ബിജെപി ദൂതുമായി സ്റ്റാലിനെ കണ്ടെന്ന റിപ്പോർട്ടുകൾ രജനികാന്ത് നിഷേധിച്ചു, 42 വർഷത്തെ സൗഹൃദമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കി. ഇതിനിടെ, വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് വിവാദമായി, തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ഡിഎംകെയും സിപിഐയും ആരോപിച്ചു.

ചെന്നൈ: സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനികാന്ത്തിന്റെ ടീം. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്നും ഇരുവരും 42 വർഷമായി സുഹൃത്തുക്കളാണെന്നും അറിയിച്ചു. രജനി കണ്ടത് ബിജെപി ദൂതുമായി എന്ന റിപ്പോർട്ടുകളിലായിരുന്നു പ്രതികരണം. മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തരുതെന്നും അഭ്യർഥിച്ചു. ഡിഎംകെ മുൻ മന്ത്രി ഇ വി വേലുവും രജനിയെ കണ്ടിരുന്നു. വിജയ് മുഖ്യമന്ത്രിയാകുന്നത് ഒഴിവാക്കാൻ ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് രജനിയുടെ മുൻകൈയിൽ ശ്രമം നടക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

വന്ദേമാതരത്തില്‍ വിവാദം

തമിഴ്നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വന്ദേമാതരം ചൊല്ലിയതിനെ സംബന്ധിച്ച് വിവാദം ഉയരുന്നു. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ആക്ഷേപിച്ച് ഡിഎംകെയും സിപിഐയും രം​ഗത്തെത്തി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഡിഎംകെ- ടിവികെയും തമ്മിൽ സൈബർ പോരിന് തുടക്കം കുറിച്ചു. വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നും ആക്ഷേപിച്ച് ഡിഎംകെ രം​ഗത്തെത്തി.

ബംഗാളിലെ സത്യപ്രതിജ്ഞയിൽ പോലും വന്ദേമാതരം അലപിച്ചിരുന്നില്ലെന്ന് ഡിഎംകെ ഹാൻഡിലുകൾ ചൂണ്ടിക്കാട്ടുന്നു. 2021ലെ സ്റ്റാലിൻ്റെ സത്യപ്രതിജ്ഞ വീഡിയോ പങ്കുവച്ചാണ് ടിവികെ ഹാൻഡിലുകൾ രം​ഗത്തെത്തുന്നത്. സ്റ്റാലിൻ മുഖ്യമന്ത്രി ആയിരിക്കെ, അർലേക്കർ ഗവർണർ ആയി ചുമതലയേറ്റെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും ചൂണ്ടിക്കാട്ടിയാണ് ടിവികെ മറുപടി. പ്രോട്ടോക്കോൾ മാറ്റത്തിനു കാരണം അറിയണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി പോയെന്നും സിപിഐ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പാരമ്പര്യം ഇതല്ലെന്നും നിയമസഭയിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.