Asianet News Malayalam

പൊരുതാനുറച്ച് അനിൽ ആന്‍റണി; സഖാക്കളോടും സംഘപരിവാറിനോടും മാത്രമല്ല ഗ്രൂപ്പ് കളിക്കുന്ന കോൺഗ്രസുകാരോടും

ഗ്രൂപ്പ് പോരിനിറങ്ങിയാൽ പിടി വീഴും; കോൺഗ്രസിന്റെ സൈബ‍ര്‍ അണിയറയിൽ തന്ത്രം മെനഞ്ഞ് അനിൽ ആന്റണി. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുമെന്ന് മനപായസം ഉണ്ണുന്നവര്‍ അറിയാൻ, ആന്റണിയുടെ മകൻ ഉടനൊന്നും തിരിച്ച് പോകില്ല 

Anil antony about his new mission in congress
Author
Kerala, First Published Jan 28, 2019, 7:00 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: എകെ ആന്റണിയുടെ മകന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ കസേര കിട്ടിയതിന്റെ മുറുമുറുപ്പ് അടങ്ങിയിട്ടില്ല. മക്കൾ രാഷ്ട്രീയത്തിന്റെ അവസാനത്തെ കണ്ണിയാണെന്നും തക്കം നോക്കിയിരുന്ന എകെ ആന്റണി കിട്ടിയ അവസരത്തിൽ മകനെ നൂലിൽ കെട്ടിയിറക്കിയതാണെന്നും ഒക്കെ കോൺഗ്രസുകാർ ഇപ്പോഴും അടക്കം പറയുന്നുമുണ്ട്. 

ആരാണ് അനിൽ ആന്റണി ? കേരളത്തിലേക്ക് എത്തിയത് എന്തിനാണ് ? അച്ഛൻ മുഴുവൻ സമയ രാഷ്ട്രീയ നേതാവാണെങ്കിലും എൻജിനീയറിംഗ് കോളേജിലെ കെഎസ്‍യു കാലം കഴിഞ്ഞതിൽ പിന്നെ അമേരിക്കയ്ക്ക് വിമാനം കയറിയ അനിൽ ആന്റണിക്ക് ഇപ്പോഴും  താൽപര്യം ടെക്നോളജിയിലാണ്. ശശി തരൂരുമായുള്ള അടുപ്പമാണ് കേരളത്തിലെക്ക് എത്തിച്ചത്. കെപിസിസി ഡിജിറ്റൽ മീഡിയാ കൺവീനറായി ചുമതലയേറ്റത് കഴിഞ്ഞ ആഴ്ച. പ്രധാന വെല്ലുവിളി എന്തെന്ന് ചോദിച്ചാൽ  ലോക്സഭാ തെരഞ്ഞെടപ്പ് തന്നെയാണെന്നാണ് അനിൽ ആന്റണി പറയുന്നത്.

സിപിഎമ്മും ബിജെപിയും  സൈബർ രാഷ്ട്രീയം നിയന്ത്രിക്കുന്ന കേരളത്തിൽ കളം പിടിക്കൽ അത്ര എളുപ്പമല്ലെന്ന് അനിൽ ആന്റണിക്ക് അറിയാം. അടുക്കും ചിട്ടയുമില്ലാത്ത ഇടപെടലാണ് കോൺഗ്രസിന്റെ പ്രധാന പ്രതിസന്ധിയെന്ന വിലയിരുത്തലിലാണ് തുടർ പ്രവർത്തനം. ഇതിന് പരിഹാരം കണ്ടെത്തുക തന്നെയാണ് ആദ്യപടി. ഡോ. ശശി തരൂരിന്റെ നേതൃത്വത്തിൽ ഒരു പ്രൊഫഷണൽ ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ ഒരുങ്ങുന്നത്. കോൺഗ്രസിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കാൻ തയ്യാറായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചായിരുന്നു തുടക്കം. വിദേശമലയാളികൾ ഉൾപ്പെടെ ആയിരത്തോളം പേരാണ്  മുന്നോട്ട് വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആശയപ്രചരണം ഇവരടക്കമുള്ളവരുടെ ചുമതലയായിരിക്കും. 

ഓരോ മണ്ഡലത്തിനും ഓരോ ആക്ഷൻ പ്ലാൻ ഉണ്ടാക്കും. വിവരശഖരണത്തിന് പുറമെ സാധ്യതകളും വെല്ലുവിളികളും പ്രത്യേകം വിലയിരുത്താനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനം. എല്ലാ മണ്ഡലങ്ങളിലും കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലിന്റെ നിയന്ത്രണത്തിൽ ഒരു കോഡിനേറ്ററും സ്പെഷ്യൽ ടീമും പ്രവർത്തിക്കും. സ്ഥാനാർത്ഥികൾക്ക് സഹായകമാകുന്ന വിധത്തിൽ സോഷ്യൽ മീഡിയാ ഇടപെടൽ നടത്തുന്നതിനുള്ള ഉത്തരവാദിത്തവും ഈ സംഘങ്ങൾക്കായിരിക്കും.

തെരഞ്ഞെടുപ്പ് വെല്ലുവിളിയാണെങ്കിൽ അതിലും വലിയ വെല്ലുവിളിയാണ് ഗ്രൂപ്പിസമെന്ന് തുറന്ന് പറയാൻ അനിൽ ആന്റണിക്ക് മടിയില്ല. ആർക്കെതിരെയായായും അപ്പപ്പോൾ തോന്നുന്നത് തോന്നുന്ന പോലെ സോഷ്യൽ മീഡിയയിൽ പടച്ചു വിടുന്നവർക്ക് ഇനി പിടിവീഴും. ഡിജിറ്റൽ മീഡിയാ സംഘത്തിന് ഉണ്ടാക്കുന്ന പെരുമാറ്റച്ചട്ടം ഉത്തരവാദിത്തമുള്ള എല്ലാ കോൺഗ്രസുകാർക്കും ബാധകമാക്കാനാണ് തീരുമാനം. ലോക്സഭാ മണ്ഡലം അടിസ്ഥാനത്തിൽ സബ് കമ്മിറ്റികൾ ഉണ്ടാക്കുന്പോൾ ഗ്രൂപ്പിസത്തിനെതിരായ ജാഗ്രത എളുപ്പമാകുമെന്ന കണക്കുകൂട്ടലും അനിൽ ആന്റണിക്കുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പോടെ ഡിജിറ്റൽ മീഡിയാ ഇടപെടലിന് ശക്തമായ അടിത്തറയുണ്ടാകും. 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്പോഴേക്കും വിമർശകരുടെ എല്ലാം വായടപ്പിക്കും വിധം സോഷ്യൽ മീഡിയാ ഇടപെടലിന്റെ ഫലം കോൺഗ്രസ് അനുഭവിച്ച് തുടങ്ങുമെന്ന ആത്മവിശ്വാസവും അനിൽ ആന്റണിക്കുണ്ട്.  ആദ്യ താൽപര്യം ടെക്നോളജിയിലാണെന്നും മുഴുവൻ സമയ രാഷ്ട്രീയക്കാരനാകാൻ ഒരു കാലത്തും ആഗ്രഹിച്ചിട്ടില്ലെന്നും ആവർത്തിക്കുന്ന അനിൽ ആന്റണിയോട് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കളം വിടുമോ എന്ന് ചോദിച്ചാൽ അങ്ങനെ ഒന്നും കേരളം വിടാൻ ഒരുക്കമല്ലെന്നാണ് മറുപടി.

Follow Us:
Download App:
  • android
  • ios