166 സീറ്റുകള്‍ വരെ യുപിഎയ്ക്ക് ലഭിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്

ദില്ലി: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഭരണമുന്നണിയായ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് സര്‍വ്വേ ഫലം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യമെന്നിരിക്കേ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്കും മറ്റു എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും കൂടി 237 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും.

നിലവിലെ സീറ്റുകളില്‍ 86 എണ്ണം എന്‍ഡിഎയ്ക്ക് നഷ്ടമാവുമെന്നും സര്‍വ്വേയില്‍ പറയുന്നു. ദേശീയ മാധ്യമമായ ഇന്ത്യാടുഡേയും കര്‍വ്വീ ഇന്‍സൈറ്റ്സും ചേര്‍ന്ന് മൂഡ് ഓഫ് ദ നേഷന്‍ എന്ന പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 

സര്‍വ്വേയിലെ മറ്റു പ്രവചനങ്ങള്‍....

കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യമുന്നണി 2014-ലെ അവസ്ഥയില്‍ നിന്നും ശക്തമായി മുന്നേറുമെങ്കിലും അധികാരം തിരിച്ചു പിടിക്കാനാവില്ല 166 സീറ്റുകള്‍ വരെ യുപിഎയ്ക്ക് ലഭിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 2014-ല്‍ നേടിയതിലും 140 സീറ്റുകള്‍ വരെ ഇക്കുറി യുപിഎ അധികം നേടും എന്ന് സര്‍വ്വേ പ്രവചിക്കുന്നു. 

ശതമാനക്കണക്കിന് 35 ശതമാനം വോട്ടുകള്‍ വരെ എന്‍ഡ‍ിഎ നേടും. യുപിഎയ്ക്ക് 33 ശതമാനം വോട്ടുവിഹിതം ലഭിക്കും. യുപിഎയിലും എന്‍ഡിഎയിലും ഉള്‍പ്പെടാത്ത പാര്‍ട്ടികള്‍ ചേര്‍ന്ന് 140 സീറ്റുകള്‍ നേടും. തൂക്കുസഭയാണ് വരുന്നതെങ്കില്‍ രണ്ട് മുന്നണികളും ചേരാതെ മാറി നില്‍ക്കുന്ന ഈ കക്ഷികളുടെ നിലപാട് നിര്‍ണായകമാവും. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന വികാരം സര്‍വ്വേയില്‍ പങ്കെടുത്ത അറുപത് ശതമാനം പേര്‍ പങ്കുവയ്ക്കുന്പോള്‍ വേണ്ടെന്ന നിലപാടാണ് 32 ശതമാനം പേര്‍ക്ക്.