കോടതി അനുമതി നല്‍കി; അമിത് ഷായ്ക്ക് ബംഗാളില്‍ രഥയാത്ര നടത്താം, മമതയ്ക്ക് തിരിച്ചടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 20, Dec 2018, 4:22 PM IST
Calcutta HC Allows BJP's Rath Yatra in Bengal
Highlights

'രഥയാത്ര' വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചത്.

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിന് കൊല്‍ക്കത്ത ഹെെക്കോടതി ബിജെപിക്ക് അനുമതി നല്‍കി. കോല്‍ക്കത്ത ഹെെക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെയാണ് ഉത്തരവ്. നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കാനിരുന്ന 'രഥയാത്ര'യ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഒരുവിധ നിയമലംഘനങ്ങളും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന മൂന്ന് റാലിയാണ് ബിജെപി നടത്തുന്നത്.

ഡിസംബറില്‍ നടത്താനിരുന്ന റാലിക്കായി ഒക്ടോബറില്‍ തന്നെ അനുമതി നല്‍കണമെന്ന ആവശ്യവുമായി അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ പരിഗണിക്കുന്നത് മമത സര്‍ക്കാര്‍ വെെകിപ്പിച്ചു. ഇതിനെതിരെയും കല്‍ക്കട്ട ഹെെക്കോടതി വിമര്‍ശനം ഉന്നയിച്ചു.

കോടതി വിധിയെ സ്വാഗതം ചെയ്ത ബിജെപി, ജുഡീഷ്വറിയില്‍ വിശ്വാസമുണ്ടെന്ന് പ്രതികരിച്ചു. 'രഥയാത്ര' വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചത്.

നിലവില്‍ രണ്ട് ലോക്‌സഭാ സീറ്റ് മാത്രമേ സംസ്ഥാനത്ത് ബിജെപിക്കുള്ളൂ. അതിനാല്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി റാലികള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. അമിത് ഷായെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രഥയാത്രയില്‍ പങ്കെടുക്കും. 

loader