ചെന്നെെ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനായി ഭരണത്തിലുള്ള ബിജെപിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും സഖ്യ സാധ്യതകള്‍ തുറന്നിട്ട് കഴിഞ്ഞു. പ്രാദേശിക പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് സംസ്ഥാനങ്ങള്‍ പിടിക്കുകയെന്ന വലിയ ലക്ഷ്യമാണ് എന്‍ഡിഎക്കും യുപിഎയ്ക്കുമുള്ളത്.

ഇരു പാര്‍ട്ടികള്‍ക്കും വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത സംസ്ഥാനമാണ് തമിഴ്നാട്. പ്രാദേശിക കരുത്തന്മാരായ എഐഡിഎംകെയും ഡിഎംകെയും പരസ്പരം പോരടിക്കുന്ന തമിഴ് രാഷ്ട്രീയത്തില്‍ ബിജെപിക്കൊപ്പം ആര് ചേരുമെന്ന ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പാര്‍ട്ടികള്‍ക്കായി സഖ്യ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തില്‍ വ്യക്തമാക്കിയതോടെ വന്‍ പോരിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് വെട്ടിയ മുന്നണി രാഷ്ട്രീയത്തിന്‍റെ പാതയിലുടെയാണ് ബിജെപി പോകുന്നതെന്നും മോദി പറഞ്ഞു.

ഡിഎംകെ, എഐഡിഎംകെ, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സുപ്പര്‍സ്റ്റാര്‍ രജനികാന്ത് എന്നിവരോട് ബിജെപി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിനാണ് മോദി ഉത്തരം നല്‍കിയത്. തമിഴ്നാട്ടില്‍ ഒരു സീറ്റിലെങ്കിലും വിജയം നേടണമെങ്കില്‍ സഖ്യം വേണമെന്നുള്ള അവസ്ഥയിലാണ് ബിജെപി.

എന്നാല്‍, കോണ്‍ഗ്രസുമായി ചേരുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ നല്‍കി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചായിരുന്നു സ്റ്റാലിന്‍ തന്‍റെ നിലപാട് പ്രഖ്യാപിച്ചത്.

ജയലളിതയുടെ മരണശേഷം പ്രതിസന്ധികള്‍ നേരിടുന്ന എഐഡിഎംകെ ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായി നേരത്തെ പല ഘട്ടങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും മോദിയോട് പുലര്‍ത്തുന്ന അടുപ്പവും സഖ്യത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയും പേര് ഇതുവരെ പ്രഖ്യാപിക്കാത്ത രജനികാന്തിനെ ചുറ്റിപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.