Goa Election Result 2022 : ഭരണമികവുകൊണ്ടാണ് ദില്ലിക്ക് പുറത്തേക്കും ആംആദ്‍മിക്ക് സീറ്റുകളുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ അനിഷേധ്യ നേതൃത്വമാണ് ആം ആദ്മി പാര്‍ട്ടിയുടെ കരുത്ത്.

പനാജി: പഞ്ചാബിലെ അട്ടിമറി വിജയത്തിന് പിന്നാലെ ഗോവയിലും (Goa) അക്കൌണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി (AAP). ഗോവയില്‍ രണ്ട് സീറ്റുകള്‍ ആംആദ്മി നേടി. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആംആദ്മി വെട്ടിപ്പിടിച്ചത്. ആംആദ്മി നേതാവ് വിന്‍സേ വീഗസും ക്രൂസ് സില്‍വയുമാണ് ഇവിടെ ജയിച്ചത്. 6087 വോട്ടുകളാണ് വിന്‍സേ വീഗസ് നേടിയത്. 5107 വോട്ടുകളാണ് ക്രൂസ് സില്‍വ നേടിയത്. ഗോവയിലെ സത്യസന്ധമായ രാഷ്ട്രീയത്തിന്‍റെ തുടക്കമെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. 2013 ല്‍ ദില്ലിയില്‍ ഞെട്ടിക്കുന്ന വിജയം നേടിയ ആംആദ്മി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലും വിജയക്കൊടി പാറിച്ചിരിക്കുന്നത്. ഗോവയിലും രണ്ട് സീറ്റ് നേടിയതോടെ ഇരട്ടി മധുരമാണ് ഇക്കുറി ആംആദ്‍മിക്കായി ജനം കരുതിവെച്ചിരുന്നത്.

ഭരണമികവുകൊണ്ടാണ് ദില്ലിക്ക് പുറത്തേക്കും ആംആദ്‍മിക്ക് സീറ്റുകളുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ അനിഷേധ്യ നേതൃത്വമാണ് ആം ആദ്മി പാര്‍ട്ടിയുടെ കരുത്ത്. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നാണ് അഴിമതി രഹിത മുദ്രാവാക്യമുയര്‍ത്തിയുള്ള ആപ്പിന്റെ ജനനം. ദില്ലിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്രിവാള്‍ കൂടുതൽ കരുത്തനാകുകയാണ്. കോൺഗ്രസിനെയും ബിജെപിയെയും മാറ്റി നിർത്തി ഒരു മുന്നണി രൂപീകരണം എന്നതിലേക്ക് പ്രതിപക്ഷ കക്ഷികളെത്തിയാൽ അതിൽ നേതൃനിരയിലേക്ക് അരവിന്ദ് കെജ്രിവാളിന് ഇനി എളുപ്പത്തിലെത്താം. ദേശീയ നേതാവ് എന്ന ലക്ഷ്യം കെജ്രിവാൾ മുമ്പും തുറന്ന് പറഞ്ഞിട്ടുമുണ്ട്. 

പ്രകാശ് സിങ്, ക്യാപ്റ്റൻ അമരീന്ദ്രർ സിങ്. മുഖ്യമന്ത്രി ഛന്നി, നവ്ജ്യോത് സിങ് സിദ്ദു അടക്കം പ്രധാന നേതാക്കളെ തറപ്പറ്റിച്ചാണ് എഎപിയുടെ അഭിമാനനേട്ടം. വമ്പൻ വിജയം സ്വന്തമാക്കിയതോടെ പഞ്ചാബിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ച തുടങ്ങിക്കഴിഞ്ഞു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും വൈകുന്നേരം ചണ്ഡിഗഢിൽ കൂടിക്കാഴ്ച്ച നടത്തും. ഭഗവന്ത് മാനിന്റെ ചിത്രം പങ്കുവെച്ചാണ് അരവിന്ദ് കെജ്രിവാൾ വിജയം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത്.