ഈ മാസം പതിനൊന്നിന് ലക്നൗവിലെത്തുന്ന പ്രിയങ്കയും ജോതിരാദിത്യ സിന്ധ്യയും മൂന്നു ദിവസം പ്രവര്‍ത്തകരുമായും വിവിധ സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിന് ശേഷം പ്രചാരണ തന്ത്രം തീരുമാനിക്കും
ദില്ലി: തുടര്‍ച്ചയായി തോറ്റവര്‍ക്ക് ഇക്കുറി സീറ്റ് കൊടുക്കേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനം. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ച യോഗത്തില്‍ ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും ധാരണയായി. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഫെബ്രുവരി പതിനൊന്ന് മുതല്‍ പ്രചാരണം തുടങ്ങും. ജാര്‍ഖണ്ഡിൽ ജെഎം എമ്മുമായി സഖ്യമുണ്ടാക്കാനും ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രിയങ്ക ഗാന്ധി പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറിമാരുടെ ആദ്യ യോഗമാണ് വ്യാഴാഴ്ച്ച ചേര്‍ന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ആന്ധ്രാപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് യുപിയിൽ കോണ്‍ഗ്രസിനെ മുന്നിൽ നിന്ന് നയിക്കാൻ ഒരുക്കമെന്ന് യോഗത്തിൽ പ്രിയങ്ക അറിയിച്ചു.
ഈ മാസം പതിനൊന്നിന് ലക്നൗവിലെത്തുന്ന പ്രിയങ്കയും ജോതിരാദിത്യ സിന്ധ്യയും മൂന്നു ദിവസം പ്രവര്‍ത്തകരുമായും വിവിധ സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിന് ശേഷം പ്രചാരണ തന്ത്രം തീരുമാനിക്കും . മോദി സര്‍ക്കാരിന്റെ മുത്തലാഖ് നിയമം അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമം.
അതേ സമയം മുത്തലാഖിനെ അനുകൂലിക്കുന്നില്ലെന്നും ക്രിമിനൽ കുറ്റമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. മോദി സര്‍ക്കാരിന്‍റെ റിമോട്ട് ആര്‍എസ്എസിന്‍റെ കയ്യിലെന്ന് ആരോപിക്കുന്ന രാഹുൽ ഗാന്ധിയുടെയും ഉന്നം ന്യൂനപക്ഷവോട്ടു തന്നെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം കനക്കുമ്പോള്‍ രാജ്യസഭയിൽ ബിൽ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു .
