Asianet News MalayalamAsianet News Malayalam

ആറുമാസം മുമ്പ് ജോലി അന്വേഷിച്ച് നടന്നു; ഇപ്പോള്‍ ലോക്സഭ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി

പട്ടിക വര്‍ഗ സംവരണ മണ്ഡലമായ കിയോഞ്ചറില്‍ ബിജെപിയുടെ സിറ്റിങ് എംപി അനന്തനായകിനെ അറുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ചന്ദ്രാണി ലോക്സഭയിലെത്തുന്നത്.

chandrani murmu is the youngest mp loksabha history
Author
Bhubaneswar, First Published May 25, 2019, 3:56 PM IST

ഭുവനേശ്വര്‍: ഇന്ത്യയുടെ ലോക്സഭ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന  റെക്കോര്‍ഡുമായിട്ടാണ് ബിജെഡി ടിക്കറ്റില്‍ മത്സരിച്ച ആദിവാസി യുവതി ചന്ദ്രാണി മുര്‍മു ലോക്സഭയിലെ പടികള്‍ ചവിട്ടുന്നത്. 25 വയസ്സ് പിന്നിട്ട ഇന്ദ്രാണിക്ക് ജൂലൈ 16നാണ് 26 തികയുക. പട്ടിക വര്‍ഗ സംവരണ മണ്ഡലമായ കിയോഞ്ചറില്‍ ബിജെപിയുടെ സിറ്റിങ് എംപി അനന്തനായകിനെ അറുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ചന്ദ്രാണി ലോക്സഭയിലെത്തുന്നത്. ഓം പ്രകാശ് ചൗതാലയുടെ പേരമകന്‍ ദുഷ്യന്ത് ചൗതാലയുടെ പേരിലായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന റെക്കോര്‍ഡ്.  സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദുഷ്യന്തിന് 26 പിന്നിട്ടിരുന്നു. 

അപ്രതീക്ഷിതമായിരുന്നു ചന്ദ്രാണിയുടെ രാഷ്ട്രീയ പ്രവേശനം. മാസങ്ങള്‍ക്ക് മുമ്പ് വരെ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന സാധാരണക്കാരിയായിരുന്നു ചന്ദ്രാണി. ബാങ്ക് ജോലിയോ സര്‍ക്കാര്‍ ജോലിയോ ആയിരുന്നു ലക്ഷ്യം. അതിനായുള്ള കഠിന ശ്രമത്തിലായിരുന്നു.

2014 ലോക്സഭയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യാന്‍ ബിജെഡി തീരുമാനിച്ചതോടെയാണ് ചന്ദ്രാണിയുടെ തലവര മാറുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസവും രാഷ്ട്രീയ വീക്ഷണവുമുള്ള യുവതികളെ അന്വേഷിച്ചപ്പോഴാണ് ചന്ദ്രാണിക്ക് നറുക്ക് വീണത്. കിയോഞ്ചറിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തിരച്ചില്‍ ചന്ദ്രാണിയില്‍ അവസാനിച്ചു. പാര്‍ട്ടിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് മികച്ച പ്രകടനത്തിലൂടെ ചന്ദ്രാണി തെളിയിക്കുകയും ചെയ്തു.

ചന്ദ്രാണിയുടെ അമ്മയുടെ അച്ഛന്‍ മുമ്പ് എംപിയായിരുന്നു. എന്നാല്‍, മറ്റ് ബന്ധുക്കളോ കുടുംബങ്ങളോ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. 2017ല്‍ ബിടെക് ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും ചന്ദ്രാണിക്ക് ജോലിയുണ്ടായിരുന്നില്ല. 
ഇപ്പോള്‍ രാഷ്ട്രീയം തന്‍റെ വഴിയായി തെരഞ്ഞെടുത്തുവെന്നും തന്‍റെ വിഭാഗത്തിന്‍റെ വികസനത്തിനായി പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തുമെന്നും ചന്ദ്രാണി മാധ്യമങ്ങളോട് പറഞ്ഞു. പ്രചാരണത്തിനിടെ ചന്ദ്രാണിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു.   

Follow Us:
Download App:
  • android
  • ios