയുണ്ടെന്ന് കണ്ടാല്‍ അത് അംഗീകരിച്ച് നടപ്പാക്കുന്ന നില തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ച് പോന്നിട്ടുള്ളത്. എല്ലാവരുടെ കാര്യത്തിലും അഥ് തന്നെയാണ് ഞങ്ങളുടെ നിലപാട്. ആ നിലപാട് അവരുടെ കാര്യത്തിലും സ്വീകരിക്കുന്നു. ഒരു പ്രത്യേകമായ അകല്‍ച്ച അവരുമായി ഞങ്ങള്‍ക്കില്ല, സര്‍ക്കാരിനില്ല.

പക്ഷെ അവര്‍ക്കുണ്ട്. കാരണം ഇപ്പോള്‍ ശബരിമലയിൽ സി എം പറയുന്നുണ്ട് വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ടെ ഒരു തീരുമാനം എടുക്കുള്ളുവെന്ന്. ഈ ചര്‍ച്ച ചെയ്യാനുള്ള തീരുമാനം സി എമ്മിന് നേരത്തെയാകാമായിരുന്നു. അങ്ങനെയാണെങ്കില്‍ ഈ പ്രശ്നം ഒഴിവായേനെ എന്നൊരു തോന്നല്‍ ഇപ്പോഴുണ്ടോ ?

അങ്ങനെ കാണാന്‍ കഴിയില്ല. ഇതിപ്പോ നമ്മുടെ സുപ്രീംകോടതി, അവര്‍ വരുത്തിയ ഒരു അയവാണ്.

അവര്‍ വിധിയൊന്നും സ്റ്റേ ചെയ്തില്ലല്ലോ ?

അല്ല, അവര്‍ കൃത്യമായ അയവ് വരുത്തി. അതിന്‍റെ ഭാഗമായിട്ടാണ് കാര്യങ്ങള്‍ നീങ്ങിയത്. എന്നിട്ട് അവര്‍ വിശാല ബെഞ്ചിന് വിട്ടു. അപ്പോള്‍ കുറേ മാസങ്ങളായി, വര്‍ഷങ്ങളായി ഈ നില തുടര്‍ന്നു. ശബരിമലയിൽ ഒരു പ്രശ്നവുമില്ല, ഭക്തർ പോകുന്നു. ദര്‍ശനം നടത്തുന്നു. എല്ലാ കാര്യങ്ങളും നടക്കുന്നു.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

വിധി സ്റ്റേ ചെയ്തിട്ടില്ല, സിഎം പറഞ്ഞ വിശ്വാസികളുടെ കൂട്ടത്തില്‍ ഈ വിധിയെ പിന്തുണക്കുന്ന കുറച്ച് വിശ്വാസികളും ഉണ്ടാവാം. വ്യക്തിപരമായി പറഞ്ഞാല്‍ ആ വിധി സമാധാനപരമായി നടപ്പാവുമായിരുന്നെങ്കില്‍ അവിടെ പോവാനാഗ്രഹിച്ച ഒരു വിശ്വാസിയാണ് ഞാന്‍. എന്നെപ്പോലുള്ള വിശ്വാസികളുടെ വികാരം കൂടി അതിലൊരു പ്രശ്നമല്ലെ ?

വിധി സ്റ്റേ ചെയ്തിട്ടില്ല എന്ന് പറയുമ്പോള്‍ നമ്മള്‍ കാണേണ്ടത് ആ വിധി വിശാല ബെഞ്ചിന് വിടുകയാണ്. വിശാല ബെഞ്ചിന്‍റെ പരിശോധനക്ക് വിടുകയാണ്. അപ്പോള്‍ അതില്‍ പരിശോധിക്കേണ്ട കാര്യങ്ങളുണ്ട് എന്ന് കോടതി തന്നെ കാണുകയാണ്. അതിന്റെ ഭാഗമായിട്ടുവന്ന ഇളവുകളുണ്ട്. ആ ഇളവുകളുടെ അവസ്ഥ ഇന്ന് ശബരിമലയില്‍ മറ്റ് പ്രശ്നങ്ങളില്ലാ എന്നതാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അവിടെ മറ്റൊരു നിലപാട് ഇപ്പോള്‍ എടുക്കേണ്ട കാര്യം വരുന്നില്ല.

ഇനിയുള്ളത് ആ വിശാല ബെഞ്ച് കേസ് കേട്ട് വിധി വരുന്ന സമയത്താണ്. ആ വിധി വരുന്ന സമയത്തെ പ്രശ്നം ഇപ്പോ പറഞ്ഞതല്ല ഞാന്‍, നേരത്തെ പറഞ്ഞതാണ്. അത് സര്‍ക്കാരൊരു നിലപാടെടുത്ത് ആ വിധി വരുമ്പോൾ വിധിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ പൊതുവേ ബാധിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും.

പക്ഷെ ഇപ്പോഴും ആ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തിക്കൊടുക്കാതെ,യുഡിഎഫിന്‍റെ കാലത്തെ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കാതെ പറയുന്നതില്‍ കാര്യമില്ല എന്നതാണ് ?

അല്ല, അതല്ല നമ്മള്‍ കാണേണ്ടത്. അതൊക്കെ കേസിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമാണ്. കേസിന്‍റെ നടപടിക്രമങ്ങള്‍ കേസ് വരുമ്പോൾ ആലോചിക്കേണ്ടതാണ്. അല്ലാതെ ഇപ്പോഴെ ആലോചിച്ചു തുടങ്ങേണ്ടതില്ല. കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ ആ സമയത്ത് ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്യും എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

ഇതിപ്പോള്‍ ശബരിമല പ്രശ്നം നല്ലതുപോലെ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പറ്റുമോ എന്ന് ശ്രമമാണ് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആ ശ്രമം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നടത്തിയതാണ്. പക്ഷെ, അത് ഏശിയിട്ടില്ല. അപ്പോ അത് അത്രയെ കാണേണ്ടതായിട്ടുള്ളു.

പക്ഷെ സിഎമ്മെ, സിഎം വികസനം പറയുന്നു. ഇപ്പോ ഇക്കാര്യം പറയുമ്പോഴും ഒരു വ്യക്തതയുണ്ട്. സിഎം വികസനത്തില്‍ മാത്രം ഊന്നിയാല്‍ മതിയെന്ന് പറയുമ്പോള്‍ സിഎമ്മിന്‍റെ മന്ത്രി കടകംപള്ളി സുരേന്ദ്രനല്ലെ ഖേദം പ്രകടിപ്പിച്ചത്, അതിന്‍റെ ആവശ്യമുണ്ടായിരുന്നോ ?

അതിന്‍റെ കാര്യം എനിക്ക് മനസിലായിട്ടില്ല എന്താണെന്നുള്ളത്. അദ്ദേഹം പിന്നെ എന്താണ് പറഞ്ഞത് എന്നുള്ളത് ഞാന്‍ പിന്നെ ചോദിക്കാനും പോയിട്ടില്ല.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

ഖേദമുണ്ട്, വിഷമുണ്ട്, പ്രയാസമുണ്ട് എന്നൊക്കെയാണ് പറഞ്ഞത് ?

അതില്‍ നമ്മള്‍ കാണേണ്ടത് ശബരിമല വിഷയത്തിൽ വിധി വരുമ്പോഴുള്ള നിലപാട് മാത്രമേ നമ്മള്‍ ഇനി ചർച്ച ചെയ്യേണ്ടതായിട്ടുള്ളൂ. അത് പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്.

പക്ഷെ ഇപ്പോ ഇത് ഉയര്‍ന്നുവരാനും ചര്‍ച്ചയാവാനും വിവാദമാവാനും അല്ലെങ്കില്‍ ഞങ്ങളെല്ലാം പിന്നെയും പിന്നെയും ചോദിക്കാനും കാരണം കടകംപള്ളി സുരേന്ദ്രനല്ലേ, അന്നുണ്ടായ സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് പറഞ്ഞത്. അതൊരു ജാഗ്രത കുറവായിട്ടു തോന്നുന്നുണ്ടോ ?

അല്ല, അതെന്താണ് അദ്ദേഹത്തെ അത്തരമൊരു അഭിപ്രായപ്രകടനത്തിലേക്ക് നയിച്ചത് എന്ന് എനിക്ക് പറയാനാവില്ല. ഞാനിതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ പറയാന്‍ ഇടയായത്. അദ്ദേഹമെന്താണ് ഇത്തരമൊരു നിലപാട് എടുത്തത് എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനീ കാര്യം ചോദിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ പറയാന്‍ ഇടയായതെന്ന്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക ഇറക്കുമ്പോള്‍ അതിലെ പ്രധാനപ്പെട്ട ഒരു വാഗ്ദാനമായിരുന്നു മദ്യവർജ്ജനം. പുറത്ത് നിന്ന് കാണുന്നൊരാൾ എന്ന നിലയിൽ നാട്ടിൽ അന്ന് പൂട്ടിവച്ച ബാറുകൾക്കെല്ലാം അനുമതി കൊടുത്തു എന്ന് മാത്രമല്ല, പുതിയ ഒരുപാട് ബാറുകൾ വരികയും ചെയ്തു. അപ്പോൾ എവിടെയാണ് വർജ്ജനമുണ്ടായത്?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

വര്‍ജ്ജനവും ബാറും രണ്ടും രണ്ടാണ്. ബാറുകള്‍ നാട്ടില്‍ പാടില്ലെന്ന നിലപാട് എല്‍ഡിഎഫിനില്ല. നമ്മുടെ കേരളം ലോകത്തിന്‍റെ ഒരു ഭാഗമായി നില്‍ക്കുന്ന നാടാണ്. നമ്മുടെ സമൂഹത്തില്‍ മദ്യം വേണ്ട ധാരാളം ആളുകള്‍ ഉണ്ട്. അപ്പോള്‍ മദ്യം ഇല്ലാതിരിക്കുമ്പോള്‍ അവർ അപകടകരമായ മറ്റ് പലമാര്‍ഗങ്ങളും സ്വീകരിക്കും. അത് മദ്യം കഴിക്കുന്നതിനെക്കാളും വലിയ ദോഷം സമൂഹത്തിനുണ്ടാക്കും. കാരണം പെട്ടെന്ന് തന്നെ മരണത്തിലേക്ക് നയിക്കും. മദ്യം പൂര്‍ണമായി നിരോധിക്കുക എന്ന് പറയുന്നൊരു കാഴ്ചപ്പാട് ഇല്ലാത്തൊരു കൂട്ടരാണ് എല്‍ഡിഎഫ്. മദ്യം നിരോധിക്കണം എന്ന് പറയുന്ന ആള്‍ക്കാരും നാട്ടിലുണ്ട്.

പിന്നെ, മദ്യനിരോധനം നടപ്പിലാക്കിയ  സംസ്ഥാനങ്ങളില്‍ അവരുടെ അടുത്ത് പോയാല്‍ ഇഷ്ടം പോലെ മദ്യം കിട്ടുമെന്നാണ് അത് ഉപയോഗിക്കുന്നവര്‍ പറയുന്നത്. ഇതൊക്കെയാണ് മദ്യത്തിന്‍റെ അവസ്ഥ. നമ്മുടെ അനുഭവം കേരളത്തില്‍ ഒരു ഘട്ടത്തില്‍ ഈ ബാറുകളില്‍ ഒന്നും മദ്യം വേണ്ടെന്ന് വെച്ചിരുന്നു. നമ്മുടെ ഏറ്റവും വലിയൊരു ഭാഗമാണ് ടൂറിസം. അതോടെ ടൂറിസ്റ്റ് മേഖല ആകെ പുറകോട്ട് പോയി. നമ്മുടെ അതേ അവസ്ഥയുള്ള നാടാണ് ശ്രീലങ്ക. അവിടെ നല്ലതുപോലെ ടൂറിസം പ്രോത്സാഹിക്കപ്പെട്ടു. ഇവിടെ പിന്നീട് എല്‍ഡിഎഫ് വന്നതിന് ശേഷമാണ് അത് തിരിച്ചുപിടിക്കുന്നത്.

മദ്യം പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ല. എന്നാല്‍ മദ്യവര്‍ജ്ജനത്തിന് നല്ല ഊന്നല്‍ നല്‍കിയിട്ടുണ്ട്. മദ്യവര്‍ജ്ജനം എന്നതിലൂടെ ഉദ്ദേശിക്കുന്നത് ബോധവല്‍ക്കരണമാണ്. വിദ്യാര്‍ത്ഥികളുടെ അടുത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക. ആ ബോധം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവിടെ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്.

പക്ഷെ, സ്റ്റേറ്റിന് വരുമാനം കിട്ടുന്ന ഒരു മേഖല മദ്യം കൂടിയാണല്ലോ. ബാറുകളേക്കാള്‍ നല്ലത് ബെവ്‌കോ ഔട്ട്‌ലറ്റ് അല്ലേ. അതുപക്ഷേ പുതിയതായിട്ട് ഈ നമ്പറില്‍ തുടങ്ങുന്നില്ല

നമ്മള്‍ കാണേണ്ടത്, ബാറെന്നത് ടൂറിസ്റ്റുകള്‍ പോയിട്ട് കഴിക്കാനുള്ള സ്ഥലമാണ്. നമ്മുടെ ഒരു മദ്യത്തിന്‍റെ ശീലം, ഇവിടെ ചിലർ വല്ലാതെ മദ്യം കഴിച്ച് ഒരു വല്ലാത്ത അവസ്ഥയില്‍ എത്തുന്നോണ്ടാണ് നമുക്ക് ഇങ്ങനെയൊരു വികാരം വരുന്നത്. അതേസമയം, ലോകത്തിന്‍റെ മറ്റ് പല സ്ഥലങ്ങളിലും ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്ന ശീലമുണ്ട്. അത്തരം ആളുകള്‍ ഇവിടെ ടൂറിസ്റ്റുകളായി വന്ന് ഇവിടെ ബെവ്കോയൂടെ മുമ്പില്‍ ക്യൂനില്‍ക്കുക എന്നത് അങ്ങേയറ്റം പ്രയാസമാണ്. അത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നത്.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

മദ്യം, ലോട്ടറി, വിദേശത്ത് നിന്ന് പ്രവാസികള്‍ അയക്കുന്ന പണം, എന്നിവയൊക്കെയാണല്ലോ നമ്മുടെ ഒരു പ്രധാന വരുമാന സോഴ്സുകളായി വരുന്നത്. ഇപ്പോള്‍ ജിഎസ്ടിക്ക് വേണ്ടി നമ്മള്‍ കേന്ദ്ര സര്‍ക്കാരുമായി വഴക്കടിക്കേണ്ട അവസ്ഥയിലൊക്കെയാണ്. നമുക്ക് വരുമാനം കുറവാണ്, അപ്പോള്‍ വരുമാനം കൂട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്താണ് സാമ്പത്തിക ബദലായിട്ട് കാണുന്നത്, ഇനിയങ്ങോട്ട് ? വായ്പയെടുത്ത് നമുക്ക് എത്രകാലം ഇങ്ങനെ പോകാനാകും ?

നമ്മടെ നാടിന്‍റെ പൊതുവിലുള്ള പുരോഗതിയാണ് അതിന് അടിസ്ഥാനമായി വരുന്നത്. കാര്‍ഷിക രംഗം വലിയ തോതില്‍ അഭിവൃദ്ധിപ്പെടുമ്പോള്‍ അത് നാടിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കും. അടുത്ത നാളുകളില്‍ തന്നെ പച്ചക്കറി, പാല്‍, മുട്ട ഇതിലൊക്കെ സ്വയം പര്യാപ്തതയിലേക്ക് എത്തും. ഈ സ്വയംപര്യാപ്തത എന്നുപറയുമ്പോ നാടിന്‍റെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായി എന്നുതന്നെയാണ് കാണേണ്ടത്.

മൊത്തത്തില്‍ കാര്‍ഷികരംഗത്ത് വലിയ മാറ്റമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. അതുപോലെ നാണ്യവിളകളുടെ കാര്യത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടാകും. പിന്നെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം നടക്കും. ഇതിന്‍റെ കൂടെ വ്യവസായ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരും. വലിയ ബഹുരാഷ്ട്ര കമ്പനികള്‍ തന്നെ നമ്മടെ നാട്ടില്‍ പ്രൊജക്റ്റുകള്‍ ആരംഭിക്കുന്നതിന് തയ്യാറായിട്ട് വരുന്നുണ്ട്.

അതിന്‍റേതായ ഫലം നല്ലനിലയ്ക്ക് ഉണ്ടാവുകയും ചെയ്യും. ഐടി മേഖലയില്‍ വലിയ വികസനത്തിനാണ് സാധ്യതയുള്ളത്. വലിയ കമ്പനികള്‍ കാര്യങ്ങള്‍ നമ്മളോട് കാര്യങ്ങള്‍ അന്വേഷിച്ച് തുടങ്ങി. അവർ പ്രൊജക്റ്റുകള്‍ തുടങ്ങുന്നതിന്‍റെ വക്കില്‍ നില്‍ക്കുകയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലെ ഏറ്റവും മികച്ചത് നമ്മടെ സംസ്ഥാനത്തിലാണ്. അത് കൂടുതല്‍ മികവിലേക്ക് കൊണ്ടുപോകാനാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്.

ഇങ്ങനെ നോക്കിയാല്‍ ഇതൊക്കെ വലിയ തോതിലുള്ള വരുമാന സ്രോതസുകളായിരിക്കും. അപ്പോള്‍ അത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഇതിന്‍റെ കൂടെ നടക്കും. ഇപ്പോള്‍ നമ്മള്‍ ഗെയില്‍ പൈപ്പ് ലൈന്‍ നടപ്പാക്കി. അത്തരം കാര്യങ്ങളിലൂടെ വരുമാനമുണ്ട്. അതിലൂടെ വ്യവസായത്തിന് വലിയ ഗുണം വരും. അങ്ങനെയുള്ള വരുമാന സ്രോതസുകളൊക്കെ ശക്തിപ്പെടുത്തുക എന്നതുതന്നെയാണ് കാണുന്നത്.

സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പാക്കി. പക്ഷേ നേട്ടങ്ങള്‍ പറയുമ്പോള്‍ മുന്നോക്ക സംവരണം വലുതായിട്ട് പ്രൊജക്റ്റ് ചെയ്ത് കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ സംവരണം സാമൂഹിക സുരക്ഷിതത്വം എന്നതിനെ മാറ്റി സാമ്പത്തിക സുരക്ഷിതത്വം ആക്കി അട്ടിമറിക്കുകയല്ലേ സിഎമ്മിന്‍റെ സര്‍ക്കാര്‍ ചെയ്തത്, അതൊരു ഇടതുപക്ഷം ചെയ്യേണ്ട കാര്യമാണോ?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

അല്ലല്ല, ഞങ്ങള്‍ക്കിതില്‍ നേരത്തെ മുതല്‍ ഒരു കൃത്യമായ നിലപാട് ഉണ്ടായിരുന്നു. നിലവിലുള്ള സംവരണം സാമൂഹികമായി എത്രയോ കാലം, നൂറ്റാണ്ടുകളായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍, അവരെ ഒരു ശരാശരി നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ സംവരണം വേണം. ആ സംവരണം ഇപ്പോഴും തുടരേണ്ട ആവശ്യകത നിലനില്‍ക്കുന്നുണ്ട്. ഇതാണ് സംവരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട്.

അതേസമയം, നമ്മടെ സമൂഹത്തില്‍ പരമ ദയനീയാവസ്ഥയില്‍ കഴിയുന്ന സംവരണേതര വിഭാഗങ്ങളുമുണ്ട്. സംവരണേതര വിഭാഗത്തിലെ അങ്ങേയറ്റം ദരിദ്രരായ വിഭാഗത്തിന് അവര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം നല്‍കുക. ഇതായിരുന്നു ഞങ്ങളുടെ ആദ്യത്തെ നിലപാട്. അങ്ങനെ നിശ്ചിത ശതമാനം സംവരണം നല്‍കണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണം. ഇത് ഞങ്ങൾ ആ ഘട്ടത്തില്‍ ആവശ്യപ്പെട്ടു.

പക്ഷെ, ഭരണഘടനാ ഭേദഗതിയുണ്ടായില്ല, അതൊരു ആവശ്യം മാത്രമായി നിലനിന്നു. ദേവസ്വം ബോര്‍ഡിലൊരു സാഹചര്യം പ്രത്യേകം ഉണ്ടായപ്പോള്‍, ആ സന്ദര്‍ഭത്തില്‍ ഇതൊരു പ്രത്യേക രീതിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചു. അതൊരു വസ്തുതയാണ്. അതിനുശേഷമാണ് ഇന്ത്യാ ഗവണ്‍മെന്‍റ്  ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടനാ ഭേദഗതി വന്നപ്പോ ഞങ്ങൾ നേരത്തെ ആവശ്യപ്പെട്ടൊരു കാര്യം വന്നുവെന്നത് കൊണ്ടുള്ളത് തന്നെ ഞങ്ങളത് നടപ്പാക്കാന്‍ നടപടികളെടുത്തു. ഇത് സംവരണ വിഭാഗത്തിന് നിലവിലുള്ള സംവരണത്തില്‍ ഒരു ദശാംശത്തിന്‍റെ കുറവ് പോലും സംഭവിക്കില്ല. അങ്ങനെയൊരു ആശങ്കയുണ്ടായിരുന്നു.

പക്ഷെ രണ്ടും ഇക്വേറ്റ് ചെയ്യുന്ന തരത്തിലായി പോയില്ലെ അത് ?

അല്ല, അതിലൊരു പ്രശ്നം, സംവരണ വിഭാഗത്തിന്‍റെ ധാരണ, അവര്‍ അവരുടെ സംവരണത്തില്‍ കുറവുവരുമെന്നായിരുന്നു. പക്ഷേ അത് ഞങ്ങളുമായി ചര്‍ച്ചചെയ്യാന്‍ വന്ന എല്ലാവരുടെ അടുത്തും വ്യക്തമാക്കി. ഇതില്‍ ദശാംശത്തിന്‍റെ തോതില്‍ പോലും കുറവു വരാന്‍ പോവുന്നില്ല. നിലവിലുള്ള സംവരണം അതേ പോലെ നിലനിര്‍ത്തുകയാണ്. അതിന് പുറമേയൊരു വിഭാഗത്തിന് ഈ പറയുന്ന ആനുകൂല്യം ലഭിക്കുമെന്ന് മാത്രമേയുള്ളു. അത് പിന്നീടവര്‍ക്ക് ബോധ്യമായി എന്നുള്ളതാണ് പിന്നീടുള്ള സംഭവങ്ങള്‍ കാണിക്കുന്നത്.

സിഎം അടുത്ത കാലത്തെ വിവാദങ്ങളിലേക്ക് വന്നാല്‍, ഇപ്പോള്‍ സ്വര്‍ണക്കടത്ത് പോലുള്ള സംഭവങ്ങളില്‍ സിഎം വിശദീകരിച്ചത് എല്ലാം കേട്ടിട്ടുണ്ട്. സിഎമ്മിനെ പോലൊരാള്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനില്‍ക്കുമെന്നോ ഡോളര്‍ കടത്തുമെന്നോ ഇവിടുത്തെ ആളുകള്‍ വിശ്വസിക്കില്ല. പക്ഷെ സിഎമ്മിന്‍റെ ഓഫീസില്‍ ഇരുന്നുകൊണ്ട്, സിഎം വിശ്വസിച്ച ഒരാള്‍, ഒരു ഉദ്യോഗസ്ഥന്‍, എല്ലാ അധികാരവും കൊടുത്ത് വിശ്വസിച്ച് ഏല്‍പ്പിച്ചൊരു ഉദ്യോഗസ്ഥന്‍ ഉത്തരവാദിത്തോടെ പെരുമാറിയില്ലെന്ന് സിഎമ്മിന് തോന്നിയിട്ടില്ലേ?

അല്ല, അതില്‍ സംഭവിച്ചത്, നിങ്ങള്‍ എന്‍റെ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയാണ് ഉദ്ദേശിച്ചത്. ശിവശങ്കര്‍ ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്ന ആളായിരുന്നു. പക്ഷേ അദ്ദേഹത്തിനൊരു സുഹൃദ് ബന്ധം ഉണ്ടായിരുന്നു. ആ സുഹൃത്ത് ബന്ധം എത്രത്തോളമാണെന്ന്, എന്താണെന്നത് ഞങ്ങള്‍ക്കാര്‍ക്കും അറിയുന്ന കാര്യമല്ല. അതിന്‍റെ ഭാഗമായി പിന്നീടാണ് മനസിലാകുന്നത് അദ്ദേഹം അവര്‍ക്ക് ജോലി നല്‍കുന്നതില്‍ സാധാരണ നിലവിട്ട് പെരുമാറി. അതാണ് അദ്ദേഹത്തിന്‍റെ മേലെ നടപടി എടുക്കുന്നതിന് ഗവണ്‍മെന്‍റ് തയ്യാറായത്. അത് സാധാരണ ഗതിയില്‍ അദ്ദേഹത്തെ പോലൊരു ഉദ്യോഗസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ്.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

അടുപ്പമുള്ളയാള്‍ക്ക് ജോലി നല്‍കുന്നത് മാത്രമാണ് അദ്ദേഹം ചെയ്ത തെറ്റെന്ന് സിഎം ആത്‍മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടോ?

മറ്റുകാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ പറച്ചിലല്ലേ. അന്വേഷണ ഏജന്‍സികളുടെ കയ്യില്‍ എന്തെല്ലാം വിവരങ്ങളുണ്ടെന്ന് നമുക്ക് അറിയില്ലല്ലോ.

പക്ഷേ സിഎമ്മിന്റെ കീഴിലുള്ള വിജിലൻസ് ആണല്ലോ ലൈഫ് മിഷനില്‍ അദ്ദേഹത്തിന് നേരെ കേസെടുത്തത്. സിപിഎമ്മിന്റെ ചാനലാണ് ആ കോഴ വാര്‍ത്ത കൊണ്ടുവന്നത്?

ലൈഫ് മിഷനില്‍ കോഴയുണ്ടായിട്ടില്ല.

വടക്കാഞ്ചേരി ഭവന പദ്ധതി ?

ആ.. വടക്കാഞ്ചേരി ഭവന പദ്ധതി അത് ഏറ്റെടുത്തവര്‍ നടത്തിയ പ്രശ്‍നങ്ങളാണ്. അത് ലൈഫ്‍മിഷന്‍റെ ആകെ പ്രശ്‍നമല്ല. അക്കാര്യത്തില്‍ പ്രത്യേക അന്വേഷണം വിജിലന്‍സ് നടത്തിയെന്നത് ശരിയാണ്.

അതിലും ശിവശങ്കർ വരുന്നുണ്ട്?

ഇല്ലില്ല. അതില്‍ ശിവശങ്കറിന്‍റെ കാര്യം അത്രത്തോളം വരുന്നില്ല. ശിവശങ്കറിന്‍റെ പ്രശ്‍നങ്ങള്‍ എന്താണെന്ന് അന്വേഷണ ഏജന്‍സികള്‍ മനസിലാക്കട്ടേ, അതിനെപ്പറ്റി ഞാന്‍ പറയുന്നില്ല. പക്ഷേ ഞാൻ പറഞ്ഞുവന്നത് അദ്ദേഹം ഈ ഒരു സുഹൃദ് ബന്ധത്തിന്റെ കാര്യത്തില്‍ എത്രത്തോളം നീങ്ങിയെന്ന കാര്യത്തില്‍ നമുക്ക് വ്യക്തതയില്ല. ഇതാണ് എന്റെ കാര്യം. പക്ഷേ  ജോലി കൊടുത്ത കാര്യത്തില്‍ വ്യക്തമായ കാര്യങ്ങള്‍ വന്നു. ആ വ്യക്തത വന്നപ്പോള്‍ അദ്ദേഹത്തിന് എതിരെ നടപടിയെടുക്കുകയും ചെയ്‍തു. ഇതാണ് ഞങ്ങള്‍ സ്വീകരിച്ച നടപടി.

ശിവശങ്കര്‍ വഞ്ചകനാണ്, സര്‍ക്കാരിനെ ചതിച്ചു എന്നെല്ലാം മന്ത്രി എ കെ ബാലനും തോമസ് ഐസക്കും പറഞ്ഞു. അങ്ങനൊരു അഭിപ്രായം സിഎമ്മിനുണ്ടോ? ഇത്രയും പ്രതിരോധത്തിലാക്കുന്ന കാര്യത്തില്‍ ശിവശങ്കര്‍ എന്തെങ്കിലും പങ്കുവഹിച്ചുവെന്നതില്‍?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

കേന്ദ്ര ഏജന്‍സികളുടെയും ഇതിന്‍റെ ഭാഗമായി വന്ന ആകെ രാഷ്ട്രീയത്തിന്‍റെയും പങ്ക് കാണാതിരിക്കരുത്. അന്വേഷണമൊക്കെ മറ്റുതരത്തില്‍ വന്നത് അതിന്‍റെ ഭാഗമായിട്ടാണ്. കേന്ദ്ര അന്വേഷണ ഏജന്‍സി ഏതുവഴിക്ക് പോകുന്നു എന്നതിനെ കുറച്ച് കണ്ടിട്ട് കാര്യമില്ല.  പക്ഷേ ഞാൻ ആവര്‍ത്തിച്ചുപറയുന്നു. അവരുടെ കയ്യിലുള്ള വിവരങ്ങള്‍ എന്താണെന്ന് നമുക്കറിയില്ല. നമുക്കറിയാവുന്ന അനുഭവംവച്ച് പറഞ്ഞാല്‍ അവർ രാഷ്ട്രീയമായി കളിക്കുന്നു. ഈ പ്രത്യേകമായ കേസില്‍ എന്തെല്ലാം വിവരങ്ങള്‍ അവരുടെ കയ്യിലുണ്ടെന്ന് എനിക്കറിയില്ല. എനിക്കറിയാവുന്ന ബോധ്യം അവര്‍ നല്ലനിലയ്ക്ക് രാഷ്ട്രീയം കളിക്കാന്‍ പുറപ്പെടുവാണ്. രാഷ്ട്രീയത്തിന് വേണ്ടി നിയമവിരുദ്ധമായ നടപടികളിലേക്ക് അവര് കടക്കുന്നു.

സിഎമ്മിന്‍റെ ഓഫീസില്‍ എന്തെങ്കിലും അഹിതരമായ കാര്യം നടന്നാല്‍ ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും അറിയേണ്ടതാണ്. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരറിയേണ്ടതല്ലേ, സിഎമ്മിനെ അറിയിക്കേണ്ടതല്ലേ?

അത് അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് തോന്നുന്നത്. അതവര്‍ അങ്ങനെ അറിയിച്ചിട്ടില്ല.

അത് സിഎം അന്വേഷിക്കേണ്ടതായിരുന്നില്ലേ? കാരണം സിഎമ്മിന്റേതാണ് ഈ സംസ്ഥാനത്തിന്റെ നമ്മള്‍ കാണുന്ന പ്രധാന ഓഫീസ്. അവിടെ ഇങ്ങനത്തെ ആളുകള്‍ വരുക, പോവുക എന്നറിയുന്നതില്‍ വീഴ്‍ച വരുത്തിയതുപോലും സിഎം അന്വേഷിച്ചില്ല എന്നു പറയുമ്പോള്‍?

ഞാനെന്ത് നടപടി സ്വീകരിച്ചു എന്ന് ഇപ്പോള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതില്ല. എന്നാല്‍ അവര്‍ അറിയിച്ചിരുന്നില്ലെന്ന വസ്‍തുത അവശേഷിക്കുന്നു.

സിഎം ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഓഫീസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒഴിവാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

ഞാൻ അതാണ് പറയുന്നത്, നിങ്ങള്‍ അതിന്റെ രാഷ്‍ട്രീയം കാണാതെ പറയുകയാണ്. അതൊരു രാഷ്‍ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കാണുന്നത്. ആ ഭാഗം നമ്മള്‍ കാണാതിരിക്കരത്. അതിന്റെ ഭാഗമായിട്ടാണ് സ്വര്‍ണക്കടത്തും ഡോളര്‍കടത്തും അതിന്റെ പങ്കാളിത്തത്തെക്കുറിച്ചുമൊക്കെ വര്‍ത്തമാനം വരുന്നത്. അത് കാണാതിരിക്കരുത്.

കേന്ദ്ര അന്വേഷണ ഏജൻസികള്‍ നല്ല രീതിയില്‍ (ഫെയര്‍ ആയി) അന്വേഷിക്കുന്നുവെന്ന രീതിയില്‍ ഞാൻ ചോദിച്ചതല്ല. സിഎം തന്നെ കഴിഞ്ഞ ദിവസം പറഞ്ഞതുകൊണ്ട് ഞാൻ ആ ഭാഗത്തേയ്‍ക്ക് കടക്കാതിരുന്നതാണ്. സിഎം ഇവരുടെ അന്യായമായ ഇടപെടലുകളെ കുറിച്ച് കത്തയച്ചു. അതില്‍പിന്നെ ചെറിയ മാറ്റം വന്നു. അതില്‍ നടപടിയെടുക്കുന്നുണ്ട് എന്നൊക്ക പറഞ്ഞതുകൊണ്ട് ഞാൻ ഭാഗത്തേയ്‍ക്ക് കയറാതിരുന്നതാണ്.

ഇതൊക്കെ പറയുമ്പോഴും ഈ വിവാദങ്ങളില്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര ഏജൻസികള്‍ ഇടപെടുന്നുവെന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടുകൂടിയായിരിക്കില്ലേ? അവിടെ ആരും അറിയാതെ ഒരു സംസ്ഥാനത്തിന്റെ മേക്കിട്ട് കയറാൻ  ഈ ഏജൻസികളിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻമാര്‍ തീരുമാനിക്കുമോ? അത് മോദിയോ അമിത് ഷായോ അറിയാത്ത ഒരു കാര്യമായിരിക്കുമോ?

കേന്ദ്ര സര്‍ക്കാരിന്റെ അറിവില്ലാതെ  ഇത്തരമൊരു നടപടിക്ക് സാധാരണഗതിക്ക് മുതിരില്ല. അത് ഏത് തരത്തിലറിഞ്ഞു എന്നുള്ളത് എനിക്കിപ്പോള്‍ ഉറപ്പായിട്ട് പറയാനാകില്ല. അത് ഇനി വ്യക്തമാകേണ്ടതായിട്ടാണ് ഇരിക്കുന്നത്.  പക്ഷേ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ അറിയാതെ ഈ നടപടിക്ക് അന്വേഷണ ഏജൻസി തയ്യാറാകില്ല. നിയവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാൻ താല്‍പര്യമുള്ള, അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനായാല്‍ പോലും ധൈര്യപ്പെടില്ല.

പക്ഷേ സിഎം വിമര്‍ശിക്കുമ്പോള്‍ എന്തുകൊണ്ടാണ് അത്രകണ്ട് നരേന്ദ്ര മോദിയെ പേരെടുത്ത് പറയാത്തത്? സുരേന്ദ്രനെയോ ശ്രീധരൻപിള്ളയെയോ കുമ്മനത്തെയോയൊക്കെ വിമര്‍ശിക്കുന്ന അതേ ഊര്‍ജ്ജത്തില്‍ എന്തുകൊണ്ടാണ് നരേന്ദ്ര മോദിക്ക് എതിരെ ഒരു വിമര്‍ശനം വരാത്തത്?

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയ്‍ക്ക് സ്വീകരിക്കുന്ന നടപടികളില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ആ വിമര്‍ശനം എപ്പോഴുമുണ്ടായിട്ടുണ്ട്. അതില്‍ പ്രശ്‍നമില്ല.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

പ്രധാനമന്ത്രിയല്ലെങ്കിലും അദ്ദേഹമാണല്ലോ ബിജെപിയെ നയിക്കുന്നത്? സിഎം ആണെങ്കില്‍ ഇപ്പുറത്ത് ഫാസിസ്റ്റ് വിരുദ്ധ നയങ്ങളില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരില്‍ വളരെ പ്രധാനപ്പെട്ട ഒരു മുഖമായി രാജ്യത്താകെ നില്‍ക്കുന്ന ഒരാളാണ്. മമതാ ബാനര്‍ജിയൊക്കെ ആഞ്ഞടിക്കുന്നതുപോലെ, അങ്ങനെ അനുകരിക്കണം എന്ന അര്‍ഥത്തിലല്ല. പക്ഷേ രാഷ്‍ട്രീയമായിട്ട്,  നരേന്ദ്ര മോദി ഒരു രാഷ്‍ട്രീയ നേതാവ് കൂടിയല്ലേ?

അത് ഓരോരുത്തര്‍ക്കും ഓരോ ആളുടെ രീതിയുണ്ട്. മമതയ്‍ക്ക് മമതയുടേതായ രീതിയുണ്ട്. എനിക്ക് എന്റേതായ രീതിയുണ്ട്. അത് കണ്ടാല്‍ മതി.

പേരെടുത്ത് പറയാത്തതുകൊണ്ടാണ് ചോദ്യം?

ഞാൻ പേരെടുത്ത് അങ്ങനെ പറയാറില്ല. പല പേരുകളും പലപ്പോഴും പറയാറില്ല. പിന്നെ സഹികെട്ടാല്‍ പറയുന്ന അവസ്ഥ മാത്രമേ പലരുടെയും കാര്യത്തില്‍ ഞാൻ സ്വീകരിക്കാറുള്ളൂ. ആരുടെയും പേരെടുത്ത് അത്രയധികം പറയുന്ന കൂട്ടത്തിലല്ല ഞാൻ.

ബിജെപി വിരുദ്ധ എന്ന് പറഞ്ഞതിന്റെ ബാക്കിയാണ് ചോദിക്കുന്നത്. ബിജെപി ഇപ്പോള്‍ രണ്ടാമത് വന്നു.  നിലവിലുള്ള അവസ്ഥ നോക്കിയാല്‍ പ്രതിപക്ഷം ഛിന്നഭിന്നമായി നില്‍ക്കുന്ന ഒരവസ്ഥ രാജ്യത്തു കാണാം. ഇത് വല്ലാത്തൊരു ഏകാധിപത്യത്തിലേക്ക് പോകുകയാണ്. ഇതിനെ എങ്ങനെ നേരിടാം എന്ന കാര്യത്തില്‍ ഒരു ആലോചന വന്നിട്ടുണ്ടോ?

അതില്‍ നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രശ്‍നമാണ് ഗൗരവതരമായി കണക്കിലെടുക്കേണ്ടത്. രാജ്യത്ത് മഹാഭൂരിപക്ഷം, ഭൂരിപക്ഷ വിഭാഗത്തിലെയും ന്യൂനപക്ഷ വിഭാഗത്തിലെയും മഹാഭൂരിപക്ഷം മതനിരപേക്ഷമായാണ് ചിന്തിക്കുന്നത്. മതനിരപേക്ഷതയ്‍ക്ക് അപകടം വരുത്തുന്ന നീക്കങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സ്വാഭാവികമായും ഇതിന്റേതായ ഒരു പ്രതിഫലനമുണ്ടാകും. രാജ്യത്ത് മതനിരപേക്ഷ സംരക്ഷണത്തിനു വേണ്ടി വലിയതോതിലുള്ള നീക്കങ്ങള്‍ ഉയര്‍ന്നുവരും. 

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

ഇന്നുള്ള പ്രശ്‍നം മതനിരപേക്ഷത സംരക്ഷിക്കാൻ വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന, ഞങ്ങള്‍ മതനിരപേക്ഷമാണ് എന്ന് പറയുന്ന, അവകാശപ്പെടുന്ന ചിലര് ( മതിനിരപേക്ഷതയ്‍ക്ക് ഏറ്റവും പ്രധാനം വര്‍ഗീതയ്‍ക്ക് എതിരെ വിട്ടുവീഴ്‍ചയില്ലാതെ സമീപനം സ്വീകരിക്കുകയെന്നാണ്.) അവര് വര്‍ഗീതയോട് സമരസപ്പെട്ട് വരികയാണ്. അങ്ങനെ വരുമ്പോള്‍ അത് വര്‍ഗീതയ്‍ക്ക് പ്രോത്സാഹനമായി വരും. ഉദാഹരണത്തിന് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍. ഇതെല്ലാമൊന്ന് കലങ്ങിത്തെളിഞ്ഞ് മാറിയാല്‍ കൃത്യമായ  മതിനിരപേക്ഷതയുണ്ടാകും. 

വര്‍ഗീതയോട് വിട്ടുവീഴ്‍ചയില്ലാതെയുള്ള നിലപാടിലൂടെയാണ് ഒരു പൊതുപ്രസ്ഥാനം ഉയര്‍ന്നുവരേണ്ടത്.  ഇന്ന് ഇടതുപക്ഷം ശരിയായ നിലപാട് സ്വീകരിക്കുന്നുവെന്ന് മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം കാണുന്നുണ്ട്. ഓരോ ഘട്ടം കഴിയുമ്പോള്‍ അനുഭവത്തിലൂടെ മാറ്റം വരുമെന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

സിഎമ്മേ, ഈ സ്ഥാനാർത്ഥി പട്ടികയിൽ വന്ന സ്ത്രീകളുടെ കാര്യത്തിൽ ഇത്രയും പേർ ഉണ്ടെന്ന് പറയാം, പക്ഷേ അത്രയും പേർ മതിയോ....?

പോരാ, അത് കൂടുതൽ ആളുകളെ കൊണ്ട് വരാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

അത് ഇപ്പോഴും സിഎം വിചാരിച്ചാൽ പട്ടികയിൽ കുറച്ച് കൂടി ആൾക്കാരെ ആക്കായിരുന്നില്ലേ...?

അതേതെങ്കിലും ഒരാൾ വിച്ചാരിക്കുന്നതിൽ അല്ല. അത് ഞങ്ങളുടെ ഒരു പ്രോസസ് ഉണ്ടല്ലോ. ആ പ്രോസസിന്‍റെ ഭാഗമായി ആണ്.

എത്രമാത്രം സ്ത്രീകളാണ് ഇടതുപക്ഷപ്രസ്ഥാനത്തുള്ളത്...?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

അതേ, അതുണ്ട്, അതുകൊണ്ടുതന്നെ അതിന് അര്‍ഹതയുള്ള ആളുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് തന്നെയാണ് സമീപനം.

പക്ഷെ സീറ്റ് നില കാണുമ്പോള്‍ കുറേകൂടി ആളുകളെ, ഇഷ്ടംപോലെ വനിതകളുള്ളൊരു പ്രസ്ഥാനം ?

അതെ, തീര്‍ച്ചയായും അത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് സമീപനം.

അത് വരുന്നില്ല എന്നതുകൊണ്ടാണ് വീണ്ടും ചോദിച്ചത്. സി എമ്മെ ഒരു കാര്യം കൂടി, സിഎമ്മിന് ചുറ്റും സിഎം ഈ സർക്കാർ വന്നപ്പോൾ പല വിഷയങ്ങളിലായിട്ട് ഒരുപാട് ഉപദേശകരെ വച്ചിരുന്നു, പക്ഷേ, സിഎം നേരിട്ട് നോക്കിയ ഐടിയിലും ആഭ്യന്തരത്തിലുമാണ് ഏറ്റവും കൂടുതലും വിവാദങ്ങളൊക്കെ ഉണ്ടായത്.  പ്രത്യേകിച്ച് പൊലീസിന്‍റെ കാര്യത്തിൽ, മാവോയിസ്റ്റ് ഏറ്റുമുട്ടലുകൾ, യുഎപിഎ ഉപയോഗിക്കല്‍, കസ്റ്റഡി മരണങ്ങൾ അങ്ങനത്തെ കുറെ സംഭവങ്ങൾ വിചാരിക്കാത്ത കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ എവിടെയാണ് ഇതിനെല്ലാം വന്ന വീഴച്ചകൾ. ഈ ഉപദേശകരും എല്ലാം ഉണ്ടായിട്ട് അവരുടെ കുഴപ്പമാണോ..എന്താണ് ഇതിൽ വന്നത്...?

പൊലീസിന്‍റെ കാര്യത്തിൽ പൊതുവിൽ ഭാംഗിയായി കാര്യങ്ങൾ പോയി എന്നാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. നമ്മുടെ രാജ്യത്ത് തന്നെ ഏറ്റവും നല്ല രീതിയിൽ ക്രമസമാധാനം നിലനിൽക്കുന്ന ഒരു സംസ്ഥാനം കേരളമാണ്. അത് എല്ലാവരും സമ്മതിക്കുന്നതുമാണ്. അത് കൊണ്ട് തന്നെ കേരളത്തിലെ പൊലീസിങ്ങ് നല്ല രീതിയിലാണ് നടന്നിട്ടുള്ളത്. എന്നാൽ, ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. പിന്നെ കസ്റ്റഡി മരണം അത് പോലെയുള്ള കാര്യങ്ങൾ. അത് വലിയൊരു ഫോഴ്സാവുമ്പോള്‍ അതിനകത്ത് വഴിവിട്ട് പെരുമാറുന്ന ചിലരുണ്ടായി എന്നുള്ളതാണ്. അത് പൊലീസിന്റെ ആകെ വീഴ്ച്ചയായിട്ട് കാണാൻ പറ്റില്ല.

ഞങ്ങൾ അതിൽ സ്വീകരിച്ച നിലപാട് അത്തരം കാര്യങ്ങളോട് ഒരു വിട്ടുവീഴ്ച്ചയും ഇല്ല. അത് കൊണ്ടാണ് കസ്റ്റഡി മരണമാണോ, എങ്കിൽ പൊലീസിന്‍റെ അന്വേഷണമല്ല, മറ്റൊരു ഏജൻസി, സിബിഐ അന്വേഷിക്കണമെന്ന നിലപാടിലെത്തിയത്. അത് ഞങ്ങളുടെ പ്രഖ്യാപിത നിലപാടായി വന്നിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് പൊതുവേ പൊലീസിങ്ങ് നല്ല നിലയ്ക്കാണ് നടക്കുന്നത്. ഇപ്പോൾ ദുരന്തങ്ങളൊക്കെ ഉണ്ടായപ്പോൾ എത്ര നല്ല നിലയ്ക്കാണ് അവരുടെ പ്രവർത്തനങ്ങൾ നടന്നത്.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

ഒരു ജനമൈത്രി എന്ന സംവിധാനം ഉണ്ടെങ്കിൽ തീർത്തും ജനസേവകരായി മാറുന്ന തരത്തിലേക്ക് അവരുടെ സേവനം ഉയർന്നിട്ടുണ്ട്. എന്നാൽ ആ കൂട്ടിലും ഒറ്റപ്പെട്ട പരാതികളുണ്ടാകും, ആളുകളോട് മോശമായി പെരുമാറുന്നത് സംബന്ധിച്ച്, അത്തരം കാര്യങ്ങൾ വരുമ്പോൾ അത് തിരുത്തിക്കുന്ന ഇടപെടലാണ് നടത്തിക്കൊണ്ടുവരുന്നത്. മൊത്തം കാര്യമെടുത്ത് പരിശോധിച്ചാൽ ക്രമസമാധാനം ഭദ്രമായ നിലയിൽ പോയിട്ടുണ്ട്. അതാണ് കാണാന്‍ പറ്റുന്നത്.

ഇപ്പോള്‍ ഈ സ്‌പ്രിംക്ലര്‍ വന്നല്ലോ, കൊവിഡ് പ്രതിരോധത്തിന് അത്യാവശ്യമാണ് എന്ന് പറഞ്ഞ്, പക്ഷേ സിഎമ്മിന്റെ തന്നെ സർക്കാർ വച്ച അന്വേഷണ സമിതി സർക്കാർ അറിയാതെ എം ശിവശങ്കർ അതില്‍ ഇടപ്പെട്ടാണ് വന്നത് എന്ന് പറഞ്ഞു, സിഎം അത് പ്രതീക്ഷിച്ചതാണോ....? ഇത് ഇങ്ങനെയാണ് എന്ന്, സിഎം വല്ലാതെ അതിൽ ശിവശങ്കറിനെ ഡിഫന്‍ഡ് ചെയ്ത ഒരാളാണ്...?

അതൊരു മഹാമാരിയുടെ ഘട്ടത്തിൽ ഈ ഡാറ്റകൾ ശേഖരിക്കുക എന്ന് പറയുന്നത് വളരെ പ്രധാനമായിട്ടുള്ള കാര്യമാണ്. അതിന്‍റെ ഭാഗമായിട്ടുള്ള നടപടികളിലേക്ക് കടക്കുന്നതിനെ പൊതുവിൽ കുറ്റപ്പെടുത്താൻ കഴിയില്ല. എന്നാൽ അതിന്‍റെ നടപടി ക്രമങ്ങൾ പാലിക്കുക എന്നുള്ളത് ഏതൊരു ഉദ്യോഗസ്ഥരും പാലിക്കേണ്ട കാര്യമാണ്. അതിൽ വീഴ്ച്ച വന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്ന നിലയുണ്ടാകും.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

പക്ഷെ ആ റിപ്പോർട്ട് വീണ്ടും സിഎം അടുത്ത സമിതിയ്ക്ക് വിടുകയാണ് ചെയ്തത്..?

അതുമായി ബന്ധപ്പെട്ട് അതിനകത്ത് ചില കാര്യങ്ങൾ വ്യക്തത ഉണ്ടായില്ല. ആ വ്യക്തത ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പരിശോധനയ്ക്ക് വിടുന്നത്.

സിഎമ്മിന് ഒരു കിട്ടിയ തോന്നൽ എന്താണ്.? ഇത്രയും വിശ്വസിച്ച് വന്ന ഒരു പദ്ധതിയായിരുന്നു അത്. നമ്മുടെ പ്രതിരോധത്തിന് വല്ലാതെ സഹായിക്കുമെന്ന് പറഞ്ഞു. പക്ഷേ അങ്ങന ഒരു ഉപകാരവും ഇല്ലാതെ അത് ഒരു വർഷത്തിന് ശേഷം നിർത്തുകയാണ് ചെയ്തത് ?.

അപ്പോഴേക്ക് നമ്മുക്ക് പുതിയ സാധ്യതകൾ വന്നു. പുതിയ വഴികൾ തേടി. അതിന്‍റെ ഭാഗമായി വേണ്ടതില്ല എന്ന് വച്ചു.

ചോദ്യം: ഇങ്ങനെ ആലോചിക്കുമ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തെക്ക് ആലോചിക്കുമ്പോള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയ എന്തെങ്കിലും ഒരു നടപടിയുണ്ടോ...?

എനിക്ക് പ്രത്യേകമായിട്ട് തോന്നിയിട്ടില്ല.

ഒന്നും, ആളുകളെ വിശ്വസിച്ചതും അല്ലെങ്കിൽ ഏൽപ്പിച്ചതും അങ്ങനെ എല്ലാം നന്നായി എന്നാണോ...?

അല്ല, എനിക്ക് പ്രത്യേകമായിട്ട് എന്തെങ്കിലും ഒഴിവാക്കേണ്ട സംഭവം ഉണ്ടായിരുന്നുവെന്ന് പ്രത്യേകമായി തോന്നിയിട്ടില്ല.

സിഎമ്മിനും കുടുംബത്തിനും വരെ ഒരുപാട് ആരോപണങ്ങൾ കേൾക്കേണ്ടി വന്ന സാഹചര്യം ഈ പല ഇടപാടുകളിലും ഉണ്ടായി...?

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

അത്, നിങ്ങൾ അതിന്‍റെ രാഷ്ട്രീയം കാണാതിരിക്കുന്നത് കൊണ്ടാണ്. നിങ്ങൾ അതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നവരെ കാണുന്നില്ല. അതിന്‍റെ ഭാഗമാണ്.

അല്ല, ഞാന്‍ അത് കണ്ടാലും ആ രാഷ്ട്രീയത്തിനൊരു വഴി കൊടുക്കുകയല്ലേ സിഎമ്മേ?, അതുകൊണ്ടല്ലേ അവര്‍ക്ക് അവിടെ ആ രാഷ്ട്രീയം പ്രയോഗിക്കാന്‍ പറ്റിയത് ?

അല്ല, രാജ്യത്താകെ സ്വര്‍ണ കള്ളക്കടത്ത് നടക്കുന്നു. സ്വര്‍ണ കള്ളക്കടത്ത് ഇവിടെ നടന്നു. ഇഈ നടന്ന ഉടനെ അത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആദ്യത്തെ വിളി പോയി എന്ന് ആദ്യം പറയുന്നത് ബിജെപിയുടെ നേതാവാണ്. അങ്ങനെയുള്ള കാര്യങ്ങളില്‍, അതിന്റെ പിന്നിലുള്ള രാഷ്ട്രീയം ഉണ്ട്. ഇതൊരു അവസരമായി എടുത്ത് ഗവൺമെന്റിനെ ആക്രമിക്കാൻ പറ്റുമോ എന്നാണ് നോക്കിയത്. ആ രാഷ്ട്രീയം നമ്മൾ കാണാതിരിക്കരുത്.

അതിന് ഇപ്പോൾ ഒരു കുറവ് വന്നു എന്നല്ലേ സിഎം കഴിഞ്ഞ ദിവസം പറഞ്ഞത്...?

അല്ല കുറവ് വന്നതിന്‍റെ ഭാഗങ്ങളുണ്ട്. സമയം കഴിഞ്ഞതിനാൽ ഇപ്പോള്‍ അതിലേക്ക് വിശദമായി പോകുന്നില്ല.

ആ നിയമപോരാട്ടം അന്വേഷണ ഏജൻസികളുമായി തുടരുമോ...?

ഏജൻസികളുമായിട്ട് പോരാട്ടം ഇല്ല. ഏത് ഏജൻസിയും നിയമപ്രകാരം പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ്. ഇപ്പോൾ കേന്ദ്ര ഏജൻസികളാകുമ്പോൾ അവർക്ക് വേണ്ട അംഗീകാരവും ആദരവുമൊക്കെ കൊടുക്കുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിക്കുന്നത്. പക്ഷേ അതിൽ ചില ഉദ്യോഗസ്ഥർ നിയമ വിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നു. അങ്ങനെ നിയമ വിരുദ്ധമായി കാര്യങ്ങൾ ചെയ്താൽ അവർക്ക് നിയമത്തിന്‍റെ പരിരക്ഷയില്ല. അതിന് നിയമപരമായ നടപടികൾ സ്വീകരിക്കും. ആ നടപടികളാണ് ആ നിയമ വിരുദ്ധമായി കാര്യങ്ങൾ‌ ചെയ്തവർക്കെതിരെ ഇപ്പോൾ നീങ്ങിയിരിക്കുന്നത്. അത് ഒരു കാരണവശാലും കേന്ദ്ര ഏജൻസിയ്ക്കെതിരെ അല്ല, കേന്ദ്ര ഏജൻസിയുടെ ഭാഗമായി നിന്ന് പ്രവർത്തിച്ച നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്തവര്‍ക്കെതിരെയാണ്. അതാണ് തമ്മിലുള്ള വ്യത്യാസം.  

സിഎം അഞ്ച് വർഷത്തിന് ശേഷമാണ് ഈ അഭിമുഖം തരുന്നത്. തുടർഭരണം വരികയാണെങ്കിൽ അങ്ങനെ ചെയ്യരുത്. ഇടയ്ക്ക് ഞങ്ങൾക്ക്  അഭിമുഖം തരണം, മാധ്യമപ്രവർത്തകര്‍ ശത്രുക്കളൊന്നുമല്ലല്ലോ, ഞങ്ങളെ കുറിച്ച് എതിർപ്പുകളുള്ള കാര്യങ്ങളുണ്ടാകാം. ഒക്കെ ശരിയാണ്, അത് ഞാനും അംഗീകരിക്കുന്നു. സിഎം ഞങ്ങളോട് കുറച്ച് കൂടെയൊക്കെ സംസാരിക്കണമെന്ന അഭ്യർത്ഥന പരസ്യമായിട്ട് പറയുന്നു.

Kerala Chief Minister Pinarayi Vijayan Exclusive Interview with Sindhu Sooryakumar

മാധ്യമങ്ങളോട് സംസാരിക്കുന്നത് കൂടുന്നു എന്നാണ് ചില രാഷ്ട്രീയകക്ഷികള്‍ പറയുന്നത്

അത് ഇപ്പോള്‍ കൊവിഡ് വന്നതുകൊണ്ടല്ലേ, അല്ലെങ്കില്‍ സിഎം ഇങ്ങനെ വര്‍ത്തമാനമൊന്നും പറയാറില്ല...

Follow Us:
Download App:
  • android
  • ios