കോട്ടയം: ലോക്സഭാ മണ്ഡലത്തെ ചൊല്ലി ജനതാദൾ എസിൽ തർക്കം. കഴി‍ഞ്ഞ തവണ മത്സരിച്ച മണ്ഡലമെന്ന നിലയിൽ കോട്ടയം തന്നെ വേണമമെന്നാണ് ജനതാദളിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്.  എന്നാൽ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.

കോട്ടയം ലോക്സഭാമണ്ഡലം കഴിഞ്ഞ തവണ അവസാനനിമിഷമാണ് ജനതാദൾ എസിന് നൽകിയത്. സിപിഎം സ്ഥാനാർത്ഥിയെ വരെ നിശ്ചയിച്ച ശേഷമായിരുന്നു മാറ്റം. അവസാനനിമിഷമുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാൻ ഇത്തവണ നേരത്തെ സീറ്റ് വിഭജനം പൂർത്തിയാക്കും. ജനതാദളിന് കോട്ടയവും പത്തനംതിട്ടയും തിരുവനന്തപുരവും എറണാകുളവുമാണ് പരിഗണനയിൽ. പുതിയ സാഹചര്യത്തിൽ പത്തനംതിട്ടയിൽ സിപിഎം തന്നെ മത്സരിക്കണമെന്ന് തീരുമാനിച്ചാൽ കോട്ടയം സീറ്റ് തങ്ങൾക്ക് തന്നെയെന്നാണ് ജനതാദൾ എസിന്‍റെ കണക്കുകൂട്ടൽ.

എന്നാൽ കോട്ടയത്തിന് വേണ്ടി പിടിമുറുക്കേണ്ടതില്ലെന്നാണ് ജനതാദള്ളിലെ കൃഷ്ണൻകുട്ടിവിഭാഗത്തിന്‍റെ നിലപാട്. എറണാകുളത്തിന് വേണ്ടിയാണ് ഈ വിഭാഗത്തിന്‍റെ ചരട് നീക്കം. മാത്യു ടി തോമസ്, സി കെ നാണു എന്നിവർ കോട്ടയം വിട്ടുകൊടുക്കരുതെന്ന നിലപാടിലാണ്. ഗ്രൂപ്പ് തർക്കം ലോക്സഭാസീറ്റ് നിർണ്ണയത്തിലും പ്രതിഫലിക്കുകയാണ് ജനതാദളിൽ.