40.1 ശതമാനം വോട്ട് ഷെയറാണ് കേരളത്തില്‍ യുഡിഎഫിന് ലഭിക്കുക. അതേസമയം, എല്‍ഡിഎഫിന് 29.3 ശതമാനവും എന്‍ഡിഎയ്ക്ക് 19.7 ശതമാനവും വോട്ട് ഷെയര്‍ ലഭിക്കും. ശബരിമലയിലെ യുവതീപ്രവേശന വിഷയം കത്തി നില്‍ക്കുമ്പോഴും കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് അരങ്ങ് ഒരുങ്ങുമ്പോള്‍ കേരളത്തില്‍ ഇത്തവണയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക്- സി വോട്ടര്‍ സര്‍വേ. എല്‍ഡിഎഫും യുഡിഎഫും പോരടിക്കുന്ന കേരളത്തില്‍ യുഡിഎഫിന് 16 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്.

എല്‍ഡിഎഫ് നാല് സീറ്റുകളിലേക്ക് ഒതുങ്ങും. 40.1 ശതമാനം വോട്ട് ഷെയറാണ് കേരളത്തില്‍ യുഡിഎഫിന് ലഭിക്കുക. അതേസമയം, എല്‍ഡിഎഫിന് 29.3 ശതമാനവും എന്‍ഡിഎയ്ക്ക് 19.7 ശതമാനവും വോട്ട് ഷെയര്‍ ലഭിക്കും. ശബരിമലയിലെ യുവതീപ്രവേശന വിഷയം കത്തി നില്‍ക്കുമ്പോഴും കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടന്നാലുള്ള കണക്കാണ് സര്‍വേ അവതരിപ്പിക്കുന്നത്. നേരത്തെ, 2018 നവംബറില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറ് സീറ്റ് തന്നെ യുഡിഎഫ് സ്വന്തമാക്കുമെന്നായിരുന്നു സര്‍വേ ഫലം പുറത്ത് വന്നത്.

ആ സര്‍വേയില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുന്ന വോട്ട് ഷെയറിലെ വര്‍ധനയാണ് പ്രധാന വ്യത്യാസം. നിലവില്‍ 12 സീറ്റ് യുഡിഎഫ് സിറ്റിങ്ങ് സീറ്റാണ്. ഇതിന് പുറമേ എല്‍ഡിഎഫിന്‍റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വേയും പുറത്ത് വന്നിരുന്നു.

കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. അവശേഷിക്കുന്ന നാല് സീറ്റുകളില്‍ എല്‍‍ഡിഎഫ് ജയിക്കും. ബിജെപിക്ക് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വേയും സീറ്റ് ഒന്നും പ്രവചിക്കുന്നില്ല.