പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കേ കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക ദിനാഘോഷ വേദിയില്‍ ആറാമത്തെ വരിയില്‍ ഇരിക്കേണ്ടി വന്ന രാഹുല്‍ ഗാന്ധിക്ക് ഇത്തവണ ഒന്നാം നിരയില്‍ ഇരിപ്പിടം.

ദില്ലി: പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കേ കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക ദിനാഘോഷ വേദിയില്‍ ആറാമത്തെ വരിയില്‍ ഇരിക്കേണ്ടി വന്ന രാഹുല്‍ ഗാന്ധിക്ക് ഇത്തവണ ഒന്നാം നിരയില്‍ ഇരിപ്പിടം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ സീറ്റിന് തൊട്ടപ്പുറമായിരുന്നു രാഹുലിനിന്‍റെ ഇരിപ്പിടം. മൂന്ന് സീറ്റുകള്‍ക്ക് അപ്പുറത്ത് അമിത്ഷായും ഉണ്ടായിരുന്നു. നേതാവായുള്ള രാഹുലിന്‍റെ വളര്‍ച്ചയെ ബിജെപിക്ക് അവഗണിക്കാനാക്കാന്‍ കഴിയാതായിരിക്കുന്നു എന്ന് വ്യക്തം.

എൽ കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവര്‍ക്ക് മുൻ നിരയിൽ സ്ഥാനം നൽകിയപ്പോഴാണ് രാഹുൽ ഗാന്ധിക്ക് കഴിഞ്ഞവര്‍ഷം ആറാം നിരയിൽ ഇരിപ്പിടം നൽകിയത്. ഇതിന് പിന്നാലെ രാഹുല്‍ കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനത്തിൽ അഹങ്കാരികളായ ഭരണാധികാരികൾ രാഹുലിനെ അപമാനിച്ചുവെന്ന് കോൺഗ്രസ് ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പ്രതിപക്ഷമായ ബിജെപിയോട് രാഷ്ട്രീയ മര്യാദകള്‍ കാണിക്കാന്‍ കോണ്‍ഗ്രസ് മറന്നിരുന്നില്ല.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മുന്‍ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയിരുന്നു. ബിജെപി കോണ്‍ഗ്രസിനോട് കാണിക്കാത്ത രാഷ്ട്രീയ മര്യാദകള്‍ തിരിച്ച് കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് വിഭിന്നമാണെന്ന് കാണിക്കാനും രാഹുലിന് കഴിഞ്ഞെന്ന് പറയാം.