പാലക്കാട്: പട്ടാമ്പിയിൽ യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നുവെന്ന ആരോപണവുമായി എൽഡി എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ. എന്നാൽ ഇക്കുറി ഒരു കൂട്ടുകെട്ടും പട്ടാമ്പിയിൽ വിലപ്പോവില്ലെന്നും മുഹ്സിൻ പറഞ്ഞു. പട്ടാമ്പിയിൽ യുഡിഎഫ് നടത്തിയ റോഡ് ഷോ പോലും ഇവൻറ് മാനേജ്മെൻറ് പരിപാടിയാണെന്നും ആളെ ഇറക്കിയത് മലപ്പുറത്തു നിന്നാണെന്നും മുഹ്സിന്റെ ആരോപണത്തിലുണ്ട്. 

എന്നാൽ ഇതുവരെ യുഡിഎഫ് ആരുമായും കൂട്ടുകെട്ടൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് മുഹ്സിന് മറുപടിയുമായി പട്ടാമ്പി നിയോജകമണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി റിയാസ് മുക്കോളി രം​ഗത്തെത്തി. പരാജയഭീതി കാരണമാണ് മുഹ്സിൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും റിയാസ് മുക്കോളി പറഞ്ഞു. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ആരെന്ന് പട്ടാമ്പികാർക്ക് വ്യക്തമായി അറിയാം. ഇക്കുറി പട്ടാമ്പി തിരിച്ചുപിടിക്കുമെന്നും റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.