Asianet News MalayalamAsianet News Malayalam

ശരിക്കും ഈ വോട്ടിംഗ് മെഷീൻ ഹാക്കാൻ പറ്റുമോ?

സയിദ് ഷൂജ എന്ന ഹാക്കറും അയാളുടെ വെളിപ്പെടുത്തലും ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾ മുറുകുമ്പോൾ യാഥാർത്ഥ്യം എന്താണ്? ശരിക്കും ഈ മെഷീൻ ഹാക്കാൻ പറ്റുമോ ? 

is  the voting machine tampering possible
Author
Delhi, First Published Jan 23, 2019, 11:47 AM IST

സയിദ് ഷൂജ എന്ന ഹാക്കറും അയാളുടെ വെളിപ്പെടുത്തലും ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾ മുറുകുമ്പോൾ യാഥാർത്ഥ്യം എന്താണ്? ശരിക്കും ഈ മെഷീൻ ഹാക്കാൻ പറ്റുമോ? ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലേക്ക് കടന്നു വന്നത് മുതൽ വിവാദങ്ങളുടെ തോഴനാണ് വോട്ടിംഗ് മെഷീനുകൾ. തെരഞ്ഞെടുപ്പ് തോൽവിക്ക് വോട്ടിംഗ്  മെഷീനിനെ പഴിക്കുന്നത് ഇന്ന് ഒരു വാർത്തയേ അല്ലാതായിരിക്കുന്നു. എന്താണ് വോട്ടിങ് മെഷീന്‍? എന്താണതിന്‍റെ സാങ്കേതികത്വം? പരിശോധിക്കാം...

തെരഞ്ഞെടുപ്പിലേക്ക് ഇവിഎം വന്നതെപ്പോൾ ?

ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഇവിഎം ഉപയോഗിച്ച് പോളിംഗ് നടക്കുന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്. 1982-ൽ. നോർത്ത് പറവൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു അത്. കോൺഗ്രസിന്‍റെ യു വി ജോസും സിപിഐയുടെ ശിവൻ പിള്ളയുമായിരുന്നു മത്സരാർത്ഥികൾ. അന്ന് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് 50 ബൂത്തുകളിൽ. വോട്ടെണ്ണിയപ്പോൾ ശിവൻ പിള്ള ജയിച്ചു. യുവി ജോസ് സുപ്രീംകോടതിയിൽ പോയി. അങ്ങനെ ആ 50 ബൂത്തുകളിൽ വീണ്ടും ബാലറ്റ് പെട്ടിയുപയോഗിച്ച് വോട്ടെടുപ്പ് നടന്നു. ഇനിയാണ് ട്വിസ്റ്റ്. ഇത്തവണ രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജോസ് ജയിച്ചു.
 
പിന്നീട് രാജസ്ഥാനിലെയും മധ്യപ്രദേശിലേയും ദില്ലിയിലെയും തെരഞ്ഞെടുപ്പുകളിൽ പയറ്റിത്തെളിഞ്ഞ വോട്ടിംഗ് മെഷീൻ 1999-ൽ ആദ്യമായി ഒരു സംസ്ഥാനത്തിന്‍റെ മുഴുവൻ തെരഞ്ഞെടുപ്പ് ഭാരം ചുമലിലേറ്റി. ഗോവയിലായിരുന്നു ആ പരീക്ഷണം. ഗോവൻ പരീക്ഷ ജയിച്ച വോട്ടിംഗ് മെഷീൻ 2003-ലെ എല്ലാ സംസ്ഥാനതെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും കളത്തിലിറങ്ങി. ഇത്തവണയും കഴിവ് തെളിയിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആ ചരിത്രപരമായ തീരുമാനമെടുത്തു. അങ്ങനെ 2004-ൽ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ജനവിധി ഇവിഎമ്മിൽ കുറിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവ്യവസ്ഥിതിയിലെ ഏറ്റവും വിലപ്പെട്ട തീരുമാനം.

ഇവിഎം ഹാക്ക് ചെയ്യാൻ പറ്റുമോ? എന്താണ് ഇവിഎം സാങ്കേതികവിദ്യ?

വോട്ട് ചെയ്യുന്ന ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും അടക്കം രണ്ട് യൂണിറ്റുകൾ അടങ്ങുന്നതാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീൻ. അഞ്ച് മീറ്റർ നീളമുള്ള കേബിൾ ഉപയോഗിച്ചാണ് ഈ രണ്ട് യൂണിറ്റുകളും ബന്ധിപ്പിച്ചിരിക്കുന്നത്. കൺട്രോൾ യൂണിറ്റിനകത്തുള്ള ഒരു 7.5 വോൾട്ട് ആൽക്കലൈൻ ബാറ്ററി പാക്കിലാണ് യന്ത്രം പ്രവർത്തിക്കുന്നത്. ബംഗളൂരു ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആണ് വോട്ടിംഗ് മെഷീനുകൾ നിർമ്മിക്കുന്നത്. ആകെ മൂന്ന് മോഡൽ ഇവിഎമ്മുകൾ ഇതുവരെ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 2006-ന് മുമ്പ് നിർമ്മിക്കപ്പെട്ട എം1 മോഡൽ, 2006-ന് ശേഷം നിർമ്മിക്കപ്പെട്ട എം2 മോഡൽ പിന്നെ 2013-ന് ശേഷം നിർമ്മിച്ച എറ്റവും പുതിയ എം4 മോഡൽ എന്നിവയാണവ. 

എം1, എം2 മോഡലുകളിൽ ഓരോ ബാലറ്റ് യൂണിറ്റിലും പരമാവധി ചേർക്കാൻ പറ്റുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 16 ആണ്. നാല് ബാലറ്റ് യൂണിറ്റുകൾ വരെ കൂട്ടിച്ചേർത്ത് നോട്ടയടക്കം 64 സ്ഥാനാർത്ഥികളെ വരെ ഒരു കൺട്രോൾ യൂണിറ്റിന് കീഴിൽ ബന്ധിപ്പിക്കാം. എം3 മോഡൽ ആണെങ്കിൽ ഇത് 24 യൂണിറ്റുകൾ ചേർത്ത് 384വരെ എത്തിക്കാം. എറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതും ഉപയോഗിക്കപ്പെട്ടിട്ടുള്ളതും എം2 മോഡൽ വോട്ടിംഗ് മെഷീനുകളാണ്. 2014-ലെ തെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി ഉപയോഗിച്ചതും ഈ മോഡൽ ആണ്.

വോട്ടിംഗ് യന്ത്രത്തിൽ 'കുത്തിത്തിരിപ്പിന്' സാധ്യതയുണ്ടോ?

സയിദ് ഷൂജ പറഞ്ഞത് പോലെ ഒരു വയർലെസ് ഡിവൈസുപയോഗിച്ച് ഈ വോട്ടിംഗ് മെഷീനിൽ തിരിമറി നടത്താൻ പറ്റില്ല എന്നാണ് സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു തരത്തിലുള്ള നെറ്റ്‍വർക്കുമായി ബന്ധിപ്പിക്കപ്പെടാത്ത കൺട്രോൾ യൂണിറ്റിൽ പുറത്ത് നിന്നുള്ള ഒരാൾക്ക് കൃത്രിമം നടത്തുക അസാധ്യമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഏതെങ്കിലും റേഡിയോ തരംഗങ്ങൾ സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്ന ഒരു ഭാഗവും എം 2 മോഡൽ മെഷീനിലില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതായത് ബ്ലൂടൂത്തോ വൈഫൈയോ ഉപയോഗിച്ച് ഒരു തരത്തിലും നമ്മുടെ വോട്ടിങ്ങ് മെഷീനുമായി ബന്ധപ്പെടാൻ പറ്റില്ല. 

മറ്റു മാർഗങ്ങളെന്തൊക്കെ ?

കൺട്രോൾ യൂണിറ്റിലാണ് നമ്മൾ ചെയ്യുന്ന വോട്ടുകൾ രേഖപ്പെടുത്തുന്നത്. കൺട്രോൾ യൂണിറ്റിൽ നിർമ്മാണ സമയത്ത് കൃത്രിമം നടത്തുക, അല്ലെങ്കിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് കൃത്രിമം നടത്തുക എന്നീ സാധ്യതകളുണ്ടെങ്കിലും നിലവിലെ സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ ബുദ്ധിമുട്ടാണ്. ബാലറ്റ് യൂണിറ്റിനെ കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന കേബിളിൽ മാറ്റം വരുത്തുകയാണ് ഒരു സാധ്യത. അതിന് സാധിച്ചാൽ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാം.
 
അപ്പോഴും ഒരു പ്രശ്നം ബാക്കിയാണ്. ഓരോ മണ്ഡലത്തിലും ഓരോ ക്രമത്തിലാണ് സ്ഥാനാർത്ഥികളെ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തുന്നത്. ഈ ക്രമം നിശ്ചയിക്കുന്നതാകട്ടെ പോളിംഗിന് ഏതാനും ദിവസങ്ങൾക്ക് മുമ്പും. ഒരേ പാർട്ടിയുടെ സ്ഥാനാർത്ഥി എല്ലാ മണ്ഡലങ്ങളിലും ഒരേ ക്രമ നമ്പറിൽ വരില്ല. വോട്ടിംഗ് മെഷീനിന്‍റെ മെമ്മറിയിൽ സ്ഥാനാർത്ഥിയുടെ പേരോ പാർട്ടിയുടെ പേരോ രേഖപ്പെടുത്തപ്പെടുന്നില്ല. കൺട്രോൾ മെഷീനിൽ വോട്ട് പതിയുന്നത് ക്രമനമ്പറിനനുസരിച്ചാണ്. ഒന്നാം സ്ഥാനാർത്ഥി, രണ്ടാം സ്ഥാനാർത്ഥി എന്നതിനപ്പുറം ഒരു വിവരവും വോട്ടിങ് മെഷീനിനകത്ത് രേഖപ്പെടുത്താൻ കഴിയില്ല. അതിനാൽ തന്നെ ഒരു ക്രമ നമ്പറിന് കൂടുതൽ വോട്ട് കിട്ടുന്ന തരത്തിൽ എന്തെങ്കിലും മാറ്റം മുൻകൂട്ടി മെഷീനിൽ വരുത്തിയത് കൊണ്ട് കാര്യമില്ല. 

വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ആരെങ്കിലും പഠിച്ചിട്ടുണ്ടോ ?

ഇവിഎമ്മുകളിൽ നടത്താവുന്ന തട്ടിപ്പുകളെ പറ്റി മിഷിഗൻ യൂണിവേഴ്സിറ്റിയിലെ അലക്സ് ഹാൾഡെർമാൻ, ഹൈദരാബാദ് ആസ്ഥാനമായ നെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഹരി കെ പ്രസാദ് എന്നിവർ ചേർന്ന് ഒരു പഠനം നടത്തിയിരുന്നു. ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളിൽ കൃത്രിമം നടത്താമെന്ന് തന്നെയായിരുന്നു ഇവരുടെ കണ്ടെത്തൽ. കൺട്രോൾ യൂണിറ്റിലെ പ്രോഗ്രാമിൽ തിരിമറി നടത്തുക. പുതിയ മെമ്മറിചിപ്പോ സിപിയുവോ ഘടിപ്പിക്കുക, ബ്ലൂടുത്ത് വഴി നിയന്ത്രിക്കാവുന്ന ഒരു ഫാൾസ് ഡിസ്പ്ലേ ഘടിപ്പിക്കുക എന്നീ സാധ്യതകൾ ഉണ്ടെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ഇവരുടെ റിപ്പോർട്ട് ഇവിടെ വായിക്കാം.

പക്ഷേ തെരഞ്ഞെടുപ്പ് മുഴുവൻ അട്ടിമറിക്കണമെങ്കിൽ തന്നെ ഏകദേശം പതിമൂന്ന് ലക്ഷം ഇവിഎമ്മുകളിൽ കൃത്രിമം നടത്തേണ്ടതുണ്ട്. ഏത് മെഷീൻ എതു ബൂത്തിൽ ഉപയോഗിക്കപ്പെടുമെന്നത് ആർക്കും പ്രവചിക്കാൻ പറ്റില്ല. ഇലക്ഷൻ പ്രക്രിയയ്ക്ക് അകത്ത് നിന്നുള്ള ഒരു സംഘത്തിന് മാത്രമേ കൃത്രിമം നടത്താൻ സാധിക്കുകയുള്ളൂ. ഏതെങ്കിലും ഒരു നിർണ്ണായക മണ്ഡലത്തിൽ മാത്രം തട്ടിപ്പ് കാണിക്കണമെങ്കിൽ തന്നെ ഒരു മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും തട്ടിപ്പുകാർ എത്തേണ്ടതുണ്ട്. 

അല്ലെങ്കിൽ ഉള്ള മാർഗം വോട്ടിങ്ങ് മെഷീനുകൾ സൂക്ഷിച്ച് വച്ചിരിക്കുന്ന സ്ഥലത്തെത്തി മാറ്റം വരുത്തുക എന്നതാണ്. എന്നാൽ സീൽ ചെയ്ത മെഷീനുകളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ സീൽ പൊട്ടിക്കണം. അത്തരത്തിൽ സീലിൽ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാൽ ആ മെഷീൻ കർശന പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവകാശവാദം. 

എന്നാലും എല്ലാം പെർഫക്ടല്ല 
 
കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്താണ് ഇത്രയും സുരക്ഷയോടെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന കരുതുന്ന വോട്ടിംഗ് യന്ത്രം രാജസ്ഥാനിലെ നടുറോഡിൽ നിന്ന് കണ്ടെത്തിയ വാർത്ത പുറത്തുവന്നത്. അന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖം രക്ഷിച്ചത്. സർക്കാർ ഒരുക്കിയ താമസ സൗകര്യം പോരെന്ന് പറഞ്ഞ് വോട്ടിംഗ് മെഷീനുമായി മധ്യപ്രദേശിലെ ഓഫീസർമാർ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത് വോട്ടെണ്ണൽ കാലത്ത് കണ്ടു. 

ഇങ്ങനെ പലപ്പോഴായി അലംഭാവത്തിന്‍റെ കഥകളും പുറത്ത് വന്നിട്ടുണ്ടെന്നത് ഓർക്കേണ്ടതാണ്. പക്ഷേ എങ്കിലും രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കും വിധം വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്താനാകുമോ? അങ്ങിങ്ങായി ചില മണ്ഡലങ്ങളിൽ അട്ടിമറി നടത്താമെന്നല്ലാതെ മൊത്തം ഫലത്തെ തിരിക്കാൻ കഴിയില്ലെന്ന് തന്നെ പറയുന്നു വിദഗ്ധർ. ഇനി ചാലഞ്ച് സയ്യിദ് ഷൂജയ്ക്കാണ്. ഷൂജ കാണിക്കട്ടെ എങ്ങനെ ഹാക്ക് ചെയ്യാമെന്ന്!

വിവരങ്ങൾക്ക് കടപ്പാട് : 
1. SECURITY ANALYSIS OF INDIA'S ELECTRONIC VOTING MACHINES - HARI K PRASAD.
2. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വെബ്സൈറ്റ്
3. ഡോ സുനിൽ, പ്രിൻസിപ്പൾ, ആറ്റിങ്ങൽ ഐഎച്ച്ആർഡി കോളേജ് ഓഫ് എഞ്ചിനിയറിംഗ്,
4. Indian Elections: An undocumented wonder: SY Qureshi

Follow Us:
Download App:
  • android
  • ios