കൊല്‍ക്കത്ത: ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കാനിരുന്ന 'രഥയാത്ര'യ്ക്ക് അനുമതി നിഷേധിച്ച് കോടതി. കൊല്‍ക്കത്ത ഹൈക്കോടതിയാണ് പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്ന് അറിയിച്ചത്. 

'രഥയാത്ര' വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. ഇത്തരത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്തെങ്കിലും നടന്നാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്ന് കോടതി ചോദിച്ചു. അത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന ബിജെപി നേതാവ് അനിന്ധ്യ മിത്രയുടെ മറുപടിയില്‍ കോടതി തൃപ്തിപ്പെട്ടില്ല. 

തുടര്‍ന്ന് 'രഥയാത്ര'യ്ക്ക് അനുമതി നിഷേധിച്ചതായി കോടതി അറിയിക്കുകയായിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായാണ് സൂചന. 

ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന മൂന്ന് റാലിയായിരുന്നു ബിജെപി നടത്താനിരുന്നത്. ഇതിന് അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ രണ്ട് ലോക്‌സഭാ സീറ്റ് മാത്രമേ സംസ്ഥാനത്ത് ബിജെപിക്കുള്ളൂ. അതിനാല്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി റാലികള്‍ക്ക് പദ്ധതിയിട്ടിരുന്നത്. 'രഥയാത്ര'യുടെ സമാപന ദിവസം കൊല്‍ക്കത്തയില്‍ വച്ച് നരേന്ദ്ര മോദി സംസാരിക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.