പി ജയരാജനെ മല്‍സരിപ്പിച്ചാല്‍ സി പി എം കേന്ദ്രങ്ങളില്‍ ഉണര്‍വ്വുണ്ടാകും. പക്ഷെ ബി ജെ പി ആ ര്‍എസ് എസ് വോട്ടുകള്‍ സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. എന്തായാലും കണ്ണൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം കരുതലോടെയാകും. 

കണ്ണൂര്‍: കണ്ണൂരില്‍ പികെ ശ്രീമതിക്കൊപ്പം പി ജയരാജന്റെ പേരും സി പി എം പരിഗണനയില്‍. സതീശന്‍ പാച്ചേനിയും, കെ സുധാകരനുമാണ് യു ഡി എഫ് ലിസ്റ്റിലെ പ്രമുഖര്‍. 2014ല്‍ ശക്തമായ പോരാട്ടമാണ് പി കെ ശ്രീമതിയും കെ സുധാകരനും തമ്മില്‍ നടന്നത്. 6000ത്തില്‍ പരം വോട്ടിനാണ് ശ്രീമതി ജയിച്ചത്. ഇത്തവണ പികെ ശ്രീമതിയെ തന്നെ വീണ്ടും മല്‍സരിപ്പിക്കണോ അതോ പി ജയരാജന് അവസരം നല്‍കണോ എന്നതാണ് സി പി എമ്മിലെ ആലോചന.

വിമാനത്താവളമടക്കമുള്ള വികസനപ്രവൃത്തികളും മണ്ഡലത്തിലെ മുന്നോക്ക സമുദായ വോട്ടുകളുമാണ് ശ്രീമതിക്ക് അനുകൂലമായ ഘടകങ്ങള്‍. പി ജയരാജനെ മല്‍സരിപ്പിച്ചാല്‍ സി പി എം കേന്ദ്രങ്ങളില്‍ ഉണര്‍വ്വുണ്ടാകും. പക്ഷെ ബി ജെ പി ആ ര്‍എസ് എസ് വോട്ടുകള്‍ സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. എന്തായാലും കണ്ണൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം കരുതലോടെയാകും

ലോക്സഭയിലും നിയമസഭയിലും തുടര്‍ച്ചയായി മല്‍സരിച്ച് തോറ്റ കെ സുധാകരനെ വീണ്ടും മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും മാര്‍ച്ചും സുധാകരന് വോട്ടായി മാറുമെന്നാണ് സുധാകരന്‍ അനുകൂലികളുടെ വാദം. എന്നാല്‍ ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയും അബ്ദുള്ളക്കുട്ടിയുമടക്കം പല പ്രമുഖരും സീറ്റിനായി രംഗത്തുണ്ട്. 

അരലക്ഷത്തിലേറെ വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ ബിജെപിക്കുള്ളത്. ഇത്തവണ വോട്ട് മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയവര്‍‍ക്കുണ്ട്. 7ല്‍ 4 നിയമസഭാ മണ്ഡലങ്ങളും ഇടത് മുന്നണിക്കൊപ്പമാണെങ്കിലും വ്യക്തമായ മുന്‍തൂക്കം ആര്‍ക്കും പ്രവചിക്കാനാവില്ല കണ്ണൂരില്‍.