Asianet News MalayalamAsianet News Malayalam

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്ന സൂചനകള്‍ നല്‍കി അണ്ണാ ഡിഎംകെ

കേന്ദ്രസര്‍ക്കാരിനെതിരായ വികാരമാണ് സംസ്ഥാനത്തുള്ളതെന്നും ബിജെപിയുമായി ചേര്‍ന്ന് വോട്ട് ചോദിക്കുന്നത് ഗുണകരമാകില്ലെന്നുമാണ് കോര്‍കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന അണ്ണാഡിഎംകെയുമായി കൈകോര്‍ക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക ബിജെപിക്കുമുണ്ട്
 

anna dmk may contest without bjp in loksabha election
Author
Chennai, First Published Jan 31, 2019, 7:02 AM IST

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകള്‍ നല്‍കി അണ്ണാ ഡിഎംകെ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് പാര്‍ട്ടി പത്രക്കുറിപ്പ് ഇറക്കി. പുതുച്ചേരിയിലെ ഒരു സീറ്റ് ഉള്‍പ്പെടെ 40 മണ്ഡലങ്ങളിലേയ്ക്കും അപേക്ഷ സമര്‍പ്പിക്കാനാണ് പത്രക്കുറിപ്പിലെ നിര്‍ദ്ദേശം.

ഫെബ്രുവരി നാലു മുതല്‍ പത്തു വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 25,000 രൂപ കെട്ടിവച്ചാല്‍ താത്പര്യമുള്ളവര്‍ക്ക് സ്ഥാനാര്‍ഥിയാവാനുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കാം. പാര്‍ട്ടി ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഒ.പനീര്‍ശെല്‍വം, ഉപാധ്യക്ഷന്‍ എടപ്പാടി പളനിസാമി എന്നിവര്‍ ഒപ്പിട്ട കുറിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.
 
ബിജെപിയുമായുള്ള സഖ്യസാധ്യത പരിശോധിക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട കോര്‍കമ്മിറ്റി അണ്ണാഡിഎംകെ രൂപീകരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ എവിടെയും എത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരായ വികാരമാണ് സംസ്ഥാനത്തുള്ളതെന്നും ബിജെപിയുമായി ചേര്‍ന്ന് വോട്ട് ചോദിക്കുന്നത് ഗുണകരമാകില്ലെന്നുമാണ് കോര്‍കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.
മേക്കദാട്ടു അണകെട്ട് നിര്‍മ്മാണത്തില്‍ കര്‍ണാടകയ്ക്ക് അനുകൂലമായ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിൽ കവേരി ബെല്‍റ്റിലെ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഗജ ചുഴലിക്കാറ്റ് പുനര്‍നിര്‍മ്മാണത്തിലും വേണ്ടത്ര കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിയുണ്ട്.

അതേ സമയം സർക്കാരിന്‍റെ അഴിമതി ഉയര്‍ത്തികാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് മധുരയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി  ബിജെപി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചത്. അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന അണ്ണാഡിഎംകെയുമായി കൈകോര്‍ത്താല്‍, ചുവടുറപ്പിക്കും മുമ്പേ കിതയ്ക്കേണ്ടി വരുമോ എന്ന ആശങ്ക ബിജെപിക്കുമുണ്ട്.
 

Follow Us:
Download App:
  • android
  • ios