Asianet News Malayalam

പ്രിയങ്കയ്ക്ക് എതിരെ മോദി, കോൺഗ്രസിൽ കുടുംബവാഴ്ചയെന്ന് ആരോപണം, തിരിച്ചടിച്ച് രാഹുൽ

തന്‍റെ സഹോദരി കഴിവുറ്റ നേതാവെന്ന് രാഹുൽ. ഗാന്ധി കുടുംബത്തിലെ ഒരാൾക്ക് കൂടി പ്രൊമോഷൻ കിട്ടിയെന്ന് ബിജെപി. മോദി - യോഗി, മായാവതി - അഖിലേഷ് കൂട്ടുകെട്ടുകളെ കടത്തിവെട്ടാൻ പ്രിയങ്ക - രാഹുൽ സഖ്യം വരുന്നു. ഒപ്പം എഐസിസിയിൽ വൻ അഴിച്ചുപണിയും.    

priyanka gandhi enters political fray political war of words
Author
AICC Office, First Published Jan 23, 2019, 5:45 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: അഭ്യൂഹങ്ങൾക്കും അണികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനും വിരാമമിട്ട് പ്രിയങ്കാഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാണ്ട് മൂന്ന് മാസം മാത്രം ശേഷിക്കേയാണ് പ്രിയങ്കാ ഗാന്ധി പാ‍ർട്ടിയുടെ കിഴക്കൻ ഉത്ത‍ർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. കോൺഗ്രസിന്റെ പൂഴിക്കടകനാണിതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുമ്പോൾ, കുടുംബത്തിലെ ഒരാൾക്കു കൂടി പ്രൊമോഷൻ കിട്ടിയെന്നാണ് ബിജെപിയുടെ പരിഹാസം. രാഷ്ട്രീയമെന്നാൽ ചിലർക്ക് കുടുംബം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മണ്ഡലങ്ങളുൾപ്പടെ ഇനി പ്രിയങ്കാഗാന്ധിയുടെ കീഴിലാണ്. മോദിയുടെ വാരാണസിയും യോഗിയുടെ ഗൊരഖ്പൂരും ഉൾപ്പടെയുള്ള തന്ത്രപ്രധാനമണ്ഡലങ്ങളാണ് പ്രിയങ്കയുടെ ചുമലിൽ കോൺഗ്രസ് വിശ്വാസമ‍ർപ്പിച്ച് ഏൽപിച്ചുകൊടുത്തിരിക്കുന്നത്. ബിജെപിയുടെ വോട്ട് ബാങ്കായ മണ്ഡലങ്ങളിൽ സ‍വ‍ർണവോട്ടുകൾ പ്രിയങ്കയിലൂടെ പെട്ടിയിൽ വീഴുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ഇന്ന് രാവിലെയാണ് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാലിനെയും, കിഴക്കൻ, വടക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായി പ്രിയങ്കാ ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും കോൺഗ്രസ് നിയമിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്.

രണ്ട് മാസത്തേക്കല്ല, താൻ പ്രിയങ്കയെയും ജ്യോതിരാദിത്യയെയും ഉത്തർപ്രദേശിലേക്കയക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നത്, പ്രിയങ്ക സജീവരാഷ്ട്രീയത്തിൽ തുടരുമെന്ന വ്യക്തമായ സൂചനയാണ്. തന്‍റെ സഹോദരി കഴിവുറ്റ നേതാവാണെന്നും ജ്യോതിരാദിത്യയും പാർട്ടിയുടെ ഊർജമുള്ള യുവനിരയിലെ നേതാക്കളിലൊരാളാണെന്നും രാഹുൽ വ്യക്തമാക്കുന്നു.

80 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. ഉത്തർപ്രദേശിൽ വിജയിച്ചാൽ കേന്ദ്രത്തിൽ ഭരണം പിടിയ്ക്കാമെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. തന്ത്രപ്രധാനമായ ഉത്തർപ്രദേശിൽ ബിജെപിയുടെ കോട്ടകളിലാണ് പ്രിയങ്കയ്ക്ക് അങ്കം ജയിക്കേണ്ടത്. 

രാഹുൽ ഗാന്ധി അമേഠിയിൽ രണ്ട് ദിവസത്തെ സന്ദർശനം തുടങ്ങിയ ദിവസം തന്നെയാണ് നിർണായകപ്രഖ്യാപനം കോൺഗ്രസ് നടത്തിയത്. ഇപ്പോൾ ന്യൂയോർക്കിലാണ് പ്രിയങ്കാ ഗാന്ധി. ഫെബ്രുവരി 1-ന് ദില്ലിയിൽ തിരിച്ചെത്തുന്ന പ്രിയങ്ക, ആദ്യവാരം തന്നെ ചുമതലയേറ്റെടുക്കും.

47 വയസ്സുകാരിയായ പ്രിയങ്ക, ഇതുവരെ സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല, സ്വാധീനം തെളിയിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനൊപ്പം പ്രിയങ്ക ഇറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. പ്രിയങ്കയെ സ്വാഗതം ചെയ്ത് അന്ന് കോൺഗ്രസിന്‍റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അവസാനനിമിഷം പ്രിയങ്ക പിൻമാറി. അമേഠിയിലും റായ്ബറേലിയിലും മാത്രം പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക വീണ്ടും രാഷ്ട്രീയത്തിലിറങ്ങാതെ മടിച്ചു മാറി നിന്നു.

എന്നാൽ ഇന്ദിരാഗാന്ധിയുടെ ഛായയുള്ള പ്രിയങ്കയ്ക്ക് ആരാധകരേറെയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന ഉത്തർപ്രദേശടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് അടി പതറിയപ്പോൾ, 'പ്രിയങ്കാ ലാവോ, കോൺഗ്രസ് ബചാവോ' (പ്രിയങ്കയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയർന്നതാണ്. 

പ്രിയങ്കയുടെ വരവോടെ, ഉത്തർപ്രദേശിൽ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ കോൺഗ്രസ് അണികൾക്ക് പുത്തനൂർജം കിട്ടുമെന്നാണ് പ്രതീക്ഷ. ഉത്തർപ്രദേശിൽ ദളിത്, യാദവ് വോട്ടുകൾ കൈയിൽ വച്ചിരിക്കുന്ന മായാവതി - അഖിലേഷ് യാദവ് എന്നിവരുമായി സഖ്യസാധ്യത സജീവമാക്കാനും ഇതിലൂടെ കഴിയുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.

പ്രിയങ്കയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നാണ് റോബർട്ട് വദ്ര പ്രതികരിച്ചത്. 

Follow Us:
Download App:
  • android
  • ios