ബിജെപി ജനങ്ങളടെ ഇടയില്‍ മതം പറഞ്ഞ് ശത്രുതയുണ്ടാക്കുകയാണ്. ഇന്ത്യയെ വിഭജിപ്പിക്കുക എന്നത് പാക്കിസ്ഥാന്‍റെ സ്വപ്നമായിരുന്നു. രാജ്യത്തെ വിഘടിപ്പിച്ച് മതത്തിന്‍റെയും ഭാഷയുടെയും പേരിലെല്ലാം ബിജെപി ജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും കേജ്‍രിവാള്‍

കൊല്‍ക്കത്ത: ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന അപകടകരമായ അവസ്ഥ വീണ്ടും ഉണ്ടാവരുതെന്ന് ആഹ്വാനം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. രാജ്യം ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടൊണ് കടന്ന് പോകുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ എത്രയും വേഗം മാറ്റേണ്ടത് അത്യാവശ്യമാണെന്നും കേജ്‍രിവാള്‍ പറഞ്ഞു.

2019ല്‍ വീണ്ടും അമിത് ഷാ-മോദി സഖ്യം അധികാരത്തിലെത്തിയാല്‍ അവര്‍ ഇന്ത്യന്‍ ഭരണഘടന പോലും മാറ്റിയെഴുതും. അതിലൂടെ പിന്നീട് തെരഞ്ഞെടുപ്പ് പോലും നടക്കാതെയാകും. ഹിറ്റ്‍ലര്‍ ജര്‍മനിയില്‍ നടത്തിയ പോലെ ഒരു ഫാസിസ്റ്റ് ഭരണക്രമം ഉണ്ടാക്കിയെടുക്കുമെന്നും കേജ്‍രിവാള്‍ പറഞ്ഞു.

ബിജെപി ജനങ്ങളടെ ഇടയില്‍ മതം പറഞ്ഞ് ശത്രുതയുണ്ടാക്കുകയാണ്. ഇന്ത്യയെ വിഭജിപ്പിക്കുക എന്നത് പാക്കിസ്ഥാന്‍റെ സ്വപ്നമായിരുന്നു. രാജ്യത്തെ വിഘടിപ്പിച്ച് മതത്തിന്‍റെയും ഭാഷയുടെയും പേരിലെല്ലാം ബിജെപി ജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണകാലയളവില്‍ ജോലി സാധ്യതകള്‍ സൃഷ്ടിക്കാനോ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ ബിജെപിക്ക് സാധിച്ചില്ല. നോട്ട് നിരോധനം എല്ലാ സാധ്യതകളും നശിപ്പിച്ചു. മോദിയുടെ സുഹൃത്തുക്കാളായ ഇന്‍ഷുറന്‍സ് കമ്പനികള്‍ കര്‍ഷകരെ വഞ്ചിച്ച് പണമുണ്ടാക്കിയെന്നും കേജ്‍രിവാള്‍ ആരോപിച്ചു.

അടുത്ത തെരഞ്ഞെടുപ്പിന്‍റെ ലക്ഷ്യം തന്നെ പുതിയ പ്രധനമന്ത്രി വരണമെന്നുള്ളതാവണമെന്നും ദില്ലി മുഖ്യന്‍ പറഞ്ഞു. വിശാലപ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ നടത്തിയ പ്രതിപക്ഷറാലിയില്‍ കേജ്‍രിവാളും പങ്കെടുത്തിരുന്നു.

ഇരുപതിലേറെ ദേശീയ നേതാക്കൾ വേദിയിൽ അണിനിരന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൌഡ, ബിജെപിയിൽ നിന്ന് വിട്ടുപോന്ന മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘൻ സിൻഹ, അരുൺ ഷൌരി, മുഖ്യമന്ത്രിമാരായ എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ എന്നിവരാണ് വേദിയിലെത്തിയത്. 

മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും റാലിയുടെ ഭാഗമായി. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും റാലിക്കെത്തിയില്ലെങ്കിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുൻ ഖർഗെയും അഭിഷേക് സിംഗ്‍വിയും പങ്കെടുത്തു. ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേൽ, മുൻ ബിജെപി നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും റാലിയിൽ പങ്കെടുത്തു.