ദില്ലി: ഹരിയാന തെരഞ്ഞെടുപ്പില്‍ ഇക്കുറിയും നിർണ്ണായകമായത് ജാട്ട് വോട്ടുകൾ. കോൺഗ്രസിനും ജെജെപിക്കും അനുകൂല നിലപാട് ജാട്ടുകൾ സ്വീകരിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. ബിജെപിയുടെ  പ്രചാരണ വിഷയങ്ങൾ ഹരിയാന തള്ളിയതും പതനത്തിന് ആക്കം കൂട്ടി. ജനസംഖ്യയിൽ 25 ശതമാനയുള്ള ജാട്ട് വോട്ടുകൾ നിർണ്ണായകമെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി ഹരിയാന ഫലം. 2014 ൽ ജാട്ടിതര സമുദായങ്ങളെ ഒന്നിച്ച് നിർത്തി ബിജെപി ആ കുത്തക തകർക്കാൻ ശ്രമിച്ചത് വിജയം കണ്ടു. 

എന്നാൽ ജാട്ടുകളെ കൂടി വിശ്വാസത്തിലെടുത്ത് നീങ്ങാനാണ് ഇക്കുറി ശ്രമിച്ചത്. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥി പട്ടികയിൽ ഇക്കുറി ജാട്ട് സമുദായത്തിൽ പെട്ട 20 പേർക്ക് ഇടം നൽകുകയും ചെയ്തു. ജാട്ട് പ്രീണനത്തിന്റെ ഭാഗമായാണ് ഒരു വട്ടം പ്രചാരണം പൂർത്തിയാക്കി മടങ്ങിയ പ്രധാനമന്ത്രി ഹരിയാനയിലേക്ക് വീണ്ടും വന്നത്. രി വാരി, സിർസ തുടങ്ങിയ ജാട്ട് സ്വാധീന മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണമെന്നതും ശ്രദ്ധേയമായിരുന്നു. 

എന്നാൽ ജാട്ട് സമുദായത്തിൽ പെട്ട  ഭൂപീന്ദർ ഗൂഡ അവർക്കിടയിൽ നടത്തിയ നീക്കങ്ങൾ തന്നെയാണ് ബിജെപിക്ക് തിരിച്ചടി നൽകി കോൺഗ്രസിന്റെ തേരോട്ടത്തിന് വഴിതെളിച്ചത്. ജാട്ടുകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തി നേരത്തെ തന്നെ ഹൂഡ കളത്തിലിറങ്ങി. ജാട്ട് വോട്ടുകൾ കഴിഞ്ഞ തവണ ചാക്കിലാക്കിയ ലോക്ദൾ നേതാവ് ഓംപ്രകാശ് ചൗട്ടാലയുടെ  അസാന്നിധ്യവും ഹൂഡക്ക് തുണയായി. 

തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ തെരഞ്ഞെടുത്തതിലും ബിജെപിക്ക് പാളിച്ച പറ്റി. ഹരിയാനയുടെ വിഷയങ്ങളിലേക്കൊന്നും ശ്രദ്ധ തിരിക്കാതെ കശ്മീർ വിഷയം, പൗരത്വരജിസ്റ്റർ മോദിപ്രഭാവം എന്നിവയാണ് വിഷയങ്ങളായത്. അമിത് ഷായും രാജ്നാഥ് സിംഗും പങ്കെടുത്ത പതിനഞ്ച് റാലികളിലും ,മോദി പങ്കെടുത്ത ഏഴ് റാലികളിലും സംസ്ഥാനത്തെ വിഷയങ്ങൾ ഉയർന്നതേയില്ല. അതേ സമയം കാർഷിക മേഖലയുടെ തകർച്ച, തൊഴിലില്ലായ്മ തുടങ്ങിയ പ്രാദേശിക വിഷയങ്ങളാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആയുധമാക്കിയത്. സേവന വ്യവസ്ഥകൾ പരിഹരിക്കണമെന്ന സർക്കാർ സംഘടനകളുടെ ആവശ്യങ്ങൾക്ക് മുന്നിൽ സർക്കാർ ജീവനക്കാരുടെ വോട്ട് തനിക്ക് വേണ്ടെന്ന ഖട്ടാറിന്റെ പ്രസ്താവനയും തിരിച്ചടിയായെന്നാണ്‌ സൂചന.