പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം  വലിയ ആഘാതം ഉണ്ടാക്കില്ലെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അത് ബാധിക്കില്ലെന്നുമായിരുന്നു സഖ്യ കക്ഷികളുടെ നേതാക്കളുടെ മുന്‍ പ്രതികരണം

ലഖ്‍നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് എസ്‍പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ചെറുപ്പക്കാര്‍ക്ക് അവസരം കിട്ടുന്നതില്‍ സന്തോഷമാണ്. ശരിയായ തീരുമാനം എടുത്തതിന് കോണ്‍ഗ്രസിനും അവരുടെ അധ്യക്ഷനും അഭിനന്ദനങ്ങളെന്നായിരുന്നു അഖിലേഷിന്‍റെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി എസ്പി- ബിഎസ്‍പി സഖ്യം പ്രഖ്യാപിച്ച സമയത്ത് തന്നെയാണ് അഖിലേഷിന്‍റെ പ്രതികരണം.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വലിയ ആഘാതം ഉണ്ടാക്കില്ലെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അത് ബാധിക്കില്ലെന്നുമായിരുന്നു സഖ്യ കക്ഷികളുടെ നേതാക്കളുടെ മുന്‍ പ്രതികരണം. കോണ്‍ഗ്രസും ബിജെപിയും അഴിമതിയില് ഒരുപോലയാണെന്നും അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നില്ലെന്നായിരുന്നു ബിഎസ്പി എസ്പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ മായാവതി പറഞ്ഞത്. കോൺഗ്രസിൻറെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. കോൺഗ്രസുമായി ചേരുന്നത് കൊണ്ട് തെരഞ്ഞെടുപ്പിൽ ലാഭമില്ലെന്നായിരുന്നു മായാവതിയുടെ വിശദീകരണം.