മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്. കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്ന് കുടുംബം.

ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്. കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

ഈ മാസം 12നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.