Asianet News MalayalamAsianet News Malayalam

"വികസനത്തില്‍ ഞാന്‍ പിണറായിയെ വിശ്വസിക്കുന്നു.." പ്രശംസയുമായി അനില്‍ അക്കര!

വടക്കാഞ്ചേരി എംഎൽഎയും കോൺഗ്രസ് നേതാവുമാണ് അനില്‍ അക്കര. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭമുഖത്തിലാണ് പ്രതിപക്ഷ എംഎല്‍എയുടെ ഈ അപ്രതീക്ഷിത തുറന്നു പറച്ചില്‍. പി ജി സുരേഷ് കുമാറിന് നല്‍കിയ അഭിമുഖത്തില്‍ ലൈഫ് മിഷന്‍ സംബന്ധിച്ച വിവാദത്തിലും അനില്‍ അക്കരെ പ്രതികരിച്ചു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം.

Anil Akkara MLA Praise Pinarayi Vijayan And LDF Government For Developments
Author
Trivandrum, First Published Mar 20, 2021, 3:52 PM IST

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് മാത്രമാണ് തൃശൂര്‍ ജില്ലയില്‍ ഇടതുമുന്നണിക്ക് കൈവിട്ടത്. അതിന് മോശമല്ലാത്ത വിലയും അവര്‍ക്ക് നല്‍കേണ്ടി വന്നു. അതുകൊണ്ട് ജില്ലയില്‍ ഇക്കുറി ഇടതുമുന്നണി ഏറ്റവും അധികം ശ്രദ്ധ ഊന്നുന്ന മണ്ഡലമാണ് വടക്കാഞ്ചേരി.  ഇത്തവണ ഇവിടെ ജയിച്ചില്ലെങ്കില്‍ മറ്റെവിടെയും ജയിച്ചിട്ടു കാര്യമില്ല എന്നുള്ള ഒരു വീറും വാശിയുമൊക്കെ എല്‍ഡിഎഫിന് ഉണ്ടെന്നു തോന്നു.  അതൊക്കെ ഇത്തവണത്തെ പ്രചരണത്തില്‍ കാണാനുണ്ടോ?

ഇല്ല. അത്ര ടെന്‍ഷനുള്ള ടൈറ്റായ ഒരു മത്സരമായി എനിക്കിതുവരെ തോന്നിയിട്ടില്ല. മണ്ഡലത്തിലെ എല്ലാവരും എനിക്ക് സുപരിചിതരാണ്. ജനപ്രതിനിധിയെന്ന നിലയില്‍ വലിയ പരിചയം എനിക്ക് ഈ പ്രദേശത്തുണ്ട്. എല്ലാ വീട്ടിലും ഒന്നോ അല്ലെങ്കില്‍ രണ്ടോ തവണ പോയ പ്രദേശങ്ങളാണ്. ഓര്‍മ്മ പുതുക്കുക അല്ലെങ്കില്‍ പരിചയം പുതുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്‍തുകൊണ്ടിരിക്കുന്നത്. 

Anil Akkara MLA Praise Pinarayi Vijayan And LDF Government For Developments

വികസന വിരോധി എന്ന വലിയ വിമര്‍ശനം താങ്കള്‍ക്കെതിരെ എല്‍ഡിഎഫ് ഇവിടെ ഉയര്‍ത്തുന്നുണ്ട്. അതിനുള്ള മറുപടി എന്താണ്?

അതിന് ബഹുമാന്യനായ വി എസ് അച്യുതാനന്ദനെയാണ് എനിക്ക് മറുപടിയായി അവര്‍ക്കു കൊടുക്കാനുള്ളത്. 2006ല്‍ കേരളത്തിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് എനിക്ക് അദ്ദേഹമാണ് തന്നത്. 2007ലും എല്‍ഡിഎഫ് ഭരിക്കുന്ന കാലത്ത് മികച്ച പഞ്ചായത്ത് പ്രസിഡന്‍റിനുള്ള പുരസ്‍കാരം എനിക്ക് അതേ അച്യുതാനന്ദനും പാലൊളി മുഹമ്മദ് കുട്ടിയുമാണ് നല്‍കിയത്. അപ്പോള്‍ ഈ ആക്ഷേപം അവരെ കളിയാക്കുന്നതിനു തുല്യമാണ്. 

പൊതുവികസനത്തില്‍ നിന്നും പിന്തിരിഞ്ഞു നിന്നു, നിര്‍ദ്ദേശങ്ങള്‍ കൊടുത്തില്ല എന്നൊക്കെയാണ് ആരോപണങ്ങള്‍. അതുകൊണ്ട് ഇത്തവണ ഈ മണ്ഡലം കൂടി എല്‍ഡിഎഫിനോട് ഒപ്പം എത്തണം തുടര്‍ഭരണത്തിന് എന്നാണ് അവര്‍ ജനങ്ങളോട് പറയുന്നത്. അത് ജനങ്ങള്‍ ഉള്‍ക്കൊള്ളുമോ കേള്‍ക്കുമോ? 

ഏത് നിര്‍ദ്ദേശമാണ് എന്നെനിക്ക് അറിയില്ല. തൃശൂര്‍ ജില്ലയില്‍ 13 അസംബ്ലി മണ്ഡലങ്ങളാണ് ഉള്ളത്. ഒരുപക്ഷേ പിണറായി വിജയന്‍റെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസനം തന്ന മണ്ഡലം വടക്കാഞ്ചേരിയാണ്. പിണറായി വിജയനെ അവര്‍ അവിശ്വസിക്കുന്നോ എന്നെനിക്കറിയില്ല. വികസനത്തിന്‍റെ കാര്യത്തില്‍ ഞാന്‍ പിണറായി വിജയനില്‍ വിശ്വസിക്കുന്നു. ഈ ഗവര്‍ണ്‍മെന്‍റ് എന്നെ വികസനത്തിന്‍റെ കാര്യത്തില്‍ കയ്യയച്ച് സഹായിച്ചിട്ടുണ്ട്. ഒരു തര്‍ക്കവും ആ കാര്യത്തിലില്ല. ഇന്ത്യയില്‍ ആദ്യത്തെ യൂണിവേഴ്‍സിറ്റി ക്യാംപസ് മെഡിക്കല്‍ കോളേജായി തൃശൂര്‍ മാറുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ ജില്ലയില്‍ ആദ്യമായി പിണറായി വിജയന്‍റെ സര്‍ക്കാര്‍ പണിത പാലം പുഴക്കലിലെ പാലമാണ്. ഈ ജില്ലയില്‍ ഗാതഗതക്കുരുക്ക് പരിഹരിച്ചിട്ടുണ്ടെങ്കില്‍ അത് വടക്കാഞ്ചേരിയില്‍ മാത്രമാണ്. പിണറായി വിജയനെപ്പറ്റി അങ്ങനെ എല്‍ഡിഎഫുകാര്‍ മോശമായി അഭിപ്രായം പറയുമെന്ന് കരുതുന്നില്ല. ചോദിച്ച പദ്ധതികള്‍ക്കെല്ലാം അംഗീകാരം തന്നിട്ടുണ്ട്. എന്‍റെ പദ്ധതിയായിരുന്നു എല്‍ഇഡികള്‍ തെരുവു വിളക്കുകള്‍ ആക്കുക എന്നത്. അത് സര്‍ക്കാര്‍ നടപ്പിലാക്കി. അതുകൊണ്ട് പിണറായി വിജയനെ അങ്ങനെ മോശമാക്കി എല്‍ഡിഎഫുകാര്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല.  

Anil Akkara MLA Praise Pinarayi Vijayan And LDF Government For Developments

ലൈഫില്‍ വീടു മുടക്കിയ ആളാണ് അനില്‍ അക്കര എന്നു പറയുന്നുണ്ടല്ലോ? ലൈഫില്‍ അനില്‍ അക്കര ഒരു നിയമ പോരാട്ടം തന്നെ നടത്തി. അതിപ്പോഴും പ്രചരണരംഗത്ത് ജനങ്ങളോട് പറയുന്നുണ്ടോ? അതോ അതിപ്പോഴും മാറ്റിവച്ചാണോ പ്രചരണം?

ആ വിഷയം തന്നെയാണ് പറയുന്നത്. ലൈഫില്‍ ഞാന്‍ ആരുടെയും വീട് മുടക്കിയിട്ടില്ല. 2007ല്‍ വി എസ് സര്‍ക്കാര്‍ ആദ്യമായി സ്വരാജ് ട്രോഫി തന്നത് വീടില്ലാത്തവര്‍ക്ക് ഫ്ലാറ്റ് പണിത പ്രൊജക്ടിനാണ്. ഏ കെ ആന്‍റണിയുടെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് 50 ലക്ഷം രൂപ ചെലവില്‍ ചിറ്റിലപ്പള്ളിയില്‍ ആശ്രയ ഭവന്‍ പണിത് 10 രൂപയ്ക്ക് വാടകയ്ക്ക് കൊടുത്ത പ്രൊജക്ടാണ് അത്. ആ പ്രൊജക്ടാണ് സബ്‍ജക്ട് കമ്മിറ്റിയില്‍ ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് ഫ്ലാറ്റുകള്‍ പണിയാന്‍ ഈ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സ്വാഭാവികമായി എന്‍റെ മണ്ഡലത്തിലേക്ക് ഫ്ലാറ്റ് അനുവദിച്ചു, റോഡുകള്‍ വന്നു. പക്ഷേ അത് വീടില്ലാത്ത ഭൂരഹിതരായ ആളുകള്‍ക്ക് വേണ്ടിയായിരുന്നു. പെട്ടെന്നാണ് നമ്മള്‍ അറിയുന്നത് ഇത് പ്രളയത്തില്‍പ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ളതാണെന്നും അത് യൂണിടാക്കാണ് പണിയുന്നതെന്നും. ഇതൊക്കെ പിന്നീടാണ് അറിയുന്നത്.

അവിടെ അഴിമതി നടത്തിയെന്നു പറഞ്ഞത് ഞാനല്ല. ഇ ഡി ഉള്‍പ്പെടെയുള്ളവരാണ് അത് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിന്‍റെ ഭാഗമായിട്ടാണ് ഞാന്‍ സര്‍ക്കാരിനെ സമീപിച്ചത്. എന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് കേസെടുത്തത്. പക്ഷേ അത് ഫോറിന്‍ കോണ്ട്രിബ്യൂഷന്‍ ആക്ടിലാണെന്നു മനസിലാക്കിയതോടെയാണ് സിബിഐയിലേക്കു പോയത്. ആ അന്വേഷണം സ്വാഭാവികമായി നടക്കും. സുപ്രീം കോടതിയുടെ അനുമതിയോടു കൂടി നടക്കുന്ന അന്വേഷണമാണത്. ഹൈക്കോടതി അംഗീകരിച്ച ഒരന്വേഷണമാണ്. സ്വാഭാവികമായും അവിടെ ആരുടെയും വീട് നഷ്‍ടപ്പെട്ടില്ല. അവിടെപ്പറഞ്ഞത് പ്രളയത്തില്‍ വീട് നഷ്‍ടപ്പെട്ടവര്‍ക്കുള്ള ഫ്ലാറ്റുകളാണ്. കേരളത്തില്‍ ഇനി ആരെങ്കിലും പ്രളയത്തില്‍ വീട് നഷ്‍ടപ്പെട്ട ആളുകളുണ്ടോ? എന്‍റെ മണ്ഡലത്തില്‍ അങ്ങനെ ആരുമില്ല. ഞങ്ങള്‍ എല്ലാവര്‍ക്കും വീട് കൊടുത്തതാണ്. ഇത് തട്ടിപ്പ് നടത്തുന്നതിനായി ഉണ്ടാക്കിയ പദ്ധതിയാണ്. നമ്മളൊക്കെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നടക്കുന്ന ആളുകളാണ്. ഏഷ്യാനെറ്റ് എത്രയോ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനൊരു ചായ പകരമായി നമ്മളാരെങ്കിലും വാങ്ങിക്കുടിക്കാറുണ്ടോ? ആരുമങ്ങനെ ചെയ്യില്ല. എന്നാല്‍ ഇവിടെ അതില്‍ നിന്നുള്ള പണത്തില്‍ നിന്നും ആറുകോടി രൂപ ഹവാലയായ ഡോളറാക്കി മസ്‍കറ്റിലേക്ക് കടത്താന്‍ ശ്രമിച്ചു. അതില്‍ നിന്നും അഞ്ചുലക്ഷം രൂപയെടുത്താണ് കോടിയേരിയുടെ ഫോണ്‍ വാങ്ങി ഉപയോഗിക്കുന്നത്. എത്ര നീചമാണ്? അങ്ങനെയാണെങ്കില്‍ അവര് ഫോണ്‍ മുടക്കിയ എംഎല്‍എ എന്നു പറയട്ടെ! എന്തേ അങ്ങനെ പറയാത്തത്? കോടിയേരിയുടെ ഫോണ്‍ അനില്‍ അക്കര എംഎല്‍എ മുടക്കി എന്നല്ലേ പറയേണ്ടത്? ആ 140 പേരില്‍ വീട് നഷ്‍ടപ്പെട്ട ഒരാളെ കാട്ടിത്തന്നാല്‍ എനിക്ക് ഭാഗം കിട്ടിയ സ്ഥലത്ത് ആ വീട് ഒഴിഞ്ഞുകൊടുത്ത് ഞാന്‍ റോഡിലേക്കിറങ്ങും. തയ്യാറുണ്ടോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി?

Anil Akkara MLA Praise Pinarayi Vijayan And LDF Government For Developments

ആ ക്യാംപെയിന്‍ ഇപ്പോഴും ജനങ്ങളോട് പറയുന്നുണ്ട് വീടില്ലാത്തവരുണ്ടെങ്കില്‍ വരാന്‍? 

അതെ തീര്‍ച്ചയായും. 1956ല്‍ എന്‍റെ അപ്പാപ്പന്‍ പണിത വീട്ടിലാണ് ഞാന്‍ ഇപ്പോഴും താമസിക്കുന്നത്. ആ പഞ്ചായത്തില്‍ 27-ാമത്തെ കറന്‍റ് കണക്ഷന്‍ കിട്ടിയ വീടാണത്. സര്‍ക്കാര്‍ അംഗീകരിച്ച ആ പട്ടികയിലെ 140 പേരില്‍ ഒരാളെ കാട്ടിത്തന്നാല്‍ എന്‍റെ വീട് ഞാന്‍ സൌജന്യമായി കൊടുക്കും. എന്നിട്ട് ഞാന്‍ റോഡിലേക്കിറങ്ങും. ആ വെല്ലുവിളി എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ? അവിടെ തട്ടിക്കുകയാണ് ചെയ്‍തത്. പ്രളയത്തില്‍ വീട് നഷ്‍ടപ്പെട്ട ആളുകളുടെ പേരിലാണ് എഗ്രിമെന്‍റ്. ഇവിടെ അപേക്ഷ സ്വീകരിച്ചത് ഭൂമിയില്ലാത്ത വീടില്ലാത്ത ആളുകളുടെ പേരിലാണ്. ഈ ജില്ലയില്‍ വീടില്ലാത്ത എത്ര ആളുകളുണ്ട്. 13 അസംബ്ലി നിയോജക മണ്ഡലങ്ങളിലായി ഒരു ലക്ഷത്തോളം ആളുകള്‍ വീടില്ലാത്ത, ഭൂമിയില്ലാത്തവരായി ഉണ്ട്. വടക്കാഞ്ചേരിയില്‍ മാത്രമല്ലേ ഈ പ്രൊജക്ട്. എ സി മൊയ്‍തീന്‍റെ മണ്ഡലത്തില്‍ ഈ പ്രൊജക്ടുണ്ടോ? സുനില്‍ കുമാറിന്‍റെയും രവീന്ദ്ര നാഥിന്‍റെയും മണ്ഡലത്തിലുണ്ടോ? നാല് കാബിനറ്റ് റാങ്കുള്ളവരല്ലേ ഈ ജില്ലയില്‍ നിന്നുള്ളത്. അവരുടെയൊന്നും മണ്ഡലത്തില്‍ ഈ പ്രൊജക്ട് ഇല്ലല്ലോ? എങ്ങനെയാണ് വടക്കാഞ്ചേരിയില്‍ ഈ പ്രോജക്ട് വന്നത്? അവിടെ ഭൂമി വാങ്ങിയത് ഞങ്ങള്‍ നടത്തിയ ഫണ്ട് കലക്ഷന്‍റെ ഭാഗമായി കിട്ടിയ രണ്ടരക്കോടി രൂപ ഉപയോഗിച്ചാണ്. ഈ സര്‍ക്കാര്‍ ആണത് വാങ്ങിയത്. അതിലും അഴിമതി ഉണ്ടായിരുന്നു. ഞങ്ങള്‍ അന്നതൊന്നും ഉന്നയിച്ചില്ല. കാരണം ഭൂമി വീടില്ലാത്തവര്‍ക്ക് കിട്ടട്ടെ എന്നു കരുതി.

Anil Akkara MLA Praise Pinarayi Vijayan And LDF Government For Developments

പക്ഷേ റെഡ് ക്രസന്‍റ് വന്നു. ആറു കോടി രൂപ റിവേഴ്‍സ് ഹവാലയായി പോയി. ഞാന്‍ പരാതി കൊടുത്തപ്പോഴാണ് അവര്‍ ജിഎസ്‍ടി അടച്ചത്. എന്‍റെ പരാതി കാരണമാണ് കേന്ദ്രത്തിന് ഒന്നരക്കോടിയും സംസ്ഥാനത്ത് ഒന്നരക്കോടിയുമടക്കം മൂന്നുകോടി രൂപ ജിഎസ്‍ടിയായി ലഭിച്ചത്. സര്‍ക്കാര്‍ എന്നെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്നെ പിന്തുണയ്ക്കുമെന്നാണ് കരുതിയത്. ഇവിടെ നടന്ന ഏതെങ്കിലും വികസനപ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തരത്തില്‍ ഞാന്‍ നിസഹകരിച്ചതായി ഇവര്‍ക്കു പറയാന്‍ സാധിക്കുമോ? പുഴക്കരപ്പാലം നിങ്ങളൊന്ന് പോയി നോക്കൂ. പൂങ്കുന്നത്തും കേച്ചേരിയിലും ഗതാഗതക്കുരുക്ക് നില്‍ക്കുകയാണ്. ശോഭാ സിറ്റിയുടെ ജംഗ്ഷനില്‍ എത്ര മരണങ്ങള്‍ നടന്നു? അവിടെ എന്നെ ആ വികസനത്തില്‍ സഹായിച്ച മന്ത്രിയാണ് ജി സുധാകരന്‍. എന്നെ സഹായിച്ച മന്ത്രിയാണ് തോമസ് ഐസക്ക്. ഞാനത് പരസ്യമായി പറയുന്ന ഒരാളാണ്. പക്ഷേ അഴിമതിയുടെ കാര്യത്തില്‍, പൊതുമുതല്‍ കൊള്ളയടിച്ച കേസില്‍ ഈ സര്‍ക്കാര്‍ എന്നെ സഹായിച്ചില്ല. 

Follow Us:
Download App:
  • android
  • ios