ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി ഒരുക്കിയ സ്വീകരണങ്ങളിൽ മൂന്നിടത്തും ശുഷ്കമായ സദസ്സുകളാണ് കേരളായാത്രയെ വരവേറ്റത്. തൊടുപുഴയിലെ സ്വീകരണചടങ്ങില്‍ ഉദ്ഘാടകനായ പി.ജെ. ജോസഫ് എത്തിയത് ഒന്നര മണിക്കൂർ കഴിഞ്ഞാണ്. 

ഇടുക്കി: കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി നയിക്കുന്ന കേരള യാത്രക്ക് പാര്‍ട്ടിയുടെ തട്ടകമായ് ഇടുക്കി ജില്ലയിൽ കിട്ടിയത് തണുപ്പൻ സ്വീകരണങ്ങൾ. പിജെ ജോസഫിന്‍റെ തട്ടകമായ തൊടുപുഴയില്‍ യാത്രയ്ക്ക് കിട്ടിയ സ്വീകരണം പാർട്ടിയിലെ ഗ്രൂപ്പ് ഭിന്നതകൾ ഭാഗികമായി പ്രകടമാക്കുന്നതായിരുന്നു. ജനപങ്കാളിത്തം കുറഞ്ഞ സ്വീകരണ പരിപാടിയിൽ പി.ജെ.ജോസഫ് എത്തിയതാവട്ടെ ഒന്നര മണിക്കൂർ വൈകിയും.

ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി ഒരുക്കിയ സ്വീകരണങ്ങളിൽ മൂന്നിടത്തും ശുഷ്കമായ സദസ്സുകളാണ് കേരളായാത്രയെ വരവേറ്റത്. നിശ്ചയിച്ചതിലും ഒരുമണിക്കൂർ വൈകി തുടങ്ങിയ തൊടുപുഴയിലെ സ്വീകരണചടങ്ങില്‍ ഉദ്ഘാടകനായ പി.ജെ. ജോസഫ് എത്തിയത് ഒന്നര മണിക്കൂർ കൂടി കഴിഞ്ഞാണ്. പരസ്പരം ഷാളണിയിക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്തെങ്കിലും മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ പി.ജെ.ജോസഫ് ജോസ്.കെ.മാണിയുടെ യാത്രയെ കുറിച്ചു പറഞ്ഞത് ഏതാനും വരികൾ മാത്രം.

വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് കേരള യാത്രയെന്ന് പി.ജെ.ജോസഫ് നേരത്തെ വിമർശിച്ചിരുന്നു. സ്വീകരണത്തിന് എത്താൻ ഏറെ വൈകിയത് ഊഹാപോഹങ്ങൾക്കും ഇടയാക്കി. വൈകാൻ കാരണമായതാകട്ടെ ഇരുപതു കിലോ മീറ്ററകലെയുളള ഒരു ഓഡിറ്റോറിയം ഉത്ഘാടനവും. പാർട്ടി പദവികളും പാർലമെന്‍റ് സീറ്റും സംബന്ധിച്ച ജോസഫ് - മാണി തർക്കമാണ് സ്വീകരണത്തിലും കണ്ടതെന്നാണ് ചില നേതാക്കളടക്കം പാർട്ടിക്കാർ രഹസ്യമായ് പറയുന്നത്.