തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും നവോത്ഥാന സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍. നിലവിൽ രാഷ്ടീയ ലക്ഷ്യങ്ങളില്ലെന്നും സാമൂഹ്യ ലക്ഷ്യങ്ങൾ മാത്രമാണുള്ളതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. 

മാവേലിക്കര മണ്ഡലത്തില്‍ നിന്ന് സിപിഐയുടെ സീറ്റില്‍ പുന്നല ശ്രീകുമാര്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മാവേലിക്കരയിലെ നിലവിലെ എം പി കൊടിക്കുന്നില്‍ സുരേഷിനെതിരെ പുന്നല മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ തവണ ചെങ്ങറ സുരേന്ദ്രനായിരുന്നു മാവേലിക്കരയിലെ സി പി ഐ സ്ഥാനാര്‍ത്ഥി. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുന്നതേയുള്ളു. ചെങ്ങറക്കൊപ്പം പുതുമുഖങ്ങളേയും സിപിഐ ഇത്തവണ ഇവിടെ പരിഗണിക്കുന്നുണ്ട്. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്‍റ് സി എ അരുണ്‍കുമാറാണ് പാര്‍ട്ടി പരിഗണിക്കുന്ന പുതുമുഖങ്ങളില്‍ പ്രമുഖന്‍. 

എന്നാല്‍ ഇടതു മുന്നണിക്കൊപ്പം നില്‍ക്കുന്ന പുന്നല ശ്രീകുമാര്‍ മാവേലിക്കരയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാകുമോയെന്നാണ് രാഷ്ടട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്. മാവേലിക്കര വിട്ടു കൊടുക്കാന്‍ സി പി ഐ തയ്യാറായാല്‍ അപ്രതീക്ഷിത നീക്കങ്ങളാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടാവുക