Asianet News MalayalamAsianet News Malayalam

തൂക്കുസഭ പ്രവചിച്ച് സീവോട്ടര്‍ സര്‍വ്വേ: എന്‍ഡിഎ -യുപിഎ ഇതരകക്ഷികള്‍ മുന്നേറും

എൻ ഡി എ 233 സീറ്റും യു പി എ 167 സീറ്റും മറ്റുള്ളവർ 143 സീറ്റും നേടുമെന്നാണ് സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ യു പി എ മുന്നേറ്റമുണ്ടാകുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു

loksabha election zee voters surveyl result
Author
Delhi, First Published Jan 24, 2019, 8:23 PM IST

ദില്ലി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂക്കുസഭയെന്ന് എ ബി പി ന്യൂസ്  സീ വോട്ടർ സർവേ. എൻ ഡി എ 233 സീറ്റും യു പി എ 167 സീറ്റും മറ്റുള്ളവർ 143 സീറ്റും നേടുമെന്നാണ് സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ യു പി എ മുന്നേറ്റമുണ്ടാകുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. യു പി എ 69 സീറ്റും എൻ ഡി എ 14 സീറ്റും മറ്റുള്ളവർ 46 സീറ്റും നേടുമെന്നും സര്‍വ്വേ ഫലം പുറത്തുവിട്ടു.  വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ 14 സീറ്റും യു പി എ 12 സീറ്റും നേടുമെന്നാണ് പ്രവചനം.

ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വ്വേ ഫലം. സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും 51 സീറ്റു നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ബി ജെ പിക്ക് 25 സീറ്റ് ലഭിക്കുമെന്നും കോണ്‍ഗ്രസിന് ലഭിക്കുക 4 സീറ്റ് മാത്രമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്ന് 80 ല്‍ 73 സീറ്റുകളും നേടിയിരുന്നു. ഇവര്‍ ചേര്‍ന്നുള്ള വോട്ട് ഷെയര്‍ 43.3 ശതമാനമായിരുന്നു. 

നേരത്തെ ബി ജെ പിക്ക് തിരിച്ചടിയുണ്ടാവുമെന്നും ബിഎസ്പി - എസ്പി സഖ്യവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ഉത്തര്‍ പ്രദേശില്‍ അഞ്ച് സീറ്റിലേക്ക് ബി ജെ പി ചുരുങ്ങുമെന്നും ഇന്ത്യാ ടുഡേ  സര്‍വ്വേ ഫലം പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ് - എൻ സി പി സഖ്യം 28 സീറ്റ് നേടുമെന്നും ബിജെപി 20 സീറ്റിലൊതുങ്ങുമെന്നുമാണ് ഫലം വ്യക്തമാക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 23 സീറ്റായിരുന്നു  എന്‍ ഡി എ നേടിയത്. അന്ന്  എന്‍ സി പി - യു പി  എ സഖ്യം സ്വന്തമാക്കിയത് വെറും നാല് സീറ്റായിരുന്നു. 

ഗുജറാത്തും ബിഹാറും എന്‍ഡിഎ തൂത്തുവാരുമെന്നും സര്‍വ്വേ ഫലം പറയുന്നു. ഗുജറാത്തില്‍ ബിജെപി 24 സീറ്റ് നേടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന കോണ്‍ഗ്രസിന് 2 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. 2014 ല്‍ എന്‍ ഡി എ  26 സീറ്റും തൂത്തുവാരിയിരുന്നു. ബിഹാറില്‍ എന്‍ ഡി എയ്ക്ക് 35 സീറ്റ്  ലഭിക്കുമെന്നും യുപിഎയ്ക്ക് ലഭിക്കുക 5 സീറ്റ് മാത്രമായിരിക്കുമെന്നുമാണ് പ്രവചനം. 2014 ല്‍ 22 സീറ്റില്‍ വിജയിച്ചിടത്താണ് ആകെയുള്ള 40 സീറ്റില്‍ 35 ഉം  എന്‍ ഡി എ സ്വന്തമാക്കുമെന്ന സര്‍വ്വേ ഫലം പുറത്തുവരുന്നത്. ആര്‍ ജെ ഡി - യുപിഎ സഖ്യം നാല് സീറ്റായിരുന്നു 2014 ല്‍ നേടിയത്. 

അതേസമയം ആകെ രണ്ട് സീറ്റുകളുള്ള ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റ് നേടും എന്നും സീ വോട്ടേഴ്സിന്‍റെ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 2014 ല്‍ ഗോവയില്‍ രണ്ട് സീറ്റും സ്വന്തമാക്കിയത് ബിജെപി ആയിരുന്നു. മധ്യപ്രദേശിൽ ബി.ജെ.പിക്ക് 23 സീറ്റ് ലഭിക്കുമ്പോള്‍ കോൺഗ്രസിന് ലഭിക്കുക 6 സീറ്റ് മാത്രം. ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസിന് 34 സീറ്റും ബി ജെ പിക്ക് 7 സീറ്റും ലഭിക്കും. എന്നാല്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 

ഒഡിഷയില്‍ ബിജെപിക്ക് 12 സീറ്റും ബിജു ജനതാദളിന് 9 സീറ്റും ലഭിക്കും. രാജസ്ഥാനില്‍ ബിജെപി 18 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് 7 സീറ്റ് നേടും. ചത്തീസ്ഗഡില്‍ യു പി എ ആറ് സീറ്റ് നേടുമ്പോള്‍ എന്‍ ഡി എ 5 സീറ്റ് നേടും. ഹരിയാനയില്‍ ബിജെപി 7 സീറ്റും കോണ്‍ഗ്രസ് 3 സീറ്റും പഞ്ചാബില്‍ കോണ്‍ഗ്രസ് 12 സീറ്റും ബിജെപി ഒരു സീറ്റും നേടുമെന്നാണ സര്‍വ്വേ ഫലം. 

Follow Us:
Download App:
  • android
  • ios